WFTW Body: 

നാം ബലഹീനരാകുമ്പോഴാണ് സത്യത്തിൽ നാം ശക്തരാകുന്നത് (2 കൊരി. 12:10).

അബ്രാഹാം തൻ്റെ സ്വാഭാവിക ശക്തിയാൽ യിശ്മായേലിനെ ജനിപ്പിച്ചു, എന്നാൽ ദൈവം യിശ്മായേലിനെ അംഗീകരിച്ചില്ല, അതിനാൽ അവനെ ദൂരെ അയച്ചുകളയുവാൻ ദൈവം അബ്രാഹാമിനോട് ആവശ്യപ്പെട്ടു (ഉൽ.17:18-21, 21:10-14). ക്രിസ്തുവിൻ്റെ ന്യായാസനത്തിങ്കൽ, ദൈവത്തിലുള്ള ആശ്രയം കൂടാതെ നമ്മുടെ മാനുഷിക കഴിവുകളിലൂടെ നല്ല അർഥത്തോടു കൂടി നാം ചെയ്ത നമ്മുടെ പ്രയത്നങ്ങളെ സമർപ്പിക്കുമ്പോൾ, അവ അധികം യോഗ്യമല്ലെന്ന് അവിടുന്നു നമ്മോടു പറയും. മരം, പുല്ല്, വയ്ക്കോൽ ഇവയാലുള്ളതെല്ലാം ചാരമായി മാറും.

"ദൈവത്തിലൂടെ" ചെയ്തവ മാത്രം നിലനിൽക്കും.

അബ്രാഹാം ഷണ്ഡതയുടെ സ്ഥാനത്തെത്തിയപ്പോൾ - കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള അവൻ്റെ സ്വാഭാവിക കഴിവുകൾ നിലച്ചപ്പോൾ - അപ്പോൾ ഇസ്ഹാക്ക് ജനിച്ചു, ദിവ്യശക്തിയിലൂടെ, ആ പുത്രൻ ദൈവത്തിനു സ്വീകാര്യനായിരുന്നു.

ദൈവത്തെ സംബന്ധിച്ചിടത്തോളം, ഒരു ഇസ്ഹാക്ക് ഒരായിരം യിശ്മായേലുമാരെക്കാൾ വിലയുള്ളവനാണ്‌. ഒരു കിലോഗ്രാം തടിയെക്കാൾ വിലയുള്ളത് ഒരു ഗ്രാം സ്വർണ്ണത്തിനാണ് - തീ അവ രണ്ടിനെയും പരിശോധന ചെയ്തു കഴിയുമ്പോൾ. നമ്മുടെ സ്വയ ശക്തിയിൽ ചെയ്യപ്പെട്ട വളരെയധികം കാര്യങ്ങളെക്കാൾ വിലയുള്ളതാണ് പരിശുദ്ധാത്മ ശക്തിയിൽ ചെയ്യപ്പെട്ട ഒരല്പം.

രക്ഷിക്കപ്പെടുന്നതിനു മുമ്പും അതിനു ശേഷവും കർത്താവിനെ സേവിക്കാൻ വേണ്ടി ചെയ്യുന്ന നമ്മുടെ നന്മ പ്രവൃത്തികളും നമ്മുടെ സ്വയ പ്രയത്നവും എപ്പോഴും കറപുരണ്ട തുണികളായിരിക്കും. എന്നാൽ വിശ്വാസത്താലുളവായ നീതിയും, പരിശുദ്ധാത്മാവിലുള്ള ആശ്രയത്വത്തിൽ ചെയ്യപ്പെട്ട ശുശ്രൂഷയും -കുഞ്ഞാടിൻ്റെ കല്യാണനാളിലെ നമ്മുടെ കല്യാണ വസ്ത്രമായി രൂപപ്പെടും (വെളി. 19: 8). എന്തൊരു അന്തരം - ഒന്നുകിൽ കറപുരണ്ട പഴയ തുണി അല്ലെങ്കിൽ മനോഹരമായ ഒരു വിവാഹ വസ്ത്രം! നമ്മുടെ ജീവിതം നാം ജീവിച്ചത് നമ്മുടെ സ്വന്തം ദേഹീ ബലത്തിലാണോ അതോ ദൈവത്തിൻ്റെ ശക്തിയിലാണോ എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം ആയിരിക്കുന്നത്.

