"ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ അവർക്ക് ആശ്വാസം ലഭിക്കും" (മത്താ. 5:4). ആശ്വാസം എന്ന വാക്ക് അർത്ഥമാക്കുന്നത് ശക്തരാക്കപ്പെടും എന്നാണ്. കംഫർട്ട് എന്ന വാക്കിന് അതിൻ്റെ മധ്യഭാഗത്ത് 'ഫോ-ർ-ട്ട്' എന്ന ചെറിയ വാക്കുണ്ട്. "ഫോർട്ട്" എന്നത് സൈന്യത്താൽ സംരക്ഷിക്കപ്പെടുന്ന ഒരു വലിയ മേഖലയുടെ ചിത്രമാണ് - ശക്തമാക്കപ്പെട്ട ഒരു കോട്ട. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്ക് ആശ്വാസം ലഭിക്കും". ലോകത്തിലുള്ള ആളുകൾ എല്ലാത്തരത്തിലുള്ള കാര്യങ്ങൾക്കു വേണ്ടിയും കരയുന്നു. മിക്ക ആളുകളും കരയുന്നത് ചില വ്യക്തിപരമായ നഷ്ടങ്ങൾ കാരണമാണ്. ഒന്നുകിൽ അവർക്കു പണം നഷ്ടപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ അവരുടെ പ്രിയപ്പെട്ട ഒരുവൻ, അല്ലെങ്കിൽ അവരുടെ പ്രശസ്തി, അല്ലെങ്കിൽ അവരുടെ അന്തസ്സ്, അവരുടെ സ്ഥാനം, അവരുടെ ജോലി, അല്ലെങ്കിൽ അതുപോലെ ഈ ഭൂമിയിലുള്ള എന്തെങ്കിലും കാര്യങ്ങൾ ഇവയൊക്കെ അവർക്കു നഷ്ടപ്പെട്ടിരിക്കാം. എന്നാൽ യേശു പറയുന്നത് അങ്ങനെയുള്ള കരച്ചിലിനെ കുറിച്ചല്ല. അത് ആരെങ്കിലും എന്നെ ഉപദ്രവിച്ചു എന്ന കാരണത്താലല്ല എൻ്റെ തന്നെ ദുഃഖങ്ങൾക്കു വേണ്ടി കരയുന്നതുമല്ല.
യേശു ഒരിക്കലും തൻ്റെ തന്നെ ദുഃഖങ്ങൾക്കു വേണ്ടി കരഞ്ഞില്ല, എന്നാൽ മറ്റുള്ളവർക്കു വേണ്ടി കരഞ്ഞു. യേശു യെരുശലേമിനു വേണ്ടി കരഞ്ഞു എന്ന് നാം വായിക്കുന്നു (ലൂക്കൊ. 19:41) അതുപോലെ ലാസറിൻ്റെ കല്ലറയ്ക്കലും അവിടുന്ന് കരഞ്ഞത് നാം വായിക്കുന്നു (യോഹ. 11:35), എന്നാൽ ജനങ്ങൾ തന്നോട് പെരുമാറിയ വിധം കണ്ടിട്ടോ, അവർ അവിടുത്തെ പിശാചെന്നു വിളിച്ചതിനോ, തൻ്റെ മേൽ തുപ്പിയതിനോ ഒന്നും അവിടുന്ന് ഒരു തവണപോലും ഒരിക്കലും കരഞ്ഞില്ല. അവിടുന്ന് ഒരിക്കലും അവിടുത്തേക്കു വേണ്ടി കരഞ്ഞില്ല. അതു മാത്രമല്ല, അവിടുന്ന് ക്രൂശെടുത്തുകൊണ്ട് റോഡിലൂടെ നടക്കുമ്പോൾ, തട്ടി കുരിശിലേക്കു വീഴുന്നതു കണ്ടപ്പോൾ ലൂക്കൊ. 23:27 നാം വായിക്കുന്നത് ഒരു വലിയ പുരുഷാരം അവൻ്റെ പിന്നാലെ ചെന്നു എന്നാണ്. തന്നെയുമല്ല തൻ്റെ തലയിൽ ഒരു മുൾക്കിരീടം വച്ചുകൊണ്ട് ക്രൂശും ചുമന്നുകൊണ്ടു പോകുമ്പോൾ അവിടുന്ന് ചാട്ടവാറാൽ അടിക്കപ്പെടുകയും, തൻ്റെ തലയിൽ നിന്നും പുറത്തു നിന്നും രക്തം ഒഴുകുകയും ചെയ്യുന്നതു കണ്ടപ്പോൾ ചില സ്ത്രീകളും വിലവിച്ച് മുറയിട്ടു കൊണ്ട് തൻ്റെ പിന്നാലെ ചെന്നു എന്നാണ്. യേശു തിരിഞ്ഞ് അവരോട് എന്താണ് പറഞ്ഞത് എന്നു നിങ്ങൾക്കറിയാമോ? "യെരൂശലേം പുത്രിമാരെ എന്നെച്ചൊല്ലി കരയുന്നത് നിർത്തുക. ഞാൻ നന്നായിരിക്കുന്നു. എൻ്റെ പുറം കീറി, എൻ്റെ തലയിൽ മുള്ളുകൊണ്ടുള്ള കിരീടമുണ്ട്, ഞാൻ ഒരു ഭാരമുള്ള കുരിശാണു ചുമക്കുന്നത്. ഏതാനും നിമിഷങ്ങൾക്കകം ഞാൻ കൊല്ലപ്പെടാൻ പോകുകയാണ്, എന്നാൽ ഞാൻ തീർത്തും നല്ല അവസ്ഥയിലാണ് കാരണം ഞാൻ ദൈവഹിതത്തിൻ്റെ കേന്ദ്രത്തിലാണ്" (ലൂക്കൊ. 23:28)!
