നമ്മുടെ വിശ്വാസം അചഞ്ചലമായിരിക്കുവാൻ,അത് ദൈവത്തെ സംബന്ധിക്കുന്ന മൂന്നു വസ്തുതകളുടെ മേൽ ഭദ്രമായി നിലകൊള്ളണം - അവിടുത്തെ തികഞ്ഞ സ്നേഹം, അവിടുത്തെ പരമമായ അധികാരം,കൂടാതെ അവിടുത്തെ പരിപൂർണ്ണമായ ജ്ഞാനം. നാം അവിടുത്തെ സ്നേഹത്തെക്കുറിച്ച് ബോധ്യപ്പെട്ടാൽ, അതിനു തുല്യമായി തന്നെ അവിടുത്തെ പരമാധികാരത്തെക്കുറിച്ചും ബോധ്യപ്പെടും.
അതുകൊണ്ടാണ് ആമുഖ രൂപേണ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രാർത്ഥിക്കുവാൻ യേശു നമ്മെ പഠിപ്പിച്ചത്.
"ഞങ്ങളുടെ പിതാവ്" എന്നത് അവിടുത്തെ തികഞ്ഞ സ്നേഹത്തെക്കുറിച്ച് നമ്മെ ഓർപ്പിക്കുന്നു, "സ്വർഗ്ഗസ്ഥനായവൻ" എന്നത് അവിടുന്ന് ഭൂമിയിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തിന്മേലും തൻ്റെ പരിപൂർണ്ണമായ പരമാധികാരത്തിൽ ഭരണം നടത്തുന്നവനാണ് എന്നും നമ്മെ ഓർപ്പിക്കുന്നു. ദൈവം ആയിരിക്കുന്നതിനാൽ അവിടുന്ന് പരിപൂർണ്ണ ജ്ഞാനിയും ആണ്, അതുകൊണ്ടുതന്നെ അവിടുന്ന് നമ്മുടെ വഴികളെ അവിടുത്തെ ജ്ഞാനത്തിനൊത്തവണ്ണം ആജ്ഞാപിക്കുന്നു.
"ദൈവത്തിൻ്റെ വഴികൾ കുറ്റമറ്റതാണ് (അവിടുത്തെ ജ്ഞാനം പരിപൂർണ്ണമാണ്)... അവിടുന്ന് എന്റെ വഴി കുറവ് തീർക്കുകയും ചെയ്യുന്നു. (അവിടുന്ന് എൻ്റെ സാഹചര്യങ്ങളെ തികവോടെ കൽപ്പിക്കുന്നു)". (സങ്കീ. 18:30-32).
ദൈവം സ്നേഹത്തിലും ശക്തിയിലും (അധികാരത്തിലും) ജ്ഞാനത്തിലും തികഞ്ഞവനല്ലായിരുന്നെങ്കിൽ, നമ്മുടെ വിശ്വാസത്തിന് സ്വസ്ഥമായി ഇരിക്കുവാൻ മതിയായ ഒരു അടിസ്ഥാനം ഉണ്ടാകുകയില്ലായിരുന്നു. എന്നാൽ അവിടുന്ന് ഇത് മൂന്നും ആകയാൽ, നാം ഒരിക്കലും ചഞ്ചലപ്പെടേണ്ട ആവശ്യമില്ല.
വിശ്വാസം എന്നാൽ ദൈവത്തിൻ്റെ തികഞ്ഞ സ്നേഹം, അവിടുത്തെ പരിപൂർണ്ണ അധികാരം, അവിടുത്തെ തികഞ്ഞ ജ്ഞാനം എന്നിവയിൽ മനുഷ്യ വ്യക്തിത്വം പൂർണ്ണ ധൈര്യത്തോടെ ചാരുന്നതാണ്.
ദൈവത്തിൻ്റെ ജ്ഞാനം തികവുള്ളതാണെന്ന് നാം എല്ലാവരും സ്വമനസ്സാലെ സമ്മതിക്കും. സ്വർഗ്ഗം ഭൂമിക്കു മീതേ ഉന്നതമായിരിക്കുന്നതുപോലെ അവിടുത്തെ വഴികൾ നമ്മുടെ വഴികളിൽ നിന്നും ഉന്നതമായതാണ്.
"എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല എന്ന് യഹോവ അരുളി ചെയ്യുന്നു. സ്വർഗ്ഗങ്ങൾ ഭൂമിക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ, എൻ്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും, എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളെക്കാളും ഉയർന്നിരിക്കുന്നു" (യെശ. 55:8-9).
