WFTW Body: 

'എങ്കിലും എനിക്കു ലാഭമായിരുന്നത് ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍ നിന്നുള്ള എന്റെ സ്വന്ത നീതിയല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്‍കുന്ന നീതി തന്നെ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനേയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയേയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയേയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കണം എന്നുവച്ച് ഞാന്‍ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്നു എണ്ണുന്നു. ലഭിച്ചു കഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നു വച്ച് പിന്തുടരുന്നതേയുള്ളൂ. സഹോദരന്മാരെ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാന്‍ ചെയ്യുന്നു പിമ്പിലുള്ളതു മറന്ന് മുമ്പിലുള്ളതിന് ആഞ്ഞുകൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേയ്ക്ക് ഓടുന്നു' (ഫിലി. 3:7 -14).

ക്രിസ്തീയജീവിതവഴിയില്‍ തുടക്കക്കാരനായ ഒരുവന്റെ ആവേശം നിറഞ്ഞ വാക്കുകളല്ല അപ്പോസ്തലന്‍ എഴുതിയത് എന്ന കാര്യം നാം ആദ്യം തന്നെ ഓര്‍ക്കണം. പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ സഫലമായ ജീവിതത്തിന്റെ അന്ത്യനാളുകളിലെ സാക്ഷ്യമാണിത്. പൗലൊസിന്റെ മാനസാന്തരം നടന്നിട്ടിപ്പോള്‍ മുപ്പത് വര്‍ഷം കഴിഞ്ഞിരുന്നു. ആ വര്‍ഷങ്ങളില്‍ പല സഭകള്‍ സ്ഥാപിക്കുവാന്‍ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു എന്നുമാത്രമല്ല അത്ഭുതങ്ങളാലും അടയാളങ്ങളാലും അദ്ദേഹത്തിന്റെ ശുശ്രൂഷയെ ദൈവം സഹായിക്കുകയും ചെയ്തു. പൗലൊസ് തുടക്കം മുതല്‍ തന്നെ സുവിശേഷത്തിനായി തന്നെത്തന്നെ സമ്പൂര്‍ണ്ണമായി വിട്ടുകൊടുത്തുകൊണ്ട് തുടര്‍ച്ചയായി യാത്ര ചെയ്യുകയും വളരെ കഷ്ടതകള്‍ സഹിക്കുകയും ചെയ്തവനാണ്. തന്റെ കര്‍ത്താവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുക വഴി പാപത്തിന്മാലുള്ള വിജയത്തെ സംബന്ധിച്ച യഥാര്‍ത്ഥ്യം അറിയുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹത്തിനുണ്ടായ പല സന്തോഷകരമായ അനുഭവങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വ്വമായ ഒന്നായിരുന്നു ആത്മീയ സത്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പാടുകള്‍ ലഭിക്കുവാന്‍ തക്കവണ്ണം മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ട അനുഭവം..

ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ മുഴുവന്‍ ഉദ്ദേശ്യവും നിവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് തന്റെ ജീവിതാവസാനം അദ്ദേഹം പ്രസ്താവിക്കുന്നത്. ഇവിടെ ഇതാ എക്കാലത്തേയും മഹാനായ ഒരു ക്രിസ്ത്യാനി തന്റെ ജീവിതാന്ത്യത്തില്‍ പറയുന്നത് താന്‍ തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ മുന്നോട്ട് ആഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്. ഭൂരിപക്ഷം വിശ്വാസികള്‍ക്കും അവരുടെ രക്ഷയുടെ തുടക്കവും അവസാനവും ഒരു വീണ്ടും ജനനവും അന്ത്യന്യായവിധിയില്‍ നിന്നുള്ള രക്ഷയുടെ ഉറപ്പും മാത്രമാണ്. എന്നാല്‍ പൗലൊസ് അപ്പൊസ്‌തോലനും അദ്ദേഹത്തെ പോലെ ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ ആകുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇത് മാത്രമല്ല ലക്ഷ്യം. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ക്രിസ്തു തന്നെ പിടിച്ചിരിക്കുന്നു എന്ന വിശ്വാസമാണ് അദ്ദേഹം മേല്‍പറഞ്ഞ വാക്യങ്ങളില്‍ പ്രഖ്യാപിക്കുന്നത്. അതിനു പകരമായി എന്തുവില കൊടുത്തു താനും അത് മുറുകെ പിടിക്കുമെന്ന് അദ്ദേഹവും തീരുമാനിക്കുന്നു. മാനസാന്തരത്താല്‍ ദൈവം നമ്മെ പിടിക്കുമ്പോള്‍ അത് കേവലം നരകാഗ്നിയില്‍ നിന്നു രക്ഷിച്ചു സ്വര്‍ഗ്ഗത്തിലാക്കുക എന്നതിനും അപ്പുറം ചില ഉദ്ദേശ്യങ്ങളോടു കൂടിയാണെന്നത് മഹത്തായൊരു സത്യമാണ്. അങ്ങനെയെങ്കില്‍ മുപ്പതു വര്‍ഷത്തെ മടുത്തുപോകാത്ത ക്രിസ്തീയ വേലയ്ക്കു ശേഷവും പൗലൊസ് അപ്പൊസ്തനെപ്പോലെ പക്വതയുള്ള ഒരു മനുഷ്യന്‍ താന്‍ ഇനിയും തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ലായെന്നും അതിനായി താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പറയുമ്പോള്‍ ഈ ഉദ്ദേശ്യം എത്ര വലുതായിരിക്കും!

