WFTW Body: 

ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യനെ ബൈബിൾ താരതമ്യം ചെയ്യുന്നത് ആഴമുള്ള നദിയിൽ നിന്നു പോഷണം വലിച്ചെടുക്കുന്ന ഒരു വൃക്ഷത്തോടാണ് (യിരെ. 17:5-8). യേശു അങ്ങനെയാണു ജീവിച്ചത് - ഒരു മനുഷ്യൻ എന്ന നിലയിൽ നിരന്തരമായി, അവിടുത്തെ ആത്മീയ വിഭവങ്ങൾ പരിശുദ്ധാത്മാവിൽ നിന്നു (ദൈവത്തിൻ്റെ നദിയിൽ നിന്ന്) വലിച്ചെടുത്തുകൊണ്ട്.

പ്രലോഭനങ്ങളുടെ മേലുള്ള യേശുവിൻ്റെ വിജയം, മാനുഷികമായ നിശ്ചയ ദാർഢ്യത്തിലൂടെ ആയിരുന്നില്ല, എന്നാൽ നിമിഷം തോറും, അവിടുന്ന് പിതാവിൽ നിന്നു ശക്തി വലിച്ചെടുത്തതു കൊണ്ടാണ്. യേശു ഉദാഹരണം കൊണ്ടു തെളിയിച്ചതും പഠിപ്പിച്ചതുമായ സ്വയനിഷേധത്തിൻ്റെ മാർഗ്ഗം, ദേഹി തന്നെത്തന്നെ ഉയർത്താൻ പരിശ്രമിക്കുന്ന ഒന്നല്ല. അല്ല. അത് ബുദ്ധ മാർഗ്ഗവും യോഗയും ആണ്, കൂടാതെ അത് തിരുവചനത്തിലെ പഠിപ്പിക്കലിൽ നിന്ന്, സ്വർഗ്ഗം ഭൂമിയിൽ നിന്ന് എത്ര വ്യത്യസ്തമാണോ, അത്രയും വ്യത്യാസമുള്ളതാണ്.

മനുഷ്യരെന്ന നിലയിൽ നാം ജീവിക്കേണ്ട വിധത്തിൽ ജീവിക്കുവാനും ദൈവത്തെ സേവിക്കുവാനും വേണ്ട ശക്തി നമുക്കില്ല എന്ന് യേശു പഠിപ്പിച്ചു. അവിടുന്നു പറഞ്ഞത്, ഫലക്ഷമതയ്ക്കായി വൃക്ഷം എത്തിച്ചു കൊടുക്കുന്ന ജീവരസത്തിൽ പൂർണ്ണമായി ആശ്രയിക്കുന്ന ബലഹീനമായ ശിഖരങ്ങൾ പോലെയാണ് നാം എന്നാണ്. "എന്നെ കൂടാതെ" അവിടുന്നു പറഞ്ഞു, "നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല" (യോഹ. 15:5). അതുകൊണ്ട് പരിശുദ്ധാത്മാവിൻ്റെ സഹായം കൂടാതെ, നാം ചെയ്യാൻ ശ്രമിക്കുന്നതെല്ലാം, ഒന്നുമില്ലാത്തതായി കണക്കാക്കപ്പെടും. ഇവിടെയാണ് "തുടർമാനം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടുകൊണ്ടേയിരിക്കേണ്ടതിൻ്റെ" വലിയ ആവശ്യം കിടക്കുന്നത് (എഫെസ്യ. 5:18).

യേശു തന്നെയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു (ലൂക്കോ. 4:1,18) തന്നെയുമല്ല അവിടുന്നു ജീവിച്ചതും പിതാവിനു വേണ്ടി അദ്ധ്വാനിച്ചതും പരിശുദ്ധാത്മാവിൻ്റെ ശക്തിയിൽ ആയിരുന്നു എന്നാൽ ഇതു സാധ്യമായത്, ഒരു മനുഷ്യനെന്ന നിലയിൽ, അവിടുന്ന് ആത്മാവിൽ ദരിദ്രനായിരുന്നു എന്ന ഒറ്റ കാരണത്താൽ മാത്രമായിരുന്നു.

