WFTW Body: 

നാം യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ നീതികരിക്കപ്പെട്ടിരിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു (റോമര്‍ 5:9). ദൈവം നമ്മെ ശുദ്ധീകരിക്കുമ്പോള്‍ അവിടുന്നു നമ്മെ നീതികരിക്കുകയും കൂടി ചെയ്യുന്നു. " നീതികരിച്ചു" എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്, " എന്‍റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതു പോലെയും ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണനീതിമാനായിരിക്കുന്നതു പോലെയും" എന്നാണ്. എത്ര അതിശയകരം! നമ്മുടെ പാപങ്ങളെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ എഴുതപ്പെട്ടിരിക്കുന്ന അനേകം വാക്കുകളെ പോലെ കാണുക. ഇപ്പോള്‍ ആ ബ്ലാക്ക് ബോര്‍ഡ് ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ചിരിക്കുന്നു. ആ ബ്ലാക്ക് ബോര്‍ഡിലേക്ക് ഇപ്പോള്‍ നിങ്ങള്‍ നോക്കിയാല്‍ എന്തു കൊണുന്നു? ഒന്നുമില്ല. ഇതുവരെ ഒരിക്കലും അതില്‍ ഒന്നും എഴുതിയിട്ടില്ലാത്തതു പോലെയാണത്. അങ്ങനെയാണ് യേശുവിന്‍റെ രക്തം നമ്മെ ശുദ്ധീകരിക്കുന്നത് - സമ്പൂര്‍ണ്ണമായി.

നാം സത്യമായി നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുന്നു എങ്കില്‍, അത് ഒരു പ്രാവശ്യം ഏറ്റുപറഞ്ഞാല്‍ മതി ദൈവം അത് ഉടനെ തന്നെ മായിച്ചു കളയുന്നു. "ഞാന്‍ അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കുകയുമില്ല"എന്നാണ് അവിടുത്തെ വാഗ്ദത്തം (എബ്രായര്‍ 8:12). നാം യഥാര്‍ത്ഥമായി ക്ഷമിക്കപ്പെട്ടു എന്നും വീണ്ടും വീണ്ടും കര്‍ത്താവിനോട് നമ്മുടെ പാപങ്ങളെ ഏറ്റുപറയേണ്ടതില്ല എന്നും മനസ്സിലാക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിലേക്ക് എന്തൊരു സ്വസ്ഥതയാണ് കടന്നു വരുന്നത്. ഒരു കാര്യം കൂടി ഞാന്‍ ചേര്‍ത്തു പറയട്ടെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതുപാപം എന്നത് പ്രത്യേകം എടുത്തു പറയുന്നതാണ് ഏറ്റവും നല്ലത്. മിക്കയാളുകളും പൊതുവായി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്, "കര്‍ത്താവെ, ഞാന്‍ അനേകം പാപങ്ങള്‍ ചെയ്തിട്ടുണ്ടാകാം". അതിന്‍റെ അര്‍ത്ഥം ആ കാര്യത്തില്‍ അവര്‍ക്കു തീര്‍ച്ചയില്ല. അങ്ങനെ ഏറ്റുപറയുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം അപ്പോള്‍ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഒരു പക്ഷേ നിങ്ങള്‍ പാപം ചെയ്തിട്ടേയില്ല.എന്നാണ്; നിശ്ചയത്തോടെ പറയുക, " കര്‍ത്താവെ എന്‍റെ പാപം ഇതാണ്. ആ വ്യക്തിയോട് എനിക്ക് പകയുണ്ട്, അയാളോട് എനിക്ക് അസൂയയുണ്ട്, ആ കാര്യം ചെയ്തതില്‍ എന്‍റെ ലക്ഷ്യം തീര്‍ത്തും സ്വാര്‍ത്ഥതയുളളതായിരുന്നു, ഞാന്‍ എന്‍റെ സ്വന്ത മഹത്വത്തിനുവേണ്ടിയാണ് അതു ചെയ്തത് തുടങ്ങിയവ". നിങ്ങള്‍ സത്യസന്ധതയുളളവരായിരിക്കണം. നമുക്കറിയാവുന്ന എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞതിനുശേഷവും നാം ദാവീദിനെ പോലെ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്, " മറഞ്ഞിരിക്കുന്ന പാപങ്ങളെ പോക്കി എന്നെ മോചിക്കേണമെ" - കാരണം നാം എല്ലാവരും നാം അറിയാത്ത വിധങ്ങളില്‍ പാപം ചെയ്യുന്നുണ്ട് (സങ്കി 19:12).

കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാനപ്പെട്ട അപേക്ഷകളിലൊന്നാണ് പാപക്ഷമയ്ക്കുളള അപേക്ഷ. കാരണം യേശു തന്‍റെ പ്രാര്‍ത്ഥനയുടെ അവസാനം ആവര്‍ത്തിച്ചു പറയുന്ന അപേക്ഷ അതാണ്. നിങ്ങള്‍ അത് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ പ്രാര്‍ത്ഥനയിലെ ആറ് അപേക്ഷകളില്‍ , ഒന്നിന് യേശു ഒടുവില്‍ പ്രത്യേകം ഊന്നല്‍ കൊടുത്തിരിക്കുന്നു. അവിടുന്നു പറഞ്ഞു, നിങ്ങള്‍ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല (മത്തായി 6:14,15). മിക്ക ക്രിസ്ത്യാനികളും ഈ അഭ്യര്‍ത്ഥന ഗൗരവമായി എടുക്കാത്തതു മൂലം അവര്‍ക്കു ദൈവവുമായുളള പൂര്‍ണ്ണവും സ്വതന്ത്രവുമായ കൂട്ടായ്മ ആസ്വദിക്കുവാന്‍ കഴിയുന്നില്ല.

തന്‍റെ ദാസന്മാരുമായി ഒരു നാള്‍ കണക്കുതീര്‍ക്കുന്ന ഒരു രാജാവിന്‍റെ ഉപയ യേശു പഠിപ്പിച്ചു. അപ്പോള്‍ 4 കോടി രൂപ തനിക്കു കടമ്പെട്ട ഒരു മനുഷ്യനെ രാജാവു കണ്ടു പിടിച്ചു. "യജമാനനെ എനിക്കു തന്നു വീട്ടുവാന്‍ പണമില്ല എന്നോടു ക്ഷമിക്കണമെ" എന്ന് ആ ദാസന്‍ പറഞ്ഞപ്പോള്‍ രാജാവ് അവന് മുഴുവന്‍ ക്ഷമിച്ചുകൊടുത്തു. ആ മനുഷ്യന്‍ പുറത്തു പോകുമ്പോള്‍ തനിക്കു വെറും 40 രൂപ കടമ്പെട്ട മറ്റൊരു ദാസനെ കണ്ടു. അവന്‍റെ തൊണ്ടയ്ക്കു പിടിച്ചു ഞെക്കുകയും അവനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. രാജാവ് ഇതു കേട്ടപ്പോള്‍, ഈ കരുണയില്ലാത്ത ദാസനെ വിളിച്ചിട്ടു പറഞ്ഞു, "ഞാന്‍ നിനക്ക് 4 കോടി രൂപ സൗജന്യമായി ഇളച്ചു തന്നു. നിനക്ക് ആ മനുഷ്യനോട് 40 രൂപ ഇളച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലേ?" ആ രാജാവ് അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിച്ചു. എന്നിട്ട് യേശു പറഞ്ഞു, " നിങ്ങള്‍ ഓരോ രുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടുംചെയ്യും" (മത്തായി 8:35) ദണ്ഡിപ്പിക്കുന്നവര്‍ എന്നാല്‍ നാം മറ്റുളളവരോട് കരുണയുളളവരാകുവാന്‍ പഠിക്കുന്നതു വരെ നമ്മെ ക്ലേശിപ്പിക്കുവാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ദൃഷ്ടാത്മക്കളാണ്. ദൈവം നമ്മോടു ക്ഷമിച്ചു തന്ന കടം എത്ര വലിയതാണെന്നും, നമ്മെ ഉപദ്രവിച്ച ആരോടെങ്കിലും ക്ഷമിക്കാതിരിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര കരുണയില്ലായ്മയും തിന്മയും ആണെന്നും വിശദീകരിക്കുവാനാണ് യേശു ഈ ഉപമ ഉപയോഗിച്ചത്.

ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ക്ക് ഉപദ്രവം ചെയ്തോ? ഒരു പക്ഷേ ചിലര്‍ നിങ്ങളെക്കുറിച്ച് കളള കഥകള്‍ പറഞ്ഞു പരത്തിയിരിക്കാം. ചിലപ്പോള്‍ നിങ്ങളുടെ അയല്‍ക്കാരനോ, നിങ്ങളുടെ ഭാര്യയോ, നിങ്ങളുടെ പിതാവോ, നിങ്ങളുടെ അമ്മായി അമ്മയോ നിങ്ങള്‍ക്ക് ചില ഉപദ്രവങ്ങള്‍ ചെയ്തിരിക്കാം. ഒരു പക്ഷേ ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ ജീവിതം അവര്‍ നശിപ്പിച്ചിട്ടുണ്ടാകാം. നിങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് പറ്റിയ അബദ്ധം നിങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത കഷ്ടതകള്‍ ഉണ്ടാകാന്‍ കാരണമായി തീര്‍ന്നിരിക്കാം. എന്നാല്‍ കര്‍ത്താവു പറയുന്നത്, ഈ പാപങ്ങളെല്ലാം കൂടി ഒരുമിച്ചു ചേര്‍ത്തു വച്ചാലും നിങ്ങള്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നതും ദൈവം നിങ്ങളോട് ക്ഷമിച്ചതുമായതിനോട് താരതമ്യം ചെയ്യുമ്പോള്‍ അതു വളരെ ചെറിയതാണ്. അതുകൊണ്ട് ആ ആളുകളോടെല്ലാം നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് സൗജന്യമായി ക്ഷമിക്കുവാന്‍ കഴിയാതിരിക്കുവാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു കാരണവുമില്ല. 18:35 ന്‍റെ പ്രധാന ഭാഗം "ഹൃദയപൂര്‍വ്വം" എന്നാണ് . നിങ്ങളുടെ സ്നേഹിതനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലെങ്കില്‍, ദൈവത്തിന്‍റെ അടുത്തു വന്ന് " ഞങ്ങളുടെ ലംഘനങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമെ" എന്നു പറഞ്ഞ് നിങ്ങളുടെ സമയം പാഴാക്കരുത്. ഈ മുഴുവന്‍ ലോകത്തിനും ഉളള ഏതെങ്കിലും ഒരു ദേഹിയോടെങ്കിലും നിങ്ങള്‍ ക്ഷമിക്കാത്തതായുണ്ടെങ്കില്‍ , നിങ്ങള്‍ക്കു തന്നെ ക്ഷമിക്കപ്പെടുവാന്‍ കഴിയുകയില്ല., കൂടാതെ നിങ്ങള്‍ നിത്യമായി നഷ്ടപ്പെട്ടു പോകും- കാരണം ക്ഷമിക്കപ്പെടാത്ത ഒരു ദേഹിക്കും ഒരിക്കലും ദൈവത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല. ഇത് നാം മനസ്സിലാക്കുന്നതിനെക്കാള്‍ വളരെയധികം ഗൗരവമുളളതാണ്.

