WFTW Body: 

ദൈവം യിസ്രായേലിനെ ഈജിപ്തിലെ അടിമത്വത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന് മരുഭൂമിയിലൂടെ നടത്തിക്കൊണ്ടിരുന്നപ്പോൾ, അവിടുന്ന് അവരോടു കൽപ്പിച്ചു, "ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം" (പുറപ്പാട് 25:8). ഈ വിശുദ്ധ മന്ദിരമാണ് സമാഗമന കൂടാരം തന്നെയുമല്ല പിന്നീട് യിസ്രായേല്യർ കനാനിൽ പ്രവേശിച്ചു കഴിഞ്ഞ് അതിനു പകരം ദേവാലയം പ്രതിഷ്ഠിച്ചു. ഈ വാക്യത്തിൽ നിന്നു നാം കാണുന്നത് ദൈവത്തിന് തൻ്റെ ജനത്തിൻ്റെ നടുവിൽ വസിക്കാനുള്ള ഒരു ആഗ്രഹമുണ്ട് എന്നാണ്. ക്രിസ്തുവിൻ്റെ വരവ് മുതൽ, പിന്നീടൊരിക്കലും ദൈവം ഏതെങ്കിലും ഭൗതിക കെട്ടിടങ്ങളിൽ വസിക്കുന്നില്ല. ഇപ്പോൾ ദൈവം വസിക്കാൻ അന്വേഷിക്കുന്നത് മനുഷ്യഹൃദയങ്ങളിലും ഭവനങ്ങളിലുമാണ്. ഇന്നും ദൈവം ഇപ്രകാരം പറയുന്നു, ഞാൻ നിങ്ങളുടെ കൂടെ വസിക്കേണ്ടതിന് എനിക്ക് ഒരു വിശുദ്ധമന്ദിരം (വിശുദ്ധ സ്ഥലം) പണിയുക. ആ ഉദ്ദേശ്യത്തോടുകൂടിയാണ് ദൈവം വിവാഹത്തിൽ ഒരു ഭർത്താവിനെയും ഭാര്യയെയും ഒന്നിപ്പിക്കുന്നത്. ദൈവത്തിന് അവരുടെ കൂടെ വസിക്കേണ്ടതിന് അവരുടെ ഭവനം ഒരു വിശുദ്ധ സ്ഥലമായി പണിയപ്പെടണം.

ദൈവമഹത്വത്തിനായി ഒരു ഭവനം പണിയുന്നത്
പൊതുവായി പറഞ്ഞാൽ, ആളുകൾ വിവാഹിതരാകുമ്പോൾ, അവർ തങ്ങൾക്ക് വേണ്ടി ഒരു ഭവനം പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. ഓരോ ക്രൈസ്തവേതര ദമ്പതികൾക്കുമുള്ള ലക്ഷ്യം അതാണ്. എന്നാൽ വിശ്വാസികൾ എന്ന നിലയിൽ, നാം കർത്താവായ യേശുക്രിസ്തുവിനെയും, അവിടുത്തെ വചനത്തെയും മാനിക്കണം എന്നുണ്ടെങ്കിൽ, നാം നമുക്കുവേണ്ടി തന്നെ ഒരു ഭവനം പണിയരുത്. ദൈവത്തിനു വസിക്കേണ്ടതിന് ഒരു വിശുദ്ധമന്ദിരം നാം പണിയണം. ഇതാണ് ഒരു യഥാർത്ഥ ക്രിസ്തീയ ഭവനവും ഒരു അക്രൈസ്തവ ഭവനവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം. തങ്ങളുടെ ലക്ഷ്യം ഇതല്ലാത്തതുകൊണ്ടാണ് അവരുടെ ഭവനത്തിൽ വളരെയധികം ദുരിതവും ദൈവഭക്തി ഇല്ലായ്മയും നാം കാണുന്നത്. അവർ ദൈവത്തിനു വേണ്ടി അല്ല തങ്ങൾക്കു വേണ്ടിയാണ് അവരുടെ ഭവനം പണിതത്.

