WFTW Body: 

മത്തായി 11:28 - 30 വരെയുള്ള വാക്യങ്ങളിൽ യേശു സ്വസ്ഥത ഉണ്ടാകുന്നതിനെ കുറിച്ചും ഒരു ഭാരം ഉണ്ടായിരിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. അവിടെ പറഞ്ഞിരിക്കുന്ന യേശുവിൻ്റെ വാക്കുകളെ പരാവർത്തനം ചെയ്ത് ഇങ്ങനെ പറയാം, ഭൗമികമായ എല്ലാ ഭാരങ്ങളെ സംബന്ധിച്ചും നാം സ്വസ്ഥതയിലായിട്ട് അവിടുത്തെ ഭാരം (നുകം) നമ്മുടെ ഹൃദയങ്ങളിൽ എടുക്കുവാനാണ് അവിടുന്ന് നമ്മോടു പറഞ്ഞത്. നമ്മുടെ ഭൗമിക ഭാരങ്ങളെല്ലാം നാം അവിടുത്തേക്കു നൽകുന്നതുവരെ കർത്താവിൻ്റെ ഭാരങ്ങളെ ചുമക്കുവാൻ നമുക്കു കഴിയുകയില്ല ("നിൻ്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക - നിൻ്റെ സങ്കടങ്ങളെല്ലാം അവിടുത്തേക്കിരിക്കട്ടെ" - സങ്കീ.55:22, "ആഹാരത്തെയും വസ്ത്രത്തെയും കുറിച്ച് വിചാരപ്പെടരുത് നിങ്ങൾക്ക് എന്തിനെ കുറിച്ചെങ്കിലും വിചാരപ്പെടണമെന്നുണ്ടെങ്കിൽ, ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും കുറിച്ചു വിചാരപ്പെടുവിൻ" - മത്താ. 6:31, 33 - പരാവർത്തനം).

നിങ്ങളുടെ മനസു നിറയെ ഭൗമിക കാര്യങ്ങളെ കുറിച്ചുള്ള ആകുല ചിന്തയും ഉൽകണ്ഠയും ആണെങ്കിൽ, നിങ്ങൾ കർത്താവിന് നിഷ്ഫലന്മാരായിരിക്കും. നിങ്ങൾ ഭൗമിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്, അതിന് സംശയം ഒന്നുമില്ല, എന്നാൽ അവയിൽ ഒന്നിനെ കുറിച്ചും നിങ്ങൾ ഉൽകണ്ഠപ്പെടരുത്. നിത്യമായ മൂല്യമുള്ള കാര്യങ്ങൾ മാത്രമായിരിക്കണം നിങ്ങളുടെ ഹൃദയത്തിൻ്റെ ഉൽക്കണ്ഠ. അങ്ങനെയാണ് നാം ഈ ഭൂമിയിലുള്ള മറ്റാളുകളിൽ നിന്നു വ്യത്യസ്തരാകുന്നത്. നിങ്ങൾ ഈ ഭൂമിയിൽ എഴുതുന്ന പരീക്ഷകളുടെ ഫലങ്ങൾ പോലും നിത്യമായ ഒരു വിലയില്ലാത്തതാണ്. നിങ്ങൾ തീർച്ചയായും നിങ്ങളുടെ കഴിവിൻ്റെ പരമാവധി പ്രവർത്തിക്കണം. എന്നാൽ പരീക്ഷാ ഫലത്തെ കുറിച്ച് ഒരിക്കലും നിങ്ങൾ ഉൽക്കണ്ഠപ്പെടരുത്.

ഒന്നാമത് ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതിൽ 100 % മാർക്കിനായി നിങ്ങൾ ശ്രമിക്കുമെങ്കിൽ, നിത്യതയിൽ നിങ്ങൾ ഒന്നാമതായിരിക്കും. അനേക വർഷങ്ങൾക്കു മുമ്പ് ഞാൻ എനിക്കു വേണ്ടി തിരഞ്ഞെടുത്തത് അതാണ്.

