മത്തായി 7:6 ൻ്റെ തുടക്കം മുതൽ ഗിരിപ്രഭാഷണത്തിന്റെ ഉപസംഹാര ഭാഗം നമുക്ക് ലഭിക്കുന്നു. "വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുന്നിൽ ഇടുകയുമരുത്, അവ കാലുകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യുവാൻ ഇടവരരുത്" (മത്താ. 7:6). നാം ആരോട് എന്തു സംസാരിക്കുന്നു എന്നതു സംബന്ധിച്ച് നാം ബുദ്ധിയുള്ളവർ ആയിരിക്കേണ്ട ആവശ്യമുണ്ട് എന്ന് യേശു നമ്മെ പഠിപ്പിക്കുകയാകുന്നു. സദൃശവാ. 26:4 ൽ, നമ്മോടു പറയുന്നത് ഒരു ഭോഷനോട് അവൻ്റെ ഭോഷത്തം പോലെ ഉത്തരം പറയരുത് എന്നാണ്. സത്യത്തെ വിലമതിക്കാത്തവർക്കു നാം സത്യം നൽകരുത്. അതുകൊണ്ടാണ് ആളുകളോടു സംസാരിക്കുമ്പോഴെല്ലാം നമുക്കു വിവേകം ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരിക്കുന്നത്. എല്ലാവർക്കും വേണ്ടി ഒരേ നിലവാരമുള്ള സന്ദേശമല്ല നമുക്കുണ്ടായിരിക്കേണ്ടത്. ഓരോ വ്യക്തിയോടും നാം എന്തു സംസാരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അറിയുവാൻ നാം ദൈവത്തെ കേൾക്കുന്ന കാര്യം അന്വേഷിക്കണം. ഇപ്രകാരമാണ് യേശു ജീവിച്ചത്, അതുകൊണ്ട് തിരുവചനത്തിലെ ഏതു വാക്യവും മനസ്സിലാക്കേണ്ടതിനു നാം യേശുവിൻ്റെ മാതൃകയിലേക്കു നോക്കണം.
കർത്താവായ യേശുക്രിസ്തുവിനെ സംബന്ധിക്കുന്ന ഒരു പ്രവചനം യെശ. 50:4 ൽ ഉണ്ട് അത്, "ദൈവത്തിൻ്റെ സന്ദേശം എന്ന നിലയിൽ ഞാൻ ഒരു വ്യക്തിക്ക് കൊടുക്കേണ്ടതെന്താണ്?" എന്ന് അത്ഭുതപ്പെട്ടു കൊണ്ട് വചനം പ്രസംഗിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണത്. ഒന്നാമത് ഞാൻ അയാളുടെ ആത്മീയ അവസ്ഥ എന്താണെന്നു വിവേചിച്ച് അറിയേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് ഞാൻ ആരോടെങ്കിലും ദൈവവചനം സംസാരിക്കുമ്പോൾ, ദൈവത്തിൽ നിന്ന് പ്രവചനാത്മകമായ ഒരു ഉൾക്കാഴ്ച എനിക്കുണ്ടായിരിക്കേണ്ടത്. ദൈവവചനം നൽകുന്നത് അമാനുഷികമായ ഒരു കാര്യമാണ്. നിങ്ങൾ അതിനെ, രസതന്ത്രം പഠിപ്പിക്കുന്നതു പോലെ, ഒരു പ്രഭാഷണം നൽകുന്നതുപോലെ, ചിന്തിച്ചാൽ അപ്പോൾ നിങ്ങൾക്ക് ഏതു സമയത്തും ആരെയും ബൈബിൾ പഠിപ്പിക്കാം. എന്നാൽ ഒരു വ്യക്തിയുടെ ആത്മീയ നിലവാരമനുസരിച്ച് ദൈവവചനം ശുശ്രൂഷിക്കണമെങ്കിൽ ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന അമാനുഷികമായ ഒരു ഉൾക്കാഴ്ച നിങ്ങൾക്കുണ്ടാകേണ്ട ആവശ്യമുണ്ട്. യെശ 50:4 ഇപ്രകാരം പറയുന്നു (ഇത് ക്രിസ്തുവിനെ കുറിച്ച് പറയുന്നതാണ്), "തളർന്നിരിക്കുന്നവനെ വാക്കുകൊണ്ട് താങ്ങുവാൻ അറിയേണ്ടതിന് യഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു". മറ്റു വാക്കുകളിൽ പറഞ്ഞാൽ, "എൻ്റെ മാർഗ്ഗമധ്യേ വരുന്ന തളർന്നിരിക്കുന്ന ഒരുവനു നൽകുവാൻ ശരിയായ വാക്ക് എനിക്ക് ലഭിക്കേണ്ടതിന്, എൻ്റെ പിതാവായ ദൈവം രാവിലെ തോറും എന്നെ ഉണർത്തുകയും ഒരു ശിഷ്യനെപ്പോലെ കേൾക്കേണ്ടതിന് അവിടുന്ന് രാവിലെ എന്റെ ചെവിയെ ഉണർത്തുകയും ചെയ്യുന്നു". യേശു ഇവിടെ പറയുന്നത് അവിടുന്ന് ഓരോ ദിവസവും പിതാവിനെ കേൾക്കുന്നു എന്നും തൻ്റെ അടുത്തേക്ക് വരുന്നവർക്കു കൃത്യമായ വചനം നൽകേണ്ടതിന് അവിടുന്ന് നിരന്തരമായി കേൾക്കും എന്നുമാണ്.
