ലേഖകൻ :   സാക് പുന്നൻ
WFTW Body: 

മത്തായി.13:1-52 വരെയുള്ള വാക്യങ്ങളിൽ യേശു പറഞ്ഞ ഏഴ് ഉപമകളെക്കുറിച്ച് നാം വായിക്കുന്നു. അവ സ്വർഗ്ഗരാജ്യത്തിൻ്റെ ഉപമകൾ എന്ന് വിളിക്കപ്പെടുന്നു. ഈ അദ്ധ്യായത്തിലുടനീളം യേശു സ്വർഗ്ഗരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത് അതിനു പുറത്തുള്ള പദ പ്രയോഗങ്ങൾ കൊണ്ടാണ് എന്നത് ശ്രദ്ധിക്കുക, ഈ ലോകത്തിൻ്റെ ആളുകൾ " സഭയെ " കാണുന്ന രീതിയിൽ .അതുകൊണ്ടാണ് തങ്ങളുടെ ഹൃദയങ്ങളിൽ നല്ല നിലവും ചീത്ത നിലവും ഉള്ളവർ സ്വർഗ്ഗരാജ്യത്തിലുണ്ടെന്ന് യേശു പറഞ്ഞത്.

കോതമ്പും കളകളും ഒരുമിച്ചു കാണപ്പെടുന്ന ഒരു വയൽ പോലെയാണ് സ്വർഗ്ഗരാജ്യം എന്നുകൂടി യേശു പറഞ്ഞു. വയൽ എന്നത് ലോകമാണ്, സഭയല്ല (മത്തായി 13:38) എന്ന് അവിടുന്ന് പിന്നീട് വിശദീകരിച്ചു. ക്രിസ്ത്യാനികൾ ഈ ഉപമയെ തെറ്റായി ഉദ്ധരിച്ചിട്ട് ഇപ്രകാരം പറയുന്നു, "സഭയിൽ കോതമ്പും കളകളും ഒരുമിച്ചു വളരാൻ അനുവദിക്കണം എന്നു യേശു പറഞ്ഞതുകൊണ്ട് , നാം അതിനെ വേർതിരിക്കരുത്. അതു കൊണ്ട് രക്ഷിക്കപ്പെടാത്തവരും രക്ഷിക്കപ്പെട്ടവരും സഭയിൽ ഉണ്ടായിരിക്കുവാൻ നാം അനുവദിക്കണം".അവർ അങ്ങനെ പറയുന്നത് അവർ ശരിയാം വിധം തിരുവചനം വായിച്ചിട്ടില്ലാത്തതു കൊണ്ടാണ്. വയൽ ലോകമാണ്. അവിടെയാണ്, വിശ്വാസികളെയും അവിശ്വാസികളെയും ഒരുമിച്ചു വളരുവാൻ, ദൈവം അനുവദിക്കുന്നത്- സഭയിൽ അല്ല. പ്രാദേശിക സഭയിൽ ,തങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെട്ടവരും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വീണ്ടും ജനിച്ചവരും മാത്രമേ അംഗങ്ങളാകാൻ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നും നാം ഉറപ്പാക്കണം (മാനുഷികമായി വിവേചിച്ചറിയാൻ കഴിയുന്നിടത്തോളം ). അല്ലാത്തവർ സഭാ യോഗങ്ങളിൽ പങ്കെടുത്ത് സന്ദേശങ്ങൾ കേൾക്കുന്നതിനു സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ അവർക്ക് വീണ്ടും ജനിക്കുന്നതു വരെ, ആ പ്രാദേശിക സഭയുടെ - ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ -ഒരു ഭാഗമായിരിക്കുവാൻ കഴിയുകയില്ല എന്ന കാര്യം അവർക്കു വ്യക്തമാക്കി കൊടുക്കണം.

