WFTW Body: 

"ഈ ലോകത്തിന് അനുരൂപരാകരുത്, എന്നാൽ ദൈവത്തിൻ്റെ നന്മയും, സ്വീകാര്യതയും, പൂർണ്ണതയുമുള്ള ഹിതം നിങ്ങൾക്കു തെളിയിച്ചു കൊടുക്കാൻ കഴിയേണ്ടതിന്, നിങ്ങളുടെ മനസു പുതുക്കി രൂപാന്തരപ്പെടുവിൻ" (റോമ.12.2).

"നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവൻ്റെ ദാസൻ്റെ (കർത്താവായ യേശുവിൻ്റെ) വാക്കു കേട്ടനുസരിക്കുകയും ചെയ്യുന്നവൻ ആർ? അങ്ങനെയുള്ളവർ തങ്ങൾക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവർ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തങ്ങളുടെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ" (യെശ. 50:10 - ലിവിംഗ്).

പഴയ ഉടമ്പടിയുടെ കീഴിൽ, മിക്കപ്പോഴും ദൈവം തൻ്റെ ഹിതം തൻ്റെ ദാസന്മാരെ അറിയിച്ചിരുന്നത് സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ശബ്ദത്താലായിരുന്നു. എന്നാൽ പുതിയ ഉടമ്പടിയിൽ, നമ്മുടെ ഹൃദയത്തിനുള്ളിൽ തന്നെ ഉണ്ടാകുന്ന പരിശുദ്ധാത്മാവിൻ്റെ ആന്തരിക സാക്ഷ്യത്താൽ നമ്മെ നയിക്കുവാൻ ദൈവം ശ്രമിക്കുന്നു. ഇതാണ് വിശ്വാസത്തിൻ്റെ മാർഗ്ഗം. ഇത് കാഴ്ചയാൽ നടക്കുന്ന പഴയ ഉടമ്പടിയെക്കാൾ ഉന്നതമായതുമാണ്.

അതുകൊണ്ട്, ഒരു കാര്യത്തിൽ ദൈവഹിതം അറിയാൻ ശ്രമിക്കുമ്പോൾ ചില സമയങ്ങളിൽ നാം കുഴങ്ങി പോകാം. ഇത് ദൈവം അനുവദിക്കുന്നത് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. നമ്മെ അവിടുത്തോട് ചേർത്ത് നിർത്താനും അതുവഴി അവിടുത്തെ നാം അധികം നന്നായി അറിയുവാനും അവിടുന്ന് ആഗ്രഹിക്കുന്നു. അത്തരം അനിശ്ചിതാവസ്ഥയുടെ സമയങ്ങൾ നമ്മുടെ ലക്ഷ്യങ്ങളെ പരിശോധിക്കുവാനും ദൈവം ഉപയോഗിക്കുന്നു.

നമുക്ക് ആശയകുഴപ്പം നേരിടുമ്പോൾ, അതു കൊണ്ട് നാം അത്ഭുതപ്പെടുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്. അപ്പൊസ്തലനായ പൗലൊസ് പോലും പലപ്പോഴും കുഴങ്ങി പോയിട്ടുണ്ട്‌. എന്നാൽ ഒരിക്കലും നിരാശപ്പെടുകയോ വിട്ടു കളയുകയോ ചെയ്തില്ല (2 കൊരി. 4:8). ദൈവം ചിലപ്പോൾ നാം ഒരു തീരുമാനം എടുക്കേണ്ടതിനു തൊട്ടുമുമ്പു മാത്രമെ അവിടുത്തെ ഹിതം നമുക്കു കാണിച്ചു തരികയുള്ളു - അതിനു മുമ്പ് നമ്മെ വളരെ നീണ്ട ഒരു സമയം കാത്തു നിൽക്കാൻ ഇടയാക്കും.

