WFTW Body: 

യേശു നമ്മെ പഠിപ്പിച്ച ആദ്യത്തെ മൂന്ന് അപേക്ഷകൾ, "അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ", "അവിടുത്തെ രാജ്യം വരേണമേ", "അവിടുത്തെ ഇഷ്ടം നടക്കണമേ". എല്ലാ കാര്യവും ദൈവവുമായി ബന്ധപ്പെട്ടതാണ് എന്നത് ശ്രദ്ധിക്കുക. മനുഷ്യൻ അടിസ്ഥാനപരമായി സ്വയകേന്ദ്രീകൃതരാണ്. ആദമിൽ നിന്ന് ജന്മസിദ്ധമായി നാം പ്രാപിച്ചത് പ്രാഥമികമായി നമ്മെക്കുറിച്ചുതന്നെ ചിന്തിക്കുമാറാക്കുന്ന ഒരു സ്വയകേന്ദ്രീകൃതമായ ജീവനാണ്, മിക്കപ്പോഴും നമ്മെക്കുറിച്ച് മാത്രം. അത് ഞാൻ, എനിക്ക്, കൂടാതെ എൻ്റെ കുടുംബം എന്നിവയാണ്, മിക്ക ആളുകളെയും ഉൽക്കണ്ഠാകുലരാക്കുന്നത് അതു മാത്രമാണ്. അവർ രക്ഷിക്കപ്പെട്ടാൽ, അപ്പോഴും ഞാൻ, എനിക്ക്, പിന്നെ എൻ്റെ കുടുംബം എന്നാണ്. അവർ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ, ഇപ്പോൾ ക്രിസ്തുവിന് എങ്ങനെ ഞാൻ, എന്നെ, പിന്നെ എൻ്റെ കുടുംബം ഇവയെ അനുഗ്രഹിക്കാൻ കഴിയും എന്നതിനെക്കുറിച്ച് മാത്രം അവർ ചിന്തിക്കുന്നു. അതു ക്രിസ്തീയതയല്ല. നമ്മുടെ സകല ദുരിതത്തിനും സന്തോഷം ഇല്ലായ്മയ്ക്കും മൂലകാരണമായ, ഈ സ്വയ കേന്ദ്രീകൃത ജീവിതത്തിൽ നിന്നും നമ്മെ വിടുവിക്കാനാണ് യേശു വന്നത്.

മിക്ക ക്രിസ്ത്യാനികൾക്കും എല്ലാ സമയവും സന്തോഷിക്കാൻ കഴിയാത്തതിന് കാരണം അവർ തങ്ങളിൽ തന്നെ കേന്ദ്രീകൃതമായിരിക്കുന്നതാണ്. ചില നല്ല കാര്യങ്ങൾ അവർക്ക് സംഭവിക്കുമ്പോൾ, അവർ സന്തോഷിക്കുന്നു, ചില കാര്യങ്ങൾ അവർ ആഗ്രഹിച്ച വിധത്തിൽ സംഭവിക്കുന്നില്ലെങ്കിൽ - അവർ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ - അപ്പോൾ അവരുടെ സന്തോഷം അവർക്ക് നഷ്ടപ്പെടുന്നു. എന്തുകൊണ്ട്? ദൈവം ഇപ്പോഴും സിംഹാസനത്തിൽ തന്നെയാണ്, നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, പിശാച് ഇപ്പോഴും തോൽപ്പിക്കപ്പെട്ടിരിക്കുന്നു! നിങ്ങൾ ആഗ്രഹിച്ച ചില കാര്യങ്ങൾ നിങ്ങൾക്ക് ലഭിച്ചില്ല എന്ന കാരണത്താൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുന്നില്ല. യേശു വന്നിരിക്കുന്നത്, നമ്മുടെ സകല പ്രശ്നങ്ങൾക്കും കാരണമായ സ്വയകേന്ദ്രീകൃതമായ ജീവനിൽ നിന്ന് വിടുവിക്കാനാണ്.

