ലേഖകൻ :   സാക് പുന്നൻ
WFTW Body: 

" എങ്കിലും എനിക്കു ലാഭമായിരുന്ന തൊക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു. അത്രയുമല്ല , എൻ്റെ കർത്താവായ ക്രിസ്തു യേശുവിനെ കുറിച്ചുള്ള പരിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും , ന്യായപ്രമാണത്തിൽ നിന്നുള്ള എൻ്റെ സ്വന്ത നീതിയല്ല , ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നെ ലഭിച്ച് അവനിൽ ഇരിക്കേണ്ടതിനും , അവൻ്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് , അവനെയും അവൻ്റെ പുനരുത്ഥാനത്തിൻ്റെ ശക്തിയെയും , അവൻ്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയേയും അനുഭവിച്ചറിയേണ്ടതിനും , ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാൻ അവൻ്റെ നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു. ലഭിച്ചു കഴിഞ്ഞു എന്നോ , തികഞ്ഞവനായി എന്നോ അല്ല , ഞാൻ ക്രിസ്തു യേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് എനിക്കും അതു പിടിക്കാമോ എന്നു വച്ച് പിന്തുടരുന്നതേയുള്ളു . സഹോദരന്മാരെ , ഞാൻ പിടിച്ചിരിക്കുന്നു എന്നു ഞാൻ നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു : പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന് ആഞ്ഞും കൊണ്ട് ക്രിസ്തു യേശുവിൽ ദൈവത്തിൻ്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു " ( ഫിലിപ്യർ.3:7-14).

പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ സമ്പന്നവും നിറവുള്ളതുമായ ഒരു ജീവിതത്തിൻ്റെ അവസാനത്തോട് അടുത്ത സമയത്തുള്ള സാക്ഷ്യമാണിത്. പൗലൊസ് മാനസാന്തരപ്പെട്ടിട്ട് മുപ്പതു വർഷങ്ങൾ കഴിഞ്ഞു. ആ വർഷങ്ങളിൽ അദ്ദേഹത്തിൻ്റെ ശുശ്രൂഷയെ അത്ഭുതങ്ങളാലും അടയാളങ്ങളാലും ശക്തമായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് , ദൈവം അദ്ദേഹത്തെ അനേകം സഭകൾ സ്ഥാപിക്കുവാൻ ഉപയോഗിച്ചു. തുടക്കം മുതൽ പൗലൊസ് തന്നെത്തന്നെ സുവിശേഷ വേലയിൽ അളവു കൂടാതെ ചെലവാക്കി , നിരന്തരമായി യാത്ര ചെയ്തും വലിയ ക്ലേശങ്ങൾ സഹിച്ചും . അദ്ദേഹം തൻ്റെ കർത്താവിനോട് അനുരൂപമായി വളരുന്തോറും പാപത്തിന്മേലുള്ള വിജയത്തിൻ്റെ യാഥാർത്ഥ്യത്തെ അറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അനേകം സന്തോഷങ്ങളുടെ ഇടയിൽ തനിക്ക് നിസ്തുലമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് , അത് അദ്ദേഹം വിവരിച്ചിട്ടുള്ളതുപോലെ , ആത്മീയ സത്യങ്ങളുടെ അസാമാന്യമായ വെളിപ്പാട് ലഭിക്കേണ്ടതിന് താൻ മൂന്നാം സ്വർഗ്ഗത്തോളം ഉയർത്തപ്പെട്ടു എന്നതാണ് .