സെഫ. 3:17 ൻ്റെ പരാവർത്തനം ഇപ്രകാരം പറയുന്നു, സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും, "ദൈവം സ്നേഹത്തിൽ നിശബ്ദനായി നിനക്കുവേണ്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു". കർത്താവ് നമ്മെ ഈ കാര്യം കൂടി ഓർപ്പിക്കുന്നു, "ഞാൻ ചെയ്യുന്നത് എന്തെന്ന് ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുകയില്ല, എന്നാൽ പിന്നീട് നിങ്ങൾ അതു ഗ്രഹിക്കും" - (യോഹ. 13:7).

അവസാനമായി, താഴ്മയെ പിൻതുടരുവാനും നിങ്ങളെ കുറിച്ചു തന്നെയുള്ള എളിയ ചിന്തയിൽ വസിക്കുവാനും ഒരിക്കൽ കൂടി ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കട്ടെ (ഞാൻ എല്ലായിടത്തും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതു പോലെ). നിങ്ങളെ കുറിച്ചു തന്നെ താഴ്‌ന്ന ഒരു ആത്മാഭിമാനമുണ്ടാകണം എന്നോ അല്ലെങ്കിൽ ദൈവ പൈതൽ എന്ന നിലയിൽ ദൈവത്തിൻ്റെ മുമ്പാകെയുള്ള വില കുറച്ചു കാണണമെന്നോ അല്ലെങ്കിൽ ദൈവം നിങ്ങൾക്കു നൽകിയിട്ടുള്ള വരങ്ങളും കഴിവുകളും വിലയില്ലാത്തതായി കാണണമെന്നോ അല്ല അതിൻ്റെ അർത്ഥം. നിങ്ങൾ ദൈവത്തിൻ്റെ മക്കൾ ആണ് - അതുകൊണ്ടു തന്നെ സ്വയം വില കുറഞ്ഞതായി കാണുന്ന കാര്യത്തിന് അവിടെ ഒരു സ്ഥാനവുമില്ല. എന്നാൽ ദൈവമുമ്പാകെ നിങ്ങൾ ഒന്നുമല്ല എന്നും, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന് എല്ലാമാകാൻ കഴിയും എന്നും തിരിച്ചറിയുന്നതാണ് അത്. നിങ്ങളെ അറിയുന്നവർ നിങ്ങളിൽ കാണുന്ന കാര്യങ്ങൾക്ക് ദൈവത്തെ മഹത്വപ്പെടുത്തണം. ദൈവഹിതം മാത്രം ചെയ്യേണ്ടതിന് നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ ഉപേക്ഷിക്കുന്ന കാര്യം ഉൾക്കൊള്ളുന്നതാണ് ഇത്. അതിൻ്റെ അർത്ഥം ദൈവം നിങ്ങൾക്കു നൽകിയിട്ടുള്ള എല്ലാറ്റിനും എല്ലായ്പോഴും അവിടുത്തേക്ക് മഹത്വം കൊടുക്കുന്നതും അവിടുന്നു നിങ്ങൾക്കു നൽകിയിട്ടുള്ള സകലതും അവിടുത്തെ മഹത്വത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതുമാണ്.

ഒരിക്കലും, ഒരിക്കലും ഏതെങ്കിലും ഒരു മനുഷ്യനെ പോലും പുച്ഛിക്കുകയോ കളിയാക്കുകയോ ചെയ്യരുത്, അവൻ്റെ തെറ്റും കുറവുകളും എന്തൊക്കെ ആയാലും. ദൈവം താഴ്മയുള്ളവർക്ക് ധാരാളം കൃപ നൽകുന്നു - അവരുടെ ആത്മീയ പുരോഗതി ആശ്ചര്യകരമായിരിക്കും. നിങ്ങളുടെ ജീവിത നാളുകൾ മുഴുവൻ, യേശു ചെയ്തതുപോലെ, താഴ്മയിൽ നടക്കുവാൻ ഇടയാകട്ടെ.