പൗലൊസ് ഈ വേദഭാഗത്ത് ഇങ്ങനെ തുടരുന്നു. ദൈവത്തിന്റെ പരമവിളിയുടെ വിരുത് ലഭിക്കുക എന്ന മഹത്തായ ലക്ഷ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകം മഹത്വകരമെന്നു കരുതുന്ന പലതും ചപ്പും ചവറും ആയി തീരുന്നു. ലോകത്തിലുള്ള സകലതും വിട്ടുകളയുവാന്‍ തക്കവണ്ണം വിലയുള്ളതായി ഇതിനെ കാണുന്നു. ലോകത്തിലുള്ള വസ്തുവകകള്‍ ആഗ്രഹിക്കുകയും അവ മുറുകെ പിടിക്കുകയും അവയ്ക്കു തങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വിശ്വാസികളെ നമുക്കു ചുറ്റും കാണുമ്പോള്‍ അവരുടെ ക്രിസ്ത്യാനിത്വം പൗലോസിന്റെ ക്രിസ്ത്യാനിത്വത്തില്‍ നിന്നും വളരെ അകലെ നില്‍ക്കുന്നതാണെന്നു സമ്മതിക്കുവാന്‍ നാം നിര്‍ബന്ധിതരാകുന്നു. -

നരകാഗ്നിയില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായി രക്ഷയെ കാണുന്നത് ആത്മീയപക്വതയില്ലായ്മയുടെ ഒരടയാളമാണ്. ദൈവം നിത്യതയില്‍ നമുക്കുവേണ്ടി തയ്യാറാക്കിയ വഴിയിലൂടെ ഓരോ ദിവസവും നടക്കേണ്ടതിനു വേണ്ടിയാണ് നമ്മെ രക്ഷിച്ചതെന്ന് നാം ആത്മീയപക്വത പ്രാപിക്കുമ്പോള്‍ തിരിച്ചറിയും (എഫേ. 2:10) ആ വഴിയാണ് പൗലൊസിന്റെ തന്റെ ജീവിതത്തിലെ ദൈവോദ്ദേശ്യമെന്നു വിളിക്കുന്നത്. ദൈവത്തില്‍ നിന്നു ലഭിച്ച കൃപയില്‍ തൃപ്തിപ്പെട്ട് എന്നാല്‍ ദൈവേച്ഛ നിവര്‍ത്തിക്കുവാന്‍ മനസ്സ് വയ്ക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മളെങ്കില്‍ എത്ര വലിയ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ദൈവമുമ്പാകെ വിലയുള്ള എന്തെങ്കിലും നിവര്‍ത്തിച്ച ഒരു ജീവിതമായിക്കുകയില്ല നമ്മുടേത്. തീര്‍ച്ചയായും പിശാചിന്റെ ആദ്യത്തെ ലക്ഷ്യം രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണമുള്ള ദൈവത്തിന്റെ കൃപയെ കാണാത്ത തരത്തില്‍ ആളുകളെ അന്ധരാക്കുക എന്നതു തന്നെയാണ് (2 കൊരി 4:4). എന്നാല്‍ അതില്‍ വിജയിക്കുന്നില്ലെങ്കില്‍ പിന്നെ അവന്റെ അടുത്ത ലക്ഷ്യം ഒരു പുതിയ വിശ്വാസി തന്നെക്കുറിച്ച് ദൈവത്തിനു വളരെ കൃത്യമായ ഒരു പദ്ധതിയുണ്ടെന്ന വസ്തുത കാണാതെവണ്ണം അവനെ അന്ധനാക്കുക എന്നതാണ്. ഒരു വലിയ അളവില്‍ ഈ കാര്യത്തില്‍ അവന്‍ വിജയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളില്‍ പോലും ദൈവയിഷ്ടമെന്താണെന്നു അറിയുവാന്‍ ചെറിയ അളവില്‍ പോലും ശ്രമിക്കാത്ത ആയിരക്കണക്കിനു വിശ്വാസികളിന്നുണ്ട്.