ആഹാരത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാൻ കഴിയുമോ? തീർച്ചയായും നമുക്ക് കഴിയും, മത്തായി 6:11 ൽ യേശു നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് "ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ" എന്നാണ്. "ദിനംപ്രതിയുള്ള ആഹാരം" എന്നതിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മക്കളുടെ വിദ്യാഭ്യാസം ഇവ ഉൾപ്പെടുന്നു, കാരണം അവർക്ക് ഒരു ജോലി ലഭിച്ച് അവരുടെ അന്നന്നത്തെ അപ്പം നേടുവാൻ കഴിയേണ്ടതിന് അവർക്ക് വിദ്യാഭ്യാസം നൽകപ്പെടേണ്ടതുണ്ട്. ഈ കാര്യങ്ങൾ ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണമേ എന്നതും "ദുഷ്ടനിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ" എന്നതും നല്ല അപേക്ഷകളാണ്, എന്നാൽ നമ്മെ സംബന്ധിക്കുന്ന ഈ മൂന്ന് അപേക്ഷകളും വരുന്നത് ദൈവത്തിൻ്റെ നാമം, ദൈവത്തിൻ്റെ രാജ്യം, ദൈവത്തിൻ്റെ മഹത്വംഇവ അന്വേഷിച്ചതിനുശേഷമാണ്. യേശു നമ്മുടെ മുൻഗണനകൾ മാറ്റുന്നു.

ദൈവത്തിൻ്റെ രാജ്യം, അവിടുത്തെ നാമം, നമ്മുടെ ചിന്തകളിൽ അവിടുത്തെ ഇഷ്ടം ഇവയെ ഒന്നാമതായി പ്രാർത്ഥിക്കുന്നതാണ് പ്രാർത്ഥനയുടെ ശരിയായ രീതി. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇപ്പോൾ ദൈവനാമം, ദൈവത്തിൻ്റെ രാജ്യം, ദൈവ മഹത്വം ഇവയെക്കുറിച്ച് ചിന്തിക്കണമെങ്കിൽ, ഞാൻ എൻ്റെ മുഴു ജീവിത രീതിയും മാറ്റണം. അതാണ് സത്യത്തിൽ ആത്മീയനായ ക്രിസ്ത്യാനി. ഈ പ്രാർത്ഥന ആർക്കും ആവർത്തിച്ചു ചൊല്ലാൻ കഴിയും -ഒരു തത്തയ്ക്ക് പോലും കഴിയും. എന്നാൽ ആത്മീയർക്കു മാത്രമേ തങ്ങളുടെ ഹൃദയത്തിൽ നിന്ന് ഈ പ്രാർത്ഥന പ്രാർത്ഥിക്കാൻ കഴിയൂ, കാരണം ആത്മീയർക്കു മാത്രമേ തങ്ങളുടെ ജീവിതത്തിലെ പ്രധാന ഉത്കണ്ഠ ഈ രാജ്യത്തിലും, സഭയിലും, അവരിൽ തന്നെയും അവരുടെ കുടുംബത്തിലും ദൈവത്തിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണം എന്നതാണെന്ന് സത്യസന്ധമായി പറയാൻ കഴിയൂ.

"ദൈവത്തിൻറെ രാജ്യം വേഗം വരണം, സഭയിൽ ദൈവത്തിൻ്റെ ഭരണം സ്ഥാപിക്കപ്പെടണം, എൻ്റെ ജീവിതത്തിലും, എൻ്റെ കുടുംബത്തിലും, എല്ലായിടത്തും ദൈവഹിതം നിറവേറപ്പെടണം" അതാണ് ഒരു ആത്മീയ മനുഷ്യൻ്റെ ലക്ഷണം. ഇവ മൂന്നും നിങ്ങളുടെ ഹൃദയത്തിലെ ഏറ്റവും ഉന്നതമായ ആഗ്രഹങ്ങൾ ആകുന്നത തുവരെ നിങ്ങളെ തന്നെ ആത്മീയൻ എന്നു കണക്കാക്കരുത്. നിങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രം ഇപ്പോഴും നിങ്ങൾക്കുചുറ്റും തന്നെ ആണെങ്കിൽ എല്ലാ കാര്യവും അർത്ഥശൂന്യമാണ്. പല ആളുകളും, അവർ രക്ഷിക്കപ്പെടുമ്പോൾ, അവരുടെ ജീവിതം ആസകലം സ്വയ കേന്ദ്രീകൃതമായിരിക്കുന്നതുകൊണ്ട്, അവർ തങ്ങളുടെ ഭ്രമണപഥത്തിൽ അവരെ സേവിക്കേണ്ടതിന് യേശുവിനെ കൂടെ ചേർക്കുന്നു - അവരുടെ പാപങ്ങൾ ക്ഷമിക്കാൻ, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം പറയാൻ, അവരെ അനുഗ്രഹിക്കാൻ, അവരെ ഐശ്വര്യപൂർണ്ണമാക്കാൻ, കൂടാതെ അവരുടെ രോഗങ്ങൾ സൗഖ്യമാക്കാൻ. ഇത് ക്രിസ്തീയതയല്ല. ഇത് മതം കൂട്ടിച്ചേർക്കപ്പെട്ട സ്വയകേന്ദ്രീകൃത ജീവിതമാണ്. യഥാർത്ഥമായി ക്രിസ്തു ഉള്ളിൽ വരുമ്പോൾ, നാം നമ്മുടെ സ്വയകേന്ദ്രീകൃത ജീവിതത്തിൽ നിന്നും തിരിയുന്നു (മാനസാന്തരപ്പെടുന്നു)തന്നെയുമല്ല ദൈവം കേന്ദ്രമായി തീരുന്നു.