അതെ , ഇതിൻ്റെ എല്ലാം അവസാനം , അദ്ദേഹം പ്രസ്താവിക്കുന്നത് ദൈവം തൻ്റെ ജീവിതത്തിനു വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതെല്ലാം ഇപ്പോഴും താൻ പ്രാപിച്ചിട്ടില്ല എന്നാണ് , ഇവിടെ എക്കാലവും ഉള്ള ഏറ്റവും ശ്രേഷ്ഠരായ ക്രിസ്ത്യാനികളിൽ ഒരാൾ തൻ്റെ ജീവിതാന്ത്യത്തോട് അടുത്തപ്പോൾ പറയുകയാണ് , തനിക്ക് ഇപ്പോഴും ആ ലക്ഷ്യത്തിലേക്ക് ആയേണ്ടതുണ്ട് എന്ന് . കഷ്ടമെന്നു പറയട്ടെ , മിക്ക വിശ്വാസികൾക്കും അവരുടെ രക്ഷ വീണ്ടും ജനനത്തോടും അത് ഉറപ്പു നൽകുന്ന ദൈവിക ന്യായവിധിയിൽ നിന്നുള്ള രക്ഷപ്പെടലി നോടു കൂടിയും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ അപ്പൊസ്തലന് അങ്ങനെ ആയിരുന്നില്ല ,അദ്ദേഹത്തെപ്പോലെ ക്രിസ്തുവിൻ്റെ ഒരു യഥാർത്ഥ ശിഷ്യനാകാൻ വേണ്ടി അന്വേഷിക്കുന്ന മറ്റാർക്കും തന്നെ വാസ്തവത്തിൽ അത് അങ്ങനെ ആയിരുന്നില്ല. ഇവിടെ ഈ വാക്യങ്ങളിൽ , ക്രിസ്തു തന്നെ ഒരു ഉദ്ദേശ്യത്തോടു കൂടി പിടിച്ചിരിക്കുന്നു എന്നുള്ള തൻ്റെ ഉറച്ച വിശ്വാസത്തെ അദ്ദേഹം പ്രഖ്യാപിക്കുന്നു. തിരിച്ച് , അദ്ദേഹം ആ ഉദ്ദേശ്യത്തെ എന്തു വില കൊടുത്തും മുറുകെ പിടിക്കുവാൻ തീരുമാനിച്ചിരിക്കുന്നു . ഇതു വലിയതും ഗൗരവമേറിയതുമായ ഒരു സത്യമാണ് , അതായത് നാം രക്ഷിക്കപ്പെടുമ്പോൾ കർത്താവു നമ്മെ പിടിക്കുന്നത് , നമ്മുടെ ആത്മാക്കളെ നരക തീയിൽ നിന്നു രക്ഷിച്ച് സ്വർഗ്ഗത്തിലേക്ക് ആക്കുന്നതിനേക്കാൾ വളരെ വളരെ അപ്പുറത്തേക്ക് നീണ്ടു കിടക്കുന്ന ഒരു ഉദ്ദേശ്യത്തോടു കൂടിയാണ്. പൗലൊസ് അപ്പൊസ്തലനെപ്പോല ഇത്രയും പക്വതയുള്ള ഒരുവന് തൻ്റെ 30 വർഷങ്ങളിലെ അശ്രാന്തമായ ക്രിസ്തീയ ശുശ്രൂഷയ്ക്ക് ശേഷവും താൻ ഇതുവരെ നേടി കഴിഞ്ഞില്ല , എന്നാൽ തൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ എല്ലാ ഉദ്ദേശ്യങ്ങളും നിവർത്തിക്കാൻ ഇനിയും പരിശ്രമിക്കേണ്ടതുണ്ട് എന്നു പറയേണ്ടി വരുന്നെങ്കിൽ , ആ ഉദ്ദേശ്യം എത്ര വിശാലമായിരിക്കണം.

പൗലൊസ് ഈ വാക്യങ്ങളിൽ കുറച്ചു കൂടി മുമ്പോട്ടു പോകുന്നു . ദൈവത്തിൻ്റെ ഉദ്ദേശ്യം മനസ്സിലാക്കി അത് നിറവേറ്റുക എന്ന പരമമായ ലക്ഷ്യത്തോടു താരതമ്യം ചെയ്യുമ്പോൾ ലോകം വിലയുള്ളതായി കണക്കാക്കുന്ന ഓരോ കാര്യവും അദ്ദേഹത്തിന് വിലയില്ലാത്ത ചവറു പോലെയാണ്. ഇതിനു വേണ്ടി ലോകത്തിലുള്ളതെല്ലാം ഉപേക്ഷിക്കുവാൻ തക്കവണ്ണം വില പിടിപ്പുള്ളതായി താൻ ഇതിനെ കരുതുന്നു (വാക്യം 14 ). നാം നമ്മുടെ ചുറ്റുപാടും നോക്കിയിട്ട് വിശ്വാസികൾ ലൗകിക സമ്പത്ത് മോഹിക്കുകയും ഭൗതിക കാര്യങ്ങളോട് പറ്റിച്ചേരുകയും , തങ്ങളുടെ ജീവിതത്തിൽ ഈ വക കാര്യങ്ങൾക്ക് ദൈവത്തിൻ്റെ കാര്യങ്ങളെക്കാൾ വലിയ സ്ഥാനം നൽകുകയും ചെയ്യുന്നതു കാണുമ്പോൾ , അവരുടെ ക്രിസ്തീയത പൗലൊസിൻ്റെതിൽ നിന്ന് വളരെ അകലേക്ക് മാറ്റപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലെത്തുവാൻ നാം നിർബന്ധിതരാകുന്നു.

