WFTW Body: 

യേശു ഭൂമിയിലേക്കു വരുന്നതിന് അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ, ജ്ഞാനത്തിലും സൗന്ദര്യത്തിലും തികഞ്ഞവനായ ലൂസിഫര്‍ എന്നൊരു ദൂതനെ ദൈവം സൃഷിച്ചിട്ടുണ്ടായിരുന്നു. ദൈവം ലൂസിഫറിനെ ദൂതന്മാരുടെ ക്രമപാലനത്തിന് തലവനായി നിയമിച്ചു. എന്നാല്‍ നിഗളത്താല്‍ ഉയര്‍ത്തപ്പെട്ടതിനാലും അവന്‍റെ നിയമിത സ്ഥാനത്തിലുളള അതൃപ്തിയാലും, ലൂസിഫര്‍ ഉയരങ്ങളിലേക്കു പോകുവാനും തന്നെത്താന്‍ ഉയര്‍ത്തുവാനും ആഗ്രഹിച്ചു (യെഹസ്ക്കേല്‍ :28:11-17, യെശയ്യാവ് 14:12-15). അങ്ങനെ ദൈവത്തിന്‍റെ സൃഷ്ടിപ്പിലേക്ക് അവന്‍ പാപം കൊണ്ടുവന്നു. ദൈവം ഉടന്‍ തന്നെ അവനെ താഴേക്കു തളളിയിടുകയും - അവന്‍ പിശാചായി മാറുകയും ചെയ്തു. അതുകൊണ്ട് ഈ പ്രപഞ്ചത്തിലെ എല്ലാ പാപത്തിന്‍റെയും തിന്മയുടെയും വേരാണ് നിഗളം. ആദാം പാപം ചെയ്തപ്പോള്‍ അവനും ഈ സാത്താന്യ നിഗളത്താല്‍ ബാധിതനായി. ഈ ബാധയോടു കൂടിയാണ് ആദാമിന്‍റെ ഓരോ ശിശുവും ജനിക്കുന്നത്. ഈ വിഷത്തില്‍ നിന്ന് മനുഷ്യനെ വീണ്ടെടുക്കുവാന്‍, യേശു തന്നെത്താന്‍ താഴ്ത്തി. പാപം ലൂസിഫറിന്‍റെ നിഗളത്തില്‍ നിന്ന് ഉത്ഭവിച്ചതുപോലെ തന്നെ, വീണ്ടെടുപ്പ് യേശുവിന്‍റെ സ്വയം താഴ്ത്തപ്പെടലില്‍ നിന്ന് ഉത്ഭവിച്ചു. നമുക്ക് അവിടുത്തെ താഴ്മ എത്രമാത്രം ഉണ്ടോ, അത്രയും തന്നെ ക്രിസ്തുവിന്‍റെ മനസ്സും നമുക്കുണ്ട്. ആത്മീയവളര്‍ച്ചയുടെ ഒരിക്കലും തെറ്റിപ്പോകാത്ത അളവു കോല്‍ ഇതാണ്.

സ്വര്‍ഗ്ഗത്തിന്‍റെ മഹിമയില്‍ നിന്ന് ഭൂമിയിലേക്കുളള യേശുവിന്‍റെ വരവു തന്നെ അവിടുത്തെ താഴ്മയുടെ ആശ്ചര്യകരമായ ഒരു പ്രദര്‍ശനമാണ്. എന്നാല്‍ വീണ്ടും നമ്മോടുപറഞ്ഞിരിക്കുന്നത്, "വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി" എന്നാണ്" (ഫിലിപ്യര്‍, 2:8) "സകലത്തിലും അവിടുത്തെ സഹോദരന്മാരോട് സദൃശനായി" (എബ്രായര്‍ 2:17) അവിടുന്ന് ദൈവത്തിന്‍റെ മുമ്പാകെ സ്ഥാനമെടുത്തത് മറ്റെല്ലാ മനുഷ്യരെയും പോലെയാണ്. ദൈവം എല്ലാമായിതീരേണ്ടതിന് അവിടുന്ന് ഒന്നും അല്ലാതായി തീര്‍ന്നു. ഇതാണ് യഥാര്‍ത്ഥ താഴ്മ. യേശു തന്നെത്തന്നെ മുഴുവനായി മനുഷ്യനോട് അനുരൂപനാക്കി. വര്‍ഗ്ഗം, കുടുംബം, ജീവിതത്തിലെ സ്ഥാനങ്ങള്‍ മുതലായവയുടെ വ്യത്യാസമില്ലാതെ സര്‍വ്വപ്രധാനമായ സമത്വത്തില്‍ അവിടുന്നു വിശ്വസിക്കുകയും സമൂഹത്തിലെ ഏറ്റവും ചെറിയതും താഴ്ന്നതുമായ ഒരു നിരയുമായി ഒന്നായി തീരുകയും ചെയ്തു. അവിടുന്ന്, എല്ലാവരുടെയും ദാസനാകേണ്ടതിന് എല്ലാവര്‍ക്കും താഴെയായി വന്നു. മറ്റുളളവര്‍ക്കു കീഴില്‍ വരുന്നവനു മാത്രമെ അവരെ മുകളിലേക്കു ഉയര്‍ത്തുവാന്‍ കഴിയുകയുളളു. അതുകൊണ്ട് യേശു അങ്ങനെയാണ് വന്നത്.