താൻ സ്വീകരിച്ചിട്ടുള്ള മാനുഷിക ഘടനയുടെ ബലഹീനതയെ കുറിച്ച് യേശു ബോധവാനായിരുന്നു. അതുകൊണ്ട്, അവിടുന്ന് തനിച്ചു പോയി പ്രാർഥിക്കാനുള്ള അവസരങ്ങൾക്കു വേണ്ടി നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്നു. ആരോ ഒരാൾ പറഞ്ഞിരിക്കുന്നത്, വിനോദ സഞ്ചാരികൾ ഒരു നഗരത്തിൽ പ്രവേശിക്കുമ്പോൾ നല്ല ഹോട്ടലുകൾക്കും, കാണാനുള്ള പ്രധാന കാഴ്ചകൾക്കുമായി അന്വേഷിക്കുന്നതു പോലെ, യേശു തനിക്കു പ്രാർഥിക്കാൻ കഴിയുന്ന ഏകാന്ത സ്ഥലങ്ങൾക്കു വേണ്ടി അന്വേഷിച്ചു എന്നാണ്.

പ്രലോഭനങ്ങളെ അതിജീവിക്കുവാനും തൻ്റെ ദേഹീ ശക്തിയെ മരണത്തിനേൽപ്പിക്കുവാനും വേണ്ട ശക്തി അവിടുന്നു തേടി. യേശു ആയിരുന്നതു പോലെ, ജഡത്തിൻ്റെ തീർത്തുമുള്ള ബലഹീനതയെ കുറിച്ചു ബോധവാനായ ഒരു മനുഷ്യനും ഇല്ലായിരുന്നു, അതുകൊണ്ട് അവിടുന്ന്, വേറെ ഒരു മനുഷ്യനും ഒരിക്കലും ചെയ്തിട്ടില്ലാത്തതുപോലെ, സഹായത്തിനായി പ്രാർഥനയിൽ പിതാവിൻ്റെ മുഖം അന്വേഷിച്ചു. തൻ്റെ ഐഹിക ജീവിതകാലത്ത് "ഉറച്ച നിലവിളി യോടും കണ്ണുനീരോടും കൂടെ" പ്രാർഥിച്ചു. മറ്റേതൊരു മനുഷ്യനേയും കാൾ, അവിടുന്ന് പിതാവിനാൽ ശക്തമായി ബലപ്പെടുത്തപ്പെട്ടു എന്നതായിരുന്നു അതിൻ്റെ ഫലം. അങ്ങനെ യേശു ഒരിക്കൽപ്പോലും പാപം ചെയ്തില്ല തന്നെയുമല്ല അവിടുന്ന് ഒരിക്കലും തൻ്റെ ദേഹിയിൽ നിന്നു ജീവിച്ചില്ല (എബ്രാ. 4:15; 5:7-9).

സുവിശേഷങ്ങളിൽ "പ്രാർഥിക്കുക" അല്ലെങ്കിൽ "പ്രാർഥന" എന്നീ വാക്കുകൾ യേശുവിനോടുള്ള ബന്ധത്തിൽ 25 തവണ ഉപയോഗിച്ചിരിക്കുന്നു എന്നത് പ്രാധാന്യമുള്ള ഒരു കാര്യമല്ലേ? അവിടെയാണ് അവിടുത്തെ ജീവിതത്തിൻ്റെയും അധ്വാനത്തിൻ്റെയും രഹസ്യം കിടക്കുന്നത്.

