മഹാനിയോഗം നിറവേറ്റുന്ന കാര്യത്തിൽ ഒരു സംതുലിതാവസ്ഥ കൊണ്ടുവരിക എന്നതാണ് എൻ്റെ ഹൃദയത്തിലുള്ള ഭാരം. യേശു ഈ ഭൂമി വിട്ടു പോകുന്നതിനു തൊട്ടു മുമ്പ് അവിടുത്തെ ശിഷ്യന്മാർക്കു നൽകിയ "മഹാ നിയോഗം" എന്നറിയപ്പെടുന്ന കല്പന പൂർത്തീകരിക്കുക എന്നത് എത്ര പ്രാധാന്യമുള്ളതാണെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും അറിയാം.
ആ മഹാനിയോഗത്തിൻ്റെ ആദ്യഭാഗം മർക്കോസ് 16:15 ൽ കാണുന്നു, "നിങ്ങൾ ഭൂലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും".എന്നാൽ ഈ മഹാനിയോഗത്തിന് മറ്റൊരു ഭാഗം കൂടെയുണ്ട് - മറ്റേ ഭാഗം മത്തായി 28:18-20 വരെയുള്ള വാക്യങ്ങളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ യേശു ഇപ്രകാരം പറയുന്നു, "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ച തൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കി കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട്".
ക്രിസ്തീയ ഗോളത്തെ - വീണ്ടും ജനിക്കപ്പെട്ട ക്രിസ്ത്യാനികൾ, ക്രിസ്തീയ സുവിശേഷ ഘോഷക സംഘങ്ങൾ, ക്രിസ്തീയ സഭകൾ എന്നിവയെ - ഞാൻ വീണ്ടും ജനിച്ച ശേഷമുള്ള കഴിഞ്ഞ 52 വർഷങ്ങളായി ഞാൻ നിരീക്ഷിച്ചിരിക്കുന്നു, അതിൽ ഞാൻ കണ്ടത്, മിക്ക ക്രിസ്ത്യാനികളും ഊന്നൽ കൊടുക്കുന്നത് ഈ മഹാനിയോഗത്തിന് മർക്കോസ് 16:15 ലുള്ള വശത്തിനാണ്. വളരെ കുറച്ചു പേർ മാത്രമേ മറ്റേ പകുതിക്ക്, മത്തായി 28:19 ന്, ഊന്നൽ കൊടുക്കുന്നുള്ളു. ഞാൻ കരുതുന്നത്, 99% പേരും തങ്ങളുടെ പ്രാഥമിക കേന്ദ്രീകരണം ആക്കിയിരിക്കുന്നത് മർക്കോസ് 16:15 ആണ്, അതേസമയം 1% ആളുകൾ മാത്രമാണ് മത്തായി 28:19-20 വരെയുള്ള വാക്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്നുള്ളൂ. ഒരു ഉദാഹരണം പറഞ്ഞാൽ 100 പേർ വലിയ ഒരു തടി ചുമന്നുകൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ 99 പേർ അതിൻ്റെ ഒരറ്റത്തും ഒരാൾ മാത്രം മറ്റേ അറ്റത്തും താങ്ങുന്നതു പോലെയാണ്. ആ വിധത്തിലാണ് ഞാൻ അതു കാണുന്നത്.
