ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ
WFTW Body: 

പത്രൊസ് തന്റെ രണ്ടാം ലേഖനത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സുവാര്‍ത്ത എന്നാല്‍ ദൈവം തന്റ ദിവ്യ ശക്തിയാല്‍, ''ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും'' ഇവിടെ ഈ ഭൂമയില്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു എന്നതാണ് (2 പത്രൊ. 1:3,4). പത്രൊസിനു ലഭിച്ച ''അതേ വിലയേറിയ വിശ്വാസം'' (2 പത്രൊ. 1:1, മാര്‍ജിന്‍) നാം പ്രാപിച്ചിട്ടുണ്ടെങ്കില്‍ നമുക്കും അദ്ദേഹത്തിനു ലഭിച്ച അതേ കൃപ പ്രാപിച്ച് അദ്ദേഹം ചെയ്തതുപോലെ ദിവ്യസ്വഭാവത്തിനു കൂട്ടാളികളാകുവാന്‍ കഴിയും. അപ്പോള്‍ ക്രിസ്തുവിന്റെ സ്വഭാവം - സ്വഭാവ ശ്രേഷ്ഠതയും, പരിജ്ഞാനവും, ആത്മ നിയന്ത്രണവും, സഹിഷ്ണുതയും, ഭക്തിയും, സഹോദര പ്രീതിയും, സ്‌നേഹവും - നമ്മില്‍ വര്‍ദ്ധിച്ചു വരും (2 പത്രൊ. 1:5-11). അതു നമ്മെ ഫലമുള്ളവരാക്കി തീര്‍ക്കുകയും എല്ലാ അന്ധതയില്‍ നിന്നും ഹൃസ്വദൃഷ്ടിയില്‍ നിന്നും സ്വതന്ത്രരാക്കുകയും ചെയ്യും (2 പത്രൊ. 1:8,9). ക്രിസ്തുവില്‍ വസിക്കുന്ന ഓരോരുത്തരും അധികം ഫലം കായ്ക്കും (യോഹ. 15:5). അതുകൊണ്ടു ക്രിസ്തുവിന്റെ ഈ നന്മകള്‍ നമ്മില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നില്ലെങ്കില്‍, അതു സൂചിപ്പിക്കുന്നതു നാം യേശുവില്‍ വസിക്കുന്നില്ല എന്നും നാം ജീവിക്കുന്നത് ദൈവത്തിന്റെ സത്യകൃപയുടെ കീഴിലല്ല എന്നുമാണ്.

തന്നെത്താന്‍ താഴ്ത്തുന്നവര്‍ക്കു ജയിക്കാനുള്ള കൃപ മാത്രമല്ല ലഭിക്കുന്നത്, മറ്റുള്ളവരുമായി ഒന്നാകാനുള്ള കൃപയും ലഭിക്കുന്നു. ഭാര്‍ത്താവിനും ഭാര്യക്കും ഒരുമിച്ച് 'ജീവന്റെ കൃപയ്ക്കു കൂട്ടവകാശികള്‍'' ആകനുള്ള കൃപ പ്രാപിക്കാന്‍ കഴിയുന്നതു പോലെ തന്നെ വിശ്വാസികള്‍ക്കും അവരെ, ക്രിസ്തുവിന്റെ ശരീരത്തിലുള്ള മറ്റു വിശ്വാസികളുടെ കൂടെ കൂട്ടവകാശികളാക്കി തീര്‍ക്കുന്ന കൃപ പ്രാപിക്കുവാന്‍ കഴിയും.

യേശു തന്റെ ഐഹിക ജീവിതത്തില്‍ അവസാന രാത്രിയില്‍ പ്രാര്‍ത്ഥിച്ചത്, അവിടുന്നും പിതാവും ഒന്നായിരിക്കുന്നതുപോലെ നാമും ഒന്നായിരിക്കണമെന്നാണ് (1 യോഹ. 17:22). കൂടാതെ ഇവിടെ ഈ ലോകത്തില്‍ നാം അത് അനുഭവിക്കണമെന്നുമാണ് അവിടുന്നു പ്രാര്‍ത്ഥിച്ചത് (യോഹ. 17:21,23). ഇതു ധാരണയുടെ ഒരു ഐക്യമല്ല. എന്നാല്‍ ആത്മാവിന്റെ ഒരു ഐക്യമാണ്. നമ്മുടെ പ്രകൃതത്തിന്റെ പാപാവസ്ഥയും പാപത്താല്‍ പൊതിയപ്പെട്ടിരിക്കുന്ന നമ്മുടെ മനസ്സിന്റെ പരിമിതികളും കാരണം നമുക്ക് ഈ ഭൂമിയില്‍ എല്ലാ കാര്യങ്ങളിലും അന്യോന്യം 'കണ്ണോടു കണ്ണ്' കാണുവാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അതിന് ആത്മാവിലുള്ള ഐക്യതയോട് ഒന്നും ചെയ്യാനില്ല. നമ്മുടെ ഹൃദയങ്ങളില്‍ അപ്പോഴും നമുക്ക് ഒന്നായിരിക്കുവാന്‍ കഴിയും.

