ലേഖകൻ :   സാക് പുന്നൻ
WFTW Body: 

യോസേഫ്:

മത്തായി 1:19 ൽ നാം വായിക്കുന്നത് മറിയ ഗർഭിണിയാണെന്ന് യോസേഫ് കേട്ടപ്പോൾ, ഇത് അവളുടെ ഗർഭത്തിൽ ദൈവത്തിൻ്റെ അമാനുഷ പ്രവൃത്തിയാണെന്നറിയാതെ , അവിടെ ഇപ്രകാരം പറയുന്നു, അവൻ നീതിമാനാകയാൽ, അവൾക്കു ലോകാപവാദം വരുത്തുവാൻ അവൻ ആഗ്രഹിച്ചില്ല എന്നാൽ അവളുടെ പാപം എന്ന് അവൻ കരുതിയ കാര്യത്തെ മറയ്ക്കുവാൻ അവൻ ആഗ്രഹിച്ചു എന്നാണ്.

ഇവിടെ നീതിയെ കുറിച്ച് നമുക്കെല്ലാം പഠിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നീതിമാനല്ലാത്ത ഒരു മനുഷ്യന് എങ്ങനെ നീതിമാനായി തീരാൻ കഴിയും എന്നതാണ് സുവിശേഷത്തിൻ്റെ സർവ്വ പ്രധാനമായ സന്ദേശം. പുതിയ നിയമത്തിൽ നീതിമാൻ എന്നു വിളിക്കപ്പെടുന്ന ആദ്യ വ്യക്തി യോസേഫ് ആണ്. തന്നെയുമല്ല മറ്റൊരാളിൻ്റെ പാപത്തെ മറച്ച് അയാളെ അപമാനിക്കാതെ ഇരിക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് അവൻ്റെ നീതിയെ കുറിച്ചു പറഞ്ഞിരിക്കുന്നത്. ഇതാണ് ഒരു യഥാർത്ഥ നീതിമാൻ്റെ ആത്മാവ്.

ആരെങ്കിലും പാപം ചെയ്തു എന്നു നിങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ പെട്ടെന്നുള്ള പ്രതികരണം എന്താണ്? നിങ്ങൾ ഒരു നീതിമാനാണെങ്കിൽ ,അതു മറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കും . നിങ്ങൾ. ഒരു നീതിമാനല്ലെങ്കിൽ, മറ്റുള്ളവരോട് നിങ്ങൾ അതിനെ കുറിച്ചു സംസാരിക്കും. അവിടെ നാം കാണുന്നത്, പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടില്ലാതിരുന്നവനും പുതിയ ഉടമ്പടിയുടെ കീഴിലല്ലാതിരുന്നവനുമായ യോസേഫ് , വീണ്ടും ജനിച്ചവരെന്ന് അവകാശപ്പെടുന്ന ലക്ഷക്കണക്കിനു വിശ്വാസികളെക്കാൾ അധികം നീതിയുള്ളവനായിരുന്നു എന്നാണ്. പഴയ ഉടമ്പടിയുടെ നിലവാരങ്ങൾ കൊണ്ടു തന്നെ, പാപം എന്ന് അവൻ കരുതിയ കാര്യത്തെ മറയ്ക്കുവാൻ യോസേഫ് തീരുമാനിച്ചു. അവൻ ഒരിക്കലും മറിയയ്ക്ക് മാനഹാനി ഉണ്ടാക്കിയില്ല എന്നതിൽ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. കാരണം, അവൻ അതു ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ - അവൾ 100 % നിർമ്മലയും നിഷ്കളങ്കയുമാണെന്ന സത്യം കണ്ടെത്തുമ്പോൾ അവനുണ്ടാകാമായിരുന്ന ദുഃഖവും പശ്ചാത്താപവും നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ?

