WFTW Body: 

"യഹോവ ഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു, യഹോവ ശ്രദ്ധവച്ചു കേട്ടു. യഹോവ ഭക്തന്മാർക്കും അവൻ്റെ നാമംത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവൻ്റെ സന്നിധിയിൽ ഒരു സ്മരണ പുസ്തകം എഴുതി വച്ചിരിക്കുന്നു... അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം കാണും" (മലാഖി 3:16-18).

മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്യങ്ങൾ രണ്ടു തരത്തിലുള്ള ആളുകളെ കുറിച്ച് നമ്മോടു പറയുന്നു - നീതിമാനും ദുഷ്ടനും. ദൈവത്തെ സത്യത്തിൽ സ്നേഹിക്കുകയും അവിടുത്തെ നാമത്തെ വിലമതിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ മാത്രം പേര് ഉൾക്കൊള്ളുന്ന ഒരു പുസ്തകം ഉണ്ടെന്ന് അതു പറയുന്നു. ദൈവം തുടർന്നു പറയുന്നത്, അങ്ങനെയാണ് നീതിമാനെ ദുഷ്ടനിൽ നിന്നു വേർതിരിച്ചറിയുന്നത് എന്നാണ്.

ഈ വാക്കുകളെ, മത്തായി 23:25, 26 ൽ യേശു പറഞ്ഞതുമായി ബന്ധപ്പെടുത്താം. ദുഷ്ടരായ പരീശന്മാർ, തങ്ങളുടെ കപ്പിൻ്റെ പുറം മാത്രമാണ് വൃത്തിയായി സൂക്ഷിക്കുന്നത്, അതേ സമയം യഥാർത്ഥ നീതിമാന്മാർ കപ്പിൻ്റെ അകവും പുറവും ഒരു പോലെ വൃത്തിയായി സൂക്ഷിക്കുന്നു. അങ്ങനെയാണ് നാം നീതിമാനെ ദുഷ്ടനിൽ നിന്നു വേർതിരിച്ചറിയുന്നത്.

യഥാർത്ഥത്തിൽ ദൈവത്തെ ഭയപ്പെടുന്ന വിശ്വാസികൾ എപ്പോഴും അവരുടെ ഹൃദയം ദൈവത്തിൻ്റെ മുമ്പാകെ നിർമ്മലമായി സൂക്ഷിക്കുകയും അവരുടെ വെളിച്ചം ആളുകളുടെ മുമ്പിൽ പ്രകാശിക്കുവാൻ അനുവദിക്കുകയും ചെയ്യും (അവരുടെ ജീവിതത്തിൻ്റെ പുറമേയുള്ള സാക്ഷ്യം). പാപത്തിന്മേൽ യഥാർത്ഥ വിജയമുള്ള ഒരു ജീവിതം സാധ്യമാകുന്നത് തൻ്റെ ആന്തരിക ജീവിതം സർവ്വ പ്രധാനമായി കണക്കാക്കുന്ന ഒരുവനിൽ മാത്രമാണ്.

ഒരു ശുദ്ധ മനസാക്ഷി ഉണ്ടായിരിക്കുന്നതും ഒരു നിർമ്മല ഹൃദയം ഉണ്ടായിരിക്കുന്നതും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. അറിയപ്പെടുന്ന എല്ലാ പാപങ്ങളിൽ നിന്നും സ്വതന്ത്രമായ ഒന്നാണ് ശുദ്ധ മനസാക്ഷി ; അതേസമയം ഒരു നിർമ്മല ഹൃദയം എന്നാൽ, അറിയപ്പെടുന്ന എല്ലാ പാപങ്ങളിൽ നിന്നു മാത്രമല്ല, ദൈവം തന്നെയല്ലാത്ത മറ്റെല്ലാ കാര്യങ്ങളോടുമുള്ള അടുപ്പത്തിൽ നിന്നു കൂടി സ്വതന്ത്രമായതാണ്. നിർമ്മല ഹൃദയമുള്ള ഒരാൾ ദൈവത്തെ മാത്രം കാണുന്നു. മറ്റു യാതൊന്നിനെയുമോ മറ്റാരെയുമോ കാണുന്നില്ല. യേശു ഇപ്രകാരം പറഞ്ഞു, "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ കാരണം അവർ ദൈവത്തെ കാണും". ഹൃദയശുദ്ധിയുള്ളവർ ഓരോ സാഹചര്യത്തിലും ദൈവത്തെ മാത്രം കാണും (മത്തായി 5:8). അവരുടെ മനസ്സ് ആളുകളെ കുറിച്ചോ (നല്ലവരായാലും ദുഷ്ടന്മാരായാലും) അല്ലെങ്കിൽ അവരുടെ സാഹചര്യങ്ങളെ കുറിച്ചോ (എളുപ്പമുള്ളതായാലും പ്രയാസമുള്ളതായാലും) ഉള്ള ചിന്തകളിൽ മുഴുകുകയില്ല.അവർ ദൈവത്തിൽ തന്നെ മുഴുകിയിരിക്കും.