ഇതിൻ്റെ ഒരുദാഹരണം യോഹ. 8 ൽ ഉണ്ട്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവന്നിട്ട് അവളെ കല്ലെറിഞ്ഞു കൊല്ലണമെന്നു വ്യക്തമായി പറയുന്ന പഴയ നിയമത്തിലെ വചനങ്ങൾ ഉദ്ധരിക്കുന്നതിനെക്കുറിച്ചു നാം വായിക്കുന്നു. യേശു അതിനോട് വിയോജിപ്പു പ്രകടിപ്പിക്കുന്നില്ല കാരണം അവിടുത്തേക്ക് പഴയ നിയമ വചനങ്ങൾ അറിയാമായിരുന്നു. നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് അവിടുന്ന് തന്നെ അതു മോശെയ്ക്കു നൽകിയതാണത്! അതുകൊണ്ട് അവിടുന്ന് എന്തു ചെയ്തു? അവിടെ പറയുന്നത്, യേശു മറുപടി പറഞ്ഞില്ല എന്നാണ്. അവർ ആ സ്ത്രീയെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു. അപ്പോൾ യേശു കുനിഞ്ഞിരുന്ന് തൻ്റെ വിരൽ കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു (യോഹ. 8:6). അവിടുന്ന് തൻ്റെ പിതാവിൽ നിന്ന് വ്യക്തമായ ഒരു വാക്ക് കേൾക്കുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. "ഈ ആളുകൾക്കു ഞാൻ എന്താണ് കൊടുക്കേണ്ടത്? ഈ സാധു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ ആഗ്രഹിക്കുന്ന ഇവർക്ക് നൽകേണ്ട കൃത്യമായ വാക്കെന്താണ്?" അവിടുന്ന് തിരുവചനത്തെ എതിർക്കുവാൻ പോകുകയായിരുന്നില്ല, കാരണം അവിടുന്ന് തന്നെ മോശെയ്ക്കു നൽകിയ തിരുവചനം അവളെ കല്ലെറിയാൻ പറയുന്നു, തന്റെ പിതാവിൽ നിന്ന് ഒരു വാക്ക് തനിക്കു ലഭിച്ചപ്പോൾ, ഉടനെ അവിടുന്ന് നിവർന്ന് അവളോട് സംസാരിച്ചു (യോഹ. 8:7 ൻ്റെ പരാവർത്തനം), "നിങ്ങളിൽ പാപമില്ലാത്തവൻ ഒന്നാമത് കല്ലെറിയട്ടെ. മുന്നോട്ടു പോകുക - നിയമമനുസരിച്ച് നിങ്ങൾക്ക് ഈ സ്ത്രീയെ കല്ലെറിയാം, എന്നാൽ പാപമില്ലാത്തവനു മാത്രമേ ആദ്യത്തെ കല്ലെറിയാൻ കഴിയൂ". അവിടെ പറയുന്നത് മൂത്തവർ മുതൽ ഇളയവർ വരെ എല്ലാവരും ഓരോരുത്തനായി വിട്ടുപോയി എന്നാണ്, കാരണം ഏറ്റവും മൂത്തവനാണ് കൂടുതൽ പാപം ചെയ്തിട്ടുള്ളത്.
