ലേഖകൻ :   സാക് പുന്നൻ
WFTW Body: 

സഭാ ചരിത്രത്തിൽ നാം കാണുന്ന ഒരു പാഠമുണ്ട്. തൻ്റെ ജനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാൻ ദൈവം ആഗ്രഹിക്കുമ്പോൾ ,അവിടുന്ന് ഒരു മനുഷ്യനിലാണ് അതു തുടങ്ങുന്നത്. ഇസ്രായേല്യരെ വിടുവിക്കുന്നതിനു മുമ്പ് അതിന് അനുയോജ്യനായ ഒരുവനെ അവിടുത്തേക്ക് കണ്ടെത്തേണ്ടിയിരുന്നു. ആ മനുഷ്യൻ്റെ പരിശീലനത്തിന് 80 വർഷം എടുത്തു - അത് അദ്ധ്യയന സംബന്ധമായ പരിശീലനം മാത്രമായിരുന്നില്ല. മോശെ ഈജിപ്തിലെ ഏറ്റവും നല്ല സർവകലാശാലകളിൽ അഭ്യസിപ്പിക്കപ്പെട്ടിരുന്നു, എന്നാൽ അതു ദൈവത്തിൻ്റെ വേലയ്ക്കു വേണ്ടി അവനെ യോഗ്യതയുള്ളവനാക്കിയില്ല. അപ്പൊ. പ്ര: 7 ൽ സ്തെഫാനൊസ് പറയുന്നത് മോശെ വാക്കിലും പ്രവൃത്തിയിലും ശക്തനായിരുന്നു എന്നാണ്. 40 വയസ്സുള്ളപ്പോൾ അവൻ ശക്തനായ ഒരു പുരുഷനും വാക് ചാതുര്യമുള്ള ഒരു പ്രാസംഗികനുമായിരുന്നു. അവൻ ഒരു വലിയ സേനാനായകനും, ഒരു വലിയ ധനികനും, ലോകത്തിലെ ഏറ്റവും അധികം പുരോഗതി പ്രാപിച്ച രാജ്യത്തിനു നൽകാൻ കഴിഞ്ഞ ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിച്ചവനും ആയിരുന്നു - കാരണം ആ കാലത്ത് ലോകത്തിലെ അതി ശക്തരാഷ്ട്രം ഈജിപ്ത് ആയിരുന്നു. ഇവയ്ക്കെല്ലാം ശേഷവും ദൈവത്തെ സേവിക്കുന്നതിന് അവൻ അയോഗ്യനായിരുന്നു. സ്തെഫാനൊസ് പറയുന്നത് ഇസ്രായേല്യരെ വിടുവിക്കുന്നതിനായി ദൈവം എഴുന്നേൽപ്പിച്ചിട്ടുള്ള ഒരുവനാണ് താനെന്ന് ഇസ്രായേല്യർ അംഗീകരിക്കും എന്നു മോശെ ചിന്തിച്ചു എന്നാണ്. എന്നാൽ അവർ അവനെ അവരുടെ നേതാവായി അംഗീകരിച്ചില്ല. അവൻ്റെ ഭൗമികമായ പ്രശസ്തിക്കും കഴിവുകൾക്കും ഒന്നും, ദൈവം അവനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ദൗത്യത്തിനായി അവനെ ഒരുക്കുവാൻ കഴിഞ്ഞില്ല.

ഇന്ന് അനേക ക്രിസ്ത്യാനികൾ കരുതുന്നത് തങ്ങൾക്ക് ദൈവ വചന പാണ്ഡിത്യം ,സംഗീത പാടവം, ധാരാളം പണം മുതലായവ ഉള്ളതുകൊണ്ടു മാത്രം അവർക്ക് ദൈവത്തെ സേവിക്കുവാൻ കഴിയുമെന്നാണ്. എന്നാൽ അവർ തെറ്റിദ്ധരിച്ചിരിക്കുന്നു . അവർ മോശെയുടെ ജീവിതത്തിൽ നിന്ന് ഒരു പാഠം പഠിക്കേണ്ട ആവശ്യമുണ്ട് ; ഈ ലോകത്തിന് 40 വർഷം കൊണ്ട് അവനു നൽകാൻ കഴിഞ്ഞ ഏറ്റവും നല്ലതിന് ദൈവ ശുശ്രൂഷയ്ക്കായി അവനെ ഒരുക്കുവാൻ കഴിഞ്ഞില്ല.