അതുകൊണ്ടാണ് മിക്കപ്പോഴും അവിടുന്ന് പ്രവർത്തിക്കുന്ന വിധവും നമ്മുടെ കാര്യങ്ങൾ അവിടുന്ന് കൽപ്പിക്കുന്ന വിധവും നമുക്കു മനസ്സിലാക്കാൻ കഴിയാത്തത്. ഒരു കുഞ്ഞിന് അവൻ്റെ പിതാവിൻ്റെ എല്ലാ വഴികളും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അപ്പോൾ നമുക്കത് ദൈവത്തിൻ്റെ എല്ലാ വഴികളും മനസ്സിലാക്കാൻ കഴിയാത്തതും ഒരതിശയമല്ല. നാം ആത്മീയമായി വളരുകയും, ദിവ്യ സ്വഭാവത്തിന് കൂടുതൽ പങ്കാളികളാവുകയും ചെയ്യുന്നതിനനുസരിച്ച്, ഏതുവിധേനയും, ദൈവത്തിൻ്റെ വഴികളെ കുറിച്ച് കൂടുതൽ കൂടുതൽ നാം മനസ്സിലാക്കാൻ തുടങ്ങും.
സകല മനുഷ്യരുടെ മേലും എല്ലാ സാഹചര്യങ്ങളുടെ മേലുമുള്ള ദൈവത്തിൻ്റെ പരമാധികാരം എന്നത് അനേകം വിശ്വാസികളും സംശയത്തിൽ നിലനിൽക്കുന്ന ഒരു വസ്തുതയാണ്. അവർ വായ് കൊണ്ട് അത് ഏറ്റു പറഞ്ഞേക്കാം, എന്നാൽ ദൈനംദിന ജീവിത സാഹചര്യങ്ങളിൽ അതു "ക്രിയ ചെയ്യും" എന്നവർ വിശ്വസിക്കുന്നില്ല. എങ്കിലും തിരുവചനം നിറയെ തൻ്റെ ജനത്തിനുവേണ്ടി പരമാധികാരത്തോടെ പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങളുണ്ട് -എപ്പോഴും ഏറ്റവും അസംഭവ്യ മായ വിധങ്ങളിൽ.
തൻ്റെ ജനത്തിനു വേണ്ടി പ്രകടമായ വിധം അത്ഭുതകരമായ വഴികളിൽ ദൈവം പ്രവർത്തിച്ചതിനെ കുറിച്ച് നാം എല്ലാവരും സുപരിചിതരാണ് - മിസ്രയീമിൽ നിന്നുള്ള ഇസ്രായേല്യരുടെ വിടുതൽ മുതലായവ പോലുള്ള സംഭവങ്ങൾ. എന്നാൽ സാത്താൻ ദൈവജനത്തെ ആക്രമിച്ചപ്പോൾ ദൈവം സാത്താൻ്റെ തന്ത്രങ്ങളെ അവന് എതിരായി തന്നെ തിരിക്കുന്ന, അതിലും വലിയ അതിശയങ്ങൾ കാണുന്ന കാര്യം നാം പലപ്പോഴും നഷ്ടപ്പെടുത്തിയിരിക്കുന്നു.
ജോസഫിൻ്റെ കാര്യം ഒരു ഉത്തമ മാതൃകയാണ്. യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനെ കുറിച്ച്, അവന് 30 വയസ്സ് പ്രായമാകുമ്പോൾ അവനെ മിസ്രയീമിലെ രണ്ടാമനായ ഭരണാധികാരി ആക്കണമെന്ന് ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നു.
ജോസഫ് ദൈവഭയമുള്ള ഒരു കുട്ടിയായിരുന്നു അതുകൊണ്ടുതന്നെ അവൻ സാത്താനാൽ വെറുക്കപ്പെട്ടിരുന്നു. അതുകൊണ്ട് അവനെ ഇല്ലാതാക്കേണ്ടതിന് സാത്താൻ അവൻ്റെ മൂത്ത സഹോദരന്മാരെ പ്രേരിപ്പിച്ചു. എന്നാൽ അവർ ജോസഫിന്റെ ജീവൻ എടുത്തുകളഞ്ഞില്ല എന്ന് ദൈവം ഉറപ്പുവരുത്തി. അവർ ഏതു വിധേനയും അവനെ ചില യിശ്മായേല്യ കച്ചവടക്കാർക്ക് വിറ്റു കളയാൻ കാര്യങ്ങൾ ഒരുക്കി. എന്നാൽ ആ കച്ചവടക്കാർ ജോസഫിനെ എവിടെ കൊണ്ടുപോയെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? ഈജിപ്തിലേക്ക് (മിസ്രയീം)അത് തീർച്ചയാണ്! അതു ദൈവത്തിൻ്റെ ആലോചനയുടെ ഒന്നാമത്തെ പടിയുടെ നിവർത്തീകരണമായിരുന്നു!