യേശുവിൻ്റെ പ്രാർത്ഥനയുടെ അവസാന ഭാഗത്ത് നമ്മെത്തന്നെ സംബന്ധിക്കുന്ന മൂന്ന് അപേക്ഷകളിൽ, യേശു ഭൗതിക കാര്യങ്ങളെക്കുറിച്ച് പറയുന്നു (ദിനംപ്രതിയുള്ള ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ), എന്നാൽ അവിടുന്ന് അതിനെ "അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ" എന്നതിനോട് ബന്ധിപ്പിച്ചിരിക്കുന്നു. ഞാൻ ഇങ്ങനെയാണ് പറയുന്നത് "എൻ്റെ പിതാവേ, സ്വർഗ്ഗത്തിൽ ദൂതന്മാർ അവിടുത്തെ ഹിതം ചെയ്യുന്നത് പോലെ, എനിക്ക് ഈ ഭൂമിയിൽ അവിടുത്തെ ഇഷ്ടം ചെയ്യണം, അത് ഉടനടിയുള്ള അനുസരണമാണ്;കൂടാതെ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ, എനിക്ക് ആരോഗ്യം ആവശ്യമാണ്, അതുകൊണ്ട് എനിക്ക് ദിനംപ്രതിയുള്ള ആഹാരം തരണമേ". നിങ്ങൾ ദിനംപ്രതിയുള്ള ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നത് ദൈവഹിതം ചെയ്യാൻ വേണ്ടിയാണോ, അതോ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഇഷ്ടം ചെയ്യേണ്ടതിനാണോ? അത് പാപം ചെയ്യാനാണോ അതോ ദൈവത്തെ പ്രസാദിപ്പിക്കാനാണോ? "ഇന്ന് ദൈവത്തിനു വേണ്ടി ജീവിക്കേണ്ടതിനു വേണ്ട ആരോഗ്യത്തിനും ശക്തിക്കുമായി എൻ്റെ ദിനംപ്രതിയുള്ള ആഹാരം എനിക്ക് തരണമേ" എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന.

ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം ഈ പ്രാർത്ഥന മുഴുവനിലും, "എനിക്ക്", "എൻ്റെ" എന്നീ വാക്കുകൾ കാണ്മാനില്ല. നമ്മുടെ സ്വന്തം പ്രാർത്ഥനകളിൽ കൂടെ കൂടെ "എനിക്ക്", "എൻ്റെ" എന്ന പദങ്ങൾ നിങ്ങൾ കണ്ടെത്തും, എന്നാൽ കർത്താവ് നമ്മെ പഠിപ്പിച്ച പ്രാർത്ഥനയിൽ, ഈ വാക്കുകൾ പൂർണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നത് വളരെ രസകരമല്ലേ. അവിടുന്ന് പറയുന്നു, "ഞങ്ങൾക്കു തരേണമേ" - "കേവലം എനിക്കു മാത്രമല്ല കർത്താവേ, ഞാൻ എൻ്റെ സഹോദരനെ കുറിച്ചുകൂടി ചിന്തിക്കുന്നു, അവന് അവൻ്റെ ദിനംപ്രതിയുള്ള ആഹാരം ആവശ്യമുണ്ട്". "ഞങ്ങളോട് ക്ഷമിക്കേണമേ" - "എന്നോട് മാത്രം ക്ഷമിക്കരുതെ, എൻ്റെ സഹോദരനോടും കൂടെ ക്ഷമിക്കേണമേ". "ഞങ്ങളെ രക്ഷിക്കേണമേ..." തൻ്റെ ജീവിതം ദൈവത്തിൽ കേന്ദ്രീകൃതമാക്കപ്പെട്ട ഒരു മനുഷ്യനാണ് യഥാർത്ഥ ആത്മീയ മനുഷ്യൻ, അവനെക്കുറിച്ച് തന്നെ പരിഗണിക്കുന്ന കാര്യം വരുമ്പോൾ, അവൻ അവനെ കുറിച്ച് മാത്രം ചിന്തിക്കുകയില്ല എന്നാൽ അവനു ചുറ്റുമുള്ളവരെ കുറിച്ചും ചിന്തിക്കുന്നു -ദൈവത്തിൻ്റെ കുടുംബത്തിലെ ഭാഗമായ മറ്റുള്ളവർ. ദൈവം വലിയ കുടുംബത്തിൻ്റെ പിതാവായതുകൊണ്ട്, അവൻ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നു.

ശരിയായ ക്രമം ക്രിസ്തു ഒന്നാമത്, അതിനുശേഷം മറ്റുള്ളവരും ഞാനും ഒരുമിച്ച്, ഞാൻ മാത്രമല്ല. അതാണ് ഒരു ആത്മീയ വ്യക്തി പ്രാർത്ഥിക്കുന്ന വിധം: അവൻ്റെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല. സ്വാഭാവികമായി അയാൾ തൻ്റെ മക്കളെക്കുറിച്ച് വിചാരമുള്ളവനാണ്, എന്നാൽ അയാൾ മറ്റുള്ളവരുടെ മക്കളെ കുറിച്ചും വിചാരമുള്ളവനാണ്. അയാൾ അവരെ നിന്ദിക്കുന്നില്ല. നമ്മുടെ സ്വന്തം മക്കൾക്ക് വേണ്ടി ഭാരപ്പെടുന്നതു പോലെ മറ്റുള്ളവരുടെ മക്കൾക്ക് വേണ്ടി ഭാരപ്പെടുന്നത് മാനുഷികമായി സാധ്യമല്ല. നമ്മൾ യാഥാർത്ഥ്യബോധമുള്ളവർ ആയിരിക്കണം എന്നാൽ അവർക്ക് വേണ്ടി കുറച്ച് കരുതൽ ഉണ്ടായിരിക്കണം. ഇന്ന് ഞങ്ങൾക്ക് ഞങ്ങളുടെ ദിനംപ്രതിയുള്ള ആഹാരം തരേണമേ.

"ഞങ്ങൾ മറ്റുള്ളവരോട് ക്ഷമിച്ചിരിക്കുന്നത് പോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണമേ". ഇത് വളരെ പ്രധാനപ്പെട്ട ഒരു അപേക്ഷയാണ്. ഇതിൻ്റെ അവസാനം യേശു ആവർത്തിച്ചു പറയുന്ന ഒരു അപേക്ഷ ഇതാണ്. മത്താ. 6:14 ൽ അവിടുന്ന് ഇങ്ങനെ പറയുന്നു, "നിങ്ങൾ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും". ഈ വ്യവസ്ഥ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം യേശു തന്നെയാണ് ഇത് പ്രസ്താവിച്ചത്: നിങ്ങൾ മനുഷ്യരോട് ക്ഷമിച്ചില്ലെങ്കിൽ, അപ്പോൾ നിങ്ങളുടെ പിതാവ് നിങ്ങളുടെ അകൃത്യങ്ങളെ ക്ഷമിക്കുകയില്ല.ഇത് സത്യമാണോ അല്ലയോ?