മറ്റൊരാളിനെതിരെ പരാതിയുള്ള ഒരാൾ അതിലൂടെ തെളിയിക്കുന്നത്, അയാളുടെ ഹൃദയം ശുദ്ധമല്ല (നിർമ്മലമല്ല) എന്നാണ്, കാരണം ദൈവത്തിൽ മാത്രം വ്യാപൃതനാകുന്നതിനു പകരം മറ്റുള്ളവരിൽ അയാൾ കാണുന്ന തിന്മകളെ കുറിച്ചു ചിന്തിക്കുന്നു. അയാളുടെ ഹൃദയം നിർമ്മലമായിരുന്നെങ്കിൽ, അയാൾ ദൈവത്തെ മാത്രമേ കാണുമായിരുന്നുള്ളൂ - പ്രയാസങ്ങൾ ഉണ്ടാക്കുന്ന ആളുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപോലും! അങ്ങനെയുള്ള ഒരാൾ, ദൈവം ആ സാഹചര്യങ്ങൾ അവൻ്റെ നന്മയ്ക്കുവേണ്ടി മാത്രമല്ല, ദൈവത്തിൻ്റെ മഹത്വത്തിനായി കൂടി ആക്കി തീർക്കുന്നു എന്നു കാണുന്നു (റോമർ.8:28). അപ്പോൾ അവർ എല്ലാ കാര്യങ്ങൾക്കു വേണ്ടിയും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കും.

നിങ്ങളുടെ ഹൃദയം നിർമ്മലമാണെങ്കിൽ, അപ്പോൾ ലോകത്തിലുള്ള സകല മനുഷ്യരും പ്രപഞ്ചത്തിലുള്ള എല്ലാ പിശാചുക്കളും ഒരുമിച്ചു നിന്നാലും നിങ്ങളൂടെ ജീവിതത്തിനുവേണ്ടിയുള്ള ദൈവത്തിൻ്റെ ആലോചനയെ തടസ്സപ്പെടുത്താൻ കഴിയുകയില്ല - കാരണം ഓരോ സാഹചര്യത്തിലും ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. അപ്പോൾ നിങ്ങൾ ഓരോ സാഹചര്യത്തിലും ഒരു ജയാളി ആയിരിക്കും - നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണതയുള്ള പദ്ധതി പൂർത്തീകരിക്കാൻ നിങ്ങൾക്കു കഴിയുകയും ചെയ്യും.