മിസ്രയീമിൽ, പൊത്തിഫെർ എന്ന് ഒരുവൻ ജോസഫിനെ വിലയ്ക്ക് വാങ്ങിച്ചു. ഇതും ദൈവത്താൽ ക്രമീകരിക്കപ്പെട്ട ഒരു കാര്യമായിരുന്നു. പൊത്തിഫെറിൻ്റെ ഭാര്യ ദുഷ്ടയായ ഒരു സ്ത്രീയായിരുന്നു. അവർ ജോസഫിനോട് മോഹം പൂണ്ട്, വീണ്ടും വീണ്ടും അവനെ വശീകരിക്കാൻ ശ്രമിച്ചു. ഒടുക്കം അവൾക്കതിൽ വിജയിക്കാൻ കഴിഞ്ഞില്ല, എന്ന് കണ്ടപ്പോൾ അവർ ജോസഫ് നെതിരെ വ്യാജ അപവാദം ആരോപിച്ച് അവനെ ജയിലിൽ അടപ്പിച്ചു. എന്നാൽ ജോസഫ് ജയിലിൽ വച്ച് ആരെ കണ്ടുമുട്ടി എന്ന് നിങ്ങൾ കരുതുന്നു? ഫറവോൻ്റെ പാനപാത്രവാഹകൻ! ജോസഫിന് അയാളെ കണ്ടുമുട്ടത്തക്കവണ്ണം അതേ സമയത്തു തന്നെ ഫറവോൻ്റെ പാനപാത്ര വാഹകനേയും ജയിലിൽ അടയ്ക്കാൻ ദൈവം കാര്യങ്ങൾ ക്രമീകരിച്ചു. അത് ദൈവത്തിൻ്റെ പദ്ധതിയിലെ രണ്ടാമത്തെ പടിയായിരുന്നു.
ഫറവോൻ്റെ പാനപാത്ര വാഹകൻ 2 വർഷത്തോളം ജോസഫിനെ മറക്കുവാൻ അയാളെ അനുവദിക്കുന്നതായിരുന്നു ദൈവത്തിൻ്റെ മൂന്നാമത്തെ പടി. "പാനപാത്രവാഹകന്മാരുടെ പ്രമാണി ജോസഫിനെ ഓർക്കാതെ, അവനെ മറന്നു കളഞ്ഞു. 2 സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടു... അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു സംസാരിച്ചു..." (ഉൽ. 40:21, 41:1-9).
ദൈവത്തിൻ്റെ സമയ പട്ടിക അനുസരിച്ച്, അപ്പോഴായിരുന്നു ജോസഫിനെ തടവിൽ നിന്ന് മോചിപ്പിക്കപ്പെടേണ്ട സമയം.
സങ്കീ. 105:19 -20 പറയുന്നത്, "ദൈവത്തിൻ്റെ വചനം നിവൃത്തിയാകുകയും അവിടുത്തെ അരുളപ്പാടിനാൽ അവനെ ശോധന വരുകയും ചെയ്യുവോളം. അതിനുശേഷം രാജാവ് ആളയച്ച് അവനെ വിടുവിച്ചു, ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി".
യോസേഫിന് ഇപ്പോൾ 30 വയസ്സായി. ദൈവത്തിൻ്റെ സമയം വന്നു. അതുകൊണ്ട് ദൈവം ഫറവോന് ഒരു സ്വപ്നം നൽകി. കൂടാതെ ദൈവം പാനപാത്രവാഹകനെയും തൻ്റെ സ്വപ്നത്തിൻ്റെ വ്യാഖ്യാനി എന്ന നിലയിൽ യോസഫിനെ കുറിച്ച് ഓർപ്പിച്ചു. അങ്ങനെ യോസേഫ് ഫറവോൻ്റെ മുന്നിൽ വരികയും ഈജിപ്തിലെ രണ്ടാമനായ ഭരണാധിപൻ ആയിതീരുകയും ചെയ്തു. ജോസഫിന്റെ ജീവിത സംഭവങ്ങളിൽ ദൈവത്തിൻ്റെ സമയക്രമം ഇതിൽ കൂടുതൽ പൂർണ്ണതയുള്ളതാകാൻ കഴിയില്ല!