ആ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ ഒരു വാക്കു മതിയായിരുന്നു. ഒരു മുഴു പ്രസംഗം വേണ്ടിവന്നില്ല. യേശു ഒന്നും പറയാതിരുന്ന പല സമയങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ ചിലർ അവിടുത്തോട് ഒരു ചോദ്യം ചോദിച്ചപ്പോൾ മറുപടിയായി അവിടുന്ന് പറഞ്ഞു, "ആദ്യം ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ: യോഹന്നാൻ്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ?" അവർ തമ്മിൽ തമ്മിൽ ഇങ്ങനെ തർക്കിക്കാൻ തുടങ്ങി, "'അതു മനുഷ്യരിൽ നിന്ന്' എന്നു നാം പറഞ്ഞാൽ മനുഷ്യർ യോഹന്നാനെ ഒരു പ്രവാചകൻ എന്നെണ്ണുകയാൽ ജനം നമ്മെ കല്ലെറിയും, അതല്ല അത് 'സ്വർഗത്തിൽ നിന്ന്' എന്നു പറഞ്ഞാൽ 'നിങ്ങൾ അവനിൽ വിശ്വസിക്കാത്തത് എന്തെന്ന്' യേശു നമ്മോട് ചോദിക്കും". അതുകൊണ്ട് എങ്ങനെ മറുപടി പറയണം എന്ന് അവർക്ക് അറിയാത്തതുകൊണ്ട് അവർ പറഞ്ഞു, "ഞങ്ങൾക്ക് അറിയില്ല, ഞങ്ങൾ പറയുന്നില്ല". അപ്പോൾ യേശു പറഞ്ഞു, "ഞാനും നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നില്ല" (മത്താ. 21:27).
യേശുവിന് എല്ലാവരോടും ഇടപെടുന്നതിന് ഒരു പൊതുവായ മാർഗ്ഗമില്ലായിരുന്നു. ഒരിക്കൽ ആളുകൾ വന്ന് അവിടുത്തോട് വെറും നിസ്സാരമായ ഒരു ചോദ്യം ചോദിച്ചു, "ഒരു മനുഷ്യൻ മരിച്ചപ്പോൾ, അയാളുടെ ഭാര്യയെ അവൻ്റെ സഹോദരൻ വിവാഹം കഴിച്ചു, ഇതു മറ്റ് ഏഴു സഹോദരന്മാരുടെ കാര്യത്തിലും സംഭവിച്ചു. പുനരുത്ഥാനത്തിൽ ആരായിരിക്കും അവളുടെ ഭർത്താവാകുന്നത്?" യേശു അവർക്ക് ഒരു മറുപടി നൽകി; അവിടുന്ന് വെറുതെ നടന്നു പോയില്ല. പുനരുത്ഥാനത്തിൽ വിവാഹം ഇല്ല എന്ന് വിശദീകരിച്ചു കൊടുക്കാൻ അവിടുന്ന് സമയം എടുത്തു. യേശു നൽകിയ മറുപടി നോക്കിയാൽ, "ഇതിനുള്ള മറുപടി എന്ത്?" എന്ന് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിൽ നോക്കുമ്പോൾ ലഭിക്കുന്നതുപോലെ മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒരു മറുപടിയല്ല അത്. അവിടുന്ന് എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനെ ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു, അതാണ് മത്താ. 7:6 ൽ നിന്നും നാം പഠിക്കേണ്ട വളരെ പ്രാധാന്യമുള്ള ഒരു തത്വം.
പല സമയങ്ങളിലും, ഒരു പ്രത്യേക വ്യക്തിക്കു വേണ്ട കൃത്യമായ വചനം എന്താണെന്ന് നാം അറിയേണ്ടതുണ്ട്. എല്ലാ ശുശ്രൂഷയിലും ജനങ്ങൾക്കു കൊടുക്കേണ്ട കൃത്യമായ ശരിയായ വചനം എന്താണെന്ന് അറിയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. 1 കൊരി. 14:1 ൽ നാം പ്രവചനവരം വാഞ്ഛിക്കേണം എന്ന് പുതിയ നിയമം പറയുന്നതെന്തുകൊണ്ടാണ്? ഓരോ വിശ്വാസിയോടും പ്രവചനവരം വാഞ്ഛിപ്പിൻ എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൻ്റെ കാരണം പുതിയ നിയമസഭയിൽ, എല്ലാവരും പ്രവചിക്കുകയും എല്ലാവർക്കും പ്രവചനവരം ഉണ്ടായിരിക്കുകയും ചെയ്താൽ (എല്ലാവരും പ്രവാചകന്മാരല്ല, എന്നാൽ എല്ലാവർക്കും പ്രവചിക്കാം), അവിടെ പറയുന്നത് അവിശ്വാസിയും ആത്മവരമില്ലാത്തവനും അകത്തു വന്നാൽ എല്ലാവരുടെയും വാക്കിനാലും അവനു പാപബോധം വരും. അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവൻ്റെ ആവശ്യമനുസരിച്ച് കൃത്യമായ വചനം അവൻ കേട്ടു (1 കൊരി. 14:24-25). അങ്ങനെ അവൻ കവിണ്ണുവീണ് ഇങ്ങനെ പറഞ്ഞുകൊണ്ട് ദൈവത്തെ ആരാധിക്കും "ഓ, വാസ്തവമായും ദൈവം ഇവിടെയുണ്ട്, കാരണം എൻ്റെ ആവശ്യം അനുസരിച്ചുള്ള ഒരു വചനം എനിക്കു ലഭിച്ചു!"