ഈ കാര്യങ്ങൾ നമ്മുടെ ബോധനത്തിനായി എഴുതപ്പെട്ടിട്ടുള്ളവയാണ് .മറ്റുള്ളവരെ കുറിച്ച് നിങ്ങൾ പ്രചരിപ്പിച്ചിട്ടുള്ള കഥകൾ, പിന്നീട് അവ തെറ്റായിരുന്നു എന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ ,നിങ്ങൾക്ക് എങ്ങനെ അവയെ തിരിച്ചെടുക്കാൻ കഴിയും? കാരണം നിങ്ങൾ ആരോടു പറഞ്ഞോ അയാൾ മറ്റു പത്തു പേരോടും അവർ വീണ്ടും അനേകരോടും പറഞ്ഞിട്ടുണ്ടാകാം. അതു കൊണ്ട് ഇവിടെ ഒരു മുന്നറിയിപ്പും പുതിയ നിയമത്തിൻ്റെ ഒന്നാമത്തെ അദ്ധ്യായത്തിൽ തന്നെ നമുക്ക് ഒരു മാതൃകയും ഉണ്ട്. മറ്റുള്ളവരുടെ പാപങ്ങളെ മറയ്ക്കുക. യോസേഫിൻ്റെ മാതൃകയിൽ നിന്നു പഠിക്കുക.

ശേമും യാഫേത്തും:

ഉൽപ്പത്തി 9:20-27 വരെയുള്ള വാക്യങ്ങളിൽ ,ഒരു ദിവസം നോഹ വീഞ്ഞു കുടിച്ച് ലഹരിപിടിച്ച് തൻ്റെ കൂടാരത്തിൽ നഗ്നനായി കിടന്നതായി നാം വായിക്കുന്നു. അദ്ദേഹത്തിൻ്റെ മകൻ ഹാം അതു കണ്ടിട്ട് അവൻ്റെ സഹോദരന്മാരെ അറിയിച്ചു. ഹാം തൻ്റെ പിതാവിനെ അങ്ങനെ അപമാനിച്ചതുകൊണ്ട്, ഒരു ശാപം അവൻ്റെ മേൽ വന്നു. എങ്കിലും ശേമും യാഫേത്തും പുറം തിരിഞ്ഞു നടന്നു ചെന്ന് തങ്ങളുടെ പിതാവിൻ്റെ നഗ്നത മറച്ചു. അതുകൊണ്ട് അവർ അനുഗ്രഹിക്കപ്പെട്ടു. ഇവിടെ നമുക്ക് ഒരു പ്രധാന സന്ദേശമുണ്ട്. തൻ്റെ പിതാവിനെ അപമാനിച്ചതിന് ഒരു മകനെയും അവൻ്റെ സന്തതിയേയും ദൈവം ശിക്ഷിക്കുന്നതിനെ കുറിച്ച് തിരുവചനത്തിൽ വായിക്കുന്ന ആദ്യ ഇടം ഇതാണ്.

നാം അധികാരത്തെ അനാദരിക്കുന്നത് ദൈവ മുമ്പാകെ ഗൗരവമുള്ള ഒരു സംഗതിയാണ്. നിങ്ങളുടെ പിതാവിലോ, അല്ലെങ്കിൽ ഒരു ദൈവ പുരുഷനിലോ ഒരു ബലഹീനത നിങ്ങൾ കാണുമ്പോൾ, നിങ്ങളുടെ മേൽ ഒരു ശാപം വരാതിരിക്കണമെങ്കിൽ ,അദ്ദേഹത്തിൻ്റെ നഗ്നത, ഹാം ചെയ്തത് പോലെ , മറ്റുള്ളവർക്ക് വെളിപ്പെടുത്തരുത്. ശേമിനെയും യാഫേത്തിനെയും പോലെ അതിനെ മറയ്ക്കുക ." സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു " ( 1 പത്രൊസ് 4:8 ; സദൃശവാക്യങ്ങൾ 10:12 ).

ശേമിനെയും യാഫേത്തിനെയും കൂട്ടായ്മയുടെ അനുഗ്രഹം കൊണ്ട് നോഹ അനുഗ്രഹിച്ചു പറഞ്ഞു " ദൈവം യാഫേത്തിനെ വർദ്ധിപ്പിക്കട്ടെ, അവർ ശേമിൻ്റെ കൂടാരത്തിൽ വസിക്കട്ടെ" ( ഉൽപ്പത്തി 9:27). ഒരുമിച്ചു പാർത്ത് അന്യോനം പാപങ്ങളെ മറയ്ക്കുന്നവരുടെ കൂടെ നാമും കൂട്ടായ്മ ബന്ധം പണിയണം. അങ്ങനെയുള്ള വിശ്വാസികൾക്കു മാത്രമേ യേശു ക്രിസ്തുവിൻ്റെ സഭ പണിയാൻ കഴിയൂ.