" മറ്റുളളവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളോടു ക്ഷമിക്കണമെ"എന്നാണ് പ്രാര്‍ത്ഥന. നാം മറ്റുളളവരോട് ക്ഷമിക്കുന്നത് എങ്ങനെയാണെന്ന് ദൈവം കൃത്യമായി കാണുന്നു. നാം മറ്റുളളവര്‍ക്കു കൊടുക്കുന്ന അതേ അളവില്‍ ദൈവം നമുക്കു തരുന്നു എന്ന് യേശു പഠിപ്പിച്ചു. അവിടുന്നു പറഞ്ഞു, " കൊടുപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും, അമര്‍ത്തി കുലുക്കി കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും"( ലൂക്കോസ് 6:38). അതിന്‍റ അര്‍ത്ഥം, ഒരു സ്പൂണ്‍ ഉപയോഗിച്ചാണ് നിങ്ങള്‍ മറ്റുളളവര്‍ക്കു കൊടുക്കുന്നതെങ്കില്‍, ദൈവം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം തരുമ്പോള്‍ അതേ സ്പൂണ്‍ തന്നെ ഉപയോഗിക്കും. അതുകൊണ്ട് ദൈവത്തോട് നാം വലിയതും ശക്തവുമായ ചില കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഒരു ചെറിയ സ്പൂണ്‍ എടുത്ത് നമുക്ക് അല്പം മാത്രം തരുന്നു, സാധാരണയായി അതിന്‍റെ കാരണം നാം അതേ സ്പൂണ്‍ ആണ് മറ്റുളളവര്‍ക്ക് കൊടുക്കുവാന്‍ ഉപയോഗിക്കുന്നത്. മറ്റുളളവര്‍ക്ക് കൊടുക്കുവാന്‍ എത്രകണ്ട് വലിയ സ്പൂണ്‍ നാം ഉപയോഗിക്കുമോ, നമുക്ക് തരുമ്പോള്‍ ദൈവവും അത്രകണ്ട് വലിയ സ്പൂണ്‍ ഉപയോഗിക്കും. ദൈവത്തിന്‍റെ നമ്മോടുളള ഇടപാടില്‍ മാറ്റമില്ലാത്ത ഒരു പ്രമാണമാണിത്.

" കരുണയുളളവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു കരുണ ലഭിക്കും". (മത്തായി 5:7) നിങ്ങള്‍ മറ്റുളളവരോട് അധികം കരുണയുളളവരാണെങ്കില്‍, ന്യായവിധിദിവസത്തില്‍ ദൈവം നിങ്ങളോട് അധികം കരുണയുളളവനായിരിക്കും. എന്നാല്‍ കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും (യാക്കോബ് 2:13). അതുകൊണ്ട് , മറ്റുളളവരോട് നിങ്ങള്‍ നിന്ദ്യമായി പിശുക്കുളള വിധത്തില്‍ ആണ് ക്ഷമിക്കുന്നതെങ്കില്‍, ദൈവം നിങ്ങളോട ക്ഷമിക്കുന്നത് അതേ വിധത്തില്‍ ആയിരിക്കും. എന്നാല്‍ നിങ്ങളെ ഉപദ്രവിച്ചവര്‍ക്ക് നിങ്ങള്‍ ഊഷ്മളമായ, ക്ഷമിക്കുന്ന ഒരു നോട്ടം നല്‍കിയാല്‍, ദൈവം നിങ്ങള്‍ക്കും ഊഷ്മളമായ, ക്ഷമിക്കുന്ന ഒരു നോട്ടം തരും. നിങ്ങള്‍ മറ്റുളളവരോട് ഇടപെടുന്ന അതേ രിതിയില്‍ ദൈവം നിങ്ങളോട് ഇടപെടും.

