നാം എല്ലാവരും എല്ലാ കാലത്തും അഭിമുഖീകരിക്കുന്ന ഒരു വലിയ അപകടമാണ് ആത്മീയ നിഗളം - പ്രത്യേകിച്ച് കർത്താവു നമ്മുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കുമ്പോൾ. അപ്പോൾ എപ്പോഴും "ആരും അല്ലാതായിരിക്കെ തന്നെ" നാം "ആരോ ആയി" എന്നു ചിന്തിക്കുവാൻ വളരെ എളുപ്പമാണ്. അപ്പോൾ ദൈവം തന്നെ നമ്മെ എതിർക്കുകയും നമുക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്യും - കാരണം ദൈവം എല്ലാ നിഗളികളോടും എതിർത്തു നിൽക്കുന്നു. അവർ ആരുതന്നെ ആയാലും. നാം വരപ്രാപ്തരാകുമ്പോൾ, അല്ലെങ്കിൽ നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും കാര്യങ്ങൾ എല്ലാം നന്നായി പോകുമ്പോൾ, അല്ലെങ്കിൽ നമ്മുടെ സഭ വളർന്നുകൊണ്ടിരിക്കുമ്പോൾ, അല്ലെങ്കിൽ ഭൗതികമായി നാം സമ്പന്നരാകുമ്പോൾ ഒക്കെ നാം നിഗളിച്ചു പോകാൻ വളരെ എളുപ്പമാണ്. മറ്റ് ഏതു പാപങ്ങളുടെയും മേൽ ഉള്ളതിനേക്കാളധികം, നമ്മുടെ ആത്മീയ നിഗളത്തിൻ്റെയും സ്വാർത്ഥതയുടെയും മേൽ നമുക്ക് വെളിച്ചം ലഭിക്കേണ്ടതുണ്ട്. ഈ മേഖലകളിൽ നമുക്കു നമ്മെ തന്നെ വഞ്ചിക്കാൻ വളരെ എളുപ്പമാണ്. നാം യഥാർത്ഥത്തിൽ വളരെ അഹങ്കാരികളും സ്വയ കേന്ദ്രീകൃതരും ആയിരിക്കുമ്പോൾ തന്നെ നാം വളരെ വിനീതരും നിസ്വാർത്ഥരുമാണെന്ന് നമുക്കു കരുതാൻ കഴിയും. സാത്താൻ ഒരു വലിയ വഞ്ചകനാണ്.
നമ്മുടെ യഥാർത്ഥ അവസ്ഥ കാണാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയുന്ന ആത്മീയ നിഗളത്തിൻ്റെ ചില തെളിവുകളാണ് ഇവിടെ പറയുന്നത്; ഇടർച്ചയുണ്ടാകുന്നത്, കോപിക്കുന്നത്, ലൈംഗികമായ അശുദ്ധ ചിന്താരീതികൾ, കുറ്റം സമ്മതിക്കാനുള്ള മനസ്സില്ലായ്മ, ക്ഷമ ചോദിക്കുന്നതിനുള്ള കാലതാമസം, സഭയിലുള്ള നമ്മുടെ സഹ വിശ്വാസികളുമായുള്ള കൂട്ടായ്മ യഥാസ്ഥാനപ്പെടുത്തുന്നതിനുള്ള താമസം മുതലായവ.
നിഗളിയായ ഒരു നേതാവ് അയാളുടെ സഭയിൽ ഒരു സ്വേച്ഛാധികാരിയെ പോലെ പെരുമാറുകയും ഒരു സിഇഒ അയാളുടെ കമ്പനി നടത്തുന്നതു പോലെ സഭയെ നടത്തുകയും ചെയ്യും. അങ്ങനെയുള്ള ഒരാളിന് ഒരിക്കലും സഭയെ ഒരു ശരീരമായി പണിയാൻ കഴിയുകയില്ല.
ആത്മീയ നിഗളം എന്നത് ശരീര ദുർഗന്ധം പോലെയും വായ്നാറ്റം പോലെയുമുള്ളതാണ്. അതു നമുക്കു തന്നെ മണക്കാൻ കഴിയില്ല. എന്നാൽ മറ്റുള്ളവർക്കു അതു മണക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു മൂപ്പൻ തൻ്റെ ശുശ്രൂഷയെ കുറിച്ചു പ്രശംസിക്കുമ്പോൾ അയാളിൽ നിന്നു ബഹിർഗമിക്കുന്ന ദുർഗന്ധപൂർണ്ണമായ ആത്മീയ നിഗളം അയാൾ മനസ്സിലാക്കുന്നില്ല. എന്നാൽ ഒരു ദൈവ ഭക്തനായ വ്യക്തി പെട്ടെന്നു തന്നെ അയാളിലുള്ള ആത്മീയ നിഗളം തിരിച്ചറിയും.
ഒരു നേതാവിലുള്ള നിഗള മനോഭാവം അയാളുടെ സഭയെ ഒരു ബാബിലോണിയൻ സഭയാക്കി തീർക്കും, നെബുക്കദ് നേസറിനുണ്ടായിരുന്ന ആ മനോഭാവത്തിൽ നാം കണ്ടതുപോലെ (ദാനി. 4:30), ദൈവം അവനെ ഉടനെ തന്നെ താഴ്ത്തുകയും തള്ളിക്കളയുകയും ചെയ്തു.