മോശയെ സജ്ജനാക്കേണ്ടതിന്, മറ്റൊരു 40 വർഷം മരുഭൂമിയിലൂടെ, രാജകൊട്ടാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പരിതഃസ്ഥിതിയിലൂടെ ദൈവത്തിനു മോശെയെ കടത്തിക്കൊണ്ടു പോകേണ്ടി വന്നു. അവൻ്റെ മാനുഷികമായ ശക്തിയിൽ നിന്ന് അവൻ നുറുക്കപ്പെടേണ്ടിയിരുന്നു. ദൈവം ഈ കാര്യം പൂർത്തിയാക്കിയത് അവനെ ആടുകളെ നോക്കുവാൻ ആക്കിയതിലൂടെയും, തൻ്റെ അമ്മായപ്പനോടുകൂടെ താമസിച്ച് അയാൾക്കു വേണ്ടി ജോലി ചെയ്യുവാൻ അനുവദിച്ചതിലൂടെയുമാണ് - നീണ്ട 40 വർഷങ്ങളോളം . ഒരു പുരുഷന് ഒരു വർഷത്തേക്കു പോലും തൻ്റെ അമ്മായപ്പൻ്റെ കൂടെ താമസിക്കുന്നത് തികച്ചും ലജ്ജാകരമായ ഒരു കാര്യമാണ്. ഇന്ത്യയിൽ വിവാഹിതരായ അനേകം സ്ത്രീകൾ തങ്ങളുടെ അമ്മായപ്പന്മാരുടെ കൂടെ അവരുടെ ജീവിതകാലം മുഴുവൻ ജീവിക്കുന്നു എന്ന് എനിക്കറിയാം. എന്നാൽ ഒരു പുരുഷൻ തൻ്റെ ഭാര്യാ പിതാവിൻ്റെ കൂടെ താമസിച്ച് അയാൾക്കുവേണ്ടി വേല ചെയ്യുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. ഒരു പുരുഷന് അത് തികച്ചും അവനെ താഴ്ത്തുന്ന ഒരു അനുഭവമാണ്. എന്നാൽ ദൈവം അങ്ങനെയാണ് മോശെയെ നുറുക്കിയത്. അങ്ങനെ തന്നെയാണ് ദൈവം യാക്കോബിനെയും നുറുക്കിയത്. അവനു തൻ്റെ

അമ്മായപ്പൻ്റെ കൂടെ 20 വർഷം ജീവിക്കേണ്ടി വന്നു. ദൈവം തൻ്റെ മക്കളെ നുറുക്കുവാൻ അമ്മായപ്പന്മാരെയും അമ്മായമ്മമാരെയും ഉപയോഗിക്കുന്നു . ഈജിപ്തിലെ എല്ലാ സർവകലാശാലകൾക്കും മോശെയെ പഠിപ്പിക്കാൻ കഴിയാതിരുന്നത്, മരുഭൂമിയിൽ വച്ച് അവൻ പഠിച്ചു ,തൻ്റെ അമ്മായപ്പൻ്റെ ആടുകളെ മേയിച്ചും അയാൾക്കുവേണ്ടി വേല ചെയ്തും . ആ 40 വർഷങ്ങൾക്കു ശേഷം , ഒരിക്കൽ വാക്ചാതുര്യമുണ്ടായിരുന്നവനും , തനിക്ക് ഇസ്രായേലിനെ വിടുവിക്കാൻ കഴിയും എന്നു കരുതിയിരുന്നവനുമായവൻ , ഇപ്പോൾ പറയുന്നു ," യഹോവെ, ഞാൻ യോഗ്യനല്ല, എനിക്ക് ശരിയായി സംസാരിക്കാൻ കഴിയുകയില്ല. ദയ ഉണ്ടായി അവിടുത്തെ ജനത്തെ നയിക്കേണ്ടതിന് മറ്റാരെയെങ്കിലും അയയ്ക്കേണമെ". അപ്പോഴാണ് ദൈവം അവനോടു പറഞ്ഞത് ," ഒടുവിൽ നീ ഒരുക്കപ്പെട്ടു. ഇനി ഞാൻ നിന്നെ ഫറവോൻ്റെ അടുത്തേക്ക് അയയ്ക്കും" (പുറപ്പാട് 4:10-17).