നിങ്ങള്‍ നിങ്ങളുടെ വഴിപാട് യാഗപീഠത്തില്‍ കൊണ്ടുവരുമ്പോള്‍, നിങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ വരുമ്പോള്‍, അല്ലെങ്കില്‍ നേര്‍ച്ചപ്പെട്ടിയില്‍ പണമിടുവാന്‍ വരുമ്പോള്‍ അവിടെ വെച്ച് നിങ്ങള്‍ നിങ്ങളുടെ സഹോദരനെ വേദനപ്പെടുത്തി എന്നു നിങ്ങള്‍ക്ക് ഓര്‍മ്മ വന്നാല്‍, നിങ്ങള്‍ ഒന്നാമത് ചെന്ന് സഹോദരനോടു നിരന്നു കോള്‍ക്ക,പിന്നെ വന്നു നിന്‍റെ വഴിപാടുകഴിക്ക ( മത്തായി 5:22-24) എന്നാണ് യേശു പറഞ്ഞത്. അല്ലെങ്കില്‍ ദൈവം നിങ്ങളുടെ പണമോ പ്രാര്‍ത്ഥനയോ കൈക്കൊളളുകയില്ല. "നീ നിന്‍റെ അയല്‍ക്കാരനോട് പകവച്ചുപുലര്‍ത്തരുത്" (ലേവ്യപുസ്തകം 19:18) എന്നു മാത്രമായിരുന്നു പഴയ ഉടമ്പടിയുടെ നിലവാരം. അതുപാലിക്കുവാന്‍ എളുപ്പമുളളതായിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയുടെ നിലവാരം അതിനെക്കാള്‍ ഉയര്‍ന്നതാണ്. യേശു പറഞ്ഞു " നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും പക ഉണ്ടെങ്കില്‍, പോയി അതു ശരിയാക്കുക" നമ്മുടെതല്ലാത്ത തെറ്റിന് നമ്മോട് എന്തെങ്കിലും വിരോധം ഉളള സഹോദരന്മാര്‍ തീര്‍ച്ചയായും എപ്പോഴും ഉണ്ടായിരിക്കും. യേശുവും അപ്പൊസ്തലന്മാരും സത്യത്തിനു വേണ്ടി നിന്നതുകൊണ്ട് അവര്‍ക്ക് അനേകം ശത്രുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ, ഈ സന്ദര്‍ഭത്തില്‍, യേശു സൂചിപ്പിക്കുന്നത്, നാം അവനോട് പരുഷമായി സംസാരിച്ചതു മൂലം നമ്മോടു പകയുളള ഒരു സഹോദരനെകുറിച്ചാണ് ( മത്തായി 5:22). അത് നാം പാപകരമായ ചില കാര്യങ്ങള്‍ ചെയ്തതുമൂലം ഉണ്ടായ പകയാണ്. അത്തരം കാര്യങ്ങളില്‍ നാം ആണ് നമ്മുടെ പാപം ഏറ്റു പറഞ്ഞ് അവനോട് ക്ഷമ ചോദിച്ചുകൊണ്ട് അവന്‍റെ അടുത്തേക്ക് ആദ്യം ചെല്ലേണ്ടത്. അതിനുശേഷം മാത്രമെ നമുക്ക് നമ്മുടെ വഴിപാട് ദൈവത്തിങ്കലേക്ക് കൊണ്ടുചെല്ലുവാന്‍ കഴിയുകയു ളളൂ. .

നാം ദൈവത്തിന്‍റെ അടുത്തു ചെന്ന്, "കര്‍ത്താവെ, എന്‍റെ ജീവിതത്തില്‍ പുതിയഉടമ്പടിയുടെ ശക്തിയുടെ നിറവ് എനിക്ക് വേണം"എന്നു പറയുകയാണെങ്കില്‍ കര്‍ത്താവ് ഇപ്രകാരം പറയും, " ഞാന്‍ നിനക്കു പുതിയ ഉടമ്പടിയുടെ ശക്തി നല്‍കുമ്പോള്‍, അത് അതിന്‍റെ കൂടെ പുതിയ ഉടമ്പടിയുടെ ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവരും "അനേക ക്രിസ്ത്യാനികളും പുതിയ ഉടമ്പടിയുടെ ശക്തി ആസ്വദിക്കുന്നില്ല കാരണം അവര്‍ പഴയ ഉടമ്പടിയുടെ നിലവാരത്തിലാണ് ജീവിക്കുന്നത്. അവര്‍ ശക്തിഹീനരായി തുടരുന്നു കാരണം അവര്‍ക്ക് മറ്റു ചിലരോട് ചെന്ന് ക്ഷമചോദിക്കുവാന്‍ മനസ്സില്ല. നമുക്കെല്ലാവര്‍ക്കും ഒരു ജഡമുണ്ട് കൂടാതെ ഒരു ജഡമുളള മനുഷ്യരുടെ ഇടയിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ അന്യോന്യം വേദനിപ്പിക്കുവാനുളള സാധ്യതയുണ്ട്. നാം ആരാലും വേദനിപ്പിക്കപ്പെടാത്ത ഒരേ ഒരിടം സ്വര്‍ഗ്ഗമാണ്. അതുകൊണ്ട് ഭൂമിയില്‍ ജീവിക്കുന്നിടത്തോളം നാം അന്യോന്യം ക്ഷമിക്കേണ്ടതുണ്ട്. തെറ്റു ചെയ്യുക എന്നത് മാനുഷികമാണ് എന്നാല്‍ ക്ഷമിക്കുക എന്നത് ദൈവികമാണ്.