നിങ്ങൾക്ക് വിരോധമായി എന്തെങ്കിലും ചെയ്ത ആരോടെങ്കിലും നിങ്ങൾ ക്ഷമിച്ചില്ലെങ്കിൽ ദൈവം നിങ്ങൾക്ക് തന്ന പാപക്ഷമ നിരസിക്കുമോ? തീർച്ചയായും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിച്ചില്ലെങ്കിൽ അവിടുന്ന് നിങ്ങളോടും ക്ഷമിക്കയില്ല. ദയവുചെയ്ത് ഇത് ഓർക്കുക. അത് മനുഷ്യരോടുള്ള ദൈവത്തിൻ്റെ ഇടപാടിൻ്റെ അടിസ്ഥാന പ്രമാണമാണ്. നാം മറ്റുള്ളവരോട് പെരുമാറുന്നതുപോലെ അവിടുന്ന് നമ്മോട് പെരുമാറുന്നു എന്നത്. നാം മറ്റുള്ളവരോട് കരുണയുള്ളവരാണെങ്കിൽ, അപ്പോൾ ദൈവം നമ്മോട് കരുണയുള്ളവൻ ആയിരിക്കും. നിങ്ങൾ മറ്റുള്ളവരോട് ക്ഷമിച്ചാൽ, അപ്പോൾ ദൈവം നിങ്ങളോട് ക്ഷമിക്കുന്നു. അതു നമ്മൾ മത്താ. 5:7 ൽ കണ്ടു, "കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർക്കു കരുണ ലഭിക്കും". ഇവിടെ നമുക്ക് ഇപ്രകാരം പറയാൻ കഴിയും, മറ്റുള്ളവരോട് ക്ഷമിക്കുന്നവർ ഭാഗ്യവാന്മാർ കാരണം അവർ ക്ഷമിക്കപ്പെടും, തന്നെയുമല്ല മറ്റുള്ളവരോട് ക്ഷമിക്കാത്തവർ ക്ഷമിക്കപ്പെടുകയുമില്ല".

ഒരിക്കൽ ഇത് വ്യക്തമാക്കുന്നതിനായി ഇതിനോടുള്ള ബന്ധത്തിൽ മത്താ. 18:21-35 വരെയുള്ള വാക്യങ്ങളിൽ യേശു ഒരു കഥ പറഞ്ഞു. നാം മനസ്സിലാക്കേണ്ടതായി വളരെ പ്രധാനപ്പെട്ട ഒരു ഉപമയാണിത്. ധാരാളം അടിമകളുള്ള ഒരു രാജാവ് ഉണ്ടായിരുന്നു കൂടാതെ അവരെല്ലാവരും അദ്ദേഹത്തിന് വളരെയധികം പണം കടപ്പെട്ടിരുന്നു. ഒരുവൻ അദ്ദേഹത്തിന് 10,000 താലന്ത് കടപ്പെട്ടിരുന്നു, അത് ഏതാണ്ട് 100 കോടി രൂപയ്ക്ക് തുല്യമാണ് -നിങ്ങൾക്ക് ഒരിക്കലും കൊടുത്തു തീർക്കാൻ കഴിയാത്തത്ര വലിയ ഒരു കടം. ആ രാജാവ് കരുണയുള്ളവൻ ആയിരുന്നതുകൊണ്ട് അവനോട് അത് ക്ഷമിച്ചു. ക്ഷമിക്കപ്പെട്ട ഈ മനുഷ്യൻ പുറത്തു ചെന്ന് അവനു 100 രൂപ കടം പെട്ട മറ്റൊരുവനെ കണ്ടെത്തി അവൻ്റെ തൊണ്ടയ്ക്ക് പിടിച്ചിട്ട് പറഞ്ഞു, "നീ എനിക്കു പണം തന്നില്ലെങ്കിൽ, ഞാൻ നിന്നെ കോടതിയിൽ കൊണ്ടുപോയി ജയിലിൽ അടയ്ക്കും". എന്നിട്ട് അയാൾ അങ്ങനെ തന്നെ ചെയ്തു. മറ്റുള്ള അടിമകൾ ഇതു കണ്ടപ്പോൾ, അവർ ചെന്ന് രാജാവിനോട് അറിയിച്ചു. രാജാവ് ആ അടിമയെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു, "ദുഷ്ടദാസനെ, നിൻ്റെ കടം ക്ഷമിക്കണമെന്ന് നീ എന്നോട് അപേക്ഷിച്ചപ്പോൾ ഞാൻ നിനക്കു. ക്ഷമിച്ചു തന്നു. എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നീയും നിൻ്റെ സഹദാസനോട് കരുണയുള്ളവനാകേണ്ടതല്ലേ?അദ്ദേഹം കോപം കൊണ്ട് ജ്വലിച്ചു. രാജാവ് ഈ അടിമയെ, അവൻ്റെ കടം മുഴുവൻ കൊടുത്തു തീർക്കുവോളം ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏൽപ്പിച്ചു.