യേശു പ്രാർഥിച്ചത് അവിടുത്തെ ജീവിതത്തിൽ നടന്ന വലിയ സംഭവങ്ങൾക്കു മുമ്പു മാത്രമല്ല, എന്നാൽ തൻ്റെ വലിയ നേട്ടങ്ങൾക്കു ശേഷവും അവിടുന്നു പ്രാർഥിച്ചു. അയ്യായിരം പേരെ അത്ഭുതകരമായി തീറ്റിയതിനു ശേഷം, പ്രാർഥിക്കാനായി അവിടുന്ന് മലമുകളിലേക്കു പോയി. നിഗളിക്കാനുള്ള പ്രലോഭനങ്ങൾക്കോ അല്ലെങ്കിൽ പൂർത്തീകരിച്ച പ്രവർത്തനങ്ങൾക്കു മേലുള്ള സ്വയ തൃപ്തിക്കോ എതിരായുള്ള സംരക്ഷണത്തിനു വേണ്ടിയും തൻ്റെ പിതാവിനെ കാത്തിരിക്കുന്നതിലൂടെ അവിടുത്തെ ശക്തി പുതുക്കാൻ വേണ്ടിയും (യെശ. 40:31) ആയിരുന്നു ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു. നമുക്ക് കർത്താവിനു വേണ്ടി ചില പ്രധാന ദൗത്യങ്ങൾ ചെയ്യാനുള്ളപ്പോൾ അതിനു മുമ്പായി മാത്രമാണ് സാധാരണ നാം പ്രാർഥിക്കുന്നത്. എന്നാൽ യേശുവിനുണ്ടായിരുന്ന ആ ശീലം, നമ്മുടെ ദൗത്യം പൂർത്തീകരിച്ച ശേഷം പിതാവിനു വേണ്ടി കാത്തിരിക്കുന്നത്, നാം വളർത്തിയെടുക്കുമെങ്കിൽ, നാം നമ്മെത്തന്നെ നിഗളത്തിൽ നിന്നു സംരക്ഷിക്കുകയും അങ്ങനെ കർത്താവിനു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ നാം സജ്ജരാക്കപ്പെടുകയും ചെയ്യും.

യേശുവിൻ്റെ ജീവിതം കൂടുതൽ തിരക്കുള്ളതായി തീർന്നതിനനുസരിച്ച്, അവിടുന്ന് അധികം പ്രാർഥിച്ചു. അവിടുത്തേക്കു ഭക്ഷണം കഴിക്കുവാനോ അല്ലെങ്കിൽ വിശ്രമിക്കാനോ പോലുമുള്ള സമയം ഇല്ലാതിരുന്ന അവസരങ്ങൾ ഉണ്ടായിരുന്നു (മർക്കോ. 3:20; 6:31, 33, 46), എന്നാൽ, അവിടുന്ന് എല്ലായ്പ്പോഴും പ്രാർഥിക്കാൻ സമയമെടുത്തു.എപ്പോൾ ഉറങ്ങണമെന്നും എപ്പോൾ പ്രാർഥിക്കണമെന്നും അവിടുത്തേക്ക് അറിയാമായിരുന്നു, കാരണം അവിടുന്ന് ആത്മാവിൻ്റെ പ്രേരണ അനുസരിച്ചു.

ഫലപ്രദമായ പ്രാർഥനയ്ക്ക് ആത്മാവിൻ്റെ ദാരിദ്ര്യം ഒരു മുൻ വ്യവസ്ഥയാണ്. മാനുഷികമായ ബലഹീനതയുടെ പ്രകടനമാണ് പ്രാർഥന, അത് കേവലം ഒരു ചടങ്ങാകാതെ അർത്ഥവത്താകണമെങ്കിൽ, ക്രിസ്തീയ ജീവിതം ജീവിക്കാനോ ദൈവത്തെ സേവിക്കാനോ മാനുഷികമായ വിഭവങ്ങളുടെ അപര്യാപ്തതയെ കുറിച്ച് സ്ഥിരമായ തിരിച്ചറിയൽ ഉണ്ടായിരിക്കണം.

യേശു തുടർമാനം പ്രാർഥനയിൽ ദൈവത്തിൻ്റെ ശക്തിതേടി, അതുകൊണ്ട് അവിടുന്ന് ഒരിക്കലും നിരാശപ്പെട്ടില്ല. അങ്ങനെ മറ്റേതു മാർഗ്ഗത്തിലൂടെയും തനിക്കു നിറവേറ്റാൻ കഴിയുകയില്ലായിരുന്ന കാര്യങ്ങൾ, അവിടുന്ന് പ്രാർഥനയിലൂടെ പൂർത്തീകരിച്ചു.