ആളുകൾ വിവാഹിതരാകുമ്പോൾ, അവർ എത്രമാത്രം സന്തുഷ്ടരാകാൻ പോകുന്നു എന്നതിനെക്കുറിച്ചു വലിയ പ്രതീക്ഷകൾ അവർക്കുണ്ട്. എന്നാൽ ആറുമാസം പിന്നിട്ട് കഴിയുമ്പോൾ, യാഥാർത്ഥ്യം ജീവിച്ചു തുടങ്ങുമ്പോൾ, കഥ ആകപ്പാടെ വ്യത്യാസപ്പെടുന്നു. അവർ സ്ഥിരമായി ശണ്‌ഠ കൂടുകയും അന്യോന്യം ആക്രോശിക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ പത്താം വിവാഹ വാർഷികം ആകുമ്പോഴേക്കും മിക്ക ദമ്പതികളും പരസ്പരം മടുത്തു ക്ഷീണിക്കുന്നു. അത് എന്തുകൊണ്ടാണ്? കാരണം അവർ സ്വാർത്ഥതയോടെ അവർക്കുവേണ്ടി തന്നെ ഒരു വീടു പണിയുകയായിരുന്നു. എന്നാൽ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് നാം ദൈവത്തെ മഹത്വപ്പെടുത്തുവാനും അവിടുത്തേക്കു വേണ്ടി നമ്മുടെ ഭവനം പണിയുവാനും നാം അന്വേഷിച്ചാൽ മാത്രമേ നമുക്ക് ഒരു സന്തുഷ്ടമായ വിവാഹജീവിതം ഉണ്ടാകുകയുള്ളൂ.

വിവാഹിതരായ ദമ്പതികൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം പഴയ നിയമത്തിൽ യിസ്രായേല്യർക്കു വേണ്ടി അവടുത്തേക്കുണ്ടായിരുന്ന അതെ ഉദ്ദേശ്യം തന്നെയാണ്. വിവാഹത്തിൽ ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നത് അവർ അവിടുത്തെ മഹത്വത്തിനുവേണ്ടി ഒരു ഭവനം പണിയേണ്ടതിനാണ്. പുറപ്പാടിൽ ദൈവം യിസ്രായേല്യർക്ക് സമാഗമന കൂടാരം പണിയേണ്ടതിന് കെട്ടിടത്തിന്റെ കൃത്യമായ രൂപരേഖ നൽകി, കൃത്യമായി അവിടുന്ന് കൽപ്പിച്ചത് പോലെ തന്നെ അവർ അത് പണിയേണ്ടതുമുണ്ടായിരുന്നു. ദൈവത്തിൻ്റെ രൂപരേഖ കൃത്യമായി പിന്തുടരുവാൻ വേണ്ടത്ര താഴ്മയുള്ളവരായിരുന്നു യിസ്രായേല്യർ. അതിൻ്റെ ഫലമായി യഹോവയുടെ മഹത്വം ആ സമാഗമന കൂടാരത്തെ നിറച്ചു (പുറപ്പാട് 40:34). നിങ്ങളുടെ ഭവനത്തിൽ ദൈവത്തിൻ്റെ തേജസ്സ് വസിക്കണം എങ്കിൽ നിങ്ങളും കൃത്യമായി ദൈവത്തിൻ്റെ രൂപരേഖ അനുസരിച്ചു നിങ്ങളുടെ ഭവനം പണിയണം. കർത്താവ് തിരുവചനത്തിൽ കൽപ്പിച്ചിരിക്കുന്നതുപോലെ തന്നെ കൃത്യമായി നിങ്ങളുടെ വിവാഹജീവിതം കെട്ടിപ്പടുക്കുവാൻ അന്വേഷിക്കുക. അപ്പോൾ ദൈവത്തിൻ്റെ തേജസ്സ് നിങ്ങളുടെ ഭവനത്തിലും വസിക്കും.

ദൈവത്തിൻ്റെ ക്രമ പ്രകാരം ഒരു ഭവനം പണിയുന്നത്
കയ്പ്പ്, അസൂയ, മുറുമുറു പ്പ് കൂടാതെ പണസ്നേഹം എന്നിവ അനേകം ഭവനങ്ങളിൽ നാം കാണുന്നു. ഇത് ഒരു അക്രൈസ്തവ ഭവനത്തിൽ നിന്നും വലിയ വ്യത്യാസമുള്ളതല്ല. അതിൻ്റെ കാരണം വ്യക്തമാണ്: ദൈവത്തിൻ്റെ തേജസ്സിന് ഭവനത്തെ നിറയ്ക്കാൻ കഴിയില്ല, കാരണം ദമ്പതിമാർ ദൈവവചനം അനുസരിച്ച് അത് പണിയുന്നതിന് അന്വേഷിച്ചില്ല. അതിനുപകരം അവരുടെ തന്നെ യുക്തി അനുസരിച്ച് അവർ അവരുടെ ഭവനം പണിതു.