ഏതു കാര്യത്തിലും, ഓരോ ഘട്ടത്തിൽ മാത്രമേ അടുത്ത ചുവട് നമ്മെ കാണിക്കുകയുള്ളു. അവിടുന്നു നമ്മെ പടിപടിയായി നടത്തുന്നു കാരണം കാഴ്ചയാലല്ല വിശ്വാസത്താൽ നടക്കേണ്ടതിന് ദിനംപ്രതി നാം ദൈവത്തിൽ ആശ്രയിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നു. ഒരു സമയത്ത് അവിടുന്ന് ഒരു ചുവടു മാത്രം കാണിച്ചു തരുമ്പോൾ, ദൈവത്തിൽ ചാരുവാൻ നാം നിർബന്ധിതരായി തീരുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതം കണ്ടെത്തുവാൻ, ഏതു സമയത്തും നാം ചെയ്യേണ്ട ഒരേ ഒരു കാര്യം ദൈവം കാണിച്ചു തരുന്ന അടുത്ത ചുവടു വയ്ക്കുക എന്നതാണ്. നാം അങ്ങനെ ചെയ്യുമ്പോൾ, ദൈവഹിതം നമുക്കു വെളിവായി വരുന്നതു നാം കണ്ടെത്തും.

"നീ പോകുമ്പോൾ, പടിപടിയായി, ഞാൻ നിനക്കു മുമ്പിൽ വഴി തുറന്നു തരും" എന്നാണ് കർത്താവിൻ്റെ വാഗ്ദത്തം (സദൃശവാക്യങ്ങൾ 4:12- പരാവർത്തനം).

ഒരു കാര്യത്തിൽ ദൈവഹിതത്തെ കുറിച്ചു നിശ്ചയമില്ലെങ്കിൽ, നമ്മോടു തന്നെ താഴെ പറയുന്ന 12 ചോദ്യങ്ങൾ ചോദിക്കുന്നതു നല്ലതാണ്. ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം പറയുന്നതനുസരിച്ച് ദൈവഹിതം എന്താണെന്ന് നമുക്ക് കൂടുതൽ വ്യക്തമാവും.

എനിക്കറിയാവുന്നിടത്തോളം, ഇത് യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെയും പഠിപ്പിക്കലിനോ അല്ലെങ്കിൽ പുതിയ നിയമത്തിൻ്റെ ആത്മാവിനോ വിരുദ്ധമാണോ?

ഒരു നിർമ്മല മനസ്സാക്ഷി യോടെ ഇത് എനിക്കു ചെയ്യാൻ കഴിയുമോ?

ഇത് ദൈവ മഹത്വത്തിനായി എനിക്കു ചെയ്യാൻ കഴിയുന്നതാണോ?

ഇത് യേശുവുമായുള്ള കൂട്ടായ്മയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണോ?

ഇതു ചെയ്യുമ്പോൾ ദൈവത്തോട്, എന്നെ അനുഗ്രഹിക്കാൻ പറയാൻ എനിക്കു കഴിയുമോ?

എൻ്റെ ഈ പ്രവൃത്തി ഏതെങ്കിലും തരത്തിൽ എൻ്റെ ആത്മീയ മൂർച്ച കുറയ്ക്കുമോ?

എനിക്കറിയാവുന്നിടത്തോളം ഇത് ആത്മീയമായി പ്രയോജനകരവും ആത്മീക വർദ്ധകവുമാണോ?

യേശു ഭൂമിയിലേക്കു മടങ്ങി വരുന്ന നിമിഷത്തിൽ ഞാൻ ഇതു ചെയ്തു കൊണ്ടിരിക്കുന്നതായി കണ്ടെത്തിയാൽ ഞാൻ സന്തോഷിക്കുമോ?

കൂടുതൽ വിവേകമുള്ളവരും പക്വതയുള്ളവരുമായ സഹോദരന്മാർ ഇതിനെ കുറിച്ച് എന്തായിരിക്കും ചിന്തിക്കുന്നത്?

മറ്റുള്ളവർ ഇതിനെ കുറിച്ചറിയുമ്പോൾ ഞാൻ ഇതു ചെയ്യുന്നത് ദൈവനാമത്തിന് അപമാനം കൊണ്ടുവരികയോ എൻ്റെ സാക്ഷ്യം നശിപ്പിക്കുകയോ ചെയ്യുമോ?

