WFTW Body: 

തൻ്റെ തന്നെ ഒന്നുമില്ലായ്മയെയും നിസ്സഹായതയെയും കുറിച്ച് ബോധ്യമുള്ള, തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഒരു ഹൃദയമാണ് ദൈവത്തിൻ്റെ യാഗങ്ങൾ (സങ്കീ. 51:17). ഹാബേലിന് ഉണ്ടായിരുന്നതും കയീന് ഇല്ലാതിരുന്നതും അതായിരുന്നു. "യഹോവ ഹാബേലിൽ പ്രസാദിച്ചു (അതുകൊണ്ട്) അവൻ്റെ വഴിപാടിലും പ്രസാദിച്ചു...എന്നാൽ യഹോവ കയീനിൽ പ്രസാദിച്ചില്ല (അതുകൊണ്ട്) അവൻ്റെ വഴിപാടിലും പ്രസാദിച്ചില്ല (ഉൽ. 4:4, 6).

ദേഹിയുടെ നിസ്സഹായാവസ്ഥയിൽ, ദൈവത്തിലുള്ള ആശ്രയമാണ് വിശ്വാസം. വിശ്വാസത്താലാണ് ഹാബേൽ ദൈവത്തിന് "കയീൻ്റേതിലും ഉത്തമമായ യാഗം കഴിച്ചത്" (എബ്രാ. 11:4). അതുകൊണ്ട് ഹാബേലിൻ്റെ യാഗം ദൈവത്തിനു സ്വീകാര്യമായിരുന്നു.

ഹാബേലിൻ്റെയും കയീൻ്റെയും യാഗങ്ങൾ തമ്മിലുള്ള വ്യത്യാസം, ഹാബേൽ വഴിപാടായി രക്തം അർപ്പിച്ചു എന്നതും കയീൻ അങ്ങനെ ചെയ്തില്ല എന്നതുമാണെന്ന പഠിപ്പിക്കലിൽ ഒരു വലിയ വഞ്ചനയുണ്ട്. അത്തരം പഠിപ്പിക്കലിൻ്റെ സാംഗത്യം, ഒരുവൻ യേശുവിൻ്റെ രക്തം ദൈവത്തിൻ്റെ മുമ്പിൽ കാഴ്ചവയ്ക്കുന്നതാണ് അവനെ ദൈവത്തിനു സ്വീകാര്യതയുള്ളവനാക്കുന്നത് എന്നാണ്. അത് ഏതാണ്ട് ഇങ്ങിനെയാണ്, ഒരു മനുഷ്യൻ്റെ ജീവിതരീതിയും അവൻ്റെ ഹൃദയത്തിൻ്റെ അവസ്ഥയും (അത് നുറുക്കമുള്ളതാണോ അല്ലയോ, വിശ്വാസത്തോടു കൂടെയാണോ അല്ലയോ) എങ്ങനെ ആയാലും അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. അവൻ ആകെ ചെയ്യുന്നത് ചില തരം മന്ത്രം ചൊല്ലുന്നതു പോലെ യേശുവിൻ്റെ രക്തം ഏറ്റുപറയുന്നു എന്നു മാത്രമാണ്, അപ്പോൾ അവൻ ദൈവത്തിൻ്റെ സ്വീകാര്യത നേടുന്നു. ഇത് ഭോഷ്ക് ആണ്. അതിനാൽ അനേകർ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

യേശുവിൻ്റെ രക്തം ആർക്കുവേണമെങ്കിലും അവകാശപ്പെടാൻ കഴിയില്ല. യേശുവിൻ്റെ രക്തം ഏതൊരാളിനെയും അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധമാക്കും എന്ന് ദൈവ വചനത്തിൽ പറയുന്നില്ല. ഇല്ല. അതു ദൈവവചനത്തിൻ്റെ സൂക്ഷ്മമായ വളച്ചൊടിക്കലാണ്. "ദൈവം വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ വെളിച്ചത്തിൽ നടക്കുന്നവരുടെ" എല്ലാ പാപങ്ങളും യേശുവിൻ്റെ രക്തം ശുദ്ധീകരിക്കും എന്നാണ് തിരുവചനം പറയുന്നത് (1 യോഹ. 1:7). ഒരുവന് ദൈവത്തിൻ്റെ വെളിച്ചത്തിൽ നടക്കണമെങ്കിൽ അവന് ഹാബേലിനുണ്ടായിരുന്നതു പോലെ, തകർന്നതും നുറുങ്ങിയതുമായ ഒരു ഹൃദയം ഉണ്ടായിരിക്കണം. അപ്പോൾ മാത്രമെ ഒരാളിൻ്റെ വഴിപാട് ദൈവത്തിനു സ്വീകാര്യമാകുകയുള്ളു.

