WFTW Body: 

2 രാജാക്കന്മാർ 2:20 ൽ നിന്നും നാം പഠിക്കുന്നത് ദൈവം ഒരു പുതിയ പാത്രം അന്വേഷിക്കുന്നു എന്നാണ്.

ഈ ലോകത്തിൽ സുവിശേഷം അറിയിക്കുന്നതിനു വേണ്ടി ദൈവം അന്വേഷിക്കുന്നത് പുതിയ രീതികളെയോ പുതിയ സംഘടനകളെയോ അല്ല. അവിടുത്തെ ഉദ്ദേശ്യങ്ങൾ നടപ്പിൽ വരുത്താൻ കഴിയുന്ന ഉപ്പു നിറഞ്ഞിരിക്കുന്ന പുതിയ പാത്രങ്ങളെയാണ് കർത്താവ് അന്വേഷിക്കുന്നത്. ദൈവം തന്നത്താൻ ഈ ലോകത്തെ സുവിശേഷീകരിക്കാൻ പോകുന്നില്ല. ദൈവം അതാ ഗ്രഹിച്ചിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽ നിന്ന് ഇടി മുഴക്കി, ഈ ലോകത്തോട് സുവിശേഷം പ്രസംഗിക്കുവാൻ അവിടുത്തേക്കു കഴിയുമായിരുന്നു. എന്നാൽ അതല്ല അവിടുത്തെ മാർഗ്ഗം. ഒരു മനുഷ്യ പാത്രത്തിൽ ഉപ്പു വച്ചിട്ട് അത് ദേശത്ത് പകരുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

എലീശായ്ക്ക് ആ ഉപ്പ് അദ്ദേഹത്തിൻ്റെ കയ്യിൽ എടുത്ത് പുറത്തേക്ക് ഇടാമായിരുന്നു. എന്നാൽ അദ്ദേഹം അതു ചെയ്തില്ല. അദ്ദേഹം ഒരു പുതിയ പാത്രം (തളിക) എടുത്ത് അതിൽ ഉപ്പു നിറച്ചു, അതിനു ശേഷം ആ ഉപ്പ് ജലാശയത്തിൽ ഇട്ടു. ആ ദേശവും നീരുറവയും ഉടനെ തന്നെ സൗഖ്യമായി. ഈ ലോകത്തിൻ്റെ എല്ലാ കാര്യങ്ങളും ഒഴിച്ചു കളഞ്ഞിട്ട് ക്രിസ്തുവിനെ കൊണ്ടു നിറയപ്പെട്ട്, യജമാനൻ്റെ ഉപയോഗത്തിന് യോഗ്യമായ പാത്രങ്ങളായി തീരാൻ നാം മനസ്സുള്ളവരായിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു.

നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു: ആ പാത്രം ഉപ്പു കൊണ്ടു നിറച്ചിട്ട് ഉപ്പ് ആ പാത്രത്തിൽ തന്നെ ഇരിക്കാൻ എലീശ അനുവദിച്ചില്ല - അദ്ദേഹം അത് പുറത്തേക്ക് ഇട്ടു.

ദൈവം എൻ്റെയും നിങ്ങളുടെയും ജീവിതങ്ങൾ നിറയ്ക്കുന്നത്, നാം മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യേണ്ടതിന്, പുറത്തേക്ക് പകരപ്പെടേണ്ടതിനാണ്. നാം വളരെ നാളുകളായി നമ്മെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണ്ടതിനായും ഏതെങ്കിലും ഒരു ആത്മീയ അനുഗ്രഹം നമുക്കു നൽകേണ്ടതിനായും ദൈവത്തോടു ചോദിച്ചു കൊണ്ടിരിക്കുകയായിരിക്കാം. എന്നാൽ ഒരുപക്ഷെ, നാം ഈ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നത് വളരെ സ്വാർത്ഥപരമായ കാരണങ്ങൾ കൊണ്ടാകാം. നാം എത്ര ആത്മീയരാണെന്നു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചുറ്റി നടക്കാതിരിക്കേണ്ടതിന്, ദൈവം നമ്മെ അവിടുത്തെ സ്വർഗ്ഗീയമായ ഉപ്പിനാൽ നിറയ്ക്കുകയില്ല.