അതുകൊണ്ട് കർത്താവ് എനിക്കു വരം തന്നതിനനുസരിച്ച് ഞാൻ വചനം പഠിപ്പിക്കാൻ ആരംഭിച്ചപ്പോൾ അവിടുന്ന് എനിക്കു നൽകിയ നിയോഗം ഈ മഹാനിയോഗത്തിൻ്റെ മറ്റേ വശത്തിന്, കേവലം 1% മാത്രം ആളുകളാൽ നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്, ഊന്നൽ കൊടുക്കാനാണ്, കാരണം ശരിയായ സംതുലിതാവസ്ഥ 50-50 ആയിരിക്കണം. ഈ മഹാനിയോഗത്തിൻ്റെ ആദ്യഭാഗം നമുക്ക് അറിയാവുന്നതു പോലെ സുവിശേഷീകരണമാണ്. അതു പൊതുവായി പ്രേഷിതവേല എന്നു വിളിക്കപ്പെടുന്നു, അതിന് കൂടെക്കൂടെ സുവിശേഷം എത്തിയിട്ടില്ലാത്തിടങ്ങളിൽ പോകേണ്ട ആവശ്യമുണ്ട്. സുവിശേഷത്തിൻ്റെ സന്ദേശം (മനുഷ്യൻ പാപത്തിലാണ് എന്നും, എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും, ക്രിസ്തു ലോകത്തിൻ്റെ പാപത്തിനു വേണ്ടി മരിച്ചു എന്നും, പിതാവിലേക്കുള്ള ഏക വഴി യേശു ആണെന്നും, ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്നും, ക്രിസ്തുവിൽ വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടുമെന്നും, തന്നിൽ വിശ്വസിക്കുന്നവർ ശിക്ഷ വിധിക്കപ്പെടുകയില്ലെന്നും) അത് എത്തിപ്പെടാത്ത മേഖലകളിലേക്കു കൊണ്ടുപോകുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്.
എന്നാൽ അത് അവിടം കൊണ്ടു നിർത്താൻ കർത്താവ് ആഗ്രഹിച്ചോ? ഒരിക്കൽ ഒരു വ്യക്തി വിശ്വസിക്കുന്നു, താനൊരു പാപിയാണെന്ന വസ്തുത അയാൾ അംഗീകരിക്കുന്നു, അതിനു ശേഷം ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നു, ഇതാണോ എല്ലാം? ഒരിക്കലുമല്ല. മത്തായി 28:19 ൽ, അവിടുന്നു നമ്മോടു ആവശ്യപ്പെടുന്നത് സകല രാജ്യങ്ങളിലും പോയി ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ്.
ആദ്യമായി ഈ നിയോഗം കേട്ട ആദിമ അപ്പൊസ്തലന്മാർക്ക് "ശിഷ്യന്മാർ" എന്നതിൻ്റെ അർത്ഥം എന്താണെന്നതിനെ കുറിച്ച് തങ്ങളുടെ മനസ്സിൽ ഒരു സംശയവുമില്ലായിരുന്നു, കാരണം യേശു അതിനെ കുറിച്ച് വളരെ വ്യക്തമായി ലൂക്കോസ് 14 ൽ അവർക്കു വിവരിച്ചു കൊടുത്തിട്ടുണ്ട്. ഒരു വലിയ പുരുഷാരം തൻ്റെ കൂടെ വരുന്നതു കണ്ടപ്പോൾ, ലൂക്കോ. 14:25 ൽ നാം വായിക്കുന്നതു പോലെ, അവിടുന്ന് തിരിഞ്ഞ്, മറ്റാരോടും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഏറ്റവും കഠിനമായ ചില വാക്കുകൾ അവരോടു പറഞ്ഞു.
അടുത്ത ഏതാനും ആഴ്ചകളിൽ, "ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ" ഓരോന്നിലേക്കും കൂടുതൽ ആഴമായി നമുക്കു നോക്കാം. താഴെ പറയുന്ന കാര്യങ്ങളിൽ നമ്മെത്തന്നെ പരിശോധിക്കുന്നതു നല്ലതാണ്: യേശു നിർവചിച്ചതു പോലെ ഒരു ശിഷ്യത്വത്തിലേക്കു നാം വന്നിട്ടുണ്ടോ? കൂടാതെ മഹാ നിയോഗത്തെയും ശിഷ്യത്വത്തിന് മേൽ യേശു നൽകിയ ഊന്നലിനെയും കുറിച്ചുള്ള നമ്മുടെ ധാരണയിൽ ശരിയായ സംതുലനാവസ്ഥയുണ്ടോ?