"വെള്ളത്തിൽ മുഖത്തിനൊത്ത വണ്ണം മുഖത്തെ കാണുന്നു, മനുഷ്യൻ തൻ്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു". ഈ വാക്യത്തിൻ്റെ ഒരർത്ഥം, മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നത് മോശം ഉദ്ദേശ്യത്തോടെയാണെന്ന് നിങ്ങൾ അവരിൽ കുറ്റം ആരോപിക്കുമ്പോൾ, അത് വാസ്തവത്തിൽ വെളിപ്പെടുത്തുന്നത് നിങ്ങളുടെ സ്വന്തം ഹൃദയത്തിൻ്റെ അവസ്ഥയാണ് - കാരണം അതേ കാര്യങ്ങൾ നിങ്ങൾ ചെയ്തിരുന്നെങ്കിൽ നിങ്ങൾക്കുണ്ടാകാമായിരുന്ന അതേ മോശം ഉദ്ദേശ്യത്തോടെയാണ് അവർ ആ കാര്യങ്ങൾ ചെയ്യുന്നത് എന്ന് നിങ്ങൾ ഊഹിക്കുകയാണ്. എന്നാൽ യേശു പറഞ്ഞത് മനുഷ്യരെ അവരുടെ ഫലത്താൽ മനസ്സിലാക്കാം (പുറമേയുള്ള പ്രവൃത്തികൾ) എന്നാണ്. ("അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം" - മത്തായി 7:16) - അവരുടെ വേരിൽ നിന്നല്ല (കാണാൻ കഴിയാത്ത അവരുടെ ഉദ്ദേശ്യങ്ങളാൽ അല്ല !). നമ്മെത്തന്നെ നിരന്തരമായി വെടിപ്പാക്കിക്കൊണ്ട് ജീവിക്കുകയാണെങ്കിൽ, നാം നമ്മെത്തന്നെ മാത്രമേ വിധിക്കുകയുള്ളൂ, മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെ അല്ല. അപ്പോൾ എപ്പോഴും നമ്മുടെ ഹൃദയങ്ങളെ നിർമ്മലമായി സൂക്ഷിക്കാൻ നമുക്കു കഴിയും. അപ്പോൾ നാം വഞ്ചിക്കപ്പെടാതിരിക്കേണ്ടതിന്, മറ്റുള്ളവരെ കുറിച്ചുള്ള വിവേചന ശക്തി ദൈവം നമുക്കു തരും. യേശുവിൻ്റെ ഹൃദയം എല്ലായ്പോഴും നിർമ്മലമായിരുന്നു, കാരണം അവിടുന്ന് ഒരിക്കലും ആരെയും വിധിച്ചില്ല (യോഹന്നാൻ 8:15), എന്നാൽ ഓരോരുത്തരെയും കുറിച്ച് വിവേചന ബുദ്ധി അവിടുത്തേക്കുണ്ടായിരുന്നു (യോഹന്നാൻ 2:24, 25).

നമ്മുടെ ഹൃദയം നിർമ്മലമായി സൂക്ഷിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നതിന് ഒരുദാഹരണം ഇവിടെ കാണാം. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ദൈവഭക്തനായിരുന്നു സഹോദരൻ ജൂനിപെർ. അദ്ദേഹം എപ്പോഴും ലളിതമായ വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. ഒരു ദിവസം തൻ്റെ കൂട്ടു സഹോദരന്മാരിൽ ഒരാൾ വളരെ വില കൂടിയ വസ്ത്രം ധരിച്ചിരിക്കുന്നതു കണ്ടു. എന്നാൽ ജൂനിപെർ ആ കാര്യത്തിൽ അയാളെ വിധിച്ചില്ല. അതിനുപകരം, അദ്ദേഹം തന്നോടു തന്നെ ഇങ്ങനെ പറഞ്ഞു, "ഒരുപക്ഷെ ആ വില പിടിപ്പുള്ള വസ്ത്രത്തിനുള്ളിൽ, എൻ്റെ സഹോദരനുള്ളത്, ഈ ലളിതമായ വസ്ത്രത്തിനുള്ളിൽ എനിക്കുള്ളതിനേക്കാൾ കൂടുതൽ താഴ്മയുള്ള ഒരു ഹൃദയം ആയിരിക്കാം". അങ്ങനെ നിർമ്മലവും താഴ്മയുള്ളതുമായ ഒരു മനോഭാവം കൊണ്ട്, അദ്ദേഹം തൻ്റെ സഹോദരനെ വിധിക്കുന്ന പാപത്തിൽ നിന്ന് തന്നെത്തന്നെ സംരക്ഷിച്ചു. അദ്ദേഹത്തിൻ്റെ ദൈവഭക്തിയുടെ രഹസ്യം അതായിരുന്നു - നമ്മുക്കെല്ലാം പിൻതുടരാവുന്ന ഒരു നല്ല മാതൃക. എപ്പോഴും നമുക്ക് അങ്ങനെ ആയിരിക്കാം. ആമേൻ.