ദൈവം ചെയ്ത വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കാൻ നാം ഒരിക്കലും ചിന്തിക്കുമായിരുന്നില്ല. യോസേഫിന്റെ ജീവിതത്തെക്കുറിച്ച് പദ്ധതി ഉണ്ടാക്കുവാൻ നമുക്ക് അധികാരം ഉണ്ടായിരുന്നെങ്കിൽ, ആളുകൾ അവന് ഒരു ഉപദ്രവവും ചെയ്യാതവണ്ണം നാം അവരെ തടയുമായിരുന്നേനെ. എന്നാൽ ദൈവം അത് ചെയ്ത വിധം അധികം നല്ലതായിരുന്നു.
ആളുകൾ നമ്മോട് ചെയ്യുന്ന തിന്മകൾ നമുക്ക് വേണ്ടിയുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനായി തിരിക്കപ്പെടുമ്പോൾ അത് വളരെ വലിയ അത്ഭുതമാണ്! സാത്താന്റെ തന്ത്രങ്ങൾ അവനെതിരായിത്തന്നെ തിരിക്കുന്നതിൽ ദൈവം വളരെയധികം ഇഷ്ടപ്പെടുന്നു, അതുവഴി സകല കാര്യങ്ങളും അവിടുത്തെ വൃതന്മാരുടെ നന്മയ്ക്കായി തീരേണ്ടതിന്.
ഈ സംഭവങ്ങളെ നമ്മുടെ സാഹചര്യങ്ങളിലേക്ക് പ്രയോഗിക്കാം.
ദുഷ്ടന്മാരായ മനുഷ്യരോട്, നമ്മോട് അസൂയാലുക്കളായ സഹോദരന്മാരോട്, നമ്മുടെ മേൽ വ്യാജമായ അപവാദങ്ങൾ ആരോപിക്കുന്ന സ്ത്രീകളോട്, നമ്മെ സഹായിക്കാം എന്നു വാക്ക് തന്നിട്ടും മറന്നുപോയ സ്നേഹിതനോട്, അല്ലെങ്കിൽ അന്യായമായി ജയിലിലേക്ക് അയക്കുന്നവരോട് ഒക്കെയുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
ഇനി എല്ലാ ആളുകളെയും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും മനപ്പൂർവ്വമായോ അല്ലെങ്കിൽ യാദൃശ്ചികമായോ -നമ്മുടെ ജീവിതങ്ങൾക്ക് വേണ്ടി ദൈവത്തിനുള്ള ഉദ്ദേശങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി ഉപയോഗിക്കുവാൻ തക്കവണ്ണം പരമാധികാരിയാണ് ദൈവം എന്ന് നാം വിശ്വസിക്കുന്നോ? അവിടുന്ന് അത് ജോസിഫിനു വേണ്ടി ചെയ്തെങ്കിൽ, അവിടുന്ന് നമുക്ക് വേണ്ടിയും അത് ചെയ്കയില്ലേ?തീർച്ചയായും അവിടുത്തേക്കു കഴിയും അവിടുന്നതു ചെയ്യുകയും ചെയ്യും.
എന്നാൽ യോസേഫിൻ്റെ ജീവിതത്തിനുവേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി ആർക്കു താറുമാറാക്കാൻ കഴിയുമായിരുന്നു എന്നു ഞാൻ നിങ്ങളോട് പറയാം. ഒരേ ഒരു വ്യക്തിക്ക് മാത്രം -അത് ജോസഫിനു തന്നെയായിരുന്നു. അവൻ പൊത്തിഫെറിൻ്റെ ഭാര്യയുടെ വശീകരണങ്ങൾക്കു വഴങ്ങിയിരുന്നെങ്കിൽ, അവൻ ദൈവത്താൽ ഉപേക്ഷിക്കപ്പെടുമായിരുന്നു.
നിങ്ങളുടെ ജീവിതത്തിന് വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതിയെ നശിപ്പിക്കാനും നിഷ്ഫലമാക്കാനും കഴിയുന്ന ഒരു വ്യക്തി മാത്രമേ ഈ പ്രപഞ്ചത്തിലുള്ളൂ അത് നിങ്ങൾ തന്നെയാണ്. മറ്റാർക്കും അത് ചെയ്യാൻകഴിയില്ല. നിങ്ങളുടെ സുഹൃത്തുക്കളല്ല, നിങ്ങളുടെ ശത്രുക്കളല്ല, മാലാഖമാരല്ല, സാത്താനല്ല. നിങ്ങൾ മാത്രം. ഒരിക്കൽ നാം ഇതുകണ്ടാൽ, അത് നമ്മുടെ ഒട്ടു വലിയ പല ഭീതികളിൽ നിന്നും, നമ്മെ ഉപദ്രവിക്കുന്നവരോടുള്ള നമ്മുടെ തെറ്റായ മനോഭാവങ്ങളിൽ നിന്നും നമ്മെ സ്വതന്ത്രരാക്കും.