30 വര്‍ഷങ്ങളോളം, യേശു തികഞ്ഞവരല്ലാത്ത ഒരു വളര്‍ത്തഛനും, അമ്മയ്ക്കും വിധേയപ്പെട്ടു ജീവിച്ചു. കാരണം അത് അവിടുത്തെ പിതാവിന്‍റെ ഹിതമായിരുന്നു. അവിടുന്ന് ജോസഫിനെക്കാളും മറിയയെക്കാളും വളരെയധികം അറിവു ളളവനായിരുന്നു. അവിടുന്ന് അവരെപോലെ ആയിരുന്നില്ല, അവിടുന്ന് പാപമില്ലാത്തവനായിരുന്നു. എന്നിട്ടും അവിടുന്ന് അവര്‍ക്ക് വിധേയപ്പെട്ടു ജീവിച്ചു. ഒരു മനുഷ്യന്‍ തന്നെക്കാള്‍ ബുദ്ധിപരമായോ ആത്മീയമായോ താഴെയുളളവര്‍ക്ക് കീഴ്പെട്ടിരിക്കുന്നത് അവന് എളുപ്പമല്ല.എന്നാല്‍ യഥാര്‍ത്ഥ താഴ്മയ്ക്ക് ഇവിടെ ഒരു പ്രശ്നവുമല്ല- കാരണം ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഒന്നുമല്ലാത്തവനായി തന്നെത്തന്നെ കണ്ടിട്ടുളള ഒരുവന്, ദൈവം തന്‍റെ മേല്‍ നിയമിക്കുന്ന ഏതൊരാള്‍ക്കും കീഴ്പ്പെട്ടിരിക്കുവാന്‍ ഒരു പ്രയാസവുമല്ല.

തീരെ മതിപ്പില്ലാത്ത ഒരു ജോലിയാണ് യേശു തിരഞ്ഞെടുത്തത് - ഒരു ആശാരിയുടെ ജോലി. അതിനുശേഷം അവിടുന്നു തന്‍റെ പരസ്യ ശുശ്രൂഷയിലേക്കു പ്രവേശിച്ചപ്പോള്‍, അവിടുത്തെ പേരിന്‍റെ മുമ്പിലോ പിറകിലോ കൂട്ടിച്ചേര്‍ക്കല്‍ ഒന്നും ഇല്ലായിരുന്നു. അവിടുന്ന് പാസ്റ്റര്‍ യേശു ആയിരുന്നില്ല, അവിടുന്ന് ' റവറന്‍റ് ഡോക്ടര്‍ യേശു' തീരെ ആയിരുന്നില്ല. താന്‍ ശുശ്രൂഷിക്കാന്‍ വന്ന സാധാരണക്കാര്‍ക്ക് മീതെ തന്നെ ഉയര്‍ത്തുന്ന ഒരു സ്ഥാനപ്പേരിനോ, ലോക പ്രകാരമുളള ഏതെങ്കിലും സ്ഥാനത്തിനോ വേണ്ടി അവിടുന്ന് ഒരിക്കലും ആഗ്രഹിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. കേള്‍പ്പാന്‍ ചെവിയുളളവന്‍,കേള്‍ക്കട്ടെ.

