WFTW Body: 

അനേകം ആളുകൾ തങ്ങളുടെ പാപം ക്ഷമിക്കപ്പെട്ടു കിട്ടിയതിൽ മാത്രം സന്തോഷിക്കുന്നവരാണ്, അതു നല്ലതു തന്നെ. അത്തരം ആളുകൾ യേശുവിനെ അവരുടെ രക്ഷകനായി അറിയുന്നില്ല, അവർ അവിടുത്തെ അറിയുന്നത് അവരുടെ പാപം ക്ഷമിക്കുന്നവനായാണ്.

കോപത്തിന്റെയും ലൈംഗികമായ മോഹ ചിന്തകളുടെയും പാപത്തെ നാം ശ്രദ്ധാപൂർവ്വം പരിഗണിക്കണം, അത് അവയുടെ ഗുരുതര സ്വഭാവം കാണുവാൻ വേണ്ടി മാത്രമല്ല, എന്നാൽ അവയെ എങ്ങനെ ജയിക്കാം എന്ന കാര്യം നാം മനസ്സിലാക്കേണ്ടതിനും കൂടിയാണത്. ഗിരിപ്രഭാഷണത്തിൽ മനുഷ്യൻ നരകത്തിലേക്ക് പോകുന്നതിനുള്ള സാധ്യതയുമായി യേശു ബന്ധപ്പെടുത്തിയിരിക്കുന്ന രണ്ടു പാപങ്ങൾ ഇവ മാത്രമാണ് എന്ന വസ്തുതയിൽ അവയുടെ ഗൗരവം നമുക്ക് കാണാം. 99%ക്രിസ്ത്യാനികൾക്കും കോപം വളരെ ഗൗരവതരമായ ഒരു പാപമായി തോന്നുന്നില്ല എന്നതാണ് എൻ്റെ നിരീക്ഷണം. കോപത്തിന് അവരെ നരകത്തിലേക്ക് എത്തിക്കുവാൻ കഴിയും എന്ന് അവർക്ക് തീർച്ചയായും തോന്നുന്നില്ല. അതുകൊണ്ട് മത്തായി 5:22ൽ യേശു പറഞ്ഞത് അവർ യഥാർത്ഥമായി വിശ്വസിക്കുന്നില്ല. യേശുക്രിസ്തു പറഞ്ഞത് വിശ്വസിക്കുന്നില്ലെങ്കിൽ അവർ എന്തു തരം ക്രിസ്ത്യാനികളാണ്? അവിടുന്നു കോപത്തെക്കുറിച്ച് പറഞ്ഞത് എന്താണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങൾ വിശ്വസിക്കുന്നത് മനശാസ്ത്രജ്ഞന്മാരെയാണോ? മനശാസ്ത്രജ്ഞന്മാർക്കു നിങ്ങളെ സ്വർഗ്ഗത്തിലേക്ക് നയിക്കാൻ കഴിയില്ല. അതേപോലെതന്നെ ഒരു സ്ത്രീയെ മോഹത്തോട് നോക്കുന്നതും നിങ്ങളെ നരകത്തിലേക്ക് കൊണ്ടുപോകാൻ തക്കവണ്ണം ഗൗരവതരമാണ് എന്ന കാര്യവും 99%ക്രിസ്ത്യാനികളും യഥാർത്ഥമായി വിശ്വസിക്കുന്നില്ല. മിക്ക ആളുകളും അത് ഒട്ടുംതന്നെ ഗൗരവകരമായി എടുത്തിട്ടില്ല, അത് പിശാച് പാപത്തെ ലഘുവും അപ്രധാനവും ആക്കി തീർത്തിരിക്കുന്നു എന്നതിൻ്റെ തെളിവാണ്.

എയ്ഡ്സ് അല്ലെങ്കിൽ ക്യാൻസർ പോലെ മരണകരമായ ഒരു രോഗത്തെ കുറിച്ച് ചിന്തിക്കുക: എത്രയാളുകൾ എയ്ഡ്സുമായി ഉടമ്പടി ചെയ്യുകയും അല്ലെങ്കിൽ കാൻസർ പിടിക്കുന്നത് ലഘുവായി എടുക്കുകയും ചെയ്യും? ഇത്തരം രോഗങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ തീർത്തും അറിവില്ലാത്തവർ മാത്രം. ഒരു അപരിഷ്കൃത ഗ്രാമത്തിലുള്ള അക്ഷരജ്ഞാനമില്ലാത്ത സാധുവായ ഒരു സ്ത്രീയോട് അവൾക്കു കാൻസർ ഉണ്ടെന്നു പറഞ്ഞാൽ, അവൾ അസ്വസ്ഥയാകുകയില്ല, കാരണം കാൻസർ എന്താണെന്ന് അവൾക്കറിഞ്ഞുകൂടാ. മറിച്ച്, വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണെങ്കിൽ, അയാളോട് നിങ്ങളുടെ ശരീരത്തിൽ മുഴുവൻ കാൻസർ ബാധിച്ചിരിക്കുന്നു എന്ന് ഡോക്ടർ പറഞ്ഞാൽ, അയാൾ വളരെ അസ്വസ്ഥനായി തീരും. എന്തുകൊണ്ടാണ് അയാൾ അസ്വസ്ഥനായത്? കാരണം അയാൾ കാൻസറിന്റെ അപകടം കാണുന്നു.

