ലേഖകൻ :   സാക് പുന്നൻ
WFTW Body: 

നിങ്ങൾ ദൈവത്താൽ കൈക്കൊള്ളപ്പെടുവാൻ തക്കവിധം അത്ര നല്ലവനല്ല എന്ന തോന്നൽ സ്ഥിരമായി നിങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ ജീവിതം നിങ്ങൾക്ക് ദുരിതപൂർണ്ണമായിത്തീരും. നിങ്ങൾ ഒരിക്കലും അങ്ങനെ ഞരങ്ങരുത്, എന്നാൽ അതിനു പകരം നിങ്ങൾ ആയിരിക്കുന്നതു പോലെ തന്നെ അവിടുന്നു നിങ്ങളെ - ക്രിസ്തുവിൽ - സ്വീകരിച്ചിരിക്കുന്നതിന് ദൈവത്തിനു നന്ദി പറയുക.

ദൈവം നിങ്ങളെ കടത്തിക്കൊണ്ടു പോയിരിക്കുന്ന സകലത്തിനെയും കുറിച്ചു നിങ്ങൾ ചിന്തിക്കുന്ന ഓരോ സമയവും നന്ദി പറഞ്ഞു കൊണ്ട് കർത്താവിനെ സ്തുതിക്കുക. പരാതിയുടെയും പിറുപിറുപ്പിൻ്റെയും എല്ലാ ചിന്തകളേയും തീർത്തും ഒഴിവാക്കേണ്ട ദുഷിച്ച ലൈംഗിക ചിന്തകളോടു തുലനം ചെയ്യുക.

നിങ്ങളുടെ പുറമേ നിന്നു വരുന്ന ഒന്നിനും നിങ്ങളെ ഒരിക്കലും മലീമസമാക്കാൻ കഴിയുകയില്ല, നിങ്ങളുടെ "നിരാകരിക്കൽ വ്യൂഹം " നന്നായി പ്രവർത്തിക്കുന്നെങ്കിൽ (മർക്കോസ്: 7 :18 -23). പുറമെയുള്ള പല കാര്യങ്ങളോടും അന്ധനും ബധിരനും ആയിരിക്കുന്ന ശീലം നിങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട് (യെശ.42: 19, 20 ). നിങ്ങൾ കേൾക്കുന്നതും കാണുന്നതുമായ എല്ലാ കാര്യങ്ങളും ആദ്യം നിങ്ങളുടെ മനസ്സിൽ തന്നെ ഇനം തിരിക്കപ്പെടണം. അതിൽ അധികം കാര്യങ്ങളും പെട്ടെന്നു തന്നെ നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു കളയേണ്ടതുണ്ട്- ഉദാഹരണത്തിന്, മറ്റുള്ളവർ നിങ്ങളോട് ചെയ്തിരിക്കുന്ന തിന്മകൾ, ഭാവിയെക്കുറിച്ചുള്ള ആകുലചിന്തകൾ മുതലായവ. അപ്പോൾ മാത്രമേ നിങ്ങൾക്ക് എല്ലാ സാഹചര്യങ്ങളിലും സ്വസ്ഥതയിൽ നിലനിൽക്കാനും കർത്താവിനെ സ്തുതിക്കുവാനും കഴിയുകയുള്ളൂ.

സ്തുതിയുടെയും സന്തോഷത്തിൻ്റെയും ആത്മാവിനെ നമുക്കു തരേണ്ടതിനാണ് യേശു വന്നിരിക്കുന്നത്(യെശ.61:1-3) കാൽവറിയിലേക്കു പോകുന്നതിനു മുമ്പ് അവിടുന്നു തന്നെ ഒരു സ്തോത്രഗീതം പാടി. (മത്താ. 26: 30). തന്നെയുമല്ല ഇപ്പോൾ സഭയിൽ പാട്ടു നയിക്കുന്നവനും അവിടുന്നു തന്നെയാണ് (എബ്രാ:2:12).

നാം ദൈവത്തെ സ്തുതിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങളിൽ അവിടുത്തേക്ക് ഒരു സിംഹാസനം ഉണ്ടാക്കുന്നു (സങ്കീ.22:3) . നാം അവിടുത്തെ സ്തുതി പാടുന്നത് നമ്മുടെ വിശ്വാസത്തിൻ്റെ തെളിവാണ് (സങ്കീ. 106:12) അങ്ങനെ ദൈവം ഈ പ്രപഞ്ചത്തിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്നു എന്നും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അവിടുത്തെ വ്യക്തമായ അനുവാദത്തോടു കൂടിയാണെന്നും നിങ്ങൾ വിശ്വസിക്കുന്നു എന്നു നിങ്ങൾ തെളിയിക്കുകയാണ് ( "എനിക്കു സംഭവിക്കുന്നതിൻ്റെ ഓരോ വിശദാംശവും അവിടുന്നറിയുന്നു " - ഇയ്യോബ് 23:10 ലിവിംഗ്).