മറ്റു വാക്കുകളിൽ പറഞ്ഞാൽ ഇളച്ചു കൊടുക്കപ്പെട്ട കടം മുഴുവൻ അവൻ്റെ തലയിൽ തന്നെ തിരിച്ചുവച്ചു. നിങ്ങൾ അതിനെ എങ്ങനെ കണക്കാക്കുന്നു? നമ്മോട് ക്ഷമിക്കുന്ന ദൈവം, നമ്മോടു ക്ഷമിക്കാതെ ഇരിക്കുമോ? അവിടുന്ന് ക്ഷമിച്ചു കഴിഞ്ഞ പാപങ്ങൾ നമ്മുടെ തലയിൽ തന്നെ തിരിച്ചു വയ്ക്കുമോ? ഈ വാക്യം അനുസരിച്ച്, അതെ. ദൈവം നമ്മുടെ പാപങ്ങൾ മറന്നിരിക്കുന്നു എന്ന് ബൈബിൾ ഒരിക്കലും പറയുന്നില്ല. അവിടുന്ന് പറയുന്നു, "ഞാൻ നിങ്ങളുടെ പാപങ്ങളെ ഇനിമേൽ ഓർക്കുകയില്ല", അതിൻ്റെ അർത്ഥം "ഞാൻ നിങ്ങളുടെ പാപങ്ങളെ നിങ്ങൾക്കെതിരായി ഉയർത്തിപ്പിടിക്കുകയില്ല" എന്നാണ്.

ദൈവം പൂർണ്ണമായി മറക്കുന്നു എന്നു പറയുന്ന ഒരു വാക്യവുമില്ല. ഞാൻ ചെയ്ത പാപങ്ങൾ എനിക്ക് തന്നെ മറക്കാൻ കഴിയുന്നില്ല, അങ്ങനെയെങ്കിൽ ദൈവം അവയെ എങ്ങനെ മറക്കും? ഇല്ല. അവിടുന്ന് ഇപ്പോഴും അറിയുന്നു, എന്നാൽ അവിടുന്ന് അവയെ നമുക്ക് വിരോധമായി ഉയർത്തിപ്പിടിക്കുന്നില്ല. ഈ ഉപമ നമ്മെ പഠിപ്പിക്കുന്നത് നിങ്ങൾ മറ്റുള്ളവരോട് ക്ഷമിച്ചാൽ, ദൈവം നിങ്ങളോട് ക്ഷമിക്കുന്നു, തന്നെയുമല്ല നിങ്ങൾ ക്ഷമിച്ചില്ലെങ്കിൽ, ദൈവം നിങ്ങളോടും ക്ഷമിക്കുകയില്ല.