നിങ്ങൾ ഏറ്റവും അധികം കഷ്ടത്തെ അനുഭവിക്കുമ്പോൾ നിങ്ങൾക്ക് ആ മനോഭാവം ഉണ്ടായിരിക്കാൻ കഴിയുമോ? "എന്നെ ചൊല്ലി കരയേണ്ട, ഞാൻ നന്നായിരിക്കുന്നു, നിങ്ങളേയും നിങ്ങളുടെ മക്കളേയും ചൊല്ലി കരയുവിൻ- അവരുടെ ആത്മീയ അവസ്ഥ കാണുക". മേലങ്കിയിൽ പൊതിയപ്പെട്ട് വളരെ പ്രൗഢമായി കാണപ്പെടുന്ന പരീശന്മാരാണവർ. എന്നാൽ അവരുടെ ആത്മീയ അവസ്ഥ നോക്കുക. ക്രിസ്തു മടങ്ങി വരുന്ന നാളിൽ അവർ മലകളോട് "ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോട് ഞങ്ങളെ മൂടുവിൻ" (ലൂക്കൊ. 23:30) എന്നും പറയുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത്? അതാണ് യേശുവിൻ്റെ മനോഭാവം. പാട്ടിൽ പറയുന്നതുപോലെ സ്വന്ത ദുഃഖങ്ങൾക്ക് അവിടുത്തേക്ക് കണ്ണുനീരൊന്നും ഇല്ലായിരുന്നു, എന്നാൽ എൻ്റെ ദുഃഖങ്ങൾക്കു വേണ്ടി അവിടുത്തേക്ക് രക്ത തുള്ളികൾ ഉണ്ടായിരുന്നു.
യേശുവിൻ്റെ യഥാർത്ഥ ശിഷ്യൻ കരയുന്നത് താൻ യേശുവിനെ പോലെ അല്ല എന്നതിനാലാണ്; അയാൾ പാപം ചെയ്ത് വീണു പോകുന്ന കാരണത്താലാണ്. ആളുകൾ അവനോട് ഇടപെടുന്ന വിധം ഓർത്ത് അവൻ കരയാറില്ല. ക്രിസ്തുവിനുവേണ്ടി അപമാനിക്കപ്പെടുന്നത് തൻ്റെ നിയോഗമാണെന്ന് അവൻ വിശ്വസിക്കുന്നു എന്നാൽ പാപം മൂലമോ അല്ലെങ്കിൽ പരാജയം മൂലമോ അവൻ കർത്താവിനെ അപമാനിക്കുമ്പോഴെല്ലാം അവൻ കരയുന്നു. അവൻ ആത്മീയമായി കുറച്ചുകൂടി ഉയർന്ന നിലവാരത്തിലേക്കു പോകുമ്പോൾ, യേശു യെരുശലേമിനു വേണ്ടി കരഞ്ഞതുപോലെ മറ്റുള്ളവരുടെ പാപങ്ങൾക്കു വേണ്ടിയും, മറ്റുള്ളവരുടെ പരാജയങ്ങൾക്കു വേണ്ടിയും അയാൾ കരയുന്നു. ഈ കരച്ചിലിനെ കുറിച്ചാണ് യേശു സംസാരിച്ചത്. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ശക്തരാക്കപ്പെടും". ഒരുപക്ഷേ നമ്മിൽ ചിലർ ശക്തരാക്കപ്പെടാത്തതിൻ്റെ കാരണം നമ്മൾ നമ്മുടെ പാപത്തിനു വേണ്ടി ദുഃഖിക്കുന്നില്ല എന്നതാണ്.