അതേപോലെതന്നെ, നിങ്ങൾ ആത്മീയമായി നിരക്ഷരനാണെങ്കിൽ, കോപത്തെ ഗുരുതര സ്വഭാവമുള്ള ഒരു പാപമായി നിങ്ങൾ കണക്കാക്കുകയില്ല. ആത്മീയമായി നിരക്ഷരൻ ആണെങ്കിൽ മോഹത്തോടെ സ്ത്രീയെ നോക്കുന്നതും ഗൗരവകരമായ ഒരു പാപമായി നിങ്ങൾ കാണുകയില്ല. അക്ഷരജ്ഞാനം ഇല്ലാത്ത സ്ത്രീയ്ക്ക് കാൻസർ എത്ര ഗൗരവകരമാണെന്ന് അറിയാത്തതുപോലെ, ഇത് നിങ്ങളുടെ ആത്മീയ അജ്ഞതയുടെ ഒരു അടയാളമാണ്. അതുപോലെതന്നെ ആത്മീയ ജ്ഞാനമുള്ള ഒരുവൻ ഈ പാപങ്ങളെ വളരെ ഗൗരവമായി എടുക്കും. ഇത് അയാളോട് പറയാൻ അയാൾക്ക് ദൈവവചനത്തിന്റെ പോലും ആവശ്യമില്ല, കാരണം ഇവയെല്ലാം ഗൗരവകരമായ പാപങ്ങൾ ആണെന്ന് അന്തഃപ്രേരിതമായി അയാൾ അറിയുന്നു, കാരണം ഒന്ന് മറ്റുള്ളവരെ മുറിപ്പെടുത്തുകയും, മറ്റേത് അയാളെ തന്നെ മുറിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് നാം ഈ പാപങ്ങളെ വളരെ ശ്രദ്ധാപൂർവ്വം കണ്ട് നമുക്ക് എങ്ങനെ ജയിക്കാൻ കഴിയും എന്ന കാര്യം അന്വേഷിക്കേണ്ടത്.

മത്തായി 1 ൽ ദൂതൻ ജോസഫിന്റെ അടുക്കൽ വന്നപ്പോൾ, അവൻ പുതിയ നിയമത്തിലെ ഏറ്റവും ഒന്നാമത്തെ കൽപ്പന നൽകി. അത് മത്തായി 1:21ൽ പറയുന്നു, "യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും". അതാണ് യേശുവിൻ്റെ പേരിൻ്റെ അർത്ഥം. യേശുവിൻ്റെ പേര് വിളിക്കുന്ന അനേകം ആളുകൾക്ക് അവിടുത്തെ പേരിൻ്റെ അർത്ഥം പോലും അറിയില്ല. മത്തായി 1:21നമ്മോടു പറയുന്നത്, "യേശു" എന്ന പേര് അർത്ഥമാക്കുന്നത് "തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും വിടുവിക്കുന്നവൻ" എന്നാണ്.

കോപത്തെയും ലൈംഗിക മോഹ ചിന്തകളെയും കുറച്ചു ചിന്തിക്കുമ്പോൾ, പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെടുന്നതും പാപങ്ങൾ ക്ഷമിക്കപ്പെടുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?

നിങ്ങൾ പാപകരമായ വിധത്തിൽ കോപിക്കുകയും, പിന്നീട് അതിനെക്കുറിച്ച് മാനസാന്തരപ്പെട്ട് കർത്താവിനോട് നിങ്ങളോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്താൽ, അവിടുന്ന് നിങ്ങളോട് ക്ഷമിക്കും. നാളെയും, വീണ്ടും പാപകരമായ വിധത്തിൽ കോപിക്കുകയും നിങ്ങളോട് ക്ഷമിക്കണമെന്ന് കർത്താവിനോട് നിങ്ങൾ അപേക്ഷിക്കുകയും ചെയ്താൽ അവിടുന്ന് നിങ്ങളോട് ക്ഷമിക്കും. അടുത്ത ആഴ്ചയും നിങ്ങൾ അതേ കാര്യം ചെയ്തിട്ട് അവിടുത്തോട് ക്ഷമിക്കാൻ അപേക്ഷിച്ചാൽ, അവിടുന്ന് നിങ്ങളോട് ക്ഷമിക്കും. അതുപോലെതന്നെ, നിങ്ങൾ ഒരു സ്ത്രീയെ മോഹത്തോടെ നോക്കിയിട്ട് അത് ഒരു പാപമാണെന്ന് മനസ്സിലാക്കുകയും കർത്താവിനോട് അത് ക്ഷമിക്കാൻ നിങ്ങൾ അപേക്ഷിക്കുകയും ചെയ്താൽ, നിങ്ങളോട് ക്ഷമിക്കും. നാളെ വീണ്ടും അതുതന്നെ ചെയ്തിട്ട് നിങ്ങളോട് ക്ഷമിക്കണമെന്ന് അവിടുത്തോട് അപേക്ഷിച്ചാൽ അവിടുന്ന് ക്ഷമിക്കും. നിങ്ങൾ ഇൻ്റർനെറ്റിലേക്കു തിരിഞ്ഞ് അശ്ലീല ചിത്രങ്ങൾ കാണുകയും നിങ്ങളോട് ക്ഷമിക്കാൻ കർത്താവിനോട് അപേക്ഷിക്കുകയും ചെയ്താൽ അവിടുന്ന് നിങ്ങളോട് ക്ഷമിക്കുന്നു.