ഒരിക്കല്‍ പുരുഷാരം അവിടുത്തെ രാജാവാക്കുവാന്‍ ആഗ്രഹിച്ചു കൊണ്ട് തന്‍റെ പിന്നാലെ കൂടിയപ്പോള്‍, അവിടുന്ന് അവരുടെ ഇടയില്‍ നിന്ന് മാറിപ്പോയി (യോഹന്നാന്‍ 6:15). "മനുഷ്യപുത്രന്‍" എന്നു മാത്രം അറിയപ്പെടുവാന്‍ അവിടുന്ന് ആഗ്രഹിച്ചു. അവിടുന്ന് ഒരിക്കലും മനുഷ്യരുടെ മാനം തേടുകയോ അതിനുവേണ്ടി ഉല്‍ക്കണ്ഠപ്പെടുകയോ ചെയ്തില്ല. അവിടുന്ന് തന്‍റെ പിതാവിന്‍റെ മുമ്പാകെ മാത്രം ജീവിച്ചു, തന്നെയുമല്ല തന്‍റെ ജീവിതത്തിലുടനീളം മനുഷ്യരാല്‍ അവഗണിക്കപ്പെട്ടും, നിന്ദിക്കപ്പെട്ടും പോകുന്നതില്‍ വളരെ സംതൃപ്തനായിരുന്നു. പിതാവിന്‍റെ അംഗീകാരം മാത്രമാണ് അവിടുത്തേക്കു കാര്യമായിരുന്നത്.

ആരെയും വിധിക്കുവാന്‍ യേശുവിന്‍റെ താഴ്മ അവിടുത്തെ അനുവദിച്ചില്ല. സകല മനുഷ്യരുടെയും വിധി കര്‍ത്താവ് ദൈവം മാത്രമാണ്; അതുകൊണ്ട് മറ്റൊരാളിനെ വിധിക്കുന്ന ഏതൊരുവനും, ദൈവത്തിനുമാത്രം കൈവശപ്പെടുത്തുവാന്‍ അര്‍ഹതപ്പെട്ട ആ സ്ഥാനം സ്വായത്തമാക്കുകയായിരിക്കും. ഒരു മനുഷ്യനായി ഭൂമിയിലായിരുന്നപ്പോള്‍ യേശു പറഞ്ഞു, " ഞാന്‍ ആരെയും വിധിക്കുന്നില്ല" (യോഹന്നാന്‍ 8:15). അവിടുന്ന് ന്യായ വിധിയെല്ലാം അവിടുത്തെ പിതാവിനെ ഭാരമേല്‍പ്പിച്ചു.. അവിടെയും നാം അവിടുത്തെ താഴ്മയുടെ മനോഹരത്വം കാണുന്നു.

പ്രാര്‍ത്ഥനയില്‍ തന്‍റെ ശിഷ്യന്മാരുടെ കൂട്ടായ്മ അന്വേഷിക്കുന്നതില്‍ യേശുവിന്‍റെ താഴ്മ നാം കാണുന്നു. ഗത്ത്ശെമനതോട്ടത്തില്‍ അവിടുന്ന് പത്രൊസ്, യാക്കോബ്,യോഹന്നാന്‍ എന്നിവരോട്, അവിടുത്തോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുന്നു, കാരണം അവിടുത്തെ ഉളളം " മരണവേദനപോലെ അതിദുഃഖിതമായിരുന്നു".(മത്തായി 26:38). താന്‍ എടുത്തിരിക്കുന്ന ജഡത്തിന്‍റെ പരമമായ ബലഹീനതയെക്കുറിച്ച് യേശു ബോധവാനായിരുന്നു. അതു കൊണ്ടാണ് അവിടുന്നു പ്രാര്‍ത്ഥനയില്‍ അവരുടെ കൂട്ടായ്മ അന്വേഷിച്ചത്.

യേശു തന്നെത്താന്‍ താഴ്ത്തിയതു കൊണ്ട്, ദൈവം അവിടുത്തെ ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തി (ഫിലിപ്യര്‍ 2.9). ഈ താഴ്മയുടെ പാതയില്‍ കൂടി ഏറ്റവും അധികം മുമ്പോട്ടു പോകുന്നവര്‍ യേശുവിന്‍റെ കൂടെ അവിടുത്തെ വലത്തും ഇടത്തും മഹത്വത്തില്‍ ഇരിക്കും. യേശു തന്‍റെ ജീവിതത്തിലുടനീളം താഴോട്ടു പോയിക്കൊണ്ടിരുന്നു. അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന് ക്രൂശിലേക്കുളള വഴിയില്‍ താഴോട്ട്, താഴോട്ട്, താഴോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു. ഒരിക്കല്‍ പോലും അവിടുന്ന് തന്‍റെ ദിശതിരിച്ച്, മുകളിലേക്കു പോകുവാന്‍ അന്വേഷിച്ചില്ല.