ഞാൻ ചെയ്യുന്നതിനെ കുറിച്ച് മറ്റുള്ളവർ അറിയുമ്പോൾ അത് അവർക്ക് ഇടർച്ചയ്ക്ക് കാരണമാകുമോ?

അതു ചെയ്യാൻ എൻ്റെ ആത്മാവിൽ സ്വാതന്ത്ര്യം തോന്നുന്നുണ്ടോ?

പല അവസരങ്ങളിൽ, നമുക്ക് ദൈവഹിതത്തെ കുറിച്ചു പൂർണ്ണ നിശ്ചയമില്ലെങ്കിൽ പോലും, നമുക്ക് മുന്നോട്ട് ഒരു ചുവട് എടുക്കേണ്ടി വരും. ഇതും വിശ്വാസത്തിൽ നടക്കുന്നതിനുള്ള ശിക്ഷണത്തിൻ്റെ ഒരു ഭാഗമാണ് - കാരണം നിശ്ചിതത്വം ചിലപ്പോൾ "കാഴ്ചയാൽ നടക്കുന്നതിന്" തുല്യമാകാം. ദൈവം ചിലപ്പോൾ അവിടുത്തെ ഹിതത്തെ കുറിച്ച് ഒരു വ്യക്തമായ ഉറപ്പു നൽകുന്നു. എന്നാൽ മറ്റു സമയങ്ങളിൽ, അവിടുത്തെ ഹിതത്തെ കുറിച്ച് വ്യക്തമായ അറിവില്ലാതെ തന്നെ മുന്നോട്ടു നീങ്ങാൻ നമ്മെ കുറിച്ച് അവിടുന്നു പ്രതീക്ഷിക്കുന്നു. ഒരിക്കൽ നാം പ്രാർത്ഥനയിൽ കർത്താവിനായി കാത്തിരിക്കുകയും, നമ്മുടെ അറിവിൻ്റെ പരമാവധി പരിശുദ്ധാത്മാവിൻ്റെ മനസ് ആരാഞ്ഞറിയുകയും ചെയ്തിട്ടുണ്ടെങ്കിൽ, അനിശ്ചിതമായി കാത്തിരിക്കാതെ നാം മുന്നോട്ടു നീങ്ങണം.

"നമുക്കു വഴി കാട്ടുവാൻ ദൈവത്തിൽ ആശ്രയിച്ചു കൊണ്ടു വേണം നാം പദ്ധതികൾ തയ്യാറാക്കുവാൻ" (സദൃശവാക്യങ്ങൾ 16:9 - ടി എൽ ബി) എന്നു വേദ പുസ്തകം പറയുന്നു. പിന്നീട് ഇങ്ങനെയുള്ള തീരുമാനങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ, നമ്മുടെ കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടായിരുന്നിട്ടും വഴി തെറ്റി പോകുവാൻ ദൈവം നമ്മെ അനുവദിച്ചില്ല എന്നു നാം കണ്ടെത്തും. മറ്റു വാക്കുകളിൽ പറഞ്ഞാൽ തുടക്കത്തിൽ വളരെ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും അവസാനം വളരെയധികം നിശ്ചിതത്വവും സന്തോഷവും ഉണ്ടായിരിക്കും.

പരമാർത്ഥതയിൽ എന്നാൽ നിശ്ചയമില്ലാതെ ഒരു ചുവട് വയ്ക്കുമ്പോൾ, ദൈവത്തിൻ്റെ പൂർണ്ണതയുള്ള ഇഷ്ടത്തിൻ്റെ വഴി നമുക്കു നഷ്ടപ്പെട്ടാൽ, ശരിയായ പാതയിലേക്കു നമ്മെ തിരിച്ചു കൊണ്ടുവരുന്നതിന് നമുക്ക് ദൈവത്തിൽ ആശ്രയിക്കാൻ കഴിയും. യെശയ്യാവ് 30:21 ൽ (ലിവിംഗ് ബൈബിൾ) ഉള്ള വാഗ്ദത്തം ഇതാണ് "നിങ്ങൾ ദൈവത്തിൻ്റെ പാതകൾ വിട്ട് വഴി തെറ്റി പോയാൽ, 'വഴി ഇതല്ല ഇതിലേ നടക്കുക ' എന്നു പറയുന്ന ഒരു ശബ്ദം നിങ്ങൾ പിറകിൽ നിന്നു കേൾക്കും".