എല്ലാ ഐക്യത്തിന്റെ കുറവിനും കാരണം, നമ്മുടെ തലയുടെ ഇഷ്ടമല്ല സ്വന്ത ഇഷ്ടം ചെയ്യുവാനാണ് നമുക്കാഗ്രഹം എന്നതാണ്. ഇതിനു നാം ഉപദേശങ്ങള്‍ മനസ്സിലാക്കുന്നതുമായി യാതൊരു കാര്യവുമില്ല. നാം നമ്മുടെ സ്വന്ത ഇഷ്ടത്തെ നിഷേധിച്ചു പിതാവിന്റെ ഇഷ്ടം മാത്രം ചെയ്യുവാന്‍ മനസ്സാണോ എന്നതിനു മാത്രമാണ് ഇതില്‍ കാര്യമുള്ളത്.

യേശു എല്ലായ്‌പ്പോഴും തന്റെ പിതാവില്‍ നിന്നു കേട്ടതു മാത്രം അനുസരിച്ചു. അവിടുത്തെ പിതാവിന്റെ ഇഷ്ടത്തോടുള്ള അനുസരണമായിരുന്നു അവിടുത്തെ ആഹാരം (യോഹ. 4:34). യേശു പിതാവുമായിട്ട് ഒന്നായിരുന്നു. ഈ ഒരുമയിലേക്കാണ് ദൈവത്തിന്റെ സത്യകൃപയിലൂടെ നാമും വിളിക്കപ്പെട്ടിരിക്കുന്നത്.

യേശു എല്ലായ്‌പ്പോഴും നന്മയാല്‍ തിന്മയെ ജയിച്ചു. തിന്മയ്ക്ക് അവിടുത്തെമേല്‍ ഒരു അധികാരവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് എപ്പോഴും നന്മ ചെയ്യുന്നതില്‍ ഉറച്ചിരുന്നു. ''നന്മയാല്‍ തിന്മയെ ജയിക്കുക'' (റോമ. 12:21) എന്ന വചനം നാമും അനുസരിക്കുമെങ്കില്‍ നമ്മുടെ കാര്യത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. മറ്റുള്ളവര്‍ നമ്മെ വെറുക്കുമ്പോഴും നമ്മെ അപകീര്‍ത്തിപ്പെടുത്തുമ്പോഴും, അവര്‍ക്കു നന്മ ചെയ്തുകൊണ്ട് അവരുടെ തിന്മയെ നമുക്കു ജയിക്കുവാന്‍ കഴിയും. ഇതു നമുക്കു സാധ്യമാകുന്നത് നാം ദൈവത്തിന്റെ സത്യകൃപ പ്രാപിക്കുമ്പോള്‍ മാത്രമാണ്. അപ്പോള്‍ യേശു പ്രാര്‍ത്ഥിച്ചതുപോലെ, നാം ഈ ലോകത്തിലുള്ള തിന്മയില്‍ നിന്നു സൂക്ഷിക്കപ്പെടുകയും (യോഹ. 17:16). ഇതേ വഴിയില്‍ നടക്കുന്ന മറ്റുള്ള എല്ലാവരുമായി ഒന്നായിത്തീരുകയും ചെയ്യും.

ക്രിസ്തുവാകുന്ന തലയുടെ കീഴില്‍ ഒരുമിച്ചു പണിയപ്പെടുന്നതിനായി കൃപ പ്രാപിച്ചിട്ടുള്ള - ദൈവത്തിന്റെ സത്യകൃപ പ്രാപിച്ചിട്ടുള്ള - ഒരു സഭയാണ് യേശു പണിതുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ഒരു സഭ മാത്രമേ പാതാളഗോപുരങ്ങളെ ജയിക്കുകയുള്ളു (മത്താ. 16-18).