ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   നേതാവ്‌
WFTW Body: 

നെഹമ്യാവ്‌ 1:1-3ല്‍ നാം കാണുന്നത്‌ പ്രവാസത്തില്‍ നിന്നും മടങ്ങി വന്ന യഹൂദരുടെയും യെരുശലേമിന്റെയും അവസ്ഥ അന്വേഷിച്ച്‌ അറിയാന്‍ താല്‍പര്യമുള്ളവനായിരുന്നു നെഹമ്യാവ്‌ എന്നാണ്‌. ഇതാണ്‌ ദൈവം ഉപയോഗിക്കുന്ന ഒരു മനുഷ്യന്റെ പ്രാഥമിക സ്വഭാവ വിശേഷം - അയാള്‍ക്ക്‌ ആളുകളെക്കുറിച്ച്‌ ഒരു കരുതല്‍ ഉണ്ട്‌. പിന്നെയോ ദൈവം അയാള്‍ക്ക്‌ ഒരു ഭാരം നല്‍കുന്നു. നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കണമെങ്കില്‍ മറ്റുള്ളവരെക്കുറിച്ച്‌ ഒരു കരുതലുള്ളവനായി തുടങ്ങുക. മറ്റുള്ളവര്‍ക്കായി കരുതലില്ലാത്ത ഒരു മനുഷ്യനെ ദൈവം ഒരിക്കലും ഉപയോഗിക്കുകയില്ല. നെഹമ്യാവ്‌ ഹനാനിയോട്‌ ചോദിച്ചു `അവിടെ കാര്യങ്ങള്‍ എങ്ങനെ പോകുന്നു?' അപ്പോള്‍ ഹനാനി അദ്ദേഹത്തോട്‌, `മതിലുകള്‍ ഇടിഞ്ഞും അതിന്റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു' എന്നു പറഞ്ഞു. അദ്ദേഹം ഈ വാര്‍ത്ത കേട്ടപ്പോള്‍ അനേക ദിവസങ്ങള്‍ കരഞ്ഞും ദുഃഖിച്ചും ഇരുന്നു. കൂടാതെ അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. ഈ വിധത്തിലുള്ള മനുഷ്യരെയാണ്‌ ദൈവം ഈ നാളുകളിലേക്ക്‌ അന്വേഷിക്കുന്നത്‌ - ദൈവസഭയുടെ അവസ്ഥ കാണുമ്പോള്‍ അതിനുവേണ്ടി ഒരു താല്‍പര്യവും ഭാരവും ഉള്ള ഒരാളിനെ.

നെഹെമ്യാവ്‌ പഴയ ഉടമ്പടിക്കു കീഴിലാണ്‌ ജീവിച്ചിരുന്നത്‌. നമുക്കുള്ളതുപോലെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവ്‌ അദ്ദേഹത്തിന്‌ ഇല്ലായിരുന്നു. അദ്ദേഹത്തിന്‌ ഒരു സമ്പൂര്‍ണ്ണ വേദപുസ്‌തകം ഉണ്ടായിരുന്നില്ല. ഇന്നു നമുക്കു ധാരാളമായി ലഭിക്കുന്നതുപോലെ സഭാ കൂട്ടായ്‌മയോ, പുസ്‌തകങ്ങളോ, ടേപ്പുകളോ, കോണ്‍ഫ്രന്‍സുകളോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ ക്രൂശിനെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‌ അത്ര വലിയ ഒരു ഭാരമുണ്ടായിരുന്നു. അദ്ദേഹം ഒരു `പൂര്‍ണ്ണസമയം പ്രവര്‍ത്തകന്‍'' ആയിരുന്നില്ല. അദ്ദേഹം ഐഹികമായ ഒരു ജോലി ഉള്ള ഒരാളായിരുന്നു. അദ്ദേഹം തനിക്കു തന്നെ ചെലവിന്‌ അന്വേഷിക്കുകയും കര്‍ത്താവിനെ സേവിക്കുകയും ചെയ്‌തു. ഒട്ടും സ്വാര്‍ത്ഥത ഇല്ലാതെ ഒരു മനുഷ്യന്റെ മഹത്തായ ഉദാഹരണമായിരുന്നു നെഹെമ്യാവ്‌. അദ്ദേഹത്തിന്റെ മാതൃക അനുകരിക്കാന്‍ വെല്ലുവിളിക്കപ്പെടാന്‍ നമുക്കു കഴിഞ്ഞാല്‍, നമ്മുടെ ജീവിതംകൊണ്ടും ദൈവത്തിന്‌ പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