നമുക്കു ദൈവഹിതം നഷ്ടപ്പെട്ടാൽ, നമ്മുടെ ഗതി വ്യത്യാസപ്പെടുത്താൻ വേണ്ട സാഹചര്യങ്ങളെ ദൈവം കല്പിച്ചാക്കും. എന്നാൽ ഓരോ നീക്കത്തിലും അത്ഭുതകരമായ ഒരു മാർഗ്ഗദർശനത്തിനു വേണ്ടി കാത്തു കൊണ്ട് നാം സ്ഥിരമായ നിഷ്ക്രിയത്വത്തിൽ തുടരരുത്. ഒരു കപ്പൽ നിശ്ചലമായി കിടക്കുമ്പോൾ തിരിയുന്നതിനെക്കാൾ വേഗത്തിൽ അത് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിന് ചുറ്റി തിരിയാൻ കഴിയും. അതുപോലെ നമുക്കും കഴിയും.

അപ്പൊ. പ്ര. 16:6- 10 വരെയുള്ള വാക്യങ്ങളിൽ, പൗലൊസും ശീലാസും ഏഷ്യയിലേക്കു പോകാൻ ശ്രമിച്ചു എന്നു വായിക്കുന്നു - കർത്താവിൽ നിന്ന് വ്യക്തമായ നടത്തിപ്പിൻ്റെ ഫലമായല്ല എന്നാൽ അപ്പോഴും അവിടുത്തേ ഇഷ്ടം ചെയ്യാനാഗ്രഹിച്ചു കൊണ്ട്. അവർ തടയപ്പെട്ടു - ഒരു പക്ഷെ ദൈവത്താൽ നിയമിക്കപ്പെട്ട സാഹചര്യങ്ങളാൽ. അടുത്തതായി അവർ ബി ഥുന്യയിൽ കടക്കാൻ ശ്രമിച്ചു, ഒരിക്കൽ കൂടി അവരുടെ വഴി അടയ്ക്കപ്പെട്ടു. എന്നാൽ അവർ മാർഗ്ഗദർശനത്തിനു വേണ്ടി നിഷ്ക്രിയരായി കാത്തിരിക്കാതെ ദൈവത്തിൻ്റെ ഹിതം ക്രിയാത്മകമായി അന്വേഷിച്ചിരുന്നതുകൊണ്ട്, ഒടുക്കം അവരെ അവിടുന്നു അവർക്കു വേണ്ടി നിശ്ചയിച്ചിരുന്ന സ്ഥലമായ മാസിഡോണിയായിലേക്ക് അയച്ചു.

ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ ദൈവ നടത്തിപ്പ് എന്നത് സ്ഥിരമായി, ബോധപൂർവ്വമായ അന്വേഷണത്തിൻ്റെ ഒരു വിഷയമാകണമെന്നത്, അത്യാവശ്യമല്ല. അത് ആത്മാവിൽ നടക്കുന്നതിൻ്റെ ഒരു കാര്യമാണ്. കർത്താവുമായുള്ള ശരിയായ ബന്ധം ശരിയായ പ്രവർത്തനത്തിലേക്കു നയിക്കും. അത്തരം ചെറിയ കാര്യങ്ങളിൽ, ദൈവത്തിൻ്റെ നടത്തിപ്പ് എന്നത് എല്ലാ സമയവും നമുക്ക് അഗാധമായ ബോധമുള്ള ചില കാര്യങ്ങൾ ആകണമെന്നില്ല. നാം അതേ കുറിച്ച് ബോധവാന്മാരല്ലാതെയിരുന്നേക്കാം. കർത്താവുമായുള്ള നമ്മുടെ അടിസ്ഥാന ബന്ധം മാത്രമാണ് പ്രധാനമായിട്ടുള്ളത്, കാരണം നടത്തിപ്പ് (മാർഗ്ഗദർശനം) എന്നത് ഒരു ആത്മീയ കാര്യമാണ്, യാന്ത്രികമായ തന്ത്രങ്ങളൊന്നുമല്ല.