താൻ യേശുവിൻ്റെ രക്തത്തിൽ ആശ്രയിക്കുന്നു എന്നൊരാൾ പറയുകയും, എന്നാൽ നിഗളവും ധാർഷ്ട്യവും ഉള്ള ഒരുത്മാവുണ്ടായിരിക്കുകയും ചെയ്താൽ, ദൈവം അവനെ തടയുകയും എതിർക്കുകയും ചെയ്യും (1 പത്രൊ. 5:6), കയീനോടു ചെയ്തതുപോലെ. താഴ്മയുള്ളവൻ മാത്രമാണ് ദൈവത്തിൽ നിന്നു കൃപ പ്രാപിക്കുന്നത് (യാക്കോ. 4:6).

നമ്മുടെ ആരാധന, പ്രാർത്ഥന, ശുശ്രൂഷ എന്നീ വഴിപാടുകൾ ദൈവത്തിനു സ്വീകാര്യമാകുന്നത് അത് നുറുക്കമുള്ളതും തകർന്നതും വിശ്വാസം (വിനയത്തോടു കൂടി ദൈവത്തിലുള്ള ആശ്രയം) ഉള്ളതുമായ ഒരു ഹൃദയത്തിൽ നിന്നു വരുന്നതാണെങ്കിൽ മാത്രമാണ്. നമ്മുടെ സംസാരത്തിൻ്റെ അനർഗളതയോ അല്ലെങ്കിൽ നമ്മുടെ ശുശ്രൂഷയുടെ നൈപുണ്യമോ ഒന്നുമല്ല ദൈവം നോക്കുന്നത്, എന്നാൽ അതിലുപരി നമ്മുടെ ഹൃദയങ്ങളുടെ നിലപാടാണ്. ഉൽപ്പത്തി 4 ലെ ഈ സംഭവത്തിൽ നിന്നു നമുക്കു പഠിക്കാൻ കഴിയുന്ന ആദ്യ പാഠം ഇതാണ്.

കയീൻ്റെയും ഹാബേലിൻ്റെയും കാലം മുതൽ കാലാവസാനം വരെയും, എല്ലായ്പോഴും ദൈവത്തിൻ്റെ യാഗങ്ങൾ തകർന്നതും നുറുങ്ങിയതുമായ ഒരാത്മാവായി തുടരുന്നു. അവിടുത്തേക്കു മാറ്റമില്ല. അവിടുത്തെ നിയമങ്ങളും അതുപോലെ തന്നെ നിലനിൽക്കുന്നു.

കയീൻ ഒരു ആട്ടിൻകുട്ടിയെയും കൊണ്ടുവന്ന് രക്തം അർപ്പിച്ചിരുന്നാലും ദൈവം കയീനെ സ്വീകരിക്കുകയില്ലായിരുന്നു, കാരണം അവൻ്റെ ഹൃദയം നിഗളമുള്ളതും ഉയർത്തപ്പെട്ടതുമായിരുന്നു.

രക്ഷയിലേക്കുള്ള ആദ്യപടി ഹൃദയത്തിൻ്റെ താഴ്മയാണ്. അതിനുശേഷം നമുക്ക് വെളിച്ചത്തിലേക്കു വന്ന് യേശുവിൻ്റെ രക്തം നമ്മുടെ സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കേണ്ടതിനു യാചിക്കാം.

ഹൃദയത്തിൻ്റെ താഴ്മയുള്ളവനു മാത്രമേ പൗലൊസിൻ്റെ ജയോത്സവത്തിൻ്റെ ആർപ്പുവിളി പോലെ ആർപ്പുവിളിക്കാൻ കഴിയൂ, "ദൈവം നമുക്ക് അനുകൂലമെങ്കിൽ, നമുക്കു പ്രതികൂലം ആർ" (റോമ. 8:31).കാരണം ദൈവം താഴ്മയുള്ളവൻ്റെ പക്ഷത്തു മാത്രമേ, ആയിരിക്കുകയുള്ളു. നിഗളിയായവന് അതു പറയാൻ കഴിയില്ല, കാരണം ദൈവം അവന് എതിരാണ്. കയീനുണ്ടായിരുന്നതു പോലെ, തന്നെ കുറിച്ചു തന്നെ ഉന്നത ചിന്തകൾ ഉള്ളവൻ, കയീനെപോലെ തന്നെ അവസാനിക്കും, അവൻ യേശുവിൻ്റെ രക്തം അവകാശപ്പെടുന്നതു തുടർന്നാലും. "വഞ്ചിക്കപ്പെടരുത്. ദൈവത്തെ ആർക്കും പരിഹസിച്ചു കൂടാ ; ഒരു മനുഷ്യൻ വിതയ്ക്കുന്നതു തന്നെ കൊയ്യും" (ഗലാ. 6:7). ആ നിയമം വ്യക്തി വ്യത്യാസമില്ലാതെ സാർവ്വത്രികമായി പ്രയോഗിക്കപ്പെടുന്നു.