യെശയ്യാവ് 53:12 ൽ കർത്താവായ യേശുവിനെ കുറിച്ചു നാം വായിക്കുന്നത്, അവിടുന്ന് തൻ്റെ പ്രാണനെ മരണത്തിന് ഒഴുക്കി കളഞ്ഞു എന്നാണ്. അതിനാൽ, ഇന്ന് എൻ്റെയും നിങ്ങളുടെയും പാപങ്ങൾ ക്ഷമിക്കപ്പെടുന്നു. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ഒഴുക്കപ്പെടാൻ നാമും മനസ്സുള്ളവരായിരിക്കണം. അല്ലാത്ത പക്ഷം ആ ദേശം സൗഖ്യമാകുകയില്ല. വെള്ളം നിറച്ച ജലസംഭരണികളായിരിക്കാൻ ദൈവം നമ്മെ കുറിച്ചാഗ്രഹിക്കുന്നില്ല. മറ്റുള്ളവരിലേക്ക് ജീവജലം ഒഴുക്കാൻ കഴിയുന്ന നദികൾ ആയിരിക്കണമെന്ന് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. അങ്ങനെയുള്ള പാത്രങ്ങൾക്കു വേണ്ടിയാണ് ദൈവം നോക്കുന്നത് - ഒഴുക്കപ്പെടാൻ മനസ്സുള്ളവരെ.

അതുപോലെയുള്ള പാത്രങ്ങൾ അന്വേഷിച്ചു കൊണ്ട് കർത്താവിൻ്റെ കണ്ണുകൾ ഭൂമി മുഴുവൻ ഊടാടി സഞ്ചരിക്കുന്നു. നിങ്ങൾ വിദ്യാഭ്യാസം ഇല്ലാത്തവരാണെങ്കിലും അതു കാര്യമല്ല. 2 ദിനവൃത്താന്തം 7:14 ൽ വിദ്യാഭ്യാസത്തെ കുറിച്ച് ഒന്നും നാം വായിക്കുന്നില്ല. നിങ്ങളുടെ ജീവിതത്തിലെ ഒരു ദിവസം പോലും നിങ്ങൾ സ്കൂളിൽ പോയിട്ടില്ലെങ്കിലും അതു കാര്യമല്ല. ഈ ലോകത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനും ഏറ്റവും ഭോഷനായ മനുഷ്യനും നിങ്ങളാണെങ്കിലും അത് കാര്യമല്ല. ഈ കാര്യങ്ങളൊന്നുമല്ല ദൈവം അന്വേഷിക്കുന്നത്. മറ്റൊരു കാര്യമാണ് ദൈവം അന്വേഷിക്കുന്നത്.

അവിടുന്ന് ഇപ്രകാരം പറയുന്നു "എൻ്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എൻ്റെ ജനം തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിച്ച്, എൻ്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുർമാർഗ്ഗം വിട്ടു തിരിയുകയും ചെയ്യുമെങ്കിൽ, ദേശത്തിനു സൗഖ്യം വരുത്താൻ ഞാൻ അവരെ ഉപയോഗിക്കും".

നിങ്ങൾ ആരാണെന്നതു കാര്യമല്ല. ദൈവത്തിനു മുഖ പക്ഷമില്ല. ഈ വ്യവസ്ഥകൾ പൂർത്തീകരിക്കാനും മറ്റുള്ളവർക്കു വേണ്ടി പകരപ്പെടാനും നിങ്ങൾ മനസ്സുള്ളവരാണെങ്കിൽ, അപ്പോൾ നിങ്ങൾ ആരായാലും, ദൈവം നിങ്ങളെ ഉപയോഗിക്കും.