"കരുണയുള്ളവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർക്കു കരുണ ലഭിക്കും" (മത്താ. 5:7). യേശു ഇപ്രകാരം പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ, ഞങ്ങൾ മറ്റുള്ളവരോട് ഞങ്ങൾക്കെതിരായുള്ള പാപങ്ങൾ ക്ഷമിക്കുന്നതുപോലെ തന്നെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ". ആ പ്രാർത്ഥന എന്താണ് അർത്ഥമാക്കുന്നത്? എനിക്കെതിരായുള്ള ആരുടെയെങ്കിലും പാപം ഞാൻ അവരോടു ക്ഷമിക്കുന്നില്ലെങ്കിൽ, കർത്താവ് എന്നോട് ക്ഷമിക്കുകയില്ല എന്നാണ് അത് അർത്ഥമാക്കുന്നത്. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്, "കർത്താവേ ഞാൻ ഈ വ്യക്തിയോട് ക്ഷമിച്ച അതേ വിധത്തിൽ തന്നെ എന്നോട് ക്ഷമിക്കേണമേ"എന്നാണ്. എന്നാൽ ഞാൻ മറ്റേയാളിനോടു ക്ഷമിക്കുന്നില്ലെങ്കിൽ,എന്നോട് ക്ഷമിക്കരുതേ എന്നാണ് ഞാൻ യഥാർത്ഥത്തിൽ കർത്താവിനോട് അപേക്ഷിക്കുന്നത്.
നിങ്ങൾ കർത്താവിൻ്റെ പ്രാർത്ഥന പ്രാർത്ഥിക്കുമ്പോൾ, നിങ്ങൾ മറ്റുള്ളവരോടു ക്ഷമിച്ച അതേ രീതിയിൽ കൃത്യമായി നിങ്ങളോട് ക്ഷമിക്കാനാണ് നിങ്ങൾ ദൈവത്തോട് ചോദിക്കുന്നതെന്നു നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നിങ്ങൾ മറ്റൊരാളിനോട് ക്ഷമിക്കാൻ കൂട്ടാക്കാതെയിരിക്കുമ്പോൾ, നിങ്ങൾ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്, "ഞാൻ ഈ വ്യക്തിയോട് ക്ഷമിച്ചതുപോലെ തന്നെ എന്നോട് ക്ഷമിക്കേണമേ; ഞാൻ ഇയാളോട് ക്ഷമിക്കാത്തതുകൊണ്ട്, അവിടുന്ന് എന്നോട് ക്ഷമിക്കരുതേ". അല്ലെങ്കിൽ, "ഞാൻ അയാളോടു ക്ഷമിച്ചിരിക്കുന്നു എന്നാൽ അയാൾ എന്നോട് ചെയ്തതിന് എനിക്ക് അയാളോട് കടുത്ത ഒരു വിരോധം ഉണ്ട്, അതുകൊണ്ട് കർത്താവേ, അവിടുന്ന് എന്നോട് ക്ഷമിക്കുമ്പോൾ, അവിടുന്നും എന്നോടുള്ള വിരോധം വെച്ചുകൊണ്ടിരിക്കേണമേ".
ആളുകൾ നമ്മെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുകയോ അല്ലെങ്കിൽ വ്രണപ്പെടുത്തുകയോ ചെയ്യുമ്പോഴെല്ലാം, നമ്മുടെ മനസ്സിൽ ഉയർന്നു വരാറുള്ള പരസ്പരവിരുദ്ധമായ രണ്ട് ചിന്തകളുണ്ട്. ഒന്ന് കരുണയുടെ ഒരു ചിന്ത മറ്റേത് ന്യായവിധിയുടെ ഒരു ചിന്ത. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നത് ക്ഷമിക്കുവാനും കരുണ കാണിക്കാനുമാണ്, എന്നാൽ അയാളോട് കഠിനമായി പെരുമാറാനും ദൈവം അവനെ ന്യായം വിധിക്കണമെന്ന് പ്രാർത്ഥിക്കാനും ആണ് നമ്മുടെ ജഡം നമ്മോട് പറയുന്നത്. എന്നാൽ യാക്കോബ് 2:13 ൽ ഇപ്രകാരം പറയുന്നു, "മറ്റുള്ളവരോടു കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും". ഞാൻ ആരോടെങ്കിലും കരുണയില്ലാത്തവനാണെങ്കിൽ,ദൈവം എന്നോട് കരുണ ഇല്ലാത്തവനായിരിക്കും. അതു തന്നെയല്ല ന്യായവിധി നാളിൽ, മറ്റുള്ളവരോടു ക്ഷമിക്കാത്ത വിശ്വാസികളുടെ മേൽ വളരെ ഘനമുള്ള ഒരു ന്യായവിധി ദൈവം ചുമത്തുമ്പോൾ നമുക്ക് ഒരു വലിയ സംഭ്രമം ഉണ്ടാകാൻ പോകുകയാണ് - അവർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല.
യാക്കോബ് 2:13 ഇപ്രകാരം തുടർന്നു പറയുന്നു, "കരുണ ന്യായവിധിയെ ജയിച്ച് പ്രശംസിക്കണം". അതർത്ഥമാക്കുന്നത് എൻ്റെ ഹൃദയത്തിൽ ചിലരെ വിധിക്കുന്നതിനും അവരോട് കരുണയുള്ളവനാകുന്നതിനും തമ്മിൽ ഒരു സംഘട്ടനം ഉണ്ടാകുമ്പോൾ, അവിടെ കരുണ വിജയിക്കട്ടെ, കുറ്റംവിധിയല്ല. അതാണ് ഒരു ദൈവ പുരുഷൻ്റെ ലക്ഷണം. കരുണ ന്യായവിധിയുടെ മേൽ വിജയിക്കുന്നു.