ബൈബിളിൽ ദൈവത്തിൻ്റെ പരമാധികാരത്തെക്കുറിച്ചുള്ള ഏറ്റവും സമ്പൂർണ്ണമായ പ്രസ്താവന, ദൈവത്താൽ ശിക്ഷണം ചെയ്യപ്പെട്ടതിനു ശേഷം നെബുഖദ്നേസറിനാൽ ചെയ്യപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞു. " ദൈവം സർവ്വ ഭൂവാസികളെയും നാസ്തിയായി എണ്ണുന്നു, സ്വർഗ്ഗത്തിലെ ദൂതന്മാരും ഭൂമിയിലെ മനുഷ്യരും അവിടുത്തെ നിയന്ത്രണത്തിലാണ്. അവിടുത്തെ എതിർക്കുവാനോ അവിടുന്ന് എന്തു ചെയ്യുന്നു എന്നു ചോദിക്കുവാനോ ആർക്കും കഴിയുകയില്ല" (ദാനി. 4:35 ഗുഡ് ന്യൂസ് ബൈബിൾ ). നെബുഖദ്നേസർ "സുബുദ്ധിയുള്ളവനായി തീർന്നത് " അപ്പോഴാണ് (ദാനി. 4:36) .

സുബുദ്ധിയുള്ള ഓരോ വിശ്വാസിയും വിശ്വസിക്കുന്നത് അതാണ്. നമുക്കുണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന വിശ്വാസം അതാണ്. അങ്ങനെയുള്ള വിശ്വാസികൾ എല്ലാ സമയത്തും ഓരോ സാഹചര്യത്തിലും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കും.

ദേവാലയത്തിൽ വച്ച് ശിശുക്കൾ വളരെ ഉച്ചത്തിൽ സ്തുതിക്കുന്നു എന്ന് ശാസ്ത്രിമാരും ഭരണാധികാരികളും പരാതി പറഞ്ഞപ്പോൾ യേശു പറഞ്ഞത് , വാസ്തവത്തിൽ പൂർണ്ണമായി സ്തുതി അർപ്പിക്കപ്പെടുന്നത് ശിശുക്കളാൽ മാത്രമാണ് എന്നാണ് (മത്താ .21:16, സങ്കീ.8:2 ഉദ്ധരിച്ചു കൊണ്ട് - " അങ്ങയെ പൂർണ്ണതയോടെ സ്തുതിക്കുവാൻ ചെറിയ കുഞ്ഞുങ്ങളെ അവിടുന്നു പരിശീലിപ്പിച്ചിരിക്കുന്നു " - ലിവിംഗ് ബൈബിൾ ). അതു നമ്മെ പഠിപ്പിക്കുന്നത് ,നമ്മുടെ സ്തുതി ദൈവത്തിനു സ്വീകാര്യമായി തീരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളാലല്ല, എന്നാൽ നമ്മുടെ താഴ്മയും ഹൃദയത്തിൻ്റെ നിർമ്മലതയും കൊണ്ടാണ് ( കാരണം എല്ലാ ശിശുക്കൾക്കും അതാണുള്ളത്).

ശിശുക്കൾ ഒരിക്കലും പിറുപിറുക്കുകയോ പരാതി പറയുകയോ ചെയ്യുന്നില്ല - നമ്മുടെ സ്തുതി ദൈവത്തിനു സ്വീകാര്യമാക്കുന്ന മറ്റൊരു കാര്യം അതാണ്. നമ്മുടെ ജീവിതങ്ങളിൽ പിറുപിറുപ്പിൻ്റെയൊ പരാതിയുടെയൊ ഒരു മണം പോലും ഇല്ലാതിരിക്കുമ്പോൾ, രാവിലെയോ ഉച്ചയ്ക്കോ അല്ലെങ്കിൽ രാത്രിയിലോ, ആഴ്ചയിലെ ഏഴു ദിവസങ്ങളിലും ഓരോ വർഷത്തിൻ്റെയും ഓരോ ആഴ്ചയിലും, അപ്പോൾ നമ്മുടെ സ്തുതി പിന്നീടൊരിക്കലും ഞായറാഴ്ച രാവിലെകളിൽ അവതരിപ്പിക്കപ്പെടുന്ന ഒരു ആചാരമായിരിക്കുകയില്ല, എന്നാൽ അതു നമ്മുടെ അനുദിന ജീവിതങ്ങളുടെ ഒരു ഭാഗമായിരിക്കും. അത്തരം സ്തുതികളാൽ ദൈവം പ്രസാദിക്കപ്പെടുന്നു, നാം ഈണമില്ലാതെ പാടിയാൽ പോലും!!