രാജാവിന്റെ സന്നിധിയില്‍ നെഹെമ്യാവ്‌ ഒരിക്കലും ദുഃഖിതനായിരുന്നിട്ടില്ല (നെഹം. 2:1). അദ്ദേഹം മ്ലാനവദനനായ ഒരു വ്യക്തിയല്ലായിരുന്നു. രാജാവ്‌ അദ്ദേഹത്തെ എപ്പോഴും സന്തുഷ്‌ടനായാണ്‌ കണ്ടിട്ടുള്ളത്‌. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ദുഃഖിതനായിരിക്കുന്നു. എന്നാല്‍ തന്നെക്കുറിച്ചോ തന്റെ കുടുംബത്തെക്കുറിച്ചോ ആയിരുന്നില്ല അദ്ദേഹം ദുഃഖിച്ചിരുന്നത്‌. അദ്ദേഹം ദുഃഖിതനായിരുന്നത്‌ യെരുശലേം അത്ര താറുമാറായി കിടന്നതിനാലാണ്‌. ഓ, ഇന്ന്‌ ഇതുപോലെയുള്ള കൂടുതല്‍ ആളുകള്‍ സഭയില്‍ ഉണ്ടായിരുന്നെങ്കില്‍!

നെഹെമ്യാവ്‌ യെരുശലേമിലേക്കു പോയി, മറ്റെങ്ങും പോകാതെ മൂന്നു ദിവസം അവിടെ തന്നെ താമസിച്ചു - ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ദിവസങ്ങള്‍ കഴിച്ചിരിക്കാം (നെഹെ. 2:11).അതിനുശേഷം രാത്രിയില്‍ എഴുന്നേറ്റ്‌ ചില ആള്‍ക്കാരുമായി പുറപ്പെട്ടു. ദൈവം തന്റെ ഹൃദയത്തില്‍ നല്‍കിയ ചിന്തകള്‍ അദ്ദേഹം ആരോടും പറഞ്ഞില്ല. കാരണം അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ അവിടെ ഉണ്ട്‌ എന്നദ്ദേഹത്തിനറിയാമായിരുന്നു (നെഹെ. 2:10). ദൈവത്തിന്റെ വേലയ്ക്കായി ഒരു ഭാരം ഇല്ലാത്ത ആളുകളെ ഒരുമിച്ചു കൂട്ടുന്നതില്‍ ഒരു പ്രയോജനവുമില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം വളരെക്കുറച്ചു പേരുമായി പോയി മതിലുകളും വാതിലുകളും പരിശോധിച്ചു.

നെഹെമ്യാവ്‌ ഒരു വലിയ സംഘാടകനും ആളുകളെ ഉത്സാഹിപ്പിക്കാന്‍ കഴിവുള്ള ഒരാളും ആയിരുന്നു. ആളുകള്‍ അദ്ദേഹേത്തോടൊപ്പം സന്തോഷത്തോടെ വേല ചെയ്‌തു. കാരണം അദ്ദേഹം തന്നെ പണി ചെയ്‌തിരുന്നു. ഈ തരത്തിലുള്ള നേതാവിനെയാണ്‌ ദൈവത്തിന്‌ ഇന്നാവശ്യം - ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നു, ദൈവനാമത്തിനുവേണ്ടി കരുതലുള്ള, ദൈവത്തിനു വേണ്ടി പണി ചെയ്യുവാന്‍ ആളുകളെ സംഘടിപ്പിക്കുന്നതിലും ഉത്സാഹിപ്പിക്കുന്നതിലും കഴിവുള്ള, അതേസമയം തന്റെ സ്വന്തം കൈകള്‍ക്കൊണ്ട്‌ വേല ചെയ്യുന്ന ഒരുവന്‍.