1 കൊരി. 11:3 ൽ, ഒരു ഭവനത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ ക്രമം വ്യക്തമായി നാം കാണുന്നു. "ഏതു പുരുഷൻ്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ" ക്രിസ്തീയ ഭവനങ്ങളിൽ ഈ വാക്കുകൾ പലക കഷണത്തിൽ എഴുതി തൂക്കിയിരിക്കുന്നത് നാം മിക്കപ്പോഴും കാണുന്നു - "ക്രിസ്തു ഈ വീടിൻ്റെ നായകൻ". എന്നാൽ യഥാർത്ഥത്തിൽ ക്രിസ്തുവല്ല ആ വീടിൻ്റെ നായകൻ. ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചപ്പോൾ, ആദമിനെ ഹവ്വയുടെ തലയായിട്ട് കൊടുത്തു. ആദമിൻ്റെ തല ദൈവം തന്നെ ആയിരുന്നു. ദൈവം അവരെ സംയോജിപ്പിച്ചതിനുശേഷം, തൊട്ടടുത്തതായി വചനത്തിൽ നാം വായിക്കുന്ന കാര്യം സാത്താൻ രംഗപ്രവേശം ചെയ്തു എന്നാണ്. ഇതു നമ്മെ പഠിപ്പിക്കുന്നത്, ഇന്നും, ദൈവം ഒരു പുരുഷനെയും സ്ത്രീയെയും വിവാഹത്തിൽ സംയോജിപ്പിച്ചു കഴിഞ്ഞാലുടൻ, സാത്താൻ കടന്നുവരും എന്നാണ്. അതുകൊണ്ട് നാം ജാഗ്രതയുള്ളവരായിരിക്കണം. നമ്മുടെ ഭവനങ്ങളിൽ സാത്താന് പ്രവേശിക്കാൻ കഴിയരുത്.

ആദ്യ ഭവനത്തിൽ സാത്താൻ കടന്നതെങ്ങനെയാണ്? അതിനു കാരണം ആദവും ഹവ്വയും ദൈവത്തിൻ്റെ ക്രമം പാലിച്ചില്ല. സാത്താൻ ഹവ്വയുടെ അടുത്ത് വന്ന് ദൈവത്തിൻ്റെ കല്പന ലംഘിക്കുവാൻ നിർദ്ദേശിച്ചപ്പോൾ, അവൾ ഇപ്രകാരം പറയണമായിരുന്നു, "കൊള്ളാം സാത്താനെ, എനിക്ക് സ്വന്തമായി ഈ തീരുമാനമെടുക്കാൻ കഴിയുകയില്ല. ദൈവം എനിക്ക് തലയായി ഒരുവനെ നൽകിയിട്ടുണ്ട്. ആദ്യം ഞാൻ അദ്ദേഹത്തോട് ആലോചിക്കട്ടെ അതിനുശേഷം ഞാൻ നിന്നോട് ഉത്തരം പറയാം". അവൾ അത് ചെയ്തിരുന്നെങ്കിൽ, അത് എത്ര വ്യത്യസ്തമായ ഒരു കഥയാകുമായിരുന്നു! എന്നാൽ അവൾ സാത്താനുമായി ഒരു ചർച്ച നടത്തിയിട്ട് അവളുടെ തലയോട് ആലോചിക്കാതെ ഒടുവിൽ ഒരു തീരുമാനമെടുത്തു. അവൾ ദൈവത്തിൻ്റെ നിയമം ലംഘിച്ചു, അതിനുശേഷം ദൈവത്തോട് അനുസരണക്കേട് കാണിക്കുവാൻ അവളുടെ ഭർത്താവിനോടും പറഞ്ഞു. ആദം അവളോട് ഇങ്ങനെ പറയേണ്ടിയിരുന്നു, "ദൈവം എൻ്റെ തലയാണ് ഞാൻ അവിടുത്തോട് ആലോചിക്കട്ടെ". എന്നാൽ അവനും ദൈവത്തിൻ്റെ ക്രമം പാലിച്ചില്ല. അവർ തങ്ങളുടെ ഭവനത്തിനു വേണ്ടി ദൈവത്തിൻ്റെ ക്രമം പാലിച്ചിരുന്നെങ്കിൽ, ഇന്നു ലോകത്തിലുള്ള സകല പാപവും ദുരിതം, കുഴച്ചിൽ ഇവ ഒന്നും നിലവിലുണ്ടാവുമായിരുന്നില്ല. ഇന്നും അത് അങ്ങനെ തന്നെയാണ് സാത്താൻ പല ഭവനങ്ങളിലും തുളച്ചു കയറി അതിനെ നശിപ്പിക്കുന്നത്. സങ്കീ. 127:1 പറയുന്നു, "യഹോവ വീട് പണിയാതിരുന്നാൽ, പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു".

കർത്താവിന് നമ്മുടെ ഭവനം പണിയാൻ കഴിയുന്ന ഒരേയൊരു മാർഗം നാം കൃത്യമായി അവിടുത്തെ വചനം അനുസരിക്കുക മാത്രമാണ്.