ഓരോ സഭായോഗവും അതുപോലെ ആയിരിക്കണം. ഓരോ സഭയ്ക്കും പ്രവചനാത്മകമായ വാക്കുകൾ പ്രവചിക്കുന്നവർ ഉണ്ടായിരിക്കണം. നിങ്ങൾ ദൈവത്തിനായി കാത്തിരിക്കേണ്ടതുണ്ട്, അതു ചെയ്യേണ്ടതിനായി നിങ്ങൾക്കുള്ളതെല്ലാം ദൈവത്തിന് സമർപ്പിക്കണം. നിങ്ങൾ അതു ചെയ്യുന്നില്ലെങ്കിൽ, ദൈവവചനം പ്രസംഗിക്കുന്ന ഒരുവൻ ആകാൻ നിങ്ങൾ യോഗ്യനല്ല. ഒരു വ്യക്തിക്കു കൊടുക്കേണ്ട അനുയോജ്യമായ വചനം എന്താണെന്ന് നിങ്ങൾ കൃത്യമായി അറിയേണ്ടതുണ്ട്. മത്താ. 7:6 ൽ യേശു പറഞ്ഞത് ഈ കാര്യമാണ്. ഒരു പന്നിയെ പോലെയുള്ള ആരെയെങ്കിലും നിങ്ങൾ കാണുമ്പോൾ, ഒരു പന്നിക്കു ചേരുന്നത് അയാൾക്കു കൊടുക്കുക; ഒരു നായയെ പോലെയുള്ള ഒരുവനെ നിങ്ങൾ കാണുമ്പോൾ, അയാൾക്ക് ഒരു എല്ല് കൊടുക്കുക. മൃഗങ്ങൾക്ക് ഗിരിപ്രഭാഷണം കൊടുക്കാൻ നിങ്ങൾക്കു കഴിയില്ല.
പ്രവചനത്തിനായി നാം അന്വേഷിക്കുമ്പോൾ, നാം സംസാരിക്കാൻ എഴുന്നേൽക്കുന്ന അതേ നിമിഷം, നമ്മുടെ മുന്നിലിരിക്കുന്നവരുടെ കൃത്യമായ ആവശ്യം എന്താണെന്നു വിവേചിച്ചറിയുവാനുള്ള കഴിവ് ദൈവം നമുക്കു നൽകും, തന്നെയുമല്ല അവരുടെ ആവശ്യത്തിനുള്ള വചനം ദൈവം നമുക്കു നൽകുകയും ചെയ്യും. യേശു പർവത പ്രസംഗം ഉപസംഹരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഈ പ്രമാണത്തോടെയാണ് തന്നെയുമല്ല ഇത് നാം മനസ്സിലാക്കേണ്ടിയത് വളരെ വളരെ പ്രാധാന്യമുള്ളതാണ് - പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കാൻ വിളിക്കപ്പെട്ടവരായ നമുക്ക്, വിശ്വാസികളോടായാലും അവിശ്വാസികളോടായാലുംനാം ആരെയും നിന്ദിക്കുന്നില്ല. നിങ്ങൾ ആരെയെങ്കിലും നിന്ദിച്ചാൽ, ദൈവത്തിൻ്റെ ഒരു ദാസൻ ആയിരിക്കാൻ നിങ്ങൾ യോഗ്യനല്ല. ഏറ്റവും ഹീന പാപിയെ പോലും യേശു നിന്ദിച്ചില്ല. എന്നാൽ ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് ശരിയായ വചനം നമുക്കുണ്ടായിരിക്കേണ്ട ആവശ്യമുണ്ട്. അതാണ് മത്താ. 7:6 സൂചിപ്പിക്കുന്നത്.