യാക്കോബിൽ നിന്നും മോശെയിൽ നിന്നും പഠിക്കുന്ന പാഠം എന്താണ്? ഇതു മാത്രം: നിങ്ങൾ തയ്യാറാണെന്നു നിങ്ങൾ കരുതുമ്പോൾ , നിങ്ങൾ ആയിട്ടില്ല. നിങ്ങൾ കഴിവുള്ളവനാണ്, നിങ്ങൾ ശക്തനാണ്, നിങ്ങൾക്ക് അറിവുണ്ട്, നിങ്ങൾക്കു സംസാരിക്കാൻ കഴിയും, പാടാൻ കഴിയും, സംഗീത ഉപകരണങ്ങൾ വായിക്കുവാൻ കഴിയും കൂടാതെ ദെവത്തിനു വേണ്ടി അതിശയകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാെക്കെ നിങ്ങൾ ചിന്തിക്കുമ്പോൾ , ദൈവം പറയുന്നു ," നീ അയോഗ്യനാണ്, നീ നുറുക്കപ്പെടുന്നതു വരെ ഞാൻ കാത്തിരിക്കേണ്ടതുണ്ട് ". യാക്കോബിൻ്റെ കാര്യത്തിൽ ആ പ്രക്രിയ 20 വർഷം എടുത്തു. മോശെയുടെ കാര്യത്തിൽ അതു 40 വർഷം എടുത്തു , പത്രൊസിന് അത് 3 വർഷം എടുത്തു, പൗലൊസിൻ്റെ കാര്യത്തിലും കുറഞ്ഞത് 3 വർഷം. നമ്മുടെ കാര്യത്തിൽ അത് എത്ര നാളെടുക്കും? നാം എത്ര പെട്ടെന്ന് ദൈവത്തിൻ്റെ ബലമുള്ള കരങ്ങൾക്കു കീഴ് വിധേയപ്പെട്ടു കൊടുക്കും എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. ഇതിൽ നമുക്കൊരു സന്ദേശവും മുന്നറിയിപ്പും ഉണ്ട്. ദൈവത്തിന് നിങ്ങളുടെ ജീവിതത്തിനു വേണ്ടി ഒരു പദ്ധതി ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ നുറുക്കപ്പെടുന്നതു വരെ അത് ഒരിക്കലും നിവർത്തിക്കപ്പെടുകയില്ല. 10 വർഷം കൊണ്ട് നിങ്ങളിൽ ചെയ്യുവാൻ അവിടുന്ന് ആലോചിച്ചിരിക്കുന്ന കാര്യം നിവർത്തിക്കപ്പെടാൻ 40 വർഷം എടുത്തേക്കാം. അതുകൊണ്ട്, എപ്പോഴും ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴ് നമ്മെത്തന്നെ താഴ്ത്തുന്നതിന് വേഗത ഉള്ളവരായിരിക്കുന്നതാണ് നല്ലത് - ദൈവം നമ്മുടെ പാതയിൽ അയയ്ക്കുന്ന സാഹചര്യങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്.