യേശു അവിടുത്തെ ശുശ്രൂഷയ്ക്കു വേണ്ടിയും പരിശുദ്ധാത്മ ശക്തിയിൽ ആശ്രയിച്ചു. ആദ്യം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടാതെ പ്രസംഗ ശുശ്രൂഷയിലേക്കു കടക്കുവാൻ അവിടുന്ന് ധൈര്യപ്പെട്ടില്ല. "ഇവൻ എൻ്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (മത്താ. 3:17) എന്ന് പിതാവിനു സാക്ഷ്യപ്പെടുത്താൻ കഴിയത്തക്ക വിധം അതിനു മുമ്പുള്ള 30 വർഷത്തോളം അവിടുന്ന് പരിശുദ്ധാത്മ ശക്തിയിൽ പൂർണ്ണ വിശുദ്ധിയിൽ ജീവിച്ചു എന്നിട്ടും ശുശ്രൂഷയ്ക്കു വേണ്ടി പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടേണ്ട ആവശ്യം അവിടുത്തേക്കുണ്ടായിരുന്നു. അതുകൊണ്ട് അവിടുന്ന് അഭിഷേകം ചെയ്യപ്പെടേണ്ടതിനു പ്രാർഥിക്കുകയും അവിടുന്ന് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു (ലൂക്കോ 3:21). കൂടാതെ ഇതുവരെ ജീവിച്ചിട്ടുള്ള ഏതൊരു മനുഷ്യനേയും കാൾ നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തതു കൊണ്ട്,മറ്റാരെക്കാളും കൂടുതൽ സമൃദ്ധമായി അവിടുന്ന് അഭിഷേകം ചെയ്യപ്പെട്ടു (എബ്രാ. 1:9). അതിൻ്റെ ഫലമായി, അവിടുത്തെ ശുശ്രൂഷയിലൂടെ ആളുകൾ സാത്താൻ്റെ ബന്ധനത്തിൽ നിന്നു വിടുവിക്കപ്പെട്ടു. ഇതാണ് അഭിഷേകത്തിൻ്റെ മുഖ്യ ഉദ്ദേശ്യവും പ്രാഥമികമായ വെളിപ്പെടുത്തലും (ലൂക്കോ. 4:18 ഉം പ്രവൃ. 10:38 ഉം കാണുക).

ദൈവത്തിൻ്റെ വേല ചെയ്യപ്പെടുന്നത് മാനുഷിക പ്രാവീണ്യത്തിലൂടെയോ കഴിവുകളിലൂടെയോ അല്ല. സ്വാഭാവികമായി വളരെ ഉയർന്ന തരത്തിൽ വരദാനങ്ങളുള്ള മനുഷ്യർ, രക്ഷിക്കപ്പെട്ടു കഴിയുമ്പോൾ, മിക്കപ്പോഴും ചിന്തിക്കുന്നത് ഇനി തങ്ങളുടെ ബൗദ്ധികവും വൈകാരികവുമായ ശക്തികൾ,മറ്റുള്ളവരെ ദൈവത്തിനു വേണ്ടി സ്വാധീനിക്കുവാൻ വേണ്ടി അവർക്ക് ഉപയോഗിക്കാൻ കഴിയും എന്നാണ്.

മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ വാക്ചാതുര്യം, യുക്തി, ഉച്ചാരണ സ്ഫുടത തുടങ്ങിയവയെപ്പോലും പരിശുദ്ധാത്മാവിൻ്റെ ശക്തിയാണെന്നു തെറ്റി ധരിക്കാറുണ്ട്‌. എന്നാൽ ഇവയെല്ലാം ദേഹിയുടെ ശക്തി മാത്രമാണ്, തന്നെയുമല്ല അവ ദൈവത്തിൻ്റെ ശുശ്രൂഷയ്ക്ക് ഒരു തടസ്സമായിരിക്കും, ഏതെങ്കിലും വിധത്തിലുള്ള ആശ്രയം അവയിൽ വച്ചാൽ. മാനുഷികമായ ദേഹീ ശക്തിയിൽ ചെയ്യപ്പെടുന്ന പ്രവൃത്തികൾ ഒരിക്കലും നിത്യമായിരിക്കയില്ല. അതു നശിച്ചുപോകും, ഉടനെ അല്ലെങ്കിൽ, ക്രിസ്തുവിൻ്റെ ന്യായാസനത്തിങ്കൽ.

ജനങ്ങളെ ദൈവത്തിങ്കലേക്കു ചലിപ്പിക്കുവാൻ യേശു പ്രസംഗ പാടവത്തിൻ്റെ ശക്തിയിലോ വികാരത്തിലോ ആശ്രയിച്ചില്ല. അത്തരം ദേഹീശക്തിയിലൂടെ ചെയ്യപ്പെടുന്ന പ്രവൃത്തികൾ തൻ്റെ ശ്രോതാക്കളുടെ ദേഹീതലം വരെ മാത്രമേ എത്തുകയുള്ളൂ എന്നും ആത്മീയമായി അവരെ ഒരിക്കലും അതു സഹായിക്കയില്ല എന്നും അവിടുന്ന് അറിഞ്ഞു. ആ കാരണത്താൽ തന്നെ ജനങ്ങളെ ദൈവത്തിങ്കലേക്ക് വശീകരിക്കാൻ അവിടുന്ന് ഒരു തരത്തിലുമുള്ള സംഗീത വിനോദവും ഉപയോഗിച്ചില്ല.

അവിടുന്ന് തൻ്റെ ശ്രോതാക്കളുടെ തോന്നലുകളിൽ തൊട്ട് സംഭ്രാന്തിയുള്ള ഒരു ആവേശമുണ്ടാക്കി അവരെ ദൈവത്തിനു കീഴടക്കാൻ ഒന്നും ചെയ്തില്ല. വാസ്തവത്തിൽ ഇന്ന് സുവിശേഷകന്മാരുടെയും പ്രാസംഗികരുടെയും ഇടയിൽ വളരെ സാധാരണമായ ഈ കാര്യങ്ങളോ മറ്റേതെങ്കിലും ദേഹീ പരമായ മാർഗ്ഗങ്ങളോ അവിടുന്ന് ഉപയോഗിച്ചില്ല. വൈകാരിക ആവേശവും ദേഹീതലത്തിലുള്ള അത്യുത്സാഹമോ ഒന്നും ആളുകളെ സ്വാധീനിക്കാനായി അവിടുന്ന് ഉപയോഗിച്ചില്ല. ഇവയെല്ലാം രാഷ്ട്രീയക്കാരുടെയും വിൽപ്പനക്കാരുടെയും മാർഗ്ഗങ്ങളാണ്, അവിടുന്ന് ഇവ രണ്ടും അല്ലായിരുന്നു.

യഹോവയുടെ ദാസൻ എന്ന നിലയിൽ, തൻ്റെ എല്ലാ അധ്വാനങ്ങളിലും യേശു മുഴുവനായും പരിശുദ്ധാത്മാവിൽ ആശ്രയിച്ചു. അവിടുത്തെ അനുഗമിച്ചവർ ദൈവത്തിലുള്ള ആഴമായ ജീവനിലേക്ക് (ജീവിതത്തിലേക്ക്) അവർ തന്നെ വന്നു എന്നതാണ് അതിൻ്റെ ഫലം.

