വെളിപ്പാട്പുസ്തകം 2 ന്റെ 1 മുതല്‍ 5 വരെയുള്ള വാക്യങ്ങളില്‍ കര്‍ത്താവ് എഫെസോസിലെ സഭയെ ഒന്നാം സ്ഥാനം നല്‍കേണ്ട കാര്യങ്ങളുടെ ദര്‍ശനം അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നതിനു ശാസിക്കുന്നു. മറ്റെല്ലാ കാര്യങ്ങളിലും അറിയപ്പെടുന്ന സഭയായിരുന്നു അവര്‍. അവിടെയുള്ള ക്രിസ്ത്യാനികള്‍ സഹിഷ്ണുതയോടുകൂടി അധ്വാനം ചെയ്തവരാണ്. അവര്‍ ദുഷ്ടതയെ വെറുത്തവരും വ്യാജ അപ്പൊസ്തലന്മാരെ തുറന്നുകാട്ടിയവരും കര്‍ത്താവിന്റെ നാമത്തിനുവേണ്ടി ക്ലേശം സഹിച്ചിട്ടും തളരാതെ ഹൃദയവും ആത്മാവും വച്ച് ദൈവവേലയില്‍ ആയിരുന്നവരുമാണ്. യാതൊന്നിനും അവരെ അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇതെല്ലാം ഉള്ളപ്പോള്‍ തന്നെ കര്‍ത്താവ് അവര്‍ക്കെതിരായി ചിലത് കണ്ടിരുന്നു. കര്‍ത്താവിന്റെ സാക്ഷികളായുള്ള അവരുടെ നിലനില്പിനുതന്നെ വെല്ലുവിളിയാകുന്ന തരത്തില്‍ ഗൗരവമുള്ള ഒരു കുറവായിരുന്നു അത്.
അവര്‍ വീണിരിക്കുന്നുവെന്ന് അവിടുന്ന് അവരോടു പറഞ്ഞു. അവര്‍ അനുതപിക്കാതെയിരുന്നാല്‍ അവരുടെ സാക്ഷ്യത്തിനുള്ള അംഗീകാരത്തിന്റെ അടയാളമായ അവിടുത്തെ അഭിഷേകത്തെ എടുത്തുകളയും എന്നും പറഞ്ഞു. വളരെ ഗൗരവമുള്ള ഈ കുറവ് എന്തായിരുന്നു? കര്‍ത്താവിനോടുള്ള അവരുടെ സ്‌നേഹം തണുത്തുപോയി എന്നതു മാത്രമാണത്. അവരുടെ ആദ്യസ്‌നേഹം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ അതുപേക്ഷിച്ച് മറ്റെവിടേക്കോ പോയിരിക്കുന്നു. അവരുടെ സഭായോഗങ്ങള്‍, ധ്യാനങ്ങള്‍, കണ്‍വെന്‍ഷനുകള്‍ എന്നിങ്ങനെ പലവിധ ക്രിസ്തീയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അവര്‍ വളരെ തിരക്കുള്ളവരാണ്. എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ അവരിതെല്ലാം ചെയ്യുന്നത് ആ വ്യക്തിയെക്കുറിച്ചുള്ള കാഴ്ച അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു.
നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കാള്‍ കര്‍ത്താവ് വിലമതിക്കുന്നത് കര്‍ത്താവിനോടുള്ള നമ്മുടെ ഹൃദയം നിറഞ്ഞ ഭക്തിയും സമര്‍പ്പണവുമാണ്. ഇതറിയുന്ന പിശാച് നമ്മെ പലവിധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കി നമ്മെ കര്‍ത്താവിനോടു കൂടെ സമയം ചെലവഴിക്കുന്നതില്‍നിന്നു തടയുന്നു. അങ്ങനെ അവിടുത്തോടുള്ള വ്യക്തിപരമായ ഭക്തിയും സമര്‍പ്പണവും ഇല്ലാതാക്കുന്നു.
അന്ത്യകാലത്ത് ലോകത്തില്‍ പാപം പെരുകുന്നതുകൊണ്ട് അനേകരുടെയും ദൈവത്തോടുള്ള സ്‌നേഹം തണുത്തുപോകുമെന്ന് യേശു നമുക്കു മുന്നറിയിപ്പു നല്‍കി (മത്താ. 24:12).നാം ആ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. കര്‍ത്താവിന്റെ അനുയായികള്‍ എന്നവകാശപ്പെടുന്ന ഭൂരിപക്ഷം ആളുകളുടെയും ആത്മീയതാപനില വളരെ താഴ്ന്നാണിരിക്കുന്നത്.
നാം നിരന്തരം ശ്രദ്ധയുള്ളവരല്ലെങ്കില്‍ നമ്മിലേക്കും ഈ മരവിപ്പ് കടന്നുവരുന്നത് നാം അറിയും. ക്രിസ്തുവിലുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരെ എന്തൊക്കെ നഷ്ടപ്പെട്ടാലും ഒരു കാര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക: ''കര്‍ത്താവിനോടുള്ള നിങ്ങളുടെ സ്‌നേഹം!'' .