WFTW Body: 

ചില കാര്യങ്ങളെ കുറിച്ചുള്ള ദൈവഹിതം അന്വേഷിക്കുമ്പോൾ നമുക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത് തികച്ചും സാധാരണമാണ് എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്താൽ നടക്കുവാൻ ദൈവം നമ്മെ പരിശീലിപ്പിക്കുന്ന മാർഗ്ഗമാണത് - കാരണം നിശ്ചിതത്വം എന്നത് കാഴ്ചയാൽ നടക്കുന്നതിനോട് തുല്യമാവാം.

അപ്പൊസ്തലനായ പൗലൊസിനു പോലും പല സമയത്തും ദൈവത്തിൻ്റെ ഹിതം അറിയാതെ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. "എന്തുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ സംഭവിക്കുന്നത് എന്ന് അറിയാത്തതു കൊണ്ട് ഞങ്ങൾ കുഴഞ്ഞു പോയി. എന്നാലും ഞങ്ങൾ മടുത്തു പോകുകയോ വിട്ടു കളയുകയോ ചെയ്തില്ല" എന്നു പൗലൊസ് പറയുന്നു (2 കൊരി. 4:8 - ലിവിംഗ് ബൈബിൾ).

നാം കുഴച്ചിൽ ഉള്ളവരായി അബദ്ധങ്ങൾ പറ്റുവാൻ ദൈവം നമ്മെ അനുവദിക്കുന്നതിൻ്റെ ഒരു കാരണം "ഒരു മനുഷ്യനും അവിടുത്തെ മുമ്പിൽ പ്രശംസിക്കാതിരിക്കേണ്ടതിനാണ്" (1 കൊരി. 1:29). താൻ ശരിയായ കാര്യങ്ങളെല്ലാം ചെയ്തതു കൊണ്ട്, ദൈവത്തിൻ്റെ തികവുള്ള ഹിതം നിറവേറ്റി എന്ന് നിത്യതയിൽ പറയാൻ ആർക്കും കഴിയില്ല. നിത്യതയിലെ നമ്മുടെ പുകഴ്ച ഇതു മാത്രമായിരിക്കും - ദൈവം അവിടുത്തെ പൂർണ്ണഹിതം നമ്മിൽ നിറവേറ്റി, നാം അനേകം തെറ്റുകൾ ചെയ്തെങ്കിലും, നമുക്ക് അനേകം മടയത്തരങ്ങൾ പറ്റിയെങ്കിൽ പോലും. തീർച്ചയായും എൻ്റെ സാക്ഷ്യം അതാണ്. അങ്ങനെ ദൈവത്തിനു മാത്രം എല്ലാ മഹത്വവും ലഭിക്കും, നമുക്ക് ഒന്നും കിട്ടുകയില്ല. ദൈവത്തിൻ്റെ ഈ ആത്യന്തിക ലക്ഷ്യം കണ്ടിട്ടില്ലാത്തതു കൊണ്ടാണ് അനേകം വിശ്വാസികളും തങ്ങൾ പരാജയപ്പെടുകയോ ദൈവത്തിൻ്റെ വഴികളെയും അവിടുത്തെ ഹിതത്തെയും കുറിച്ചു ചിന്തിക്കുമ്പോൾ കുഴച്ചിൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ നിരാശപ്പെടുന്നത്. ദൈവത്തിൻ്റെ വഴികൾ നമ്മുടെ വഴികൾ അല്ല. സ്വർഗ്ഗം ഭൂമിയിൽ നിന്ന് എത്ര ഉന്നതമാണോ, അത്രയും വ്യത്യസ്തമാണ് അവ തമ്മിൽ (യെശ. 55:8, 9).

നമുക്കുണ്ടായിരിക്കേണ്ട ഒരു വലിയ കാര്യമാണ് ദിവ്യജ്ഞാനം. നമ്മുടെ മുൻഗണനകൾ ശരിയായ വിധത്തിൽ ക്രമീകരിക്കുവാനുള്ള കഴിവാണ് വിവേകത്തിൻ്റെ (പരിജ്ഞാനത്തിൻ്റെ) ഒരു സവിശേഷത - വിദ്യാലയ സംബന്ധമായ പഠനങ്ങളിൽ, ദൈവ വചനത്തിൽ, ജോലിക്ക്, ഉറക്കത്തിന്, വിശ്രമത്തിന് മുതലായവയ്ക്ക് എത്ര സമയം ചെലവഴിക്കണം എന്നിങ്ങനെ. മുൻഗണനകൾ ക്രമീകരിക്കുന്നതിലാണ് മിക്ക വിശ്വാസികളും പരാജയപ്പെടുന്നത്, പ്രത്യേകിച്ച് അവർ വിവാഹിതരായി അവർക്ക് ഒരു കുടുംബം ഉണ്ടായി കഴിയുമ്പോൾ. അതു കൊണ്ട് ഇപ്പോൾ, നിങ്ങൾ ചെറുപ്പക്കാരും അവിവാഹിതരും ആയിരിക്കുന്ന സമയത്ത് ആ പരിജ്ഞാനം നേടുന്നതാണ് നല്ലത്. യാക്കോബ് പറയുന്നത് നിങ്ങൾക്ക് ജ്ഞാനം കുറവാണെങ്കിൽ (നാം എല്ലാം അതിൽ കുറവുള്ളവരാണ്), നിങ്ങൾക്ക് അത് ദൈവത്തോടു ചോദിക്കാം. അപ്പോൾ അവിടുന്ന് അത് ധാരാളമായി നിങ്ങൾക്ക് തരും. അതു കൊണ്ട് ചോദിക്കുക!

ദൈവഹിതം കണ്ടെത്തുന്നത് എന്ന എൻ്റെ പുസ്തകത്തിൻ്റെ 6 -ാം അദ്ധ്യായം വായിക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും ഉത്സാഹിപ്പിക്കുന്നു. ഇരുമനസ്സിൽ നിന്നുള്ള വിടുതൽ, കഴിഞ്ഞകാല തീരുമാനങ്ങളുടെ മേലുള്ള ദുഃഖത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, കൂടാതെ തെറ്റുപറ്റുമോ എന്ന ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് അവിടെ ഞാൻ പറഞ്ഞിട്ടുണ്ട്.

ഒരിക്കലും ഒന്നും ചെയ്യാത്ത ഒരുവനാണ് ഒരിക്കലും ഒരു തെറ്റും പറ്റാത്തവൻ. യേശു അല്ലാതെ, ആരും തെറ്റുകൾ പറ്റാതെ ദൈവത്തിൻ്റെ പൂർണ്ണ ഹിതത്തിൽ നടക്കാൻ ഒരിക്കലും പഠിച്ചിട്ടില്ല. "നല്ല മനുഷ്യരുടെ ചുവടുകൾ യഹോവയാൽ സംവിധാനം ചെയ്യപ്പെടുന്നു... അവർ വീണാലും വിനാശകരമാകുന്നില്ല, കാരണം യഹോവ അവരെ അവിടുത്തെ കരങ്ങൾ കൊണ്ടു താങ്ങുന്നു" (സങ്കീ. 37:23, 24 - ലിവിംഗ് ബൈബിൾ). അതു കൊണ്ട് തെറ്റു പറ്റുന്നതിനെ കുറിച്ചു പേടിക്കണ്ട. ഗൗരവകരമായ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് ദൈവം നിങ്ങളെ സംരക്ഷിക്കും.