വിലാപങ്ങൾ 3:27 പറയുന്നു ," യൗവനത്തിൽ നുകം ചുമക്കുന്നത് ( തന്നത്താൻ താഴ്ത്തി നുറുക്കപ്പെടുന്നത് ) ഒരു പുരുഷനു നല്ലത് ". നിങ്ങൾ യൗവന പ്രായത്തിലായിരിക്കുമ്പോൾ നിങ്ങളെ നുറുക്കുവാൻ ദൈവത്തെ അനുവദിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തിൽ അനുവദിക്കുന്ന സാഹചര്യ ങ്ങളോട് എതിർക്കരുത് , കാരണം അതു ദൈവത്തിൻ്റെ പദ്ധതിയെ താമസിപ്പിക്കും. നിങ്ങളുടെ വേദ പുസ്തക പരിജ്ഞാനം , സംഗീത പാടവം, പണം ഇവയ്ക്കൊന്നിനും ദൈവത്തിൻ്റെ ശുശ്രൂഷയ്ക്കായി നിങ്ങളെ സജ്ജരാക്കാൻ കഴിയില്ല. നുറുക്കം ആണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. നിങ്ങൾക്ക് യെരുശലേം , സത്യസഭ, പണിയണമെങ്കിൽ , നിങ്ങൾ നുറുക്കപ്പെടണം. നിങ്ങൾ സാഹചര്യങ്ങളിലൂടെയും , ആളുകളിലൂടെയും ദൈവത്താൽ താഴ്ത്തപ്പെടണം. ആ സാഹചര്യങ്ങളിൽ നിങ്ങൾ മത്സരിക്കാതിരുന്നാൽ ദൈവത്തിനു നിങ്ങളിൽ വേഗത്തിലുള്ള ഒരു പ്രവൃത്തി ചെയ്യാൻ കഴിയും.

പുറപ്പാട് 17 ൽ നാം വായിക്കുന്നത് പാറയെ അടിച്ചപ്പോൾ മാത്രമാണ് അതിൽ നിന്നു ജലം ഒഴുകാൻ തുടങ്ങിയത് എന്നാണ്. പാറയെ അടിക്കാതിരുന്നെങ്കിൽ, ജലം ഒഴുകുകയില്ലായിരുന്നു. വെൺകൽ ഭരണിയിൽ പരിമള തൈലം കൊണ്ടുവന്ന ആ സ്ത്രീ, അതു പൊട്ടിച്ച് യേശുവിൻ്റെ കാൽക്കൽ ഒഴിച്ചു. അപ്പോൾ മാത്രമാണ് അതിൻ്റെ സൗരഭ്യം വീടു മുഴുവൻ നിറച്ചത്. ആ ഭരണി പൊട്ടിക്കുന്നതു വരെ ആർക്കും അതു മണക്കുവാൻ കഴിഞ്ഞില്ല. യേശു അപ്പം എടുത്തു വാഴ്ത്തിയപ്പോൾ ഒന്നും സംഭവിച്ചില്ല. എന്നാൽ അവിടുന്ന് അതു നുറുക്കിയപ്പോൾ, അയ്യായിരം പേർ പോഷിപ്പിക്കപ്പെട്ടു. ഈ ഉദാഹരണങ്ങളിലെല്ലാമുള്ള സന്ദേശം എന്താണ്? നുറുക്കമാണ് അനുഗ്രഹത്തിനുള്ള വഴി . ഒരു അണു (ആറ്റം) വിഘടിക്കപ്പെടുമ്പോൾ എന്തു ശക്തിയാണ് സ്വതന്ത്രമാക്കപ്പെടുന്നത്! ഒരു പട്ടണത്തിനു മുഴുവൻ ആവശ്യമായ വൈദ്യുതി അതിന് നൽകാൻ കഴിയും! ഒരു ചെറിയ അണു - സൂക്ഷ്മദർശിനിയിലൂടെ പോലും കാണാൻ കഴിയാത്ത അത്ര ചെറിയത് - വിഘടിക്കപ്പെടുമ്പോൾ സ്വതന്ത്രമാക്കപ്പെടുന്ന ശക്തിയെപ്പറ്റി ചിന്തിക്കുക. പ്രകൃതിയിലും വേദ പുസ്തകത്തിലും ഒരുപോലെയുള്ള സന്ദേശം ഇതാണ്: ദൈവത്തിൻ്റെ ശക്തി സ്വതന്ത്രമാക്കപ്പെടുന്നതു നുറുക്കത്തിലൂടെയാണ്. ഈ സന്ദേശം നിങ്ങളുടെ ജീവിതത്തെ മുറുകെപ്പിടിക്കട്ടെ.