മറ്റുള്ളവരുടെ പാപങ്ങൾക്കു വേണ്ടി ദുഃഖിക്കുക (കരയുക) എന്നത് ഇതിനെല്ലാം അപ്പുറം പോകേണ്ടതായ കുറച്ചുകൂടി ഉന്നതമായ നിലയാണ്. അപ്പൊസ്തലനായ പൗലൊസ് കൂടുതൽ ഉന്നതമായ ആ നിലയിൽ എത്തിച്ചേർന്നിട്ടുണ്ട്. പരിതാപകരമാം വിധം പരാജയപ്പെട്ട കൊരിന്ത്യരോട് അദ്ദേഹം ഇങ്ങനെ പറയുന്നു, "ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുമ്പോൾ, എൻ്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുമോ എന്നു ഞാൻ ഭയപ്പെടുന്നു" (2 കൊരി. 12:21). ദൈവം എന്തിനാണ് പൗലൊസിനെ താഴ്ത്തുന്നത്? അദ്ദേഹം അത്തരമൊരു നേരുള്ള ജീവിതമാണ് ജീവിച്ചിട്ടുള്ളത്, തനിക്കെതിരെയുള്ള ഒരു പാപത്തെക്കുറിച്ചും അവനു ബോധമില്ലാത്തവനുമാണ്. എന്നാൽ അദ്ദേഹം പറയുന്നു, "കഴിഞ്ഞ നാളുകളിൽ പാപം ചെയ്തിട്ട് തങ്ങൾ പ്രവർത്തിച്ച അശുദ്ധി,ദുർന്നടപ്പ്,ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടാത്ത പലരെയും കുറിച്ച് ഞാൻ ദുഃഖിക്കും". അവരുടെ സഭയിൽ തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ അദ്ദേഹം നിരത്തുന്നു (വാക്യം 20): അസൂയ,കോപം,പിണക്കം,ഈർഷ്യ, ക്രോധം,ശാഠ്യം,ഏഷണി,കുശുകുശുപ്പ്,നിഗളം,കലഹം മുതലായവ. ദൈവത്തിൻ്റെ ജനമെന്ന് സ്വയം വിളിച്ചിരുന്ന ആ ആളുകളുടെ ഇടയിലുള്ള എല്ലാ പാപങ്ങളെയും കുറിച്ച് ചിന്തിച്ചപ്പോൾ,അദ്ദേഹം കരഞ്ഞു, കാരണം അദ്ദേഹം അവരുടെ ആത്മീയ പിതാവായിരുന്നു.അത് ഈ ഭൂമിയിലെ ഒരു പിതാവ് തൻ്റെ മകന് ഒരു മഹാ രോഗമുണ്ടായാൽ എങ്ങനെ കരയുമോ അതുപോലെ തന്നെയാണ്.ആ പിതാവ് ആത്മീയ മനസ്സുള്ളവനാണെങ്കിൽ,തന്റെ മകൻ വഴിതെറ്റി മയക്കുമരുന്നിലേക്കും ദുഷിച്ച ശീലങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുമ്പോൾ,അയാൾ വളരെ അധികം ദുഃഖിക്കും.
പൗലൊസ് കൊരിന്ത്യർക്ക് ഒരു ആത്മീയ പിതാവായിരുന്നു, അതുപോലെ ഓരോ യഥാർത്ഥ ക്രിസ്തീയ ഇടയനും അല്ലെങ്കിൽ പാസ്റ്ററും തന്റെ കൂട്ടത്തിന് ഒരു ആത്മീയ പിതാവായിരിക്കണം. ഒരു ആത്മീയ പിതാവിൻ്റെ അടയാളം അയാൾ തൻ്റെ കൂട്ടത്തെ കേവലം വിമർശിക്കുക മാത്രം ചെയ്യുന്നില്ല, എന്നാൽ പൗലൊസ് കൊരിന്ത്യരെ ചൊല്ലി കരഞ്ഞതുപോലെ അയാൾ അവർക്കു വേണ്ടി കരയുകയും ചെയ്യും എന്നതാണ്.അങ്ങനെയുള്ള ഒരുവൻ മാത്രമാണ് ഒരു ആത്മീയ നേതാവായിരിക്കുവാൻ യോഗ്യനാകുന്നത്. യെശയ്യാവ് 49:10 ൽ ഇങ്ങനെ പറയുന്നു (യെശ.49 ആത്മീയ നേതൃത്വത്തെക്കുറിച്ച് പറയുന്ന ഒരു വലിയ അധ്യായമാണ്) "ജനത്തോട് കരുണയുള്ളവൻ (മനസ്സലിവുള്ളവൻ)അവരെ നയിക്കും".
ഒരു ആത്മീയ നേതാവായിരിക്കുവാൻ യോഗ്യൻ ആരാണ് ? അത് ജനത്തോട് മനസ്സലിവുള്ളവനാണ്.അതുകൊണ്ട് മത്താ. 5:4ൽ പറയുന്ന "ദുഃഖം" സൂചിപ്പിക്കുന്നത് തനിക്കുവേണ്ടി, തൻ്റെ സ്വന്തം പാപങ്ങൾക്കുവേണ്ടി, ക്രിസ്തുവിനോട് അനുരൂപമല്ലാത്ത തൻ്റെ പെരുമാറ്റങ്ങളോർത്ത് ദുഃഖിക്കുന്നതും കൂടാതെ മറ്റുള്ളവർക്കു വേണ്ടി ദുഃഖിക്കുന്നതുമാണ്. നാം അതു ചെയ്താൽ നാം ശക്തരാക്കപ്പെടും,തന്നെയുമല്ല നാം ആ മാർഗത്തിലൂടെ പോയാൽ മറ്റുള്ളവരെ ശക്തിപ്പെടുത്താൻ കഴിവുള്ളവരാകാനുള്ള ശക്തിയും നാം കണ്ടെത്തും.