WFTW Body: 

ഓരോ ദിവസവും ദൈവത്തെ കേൾക്കുവാൻ സമയമെടുക്കുക.

വേദപുസ്തകത്തിൻ്റെ ഏറ്റവും ഒന്നാമത്തെ താളിൽ കൂടെക്കൂടെ വരുന്ന ഒരു പദപ്രയോഗമാണ് ഇത്: "അനന്തരം ദൈവം അരുളി ചെയ്തു".

പാഴും ശൂന്യവുമായ ഭൂമിയെ പുനർനിർമ്മിച്ചപ്പോൾ,ആദ്യത്തെ ആറു ദിനങ്ങളിൽ ഓരോ ദിവസവും ദൈവം ചില കാര്യങ്ങൾ പറഞ്ഞു. ദൈവം സംസാരിച്ച ഓരോ സമയവും, ഭൂമി കുറച്ചു കൂടി നല്ല സ്ഥലമായി തീർന്നു.

അതു കൊണ്ട്, ബൈബിളിൻ്റെ ആദ്യത്തെ താളിൽ തന്നെ നാം വളരെ പ്രധാനപ്പെട്ട ഒരു സത്യം പഠിക്കുന്നു - ഓരോ ദിവസവും ദൈവത്തിനു പറയാനുള്ളതെന്താണെന്നു നാം കേൾക്കണം. അങ്ങനെ ഓരോ ദിവസവും ദൈവം പറയുന്നതിനു നാം വിധേയപ്പെട്ടു കൊടുത്താൽ, നാം കുറേക്കൂടി നല്ലതും കൂടുതൽ പ്രയോജനമുള്ളതുമായ ക്രിസ്ത്യാനികളായി രൂപാന്തരപ്പെടും.

ദൈവത്തിനു നമ്മോടു പറയാനുള്ളതു കേൾക്കുന്നതും കേവലം ബൈബിൾ വായിക്കുന്നതും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. ദിനംപ്രതി തങ്ങളുടെ വേദപുസ്തകങ്ങൾ പഠിച്ച ആളുകളാണ് കർത്താവിനെ ക്രൂശിച്ചത് എന്നോർക്കുക. അവർ തങ്ങളുടെ വേദപുസ്തകങ്ങൾ പഠിച്ചു എന്നാൽ അവർ ഒരിക്കലും ദൈവം തങ്ങളുടെ ഹൃദയങ്ങളോടു സംസാരിക്കുന്നതു കേട്ടില്ല (അപ്പൊ. പ്ര. 13:27) കാണുക. നാം നേരിടുന്ന അപകടവും അതു തന്നെയാണ്. അപ്പോൾ, അവർ ആയിരുന്നതു പോലെ നമുക്കും അന്ധന്മാരായിരിക്കാൻ കഴിയും.

ഓരോ ദിവസവും നമ്മോടു സംസാരിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്നു കൂടി ഉൽപ്പത്തി 1 നമ്മെ പഠിപ്പിക്കുന്നു.

എന്നാൽ അധികം ക്രിസ്ത്യാനികളും എല്ലാ ദിവസവും ദൈവത്തെ കേൾക്കുന്നില്ല. അവർ മനുഷ്യരുടെ എഴുത്തുകൾ വായിക്കുക മാത്രം ചെയ്യുന്നു!

ഉൽപ്പത്തി 1 ൽ നാം വായിക്കുന്നത് ദൈവം സംസാരിച്ചപ്പോഴെല്ലാം അമാനുഷികമായ കാര്യങ്ങൾ സംഭവിച്ചു എന്നാണ്. നമ്മുടെ ശുശ്രൂഷയിലും അങ്ങനെയായിരിക്കാൻ കഴിയും, ദൈവം ആദ്യം നമ്മുടെ തന്നെ ഹൃദയങ്ങളോടു സംസാരിച്ചിരിക്കുന്നത് നാം പ്രസംഗിക്കുമെങ്കിൽ.

പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞത്, അവന് തന്നെത്തന്നെയും മറ്റുള്ളവരെയും രക്ഷിക്കണമെങ്കിൽ, അവൻ്റെ ഉപദേശത്തെ സൂക്ഷിക്കുന്നതിനു മുമ്പ് ആദ്യം അവൻ തൻ്റെ സ്വന്ത ജീവിതത്തെ സൂക്ഷിക്കണമെന്നാണ് (1 തിമൊ 4:16). ആത്മവഞ്ചനയിൽ നിന്നു രക്ഷപ്പെടാനുള്ള ഒരേ ഒരു വഴി ദൈവത്തിനു നമ്മോടു പറയാനുള്ളതെന്തെന്നു കേൾക്കുക എന്നതാണ്.