മറ്റുള്ളവരെ അവിടുത്തെ ചിന്താധാരയിലേക്ക് കൗശലത്താൽ സ്വാധീനിക്കേണ്ടതിന് യേശു ദേഹീശക്തി ഉപയോഗിച്ചില്ല. അവിടുന്ന്, തന്നെ തന്നെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ചില്ല. മറ്റുള്ളവർ അവിടുത്തെ നിരാകരിക്കുന്നത് തിരഞ്ഞെടുക്കുന്നെങ്കിൽ അവർക്കതിനുള്ള സ്വാതന്ത്ര്യം എപ്പോഴും അവിടുന്നു നൽകി. ദേഹീപരരായ ക്രിസ്തീയ നേതാക്കന്മാർ അവരുടെ ശക്തമായ വ്യക്തിപ്രഭാവം കൊണ്ട് തങ്ങളുടെ കൂട്ടത്തിന്മേലും അവരുടെ സഹപ്രവർത്തകരുടെ മേലും അധികാരം നടത്തുന്നു. ജനങ്ങൾ സംഭ്രമിപ്പിക്കപ്പെട്ട അത്തരം നേതാക്കന്മാരോടുള്ള വിധേയത്വത്തിലേക്കു വരികയും അവരെ ആരാധിക്കുകയും അവരുടെ ഓരോ വാക്കും അനുസരിക്കുകയും ചെയ്യുന്നു.

അത്തരം ഒരു നേതാവിനു ചുറ്റും പുരുഷാരം ഒന്നിച്ചു കൂടിയേക്കാം, അവരെല്ലാം ഐക്യത്തിലുമായിരിക്കാം, എന്നാൽ ആ ഐക്യം നേതാവിനോടുള്ള ഭക്തിയുടെ ഐക്യം മാത്രമാണ്. അത്തരം നേതാക്കന്മാർ അവർക്കുള്ളത് പരിശുദ്ധാത്മ ശക്തിയാണെന്ന് ചിന്തിച്ച് തങ്ങളെ തന്നെ പോലും കബളിപ്പിച്ചേക്കാം,കാരണം ദേഹിയും ആത്മാവും തമ്മിൽ വേർതിരിച്ചറിയാൻ അവർക്കു കഴിവില്ല. അവരുടെ അനുഗാമികളും അതുപോലെ തന്നെ വഞ്ചിക്കപ്പെടുന്നു. എന്നാൽ ഇവയെല്ലാം മാനുഷികമായ ദേഹീശക്തി ആയിരുന്നു എന്നും അത് ദൈവത്തിൻ്റെ വേലയ്ക്കു തടസ്സമായിരുന്നു എന്നും ന്യായാസനത്തിൻ്റെ തെളിഞ്ഞ പ്രകാശം വെളിപ്പെടുത്തും.

യേശു അത്തരം ഒരു നേതാവായിരുന്നില്ല. ഒരു ക്രിസ്ത്യാനിയും അങ്ങനെ ആയിരിക്കരുത്. നമ്മുടെ ദേഹീ - ശക്തി ഉപയോഗിക്കുന്നതിന് നാം ഭയപ്പെടണം, കാരണം അത് മനുഷ്യരോടുള്ള ദൈവ നിയമത്തിൻ്റെ ലംഘനമാണ്, തന്നെയുമല്ല, അവിടുത്തെ ശുശ്രൂഷയ്ക്ക് അത് ഒരു തടസ്സമാകുന്നു എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാൻ കഴിയുകയില്ല.

യഥാർഥമായ ഒരു ആത്മീയ പ്രവർത്തനം ഒരിക്കലും മാനുഷ ദേഹിയുടെ ശക്തിയാൽ ചെയ്യപ്പെടാൻ കഴിയുകയില്ല, എന്നാൽ പരിശുദ്ധാത്മ ശക്തിയാൽ മാത്രം. യേശുവിന് ഇതറിയാമായിരുന്നു; അതുകൊണ്ട് അവിടുന്ന് നിരന്തരമായി തൻ്റെ ദേഹീ ശക്തിയെ മരണത്തിനേൽപിച്ചു. അങ്ങനെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, തന്നെ അനുഗമിച്ചവരിൽ ആഴമുള്ളതും നിലനിൽക്കുന്നതുമായ ഒരു പ്രവൃത്തി ചെയ്യുവാൻ അവിടുത്തേക്കു കഴിഞ്ഞു.