നരകത്തിന്‍റെ ഒരു പ്രത്യേക ലക്ഷണം അവിടെ കരുണയില്ല എന്നതാണ്. നിങ്ങളുടെ ഹൃദയത്തില്‍ മറ്റുളളവരോടുളള കരുണയുടെ അളവ് എത്ര കുറവാണോ അത്രയും അളവ് നരകത്തിന്‍റെ ഒരു ചെറിയ അംശം നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ട്. നിങ്ങള്‍ക്ക് മറ്റുളളവരോട് ക്ഷമിക്കുവാന്‍ മനസ്സില്ലെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഉളളില്‍ നരകത്തിന്‍റെ ഒരല്പം കിട്ടിയിട്ടുണ്ട്. നിങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിമിത്തം മറ്റുളളവര്‍ നിങ്ങളെ വലിയ ഭക്തനായി കണക്കാക്കിയേക്കാം. എന്നാല്‍ നരകത്തിന്‍റെ ഈ ചെറിയ അംശം എപ്പോഴും നിങ്ങളുടെ ഉളളില്‍ ഉണ്ടായിരിക്കും. ആ അവസ്ഥയില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ കഴിയുകയില്ല-കാരണം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കു നരകം കൊണ്ടുപോകുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ഭൂമിയില്‍ നിന്നു പോകുന്നതിനു മുമ്പ് അതു കളയണം. അതു കൊണ്ടാണ് " ഞങ്ങള്‍ മറ്റുളളവരോട് ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളോടു ക്ഷണിക്കണമെ" എന്ന് പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവു നമ്മെ പഠിപ്പിച്ചത്. നാം മറ്റുളളവരോട് ക്ഷമിക്കാതിരിക്കുമ്പോള്‍ അതു നമ്മുടെ ശരീരത്തെയും ബാധിക്കും. ദൈവത്തിന്‍റെ നിയമങ്ങളോടുളള അനുസരണക്കേട് ശാരീരിക കഷ്ടതകള്‍ ഉണ്ടാക്കും.

നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ ആരോടെങ്കിലുമുളള പക വച്ചു പുലര്‍ത്തുകയോ നിങ്ങള്‍ ആരോടെങ്കിലും അസൂയാലുവാകുകയോ ചെയ്ത് ദൈവ സ്നേഹത്തിന്‍റെ പ്രമാണം ലംഘിച്ചാല്‍, ഒടുവില്‍ അതു നിങ്ങളുടെ ശരീരത്തെ ബാധിക്കാന്‍ തുടങ്ങും. സന്ധിവാതം, ചെന്നിക്കുത്ത് (മൈഗ്രേന്‍), വാതം, വലിവ് തുടങ്ങിയ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അനേകം ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. അവര്‍ക്കു സൗഖ്യം പ്രാപിക്കുവാന്‍ കഴിയുന്നില്ല. - അവര്‍ക്ക് മറ്റാരോടെങ്കിലും ഒരു പകയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ എത്ര ഗുളികകള്‍ കഴിച്ചാലും ക്ഷമിക്കാന്‍ പഠിക്കുന്നതുവരെ അവര്‍ സുഖപ്പെടാന്‍ പോകുന്നില്ല. അത്തരം രോഗങ്ങളുടെ കാരണം അവയവങ്ങളുമായി ബന്ധപ്പെട്ടതല്ല. അത് അവരുടെ ശരീരത്തിലല്ല. അത് അവരുടെ ആത്മാവിലാണ്.