മുതിർന്ന സഹോദരന്മാരോടും ദൈവം തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്ന സഹോദരന്മാരോടും ഉള്ള ബഹുമാനക്കുറവും ആത്മീയ നിഗളത്തിൻ്റെ ഫലമായി ഉണ്ടാകും. അങ്ങനെയുള്ള ഒരു നേതാവ് തൻ്റെ സഭയിലുള്ള മറ്റുള്ളവർ തനിക്കു കീഴടങ്ങിയിരിക്കണമെന്നു പ്രതീക്ഷിക്കും, എന്നാൽ ദൈവം അയാളുടെ മേൽ ആക്കി വച്ചിരിക്കുന്ന ആത്മീയ അധികാരികൾക്ക് അയാളെ തന്നെ വിധേയപ്പെടുത്താൻ മനസ്സുണ്ടായിരിക്കുകയില്ല. അന്ത്യനാളുകളിൽ ഈ ബഹുമാനമില്ലായ്മ ക്രിസ്ത്യാനികളുടെ ഇടയിൽ വ്യാപകമായി വർധിച്ചു വരും. ഈ നാളുകളിൽ നമുക്കു ചുറ്റുമുള്ള അനേകം കുട്ടികളിലും യുവാക്കളിലും നാം ഇതു കാണുന്നു - പ്രായമുള്ള ദൈവഭക്തരായ സഹോദരന്മാരോട് അവർ സംസാരിക്കുന്ന രീതിയിൽ.
ദിയോത്രെഫോസിൻ്റെയും (3 യോഹ. 1:9) യോഹന്നാൻ എഴുതിയ പിന്മാറ്റക്കാരായ 5 സഭകളുടെ മൂപ്പന്മാരുടെയും (വെളി. 2, 3 അധ്യായങ്ങൾ) ഉദാഹരണങ്ങൾ നമുക്കെല്ലാവർക്കും ഒരു മുന്നറിയിപ്പാണ്. നാം നേരത്തെ ചിന്തിച്ചതു പോലെ, ആ നേതാക്കന്മാർ തങ്ങളെ തന്നെ വിധിച്ചിരുന്നെങ്കിൽ, ദൈവം അവരുടെ പരാജയങ്ങളെ നേരിട്ട് അവർക്കു തന്നെ കാണിച്ചു കൊടുക്കുമായിരുന്നു. അപ്പോൾ അവരുടെ പരാജയങ്ങൾ അപ്പൊസ്തലനായ യോഹന്നാനിലൂടെ അവിടുത്തേക്കു ചൂണ്ടി കാണിച്ചു കൊടുക്കേണ്ടി വരികയില്ലായിരുന്നു.
നാം നമ്മെ തന്നെ വിധിക്കുന്നതു നിർത്തുമ്പോൾ, വിദഗ്ദ്ധന്മാരെന്ന മട്ടിൽ നാം പ്രസംഗിക്കാൻ തുടങ്ങും. ആ സമയം ദൈവം നമ്മോടു കൂടെ നിൽക്കുകയില്ല. അതുകൊണ്ട്, നാം എല്ലാ ദിവസവും നമ്മെ തന്നെ വിധിക്കുകയും എല്ലായ്പോഴും നമ്മെ കുറിച്ചു തന്നെയും നമ്മുടെ ശുശ്രൂഷയെ കുറിച്ചും ചെറിയ ചിന്തയിൽ ജീവിക്കുകയും വേണം. ദൈവം നമ്മുടെ ജീവിതത്തിനും നമ്മുടെ അധ്വാനങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുണ്ടോ എന്നു കാണുവാൻ നാം സ്ഥിരമായി നമ്മെ തന്നെ പരിശോധിച്ചു നോക്കണം (ഗലാ. 6:4). അല്ലാത്ത പക്ഷം ഗൗരവതരമാം വിധം ചില കാര്യങ്ങൾ തെറ്റി പോയിരിക്കുന്നു.
എല്ലാ നേതാക്കന്മാർക്കും ഞാൻ നൽകാനാഗ്രഹിക്കുന്ന മൂന്ന് അടുക്ക് പ്രബോധനം ഇതാ ഇവിടെ പറയുന്നു.
1. നിങ്ങളുടെ മുഖത്തെ പൊടിയിൽ താഴ്ത്തിക്കൊണ്ട് എപ്പോഴും ദൈവത്തിൻ്റെ ഒരു ആരാധകനായിരിക്കുക.
2. നിങ്ങൾ വെറും ഒരു സാധാരണ സഹോദരനാണെന്ന് എപ്പോഴും ഓർക്കുക.
3. നിങ്ങൾ കർത്താവിനെ ഒരുപാടു സ്നേഹിക്കുന്നു എന്നു ചിന്തിക്കുന്നതിനു പകരം എപ്പോഴും കർത്താവിനു നിങ്ങളോടുള്ള സ്നേഹത്തെ കുറിച്ചു ധ്യാനിക്കുക.
"ആത്മാവിൽ ദരിദ്രനായിരിക്കുക" എന്നാൽ "നിങ്ങളെ തന്നെ നിസ്സാരനെന്നു കണക്കാക്കുകയും" (മത്താ.5 :3 ആംപ്ലിഫൈഡ് ബൈബിൾ) നിങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ചുള്ള ബോധ്യത്തോടെ നിരന്തരം ജീവിക്കുകയും ചെയ്യുക എന്നതാണ്.