നെഹ. 5:1-13ല്‍ നാം കാണുന്നത്‌ അവരുടെ ഇടയില്‍ ഉള്ള ദരിദ്രരും പീഡിതരുമായവരോടും കടക്കെണിയില്‍ ആയവരോടുമുള്ള നെഹമ്യാവിന്റെ വലിയ കരുതല്‍ ആണ്‌. അദ്ദേഹം അവര്‍ക്കു കടം കൊടുത്തവരോട്‌ സംസാരിക്കുകയും അവരെ എല്ലാവരെയും അവരുടെ കടബാധ്യതയില്‍ നിന്ന്‌ വിമുക്തരാക്കുകയും ചെയ്‌തു. അദ്ദേഹം കഠിനമായി അദ്ധ്വാനിക്കുകയും 150 യഹൂദന്മാര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അനേകര്‍ക്കും തന്റെ മേശയില്‍ ദിവസംതോറും ഭക്ഷണം കൊടുക്കുകയും ചെയ്‌തിട്ടുപോലും, ആ പ്രദേശത്തെ ദേശാധിപതി എന്ന നിലയില്‍ തനിക്ക്‌ എടുക്കാമായിരുന്ന പണം ഒന്നും എടുത്തില്ല. ഈ കാര്യത്തില്‍ നെഹെമ്യാവിന്റെ അത്ഭുതകരമായ ഒരു മാതൃകയാണ്‌ 18-ാം വാക്യത്തില്‍ നാം കാണുന്നത്‌. നോഹയെയും പൌലൊസിനെയും പോലെ തന്റെ സ്വന്തം ചെലവില്‍ ദൈവത്തെ സേവിച്ച, ആതിഥ്യമര്യാദയുള്ള ഒരുവനായിരുന്നു അദ്ദേഹം. മതില്‍ പണിയുന്നതിനു വേണ്ടി തനിക്കു ലഭ്യമായിരുന്ന മുഴുവന്‍ പണവും ഉപയോഗിച്ചു. ദൈവത്തിന്റെ വേലയ്ക്കു ഉപയോഗിക്കേണ്ടിയിരുന്ന ഒരു പണവും തന്റെ സ്വന്ത ആവശ്യത്തിനായി ഒരു തരത്തിലും ഉപയോഗിക്കാതിരുന്ന മഹാത്യാഗിയായി ജീവിച്ച ഒരുവനാണിവിടെയുള്ളത്‌. പണത്തോട്‌ വിശ്വസ്‌തനായ ഒരു വേലക്കാരനെ ദൈവം എവിടെയെല്ലാം കാണുന്നോ അവിടെയെല്ലാം അവനെ ഉപയോഗിക്കുന്നതില്‍ ദൈവത്തിന്‌ ഒരു പരിമിതിയുമുണ്ടായിരിക്കുകയില്ല. ദൈവം തന്റെ അനേക വേലക്കാരെ കൈവെടിഞ്ഞു. കാരണം അവര്‍ തങ്ങളുടെ സഹോദരന്മാരെ സാമ്പത്തികമായി മുതലെടുക്കുന്നതായി അവിടുന്നു കണ്ടു.