ഇനി ഏറ്റവും അവസാനത്തെ അപേക്ഷ, "ഞങ്ങളെ പരീക്ഷയിൽ കടത്തരുതെ" എന്നാണ്. അതെന്താണ് അർത്ഥമാക്കുന്നത്? നമ്മുടെ കഴിവിനു മീതെ പരീക്ഷ നേരിടുവാൻ ദൈവം അനുവദിക്കുകയില്ല (1 കൊരി. 10:13), എന്നാൽ ഇതു പ്രാർത്ഥിക്കുന്നത് നമുക്ക് നല്ലതാണ്, കാരണം സഹിക്കുവാനുള്ള നമ്മുടെ കഴിവിന് വളരെ മീതെയുള്ളതാണ് ചില പരീക്ഷകൾ എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. നമ്മുടെ കഴിവിനു മീതെ പരീക്ഷിക്കപ്പെടുവാൻ ദൈവം അനുവദിക്കുകയില്ല എന്ന് നമുക്കറിയാം, എന്നാൽ ഞങ്ങൾക്ക് കഴിയാത്ത വിധം വളരെ ശക്തമായ പരീക്ഷയിലേക്ക് ഞങ്ങളെ കടുത്തരുതേ എന്നു നാം പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ട്. "എന്നാൽ ദുഷ്ടനിൽ നിന്ന് എന്നെ രക്ഷിക്കേണമേ". "ഈ പരീക്ഷ ജയിക്കേണ്ടത് എങ്ങനെ എന്ന് എനിക്ക് അറിയില്ല. എനിക്ക്ഈ പരീക്ഷ ജയിക്കാനുള്ള കഴിവില്ല. അതുകൊണ്ട് കർത്താവേ, എൻ്റെ പിതാവേ, എനിക്ക് കഴിയാത്തത്ര വളരെ ശക്തി ഉള്ളതെന്ന് കാണുന്ന പരീക്ഷയിലേക്ക് എന്നെ കടത്തരുതേ" എന്നുപറഞ്ഞുകൊണ്ട് ഞാൻ എൻ്റെ എളിയ അവസ്ഥ പ്രകടിപ്പിക്കുകയാണ്. ഞാൻ ഇതുപോലെ പ്രാർത്ഥിക്കുമ്പോൾ ഞാൻ എൻ്റെ കഴിവില്ലായ്മയും നിസ്സഹായതയും പ്രകടിപ്പിക്കുകയാണ്. പരീക്ഷയ്ക്ക് നേരെ ഉണ്ടാകേണ്ട ഒരു നല്ല മനോഭാവമാണത്.

പ്രലോഭനങ്ങൾക്കു കീഴ്പ്പെടുത്താൻ പറ്റാത്ത വിധം അത്ര ശക്തരാണ് നാമെന്നു നാം ചിന്തിക്കേണ്ടതില്ല. അതുകൊണ്ടാണ് പലയാളുകൾക്കും പാപത്തിന്റെ മേൽ ജയം ഇല്ലാത്തത്. മിക്ക ക്രിസ്ത്യാനികളും പാപത്താൽ തോൽപ്പിക്കപ്പെടുന്നതിന്റെ കാരണം അവർക്ക് വളരെയധികം ആത്മധൈര്യം ഉണ്ടെന്നുള്ളതാണ്. അവർക്ക് കഴിവുണ്ടെന്ന് അവർ ചിന്തിക്കുന്നു -കുറച്ചുകൂടി നല്ല തീരുമാനങ്ങൾ എടുത്തിട്ടുള്ളതു കൊണ്ട് കടിച്ചു പിടിച്ച് ജയിക്കാമെന്ന് അവർ ചിന്തിക്കുന്നു. ഇല്ല, അത് നടക്കില്ല. നാം ഇങ്ങനെ ഏറ്റു പറയേണ്ടതുണ്ട് "കർത്താവേ, എനിക്കു കഴിയാത്ത വിധം ശക്തമായ പരീക്ഷയിലേക്ക് എന്നെ കടത്തരുതേ, അതുതന്നെയല്ല ഞാൻ പരീക്ഷ നേരിടുമ്പോൾ, ദുഷ്ടനിൽ നിന്ന് എന്നെ രക്ഷിക്കണമേ, കാരണം, എനിക്ക് എൻ്റെ സ്വന്തമായി ദുഷ്ടനെ ജയിക്കാൻ കഴിയില്ല". മറ്റുള്ളവരോട് ക്ഷമിക്കുന്ന കാര്യത്തിൽ പോലും ദുഷ്ടൻ ഞങ്ങൾക്ക് ജയിക്കാൻ പറ്റാത്ത വിധം ശക്തനാണെന്നു നാം തിരിച്ചറിയുമെങ്കിൽ, അപ്പോൾ മാത്രമേ യേശു ഇവിടെ പഠിപ്പിച്ചതുപോലെ നാം പ്രാർത്ഥിക്കുകയുള്ളൂ. ആരോടെങ്കിലും ക്ഷമിക്കുന്നതു പ്രയാസമായി നിങ്ങൾ കാണുന്നെങ്കിൽ - ആരെങ്കിലും നിങ്ങളോടോ നിങ്ങളുടെ കുടുംബത്തോടോ ഘോരമായ ഉപദ്രവം ചെയ്തിരിക്കുന്നു എങ്കിൽ ആ വ്യക്തി ചെയ്ത ദോഷം നിമിത്തം ആ വ്യക്തിയോട് ക്ഷമിക്കാൻ വലിയ പ്രയാസമായി നിങ്ങൾ കാണുന്നെങ്കിൽ, അപ്പോൾ നിങ്ങൾക്ക് ദൈവത്തോട് കൃപയ്ക്കായി യാചിക്കാം. ഇങ്ങനെ പറയുക, "കർത്താവേ, ദയ തോന്നി എന്നെ സഹായിക്കേണമേ, ക്ഷമിക്കാൻ കഴിയാത്ത ആത്മാവിൻ്റെ ദോഷത്തിൽ നിന്ന് എന്നെ വിടുവിക്കേണമേ. ഈ വ്യക്തിയോട് ക്ഷമിക്കാനുള്ള കഴിവ് എനിക്കില്ല, എന്നാൽ അയാളോട് ക്ഷമിക്കുവാൻ എന്നെ സഹായിക്കേണ്ടതിന് ഞാൻ അവിടുത്തോട് ചോദിക്കുന്നു".