രക്ഷയെ കുറിച്ച് , നരകാഗ്നിയിൽ നിന്നു രക്ഷപെടാനുള്ള ഒരു ഇൻഷ്വറൻസ് പോളിസിയായി മാത്രം ചിന്തിക്കുന്നത് ആത്മീയ ശൈശവത്തിൻ്റെ ലക്ഷണമാണ് . നാം ആത്മീയ പക്വത പ്രാപിക്കുമ്പോൾ , ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നത് , നാം ഓരോരുത്തരും ഓരോ ദിവസവും നടക്കേണ്ടതിന് ദൈവം നിത്യത മുതൽ ആസൂത്രണം ചെയ്തിരിക്കുന്ന ഊടുവഴിയിൽ കൂടി നാം നടക്കുവാനാണ് എന്നു നാം മനസ്സിലാക്കും ( എഫെസ്യർ 2: 10 ). ആ ഊടുവഴിയെ ആണ് പൗലൊസ് തൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം എന്നു വിളിക്കുന്നത് . അവിടുത്തെ കൃപ പ്രാപിക്കുന്നതുകൊണ്ട് നാം തൃപ്തരാണ് . എന്നാൽ , നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള അവിടുത്തെ ഹിതം നിറവേറ്റുന്നതിൽ നാം പ്രതിബദ്ധരല്ലെങ്കിൽ , നാം എത്ര കണ്ട് തീർത്തും സുവിശേഷ തത്പരരാണെങ്കിലും അതു കാര്യമല്ല , ദൈവത്തിന് നിലനിൽക്കുന്ന മൂല്യമുള്ള ഒരു കാര്യവും പൂർത്തിയാക്കാതെ നമ്മുടെ ജീവിതത്തിലൂടെ നാം കടന്നു പോകും. തീർച്ചയായും പിശാചിൻ്റെ ഒന്നാമത്തെ ലക്ഷ്യം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്രിസ്തു യേശുവിലുള്ള ദൈവത്തിൻ്റെ കൃപ കാണാത്ത വിധം ആളുകളെ അന്ധരാക്കുക എന്നതാണ് , അങ്ങനെ രക്ഷിക്കപ്പെടുന്നതിൽ നിന്ന് അവരെ തടയുന്നു (2 കൊരിന്ത്യർ 4:4). എന്നാൽ അവിടെ അവൻ വിജയിച്ചില്ലെങ്കിൽ , അപ്പോൾ അവൻ്റെ അടുത്ത ലക്ഷ്യം പുതിയ വിശ്വാസിയെ , അവനു വേണ്ടി ദൈവത്തിന് ഒരു സുനിശ്ചിത പദ്ധതി ഉണ്ട് എന്ന വസ്തുത കാണാത്തവണ്ണം , അന്ധനാക്കുക എന്നതാണ്. ഈ കാര്യത്തിൽ ഒരു വലിയ അളവിൽ അവൻ വിജയിച്ചിട്ടുണ്ട് . അല്പമെങ്കിലും പരമാർത്ഥതയോടെ ദൈവഹിതം ഒരിക്കലും അന്വേഷിക്കാത്ത ആയിരക്കണക്കിനു യഥാർത്ഥ വിശ്വാസികൾ ഉണ്ട് , തങ്ങളുടെ ജീവിതങ്ങളിൽ അവരെടുക്കുന്ന പ്രധാന തീരുമാനങ്ങളിൽ പോലും.

ഫിലിപ്യ ലേഖനത്തിലുള്ള ഈ വാക്യങ്ങളിൽ ക്രിസ്തീയ ജീവിതം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് നാം തുടർ മാനം മുന്നോട്ട് ആയേണ്ട ഒന്നായാണ്. ഭൂമിയിൽ നമുക്കു പ്രാപിക്കാവുന്ന ഏതൊരു ആത്മീയ നിലയും , നിരന്തരമായ ഈ തിടുക്കത്തിൽ നിന്നു നമ്മെ എപ്പോഴെങ്കിലും ഒഴിവാക്കുകയില്ല. അനേകം വിശ്വാസികൾ ഈ പാഠം അവഗണിച്ചതുകൊണ്ടാണ് അവർക്ക് ജീവിക്കുന്ന ഒരു സാക്ഷ്യം ഇല്ലാത്തത്. വിദൂര ഭൂതകാലത്ത് അനുഗ്രഹിക്കപ്പെട്ട ഒരു ദിവസം ഒരു സുവിശേഷ യോഗത്തിൽ ഒരു പക്ഷെ അവർ തങ്ങളുടെ കൈ ഉയർത്തിയതോ അല്ലെങ്കിൽ ഒരു തീരുമാന കാർഡ് ഒപ്പിട്ടതോ ആയ ഒരു അനുഭവവുമായി ബന്ധപ്പെട്ട് ഉള്ളതു മാത്രമായിരിക്കാം അവരുടെ ഒരേ ഒരു സാക്ഷ്യം. അത് അതിശയകരമായിരുന്നു , എന്നാൽ അതിനുശേഷം ഒന്നും സംഭവിച്ചിട്ടില്ല ! സദൃശവാക്യങ്ങൾ 24:30-34 വരെയുള്ള വാക്യങ്ങളിൽ കാണുന്ന പാഴ്നിലം ആയിത്തീർന്ന ഒരു തോട്ടത്തിൻ്റെ ചിത്രം , തൻ്റെ രക്ഷയുടെ അനുഭവത്തിനു ശേഷം ഉദാസീനനായ ഒരു മനുഷ്യൻ്റെ അവസ്ഥയെ വിവരിക്കുന്നു. ഒരു തോട്ടത്തെ കളകളിൽ നിന്നും കൊടിത്തൂവയിൽ നിന്നും സംരക്ഷിക്കണമെങ്കിൽ , അതിന് സ്ഥിരമായ കള നശിപ്പിക്കലും സംരക്ഷണവും ആവശ്യമാണ് - അതുപോലെ തന്നെയാണ് മനുഷ്യൻ്റെ പ്രാണനും.