ഒന്‍പതാം അദ്ധ്യായത്തില്‍ ദൈവം നെഹെമ്യാവിലൂടെ ചെയ്‌തതെന്താണെന്ന്‌ നാം വായിക്കുന്നു. ആ അദ്ധ്യായം തുടങ്ങുന്നത്‌ യിസ്രായേല്യര്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുകയും തങ്ങളെത്തന്നെ ജാതികളില്‍ നിന്ന്‌ വേര്‍തിരിക്കുകയും ചെയ്യുന്നതോടു കൂടെയാണ്‌ (വാ. 1,2). അതിനുശേഷം അവര്‍ക്കു മൂന്നു മണിക്കൂര്‍ നേരം വേദപുസ്‌തക പഠനവും, മൂന്നു മണിക്കൂര്‍ നേരം കര്‍ത്താവിനെ സ്‌തുതിക്കുന്നതും, തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുന്നതും ഉണ്ടായിരുന്നു. എല്ലായിടത്തും വീണ്ടും ഒരുണര്‍വ്വ്‌ ഉണ്ടാകുകയായിരുന്നു (വാ. 3:3). അപ്പോള്‍ ലേവ്യര്‍ എഴുന്നേറ്റ്‌ നിന്നു തങ്ങളുടെ ദൈവത്തോട്‌ ഉറക്കെ നിലവിളിച്ചു. (വാ.4). ആറാം വാക്യം മുതല്‍ മുപ്പത്തി ഒന്നാം വാക്യം വരെ മുഴുവന്‍ വേദപുസ്‌തകത്തിലും രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നീണ്ട പ്രാര്‍ത്ഥനയാണ്‌ നമുക്കുള്ളത്‌. അതിനുശേഷം ലേവ്യര്‍ അബ്രഹാമിന്റെ സമയം മുതലുള്ള യിസ്രയേലിന്റെ ചരിത്രം മരുഭൂമിയില്‍ ഉഴന്നു നടന്ന 40 വര്‍ഷങ്ങളിലും, ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലഘട്ടങ്ങളിലും തങ്ങള്‍ക്കുണ്ടായ പരാജയങ്ങള്‍ എന്നിവ വിവരിക്കുകയും ദൈവം അയച്ച ഓരോ ന്യായവിധിയും നീതിയുള്ളവയും ശരിയായവയും ആയിരുന്നു എന്ന്‌ സമ്മതിക്കുകയും ചെയ്‌തു. അവര്‍ അനുതപിക്കുകയും ദൈവത്തിന്റെ മുമ്പാകെ ഒരുടമ്പടി ഒപ്പു വയ്ക്കുകയും ചെയ്‌തു. അതില്‍ ഒന്നാമതായി ഒപ്പു വച്ചിരുന്നത്‌ നെഹെമ്യാവ്‌ ആയിരുന്നു (നെഹെ. 10:1). പന്ത്രണ്ടാം അദ്ധ്യായത്തില്‍ നെഹമ്യാവ്‌ എപ്രകാരണാണ്‌ വാതില്‍ സംരക്ഷിക്കുന്നതിനുള്ള ആളുകളെയും, സ്‌തോത്രഗാനങ്ങള്‍ നയിക്കാന്‍ ചുമതലയുള്ളവരെയും സംഘടിപ്പിച്ചത്‌ എന്നു നാം വായിക്കുന്നു. ബാബിലോണില്‍ നിന്ന്‌ യെരുശലേമിലേക്കുള്ള ദൈവജനത്തിന്റെ പ്രയാണത്തില്‍ ഉപവാസത്തിനും, പ്രാര്‍ത്ഥനയ്ക്കും, പാപങ്ങളുടെ ഏറ്റുപറച്ചിലിനും അനേക മണിക്കൂറുകളുടെ വേദപുസ്‌തക പഠനത്തിനും നീണ്ട യോഗങ്ങള്‍ക്കും ദൈവത്തെ വളരെ സ്‌തുതിക്കുന്നതിനും ആരാധിക്കുന്നതിനും ഒക്കെ നല്‍കിയിരിക്കുന്ന ഊന്നല്‍ ശ്രദ്ധിക്കുക.