ഇന്ന് ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് ആത്മാക്കളാണ്. ഒന്ന് ആളുകളെ മുകളിലേക്കു പോകുവാന്‍ നിര്‍ബന്ധിക്കുന്ന - ലോകത്തിലായാലും ക്രിസ്തീയ ഗോളത്തിലായാലും- സാത്താന്‍റെ(ലൂസിഫറിന്‍റെ) ആത്മാവ്. മറ്റെത്, തങ്ങളുടെ യജമാനനെപ്പോലെ താഴേക്കു പോകുവാന്‍ ആളുകളെ നയിക്കുന്ന ക്രിസ്തുവിന്‍റെ ആത്മാവ്, ഗോതമ്പു മണി പോലെ, യേശു താഴേയ്ക്കു പോയി, അങ്ങനെ അവിടുത്തെ എല്ലാ യഥാര്‍ത്ഥ ശിഷ്യന്മാര്‍ക്കും ഒരു തെറ്റും പറ്റാത്തവിധം ഈ സ്വഭാവശ്രേഷ്ഠതയോട് അനുരൂപരാകുവാന്‍ കഴിയും.

യേശുവിന്‍റെ താഴ്മ അതിന്‍റെ എല്ലാ ശോഭയോടും കൂടെ അവിടുത്തെ മരണത്തില്‍ കാണപ്പെടുന്നു. യേശു കടന്നുപോയതിനെക്കാള്‍ അന്യായമായ ഒരു വിസ്താരം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നിട്ടും അവിടുന്ന് മുറിവ്, അധിക്ഷേപം, അനീതി, അവമാനം, പരിഹാസം എന്നിവയ്ക്ക് നിശബ്ദനായി വിധേയപ്പെട്ടു. അവിടുത്തെ ശത്രുക്കളുടെ മേല്‍ താന്‍ ശാപം ചൊരിഞ്ഞില്ല. പ്രതികാരം ചെയ്യുമെന്ന് അവിടുന്ന് ഒരിക്കലും ഭീഷണിപ്പെടുത്തുകയോ ദൂതന്മാരുടെ സഹായത്തിനായി ആവശ്യപ്പെടുകയോ ചെയ്തില്ല. ദൈവത്തിന്‍റെ പുത്രന്‍ എന്ന നിലയിലുളള എല്ലാ അവകാശങ്ങളും അവിടുന്ന് ഉപേക്ഷിച്ചു. 'ചുരുട്ടിപ്പിടിച്ച മുഷ്ടി' മനുഷ്യവര്‍ഗ്ഗത്തിന്‍റെ സമുചിതമായ പ്രതീകമാണ് -സ്വന്ത അവകാശങ്ങള്‍, അധികാരങ്ങള്‍, സ്വത്ത് തുടങ്ങിയവ പിടിച്ചു വെയ്ക്കുവാനുളള ആഗ്രഹവും ആക്രമിക്കപ്പെടുമ്പോള്‍ തിരിച്ചു യുദ്ധം ചെയ്യുവാനുളള ആഗ്രഹവും സൂചിപ്പിക്കുന്നു. മറിച്ച് യേശു, ക്രൂശില്‍ ആണികള്‍ ഏറ്റുവാങ്ങുവാന്‍ അവിടുത്തെ കൈത്തലങ്ങള്‍' മനസ്സോടെ തുറന്നു കൊടുത്തു. അവിടുത്തെ കൈത്തലങ്ങള്‍ കൊടുത്തു കൊണ്ട്, കൊടുത്തു കൊണ്ട്, കൊടുത്തു കൊണ്ട് എപ്പോഴും തുറന്നിരുന്നു. ഒടുവിലായി അവിടുന്ന് അവിടുത്തെ സ്വന്ത ജീവനും കൂടെ ത്യജിച്ചു കളഞ്ഞു. ഇതാണ് യഥാര്‍ത്ഥ താഴ്മ.