മത്തായി.13:31-32 വരെ കടുകുമണിയെ കുറിച്ചുള്ള ഒരു ഉപമയാണ്, സാധാരണയായി അത് ഒരു ചെടിയായി മാത്രമേ വളരുകയുള്ളൂ. എന്നാൽ ഇവിടെ, അത് അസ്വാഭാവികമായി വളർന്ന് ഒരു വലിയ മരമായി തീർന്നു. ഒരു പ്രാദേശിക സഭയുടെ ദൈവത്തിൻ്റെ ഉദ്ദേശ്യ പ്രകാരമല്ലാത്ത വളർച്ച എപ്രകാരമാണെന്നു കാണിക്കുന്ന ഒരു ഉപമയാണിത്. ഓരോ പ്രാദേശിക സഭയും ,പരസ്പരം അറിയുന്ന, അന്യോന്യം സ്നേഹിക്കുകയും തങ്ങളുടെ പ്രദേശത്തുള്ള മറ്റുള്ളവർക്ക് അവിടുത്തെ ജീവൻ വെളിപ്പെടുത്തി കൊടുക്കുന്നവരുമായ സഹോദരീ-സഹോദരന്മാരുടെ ഒരു ചെറിയ കൂട്ടമായിരിക്കണം ( കടുകു ചെടി പോലെ) എന്നു ദൈവം ആഗ്രഹിക്കുന്നു. എന്നാൽ വരപ്രാപ്തരായ ആളുകൾ മെഗാ - സഭകൾ പണിതിരിക്കുന്നു. ( വലിയ വൃക്ഷം പോലെ ), ദൈവത്തിൻ്റെ ആലോചനയ്ക്കു വിരുദ്ധമായി - അവിടെ ആളുകൾ വരുന്നത് സന്ദേശങ്ങൾ കേൾക്കേണ്ടതിനായി മാത്രമാണ്, ഫുട്ബോൾ മത്സരവും സിനിമയും ഒക്കെ കാണാൻ വരുന്നതുപോലെ. വളരെ ചുരുക്കം പേർ മാത്രമേ ജീവനിലേക്കുള്ള വഴി കണ്ടെത്തുകയുള്ളൂ എന്ന് യേശു പറഞ്ഞു (മത്താ. 7:13, 14) . എന്നാൽ കൗശലക്കാരായ പ്രാസംഗികർക്ക് , വിശുദ്ധിയുടെ നിലവാരം താഴ്ത്തുന്നതിലൂടെയും മാനസാന്തരത്തെക്കുറിച്ചും , തന്നത്താൻ ത്യജിച്ച് ക്രൂശെടുക്കുന്നതിനെ കുറിച്ചും ഒക്കെയുളള എല്ലാ പ്രസംഗങ്ങളും ഒഴിവാക്കുന്നതിലൂടെയും വളരെ എളുപ്പത്തിൽ വലിയ ജനക്കൂട്ടത്തെ ഒരുമിച്ചു കൂട്ടുവാൻ കഴിയും. അങ്ങനെ, ക്രിസ്തുവിൻ്റെ ശിഷ്യന്മാരായിരിക്കുവാൻ താൽപര്യമില്ലാത്ത എന്നാൽ ഞായറാഴ്ചകളിൽ നല്ല സന്ദേശം കേൾക്കുന്നതിൽ മാത്രം താൽപര്യമുള്ള ഒരു കൂട്ടം ആളുകളെ അവർക്കു ലഭിക്കുന്നു. ഈ വിധത്തിൽ നിങ്ങൾ നിങ്ങളുടെ സഭയുടെ വലിപ്പം വർദ്ധിപ്പിക്കുമ്പോൾ തുടർന്നു സംഭവിക്കുന്നത് ഈ ഉപമയിൽ യേശു പറഞ്ഞ കാര്യമാണ്. ആകാശത്തിലെ പറവകൾ ( ഇവ ദുഷ്ടൻ്റെ ഏജൻ്റിനെ പ്രതിനിധീകരിക്കുന്നു എന്ന് മുമ്പിലത്തെ ഉപമയിൽ യേശു പറഞ്ഞു - മത്തായി 13:4, 19 ) വന്ന് ആ വൃക്ഷത്തിൻ്റെ കൊമ്പുകളിൽ ഇരിക്കും. നിങ്ങൾ ശിഷ്യന്മാരെ ഉണ്ടാക്കുന്ന കാര്യം മാത്രം അന്വേഷിച്ചാൽ എങ്ങനെയായാലും നിങ്ങളുടെ സഭ വലിപ്പത്തിൽ ചെറിയതായിരിക്കും, എന്നാൽ ,അധികം നിർമ്മലവും സാത്താന്യ സ്വാധീനത്തിൽ നിന്നും, അത് കൊണ്ടു വരാവുന്ന പ്രശ്നങ്ങളിൽ നിന്നും നിങ്ങൾ സ്വതന്ത്രരും ആയിരിക്കും!