പതിമൂന്നാം അദ്ധ്യായത്തില്‍ നാം കാണുന്നത്‌ ദൈവത്തിന്റെ ആലയത്തിലെ വിശുദ്ധിയുടെ കാര്യത്തില്‍ നെഹെമ്യാവിന്റെ എരിവാണ്‌. അദ്ദേഹം ദേവാലയത്തിലേക്ക്‌ ചെന്ന്‌ യേശു യെരുശലേം ദൈവാലയത്തെ ശുദ്ധീകരിച്ചപ്പോള്‍ ചെയ്‌തതിനോടു സമാനമായ ചില കാര്യങ്ങള്‍ അവിടെ ചെയ്‌തു. ജനങ്ങള്‍ തങ്ങളുടെ മാനസാന്തരപ്പെടാത്ത ബന്ധുക്കളെ ദേവാലയത്തില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നു. പുരോഹിതനായ ഏല്യാശീബ്‌, തോബിയാവിന്റെ ഒരു ബന്ധുവായിരുന്നു (നെഹെ. 13:4). അതിനാല്‍ തോബിയാവിന്‌ ഒരു വലിയ മുറി ഒരുക്കികൊടുത്തിരുന്നു. നെഹെമ്യാവ്‌ അവരെ എല്ലാം പുറത്താക്കി. അദ്ദേഹം തോബിയാവിന്റെറ വീട്ടുപകരണങ്ങളെല്ലാം മുറിയില്‍ നിന്ന്‌ പുറത്തേക്കെറിഞ്ഞു. അതിനുശേഷം ദേവാലയം ശുദ്ധീകരിച്ചു (വാ.8). അനെകം ആളുകള്‍ ശബ്ബത്തില്‍ വിവിധ സാധനങ്ങള്‍ വിറ്റു പണം ഉണ്ടാക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചു (വാ.15). അദ്ദേഹം അവരെ ശാസിക്കുകയും, മുന്നറിയിപ്പു നല്‍കുകയും, അവര്‍ക്കെതിരെ ബലം പ്രയോഗിക്കുമെന്നു പോലും ഭീഷണിപ്പെടുത്തുകയും ചെയ്‌തു (വാ. 21). ജനങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നില്ലെങ്കില്‍ അവര്‍ ഒരു ദൈവമനുഷ്യനെ ഭയപ്പെടണം. ചില യഹൂദന്മാര്‍ യഹൂദരല്ലാത്ത സ്‌ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളതായി അദ്ദേഹം കണ്ടുപിടിച്ചു. നെഹമ്യാവ്‌ അവരെ ശാസിച്ച്‌, അവരുടെ മേല്‍ ശാപം ചൊരിഞ്ഞു. ചിലരെ അടിച്ചിട്ട്‌ അവരുടെ തലമുടിയും താടിയും പറിച്ചു. അനന്തരം അവരുടെ മക്കളെ യഹുദന്മാരല്ലാത്തവര്‍ക്കക്‌ ഇനി വിവാഹത്തിന്‌ കൊടുക്കയില്ല എന്ന്‌ അവരൊക്കെണ്ട്‌ ശപഥം ചെയ്യിച്ചു'' (വാ.25). അങ്ങനെ നെഹമ്യാവ്‌ പൌരോഹിത്യത്തെ മുഖപക്ഷം കൂടാതെ ശുദ്ധീകരിച്ചു. പുരോഹിതന്മാര്‍ക്കു താന്താന്റെ വേലയില്‍ ശുശ്രൂഷാ ക്രമം നല്‍കി. അതതു സമയങ്ങളില്‍ യാഗത്തിനു വേണ്ടുന്ന വിറകു നല്‍കുന്നതുപോലെയുള്ള ഏറ്റവും ചെറിയ കാര്യങ്ങളിലേക്കും ഇറങ്ങിച്ചെന്ന്‌ അതിനുവേണ്ടിയും ക്രമീകരണവും അദ്ദേഹം ചെയ്‌തു (വാ. 30,31).