ക്രിസ്തീയജീവിതമെന്നത് തുടര്‍ച്ചയായി മുന്നോട്ട് ആഞ്ഞുകൊണ്ടിരിക്കേണ്ട ഒന്നായിട്ടാണ് ഫിലിപ്യ ലേഖനത്തിലെ ഈ വേദഭാഗത്ത് ചിത്രീകരിച്ചിട്ടുള്ളത്. ലോകത്തില്‍ നേടാവുന്ന ഏതളവിലുള്ള ആത്മീയ പക്വതയും ഈ അടിയന്തര ആവശ്യത്തില്‍ നിന്നു നമ്മെ ഒഴിവാക്കുന്നില്ല. കാരണം പല വിശ്വാസികളും ഇന്ന് ഈ പാഠം അവഗണിക്കുന്നു. ഫലം ഒരു ജീവിതസാക്ഷ്യം ഇല്ലാതിരിക്കുന്നു. കഴിഞ്ഞകാലത്ത് എപ്പോഴോ ഒരു സുവിശേഷയോഗത്തില്‍ കൈയ് ഉയര്‍ത്തിയതൊ, ഒരു കാര്‍ഡ് ഒപ്പിട്ട് നല്‍കിയതിലോ മാത്രമാണ് അവരുടെ രക്ഷയുടെ അനുഭവസാക്ഷ്യം. അത് ആശ്ചര്യകരമായ ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. സദൃശ്യവാക്യങ്ങള്‍ 24:30-34 ല്‍ കാണുന്ന പാഴായിപ്പോയ പൂന്തോട്ടത്തിന്റെ ചിത്രം, രക്ഷയുടെ അനുഭവത്തിനു ശേഷം അന്ധനായിരുന്ന ഒരു മനുഷ്യന്റെ അവസ്ഥ വിശദീകരിക്കുന്നതാണ്. ഒരു പൂന്തോട്ടത്തിനു നിരന്തരം കളപറിക്കുന്നതടക്കമുള്ള പരിചരണങ്ങള്‍ ആവശ്യമാണ്. അതുപോലെ തന്നെയാണ് മനുഷ്യദേഹിയും.

ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമുള്ള അനുഭവങ്ങള്‍ സഭയില്‍ പറയരുതെന്ന ഒരു നിയമം ആദ്യകാല മെത്തഡിസ്റ്റ് യോഗങ്ങളില്‍ വച്ചത് ജോണ്‍ വെസ്ലിയാണെന്ന് തോന്നുന്നു. ഒരുവനു ദൈവവുമായി ഒരു ഇടപെടല്‍ കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ ഉണ്ടായിട്ടില്ലെങ്കില്‍ അയാളെ പിന്മാറ്റക്കാരനായിട്ടാണ് കണക്കാക്കുന്നത്. നമ്മില്‍ എത്ര പേര്‍ക്കു ഇന്ന് ഈ പരീക്ഷ മറികടക്കാന്‍ കഴിയും? അതോ അത്തരത്തിലുള്ള ഒരു യോഗത്തില്‍ നിശബ്ദനായി ഇരിക്കേണ്ടി വരുമോ? പൗലൊസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: 'ഒന്നു ഞാന്‍ ചെയ്യുന്നു പിമ്പിലുള്ളത് മറന്നു മുമ്പിലുള്ളതിന് ആഞ്ഞുകൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുന്നു' (വാക്യം 13,14). ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ മുന്‍ഗണനകളില്‍ ഒന്നാണിത്. ദൈവത്തിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായി മനസ്സിലാക്കി അതിലേക്ക് ആയുക എന്നത് ഒരു ആത്മീയനെ സംബന്ധിച്ച് 'വേണമെങ്കില്‍ ആകാം' എന്ന ഒന്നല്ല. മറിച്ച് അത് എല്ലാ യഥാര്‍ത്ഥ ദൈവപൈതലിന്റെയും സ്വഭാവമായിരിക്കണം. .