തൻ്റെ പാദത്തിങ്കൽ ഇരുന്ന് അവിടുന്നു സംസാരിച്ചതു ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന മറിയയെപ്പോലെ ആകുന്നതിനു പകരം, വളരെയധികം മറ്റു പ്രവൃത്തികളിൽ തിരക്കിട്ട് വ്യാപൃതയായിരുന്ന മാർത്തയെ കർത്താവ് ഒരു പ്രാവശ്യം ശാസിച്ചു. മറിയ ചെയ്തതാണ് ജീവിതത്തിൽ അത്യാവശ്യമായ ഒരേ ഒരു കാര്യം എന്നു നമ്മുടെ കർത്താവ് തുടർന്നു പറഞ്ഞു (ലൂക്കോ. 10:42). "യഹോവേ അരുളിച്ചെയ്യണമേ, അവിടുത്തെ ദാസൻ കേൾക്കുന്നു" എന്നു പറഞ്ഞ ശമുവേലിനുണ്ടായിരുന്ന മനോഭാവം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണം.

ബൈബിളിൻ്റെ ഏറ്റവും ആദ്യത്തെ താളിൽ നാം എന്തു കണ്ടു? ദൈവം സംസാരിച്ചപ്പോഴൊക്കെ, ചില കാര്യങ്ങൾ ഉടനെ തന്നെ നിർവ്വഹിക്കപ്പെട്ടു: വെളിച്ചം ഉണ്ടായി, വെള്ളങ്ങളിൽ നിന്നു ഭൂമി മുകലേക്കു പൊങ്ങി വന്നു, വൃക്ഷങ്ങൾ, മത്സ്യം, മൃഗങ്ങൾ ഇവ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ.

യെശയ്യാവ് 55:10, 11 വാക്യങ്ങൾ നമ്മോടു പറയുന്നത് ദൈവത്തിൻ്റെ വായിൽ നിന്നു പുറപ്പെടുന്ന വചനം, ദൈവം ആഗ്രഹിക്കുന്നതു നിവർത്തിക്കാതെയും അത് എന്തുദ്ദേശ്യത്തോടെയാണോ സംസാരിക്കപ്പെട്ടത് ആ കാര്യം സാധിക്കാതെയും വെറുതെ മടങ്ങി വരികയില്ല.

ലോകത്തിലുള്ള എല്ലാവരാലും വളരെ ഉന്നതമായി വിലമതിക്കപ്പെടുന്ന രണ്ടു വാക്കുകൾ ഈ വാക്യങ്ങളിൽ ഉള്ളതു ശ്രദ്ധിക്കുക - "നേട്ടവും" "വിജയവും".

നമ്മുടെ ജീവിതങ്ങളിൽ നാം എല്ലാവരും ഏതെങ്കിലും കാര്യങ്ങൾ നേടുവാൻ ആഗ്രഹിക്കുന്നു, നാം എല്ലാവരും വിജയിക്കുവാനും ആഗ്രഹിക്കുന്നു. എന്നാൽ ജീവിതം വേഗം തീരുന്നതാണ് അതുകൊണ്ട് നമുക്ക് വിജയത്തിനും നേട്ടത്തിനുമായി വ്യത്യസ്ത മാർഗ്ഗങ്ങൾ പരീക്ഷിക്കാനുള്ള സമയമില്ല - ആത്മീയ കാര്യങ്ങളിൽ തീർച്ചയായും. കർത്താവിൻ്റെ വേല ചെയ്യുന്നതിനുള്ള ചില സമ്പ്രദായങ്ങൾ നാം ശ്രമിച്ചു നോക്കിയിട്ട് 20 വർഷങ്ങൾ കഴിഞ്ഞ് അതു കാര്യങ്ങൾ ചെയ്യുന്നതിനുള്ള ദൈവത്തിൻ്റെ വഴി ആയിരുന്നില്ല എന്നും നാം തെറ്റായ വഴിയിലായിരുന്നു എന്നും കണ്ടെത്തുവാൻ ഇടയാകരുത്! അത്തരം എല്ലാ പാഴ് വേലകളിൽ നിന്നും നമുക്കു രക്ഷിക്കപ്പെടാൻ കഴിയും, ദൈവം സംസാരിക്കുന്ന വാക്കു നാം ശ്രദ്ധിച്ചു കേൾക്കുമെങ്കിൽ. അതെപ്പോഴും വിജയവും നേട്ടവും കൊണ്ടുവരും.