നമ്മുടെ ബലഹീനതയുടെയും നമ്മുടെ നിസ്സഹായ അവസ്ഥയിൽ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തിന്റെയും പ്രകടനമാണ് പ്രാർത്ഥന,കൂടാതെ എൻ്റെ എല്ലാ പാപങ്ങളിൽ നിന്നും എന്നെ സ്വതന്ത്രനാക്കുവാൻ വേണ്ടി മരിക്കുവാൻ തൻ്റെ സ്വന്തം പുത്രനെ അയച്ച എൻ്റെ പിതാവായ ദൈവം എന്നെ സഹായിക്കുമെന്ന ഉറപ്പാണ് വിശ്വാസം. റോമർ 8:32 പറയുന്നു, "നിൻ്റെ എല്ലാ പാപങ്ങളിൽ നിന്നും നിന്നെ സ്വതന്ത്രനാക്കാൻ അവിടുന്ന് തൻ്റെ പുത്രനെ നൽകിയെങ്കിൽ പുത്രനോട് കൂടെ നിനക്ക് ആവശ്യമുള്ളതെല്ലാം എത്രയധികം അവിടുന്ന് നൽകും!"

മത്തായി 6:13 ൽ പ്രാർത്ഥന ഉപസംഹരിക്കുന്നു, "രാജ്യവും, ശക്തിയും, മഹത്വവും എന്നന്നേക്കും അവിടുത്തേക്കുള്ളതാണ്, ആമേൻ".

നമ്മുടെ പ്രാർത്ഥന ഇപ്രകാരം പറഞ്ഞുകൊണ്ട് ഉപസംഹരിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്, "കർത്താവേ ഇതിൻ്റെയെല്ലാംഒടുവിൽ, അവിടുന്ന് എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും ഞാൻ അവിടുത്തോട് ചോദിച്ചതെല്ലാം എനിക്കു വേണ്ടി ചെയ്തു തരികയും ചെയ്തപ്പോൾ, രാജ്യം അവിടുത്തേക്കുള്ളതാണ് ശക്തി അവിടുത്തേക്കുള്ളതാണെന്ന് ഏറ്റുപറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ജീവിതം ജീവിക്കാൻ വേണ്ട ശക്തി എനിക്കില്ല;പാപത്തെ ജയിക്കാനുള്ള ശക്തിയും എനിക്കില്ല. ശക്തി അവിടുത്തേള്ളതാണ്. ഞാൻ പാപത്തെ ജയിക്കുമ്പോൾ, മഹത്വവും അവിടുത്തേക്കുള്ളതാണ്".

അതിനുശേഷം അത് അപ്രകാരം തന്നെ എന്ന് അർത്ഥമുള്ള ആമേൻ എന്ന വാക്കോടുകൂടി പ്രാർത്ഥന അവസാനിക്കുന്നു.