മത്തായി 13:33 ൽ, സ്വർഗ്ഗരാജ്യത്തെ കുറിച്ച് അതു പുളിച്ച മാവിനോട് സദൃശമാണെന്ന് യേശു പറഞ്ഞു. പ്രാദേശിക സഭയിൽ അശുദ്ധി എങ്ങനെ വ്യാപിക്കും എന്നതിനെ കുറിച്ചുള്ള ഒരു പ്രവചനമാണിത്. സഭ അഭിമുഖീകരിക്കാനിരിക്കുന്ന അപകടങ്ങളെ കുറിച്ച്, യേശു വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നു - ചീത്ത നിലം, കളകൾ, സഭയ്ക്കുള്ളിൽ ഇരിക്കുന്ന പിശാചുക്കൾ ,പുളിപ്പ് മുതലായവ. ക്രിസ്തീയ നേതാക്കൾ ഈ ഉപമകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ,അവർക്ക് തങ്ങളുടെ സഭകളെ ആത്മീയ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു - കൂടാതെ അവർ ശിഷ്യത്വത്തിന് ഊന്നൽ നൽകുമായിരുന്നു.

മത്തായി 13:44 ൽ സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചു വച്ച നിധിയോട് സദൃശം. ഒരു മനുഷ്യൻ അതു കണ്ടിട്ട് തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി. ഇത് യേശുവിൻ്റെ ശിഷ്യനാകേണ്ടതിന് തനിക്ക് വിലയേറിയതായിട്ടുള്ളതെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറായ ഒരു മനുഷ്യൻ്റെ ചിത്രമാണ് - അങ്ങനെ അയാൾ ദൈവരാജ്യം കൈവശമാക്കി.

തനിക്കുള്ളതെല്ലാം വിറ്റ് വളരെ വിലയേറിയ ഒരു മുത്ത് വാങ്ങിയ ഒരു മനുഷ്യനെക്കുറിച്ചും യേശു സംസാരിച്ചു. ഇത് അതേ സത്യം തന്നെ ഊന്നിപ്പറയുന്നതാണ് (മത്തായി.13:45) ഇവ രണ്ടിലും, "തനിക്കുള്ളതെല്ലാം " എന്ന പദപ്രയോഗം ശ്രദ്ധിക്കുക. യേശു പറഞ്ഞു, " തനിക്കുള്ളതെല്ലാം വിട്ടു പിരിയുന്നില്ല എങ്കിൽ ആർക്കും എൻ്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല" (ലൂക്കോ. 14:33). ഒരു ശിഷ്യനായിരിക്കുന്നതിനും ദൈവരാജ്യം കൈവശമാക്കുന്നതിനുമുള്ള ഏകമാർഗ്ഗം അതാണ് .

മത്തായി 13:47-50 വരെയുള്ള വാക്യങ്ങളിൽ ,യേശു ദൈവരാജ്യത്തിൻ്റെ ഭൂമിയിലെ ബാഹ്യ പ്രകടനങ്ങളെ കുറിച്ചു പറഞ്ഞത് അതിൽ രണ്ടു തരം മത്സ്യം ഉള്ളതായാണ് - നല്ലതും ചീത്തയും . എന്നാൽ ലോകാവസാനത്തിങ്കൽ ദൂതന്മാർ പുറപ്പെട്ടു വന്ന് നീതിമാന്മാരുടെ ഇടയിൽ നിന്ന് ദുഷ്ടന്മാരെ വേർതിരിക്കും.