നിങ്ങള്‍ നിങ്ങളുടെ സഹോദരനോടൊ, സഹോദരിയോടൊ ക്ഷമിച്ചിട്ടില്ലെങ്കില്‍, ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. സങ്കീര്‍ത്തനം 66:18ല്‍ വേദപുസ്തകം ഇപ്രകാരം പറയന്നു. " ഞാന്‍ എന്‍റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കുകയില്ലായിരുന്നു". അവിടുന്ന് ഉത്തരം തരികയില്ലെന്നു മാത്രമല്ല, അവിടുന്നു കേള്‍ക്കുക പോലും ഇല്ല. നമുക്ക് നമ്മെ തന്നെ കബളിപ്പിക്കാതിരിക്കാം. യഥാര്‍ത്ഥക്ഷമ നുറുക്കത്തെയും ഏറ്റുപറച്ചിലിനെയും പിന്‍തുടര്‍ന്നു വരുന്നു, അതില്‍ നമ്മുടെ ജഡത്തിന്‍റെ ചീഞ്ഞളിഞ്ഞ അവസ്ഥയെക്കുറിച്ചുളള ഒരു തിരിച്ചറിവ്, വേണ്ടി വന്നാല്‍ എന്തു പ്രായശ്ചിത്തം ചെയ്യുവാനും, ആരോടും ക്ഷമ ചോദിക്കുവാനുമുളള ഒരു മനസ്സ് ഇവ അടങ്ങിയിരിക്കുന്നു, അങ്ങനെയാണെങ്കില്‍ മാത്രമെ നമുക്ക് ദൈവവുമായുളള ബന്ധം നേരെ ആകുകയുളളൂ.

ഒടുവിലായി, "ഞങ്ങളോട ക്ഷമിക്കണമെ" എന്നാണ് അപേക്ഷ. നമ്മുടെ സഹോദരന്മാരും ക്ഷമിക്കപ്പെടണമെന്ന് നാം ആഗ്രഹിക്കുന്നു. ചിലപ്പോള്‍, ഒരു സഹോദരന്‍ നമ്മോടു പെരുമാറിയ വിധത്തിനു തക്കവണ്ണം ദൈവം അവനെ വിധിക്കണമെന്ന ഒരു രഹസ്യ ആഗ്രഹം നമുക്കുണ്ടാകുവാനുളള സാധ്യത ഉണ്ട്. അത്തരം ഒരു മനോഭാവം സാത്താന്യമാണ് - കാരണം മനുഷ്യര്‍ ദൈവത്താല്‍ ശിക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നത് പിശാചുമാത്രമാണ്. യേശു ഇപ്രകാരം പറഞ്ഞു, " ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകി, നിങ്ങളും തമ്മില്‍ തമ്മില്‍ കഴുകേണ്ടതാകുന്നു" (യോഹന്നാന്‍ 13:14) അതിന്‍റെ അര്‍ത്ഥം, നിങ്ങളുടെ സഹോദരന്‍റെ പാദങ്ങളില്‍ അഴുക്ക് കാണുമ്പോള്‍ (ആത്മീയമായി പറയുന്നു) അവനും വെടിപ്പാക്കപ്പെടാനായി നിങ്ങള്‍ അവനുവേണ്ടി ആഗ്രഹിക്കണം.

" ഞങ്ങളോടു ക്ഷമിക്കണമെ" എന്നത് അര്‍ത്ഥമാക്കുന്നത്, പിതാവെ അവിടുന്ന് എന്‍റെ പാപങ്ങള്‍ എന്നോട് ക്ഷമിക്കുന്നതു കൊണ്ടുമാത്രം ഞാന്‍ തൃപ്തനല്ല. എനിക്കു ചുറ്റും മറ്റു സഹോദരീസഹോദരന്മാരുണ്ട്. അവിടുന്ന് അവരോട് അവരുടെ പാപങ്ങള്‍ കൂടി ക്ഷമിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ആമേന്‍.