റോമർ 12:19 ഇപ്രകാരം പറയുന്നു, "ഒരിക്കലും നിങ്ങൾ തന്നെ പ്രതികാരം ചെയ്യരുത്"കാരണം അത് ദൈവത്തിൻ്റെ ജോലിയാണ്: ദൈവം ഇപ്രകാരം പറയുന്നു, "പ്രതികാരം എൻ്റെ ജോലിയാണ്. അതു നിങ്ങളുടെ ജോലിയല്ല". "പ്രതികാരം എനിക്കുള്ളത് ഞാൻ പകരം ചെയ്യും" എന്ന് കർത്താവ് അരുളി ചെയ്യുന്നു. അതുകൊണ്ട് നിൻ്റെ ശത്രുവിന് വിശക്കുന്നുവെങ്കിൽ അവനു തിന്നുവാൻ കൊടുക്കുക. നാം പ്രതികാരം ചെയ്യരുത്. നാം കരുണയുള്ളവരായി മറ്റുള്ളവർക്കു നന്മ ചെയ്യുവാൻ നമുക്ക് കഴിയുന്നിടങ്ങളിലെല്ലാം നന്മ ചെയ്യുന്ന കാര്യം അന്വേഷിക്കുക. നാം മറ്റുള്ളവരോട് ക്ഷമിക്കുന്നില്ലെങ്കിൽ, ദൈവം നമ്മോടു ക്ഷമിക്കുകയില്ല എന്ന് ന്യായവിധി നാളിൽ നാം കണ്ടെത്തും.ഇതേ നിർദ്ദേശം യേശു വീണ്ടും കർതൃപ്രാർത്ഥനയിൽ ആവർത്തിക്കുന്നു.
"നിങ്ങൾ മറ്റുള്ളവരോട് ക്ഷമിക്കുന്നില്ലെങ്കിൽ, അപ്പോൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല" (മത്താ. 6:15). "നിങ്ങളുടെ സ്വർഗീയ പിതാവ്" എന്നത് സൂചിപ്പിക്കുന്നത് അവിടുന്ന് നേരത്തെ തന്നെ നിങ്ങളുടെ പിതാവാണ് നിങ്ങൾ ദൈവത്തിൻ്റെ ഒരു കുഞ്ഞും ആണ്. "ദൈവം നിങ്ങളോട് ക്ഷമിക്കുകയില്ല" എന്ന് അവിടുന്ന് പറഞ്ഞില്ല. അവിടുന്ന് "ദൈവം" എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അപ്പോൾ ഈ വാക്യം അവിശ്വാസികളെയാണ് പരാമർശിച്ചിരിക്കുന്നതെന്ന് നമുക്കു പറയാൻ കഴിയുമായിരുന്നു. എന്നാൽ മത്തായി 6:15 ൽ "നിങ്ങളുടെ പിതാവ്" എന്നാണു പറയുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ദൈവം അവിശ്വാസികളുടെ പിതാവാണോ? അല്ല! നിങ്ങൾ വീണ്ടും ജനിക്കപ്പെട്ട ഒരു ദൈവ പൈതലാണെങ്കിൽ, അപ്പോൾ ദൈവം നിങ്ങളുടെ പിതാവാണ്. അവിടെ പറയുന്നു "നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല". എന്തുകൊണ്ട്? കാരണം നിങ്ങൾ മറ്റു ചിലരോട് ക്ഷമിച്ചില്ല.
നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കപ്പെട്ടില്ലെങ്കിൽ, ദൈവരാജ്യത്തിൽ കടക്കാൻ കഴിയുമെന്ന് നിങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നത്? നിങ്ങൾ മരിച്ചു കഴിഞ്ഞ് അവ ക്ഷമിക്കപ്പെടും എന്ന് നിങ്ങൾ കരുതുന്നോ? നാം മരിച്ചു കഴിഞ്ഞ് രണ്ടാമതൊരവസരം ഉണ്ടോ? ആരോടെങ്കിലും ക്ഷമിക്കാതെ നിങ്ങൾ മരിച്ചാൽ, നിത്യതയിൽ നിങ്ങളുടെ വിധി എന്താകും? നിങ്ങൾ നരകത്തിൽ പോകും എന്നതിന് എൻ്റെ മനസ്സിൽ എനിക്കൊരു സംശയവുമില്ല, കാരണം ഭൂമിയിൽ വച്ച് ക്ഷമിക്കപ്പെടാത്ത തങ്ങളുടെ പാപങ്ങളുമായി ആർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയില്ല. നാം മരിച്ചു കഴിഞ്ഞ് പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ ഒരു അവസരവും ഇല്ല. അവ ഇപ്പോൾ തന്നെ ക്ഷമിക്കപ്പെടണം, അതുകൊണ്ടാണ് മറ്റുള്ളവരോടു കരുണയുള്ളവരായിരിക്കുന്ന കാര്യം വളരെ പ്രാധാന്യമുള്ളത്. അത് മറ്റുള്ളവർക്ക് നിങ്ങൾ ചെയ്യുന്ന ഒരു ദയയുള്ള പ്രവൃത്തിയല്ല. വാസ്തവത്തിൽ അത് നിങ്ങളോട് തന്നെ ചെയ്യുന്ന ഒരു ദയയുള്ള പ്രവൃത്തിയാണ്, കാരണം ദൈവം നിങ്ങളോടു കരുണയുള്ളവനായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.