എന്നാൽ ഈ പാപങ്ങളിൽ നിന്നും നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നോ? ഇല്ല. നിങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നോ? അതെ. നിങ്ങളുടെ ജീവിതശൈലി, പാപം ചെയ്യുന്നു, കർത്താവിനോട് അതു ക്ഷമിക്കാൻ അപേക്ഷിക്കുന്നു, വീണ്ടും പാപം ചെയ്യുകയും വീണ്ടും കർത്താവിനോട് വീണ്ടും ക്ഷമിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. അത് അവസാനമില്ലാത്ത ഒരു ചുറ്റിത്തിരിയലാണ്. നിങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നോ? അതേ! ഒരായിരം തവണ നിങ്ങൾ പാപം ചെയ്തിരിക്കാം, ആ പാപം എല്ലാം ക്ഷമിക്കപ്പെട്ടുമിരിക്കാം, എന്നാൽ നിങ്ങൾ നിങ്ങളുടെ പാപത്തിൽ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നോ? ഇല്ല, കാരണം അത് ചെയ്തുകൊണ്ടിരിക്കുന്നതു നിങ്ങൾ തുടരുന്നു! അത് നിങ്ങൾ ഒരു കുഴിയിൽ നിന്ന് പുറത്തുവന്നിട്ട് വീണ്ടും ആ കുഴിയിൽ വീഴുന്നതു പോലെയാണ്;നിങ്ങൾ ആരോടെങ്കിലും ആ കുഴിയിൽ നിന്ന് പുറത്തേക്ക് വലിക്കാൻ ആവശ്യപ്പെടുന്നു, അയാൾ നിങ്ങളെ പുറത്തേക്ക് വലിച്ചിടുന്നു, അതിനുശേഷം നാളെ വീണ്ടും നിങ്ങൾ ആ കുഴിയിൽ വീഴുന്നു. ഓരോ തവണയും ആരോടെങ്കിലും നിങ്ങളെ പുറത്തേക്ക് വലിക്കുവാൻ നിങ്ങൾ ആവശ്യപ്പെടുന്നു, വീണ്ടും നിങ്ങൾ ആ കുഴിയിൽ വീഴുന്നു. ഇത് എപ്പോഴാണ് അവസാനിക്കാൻ പോകുന്നത്?

ഈ സമയം വരെ യേശു നിങ്ങൾക്ക് എന്താണ് ചെയ്തിരിക്കുന്നത്? യേശു നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. അപ്പോൾ സത്യസന്ധമായിട്ട് ഇങ്ങനെ പറയുക "യേശുവിനെ എന്നോടു ക്ഷമിക്കുന്നവനായി എനിക്കറിയാം, എന്നാൽ അവിടുത്തെ എൻ്റെ രക്ഷകനായി എനിക്കറിയില്ല. എൻ്റെ പാപങ്ങൾ ക്ഷമിക്കുന്നവനായി അവിടുത്തെ എനിക്കറിയാം, എന്നാൽ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കുന്നവനായി അറിയില്ല". നാം സത്യസന്ധരായിരിക്കേണ്ടതുണ്ട്. നാം നമ്മോടുതന്നെ സത്യസന്ധരല്ലെങ്കിൽ, വേദ പുസ്തകം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നവയുടെ നിറവിലേക്കു നാം ഒരിക്കലും വരികയില്ല. സത്യസന്ധരായവരെ ദൈവം സ്നേഹിക്കുന്നു. ദൈവത്തിൻ്റെ മുമ്പാകെ സത്യസന്ധരായിരിക്കുവാനും, ദൈവത്തോട് "കർത്താവായ യേശുവേ, എനിക്ക് അങ്ങയെ എന്നോട് ക്ഷമിക്കുന്നവനായി മാത്രമേ അറിയൂ. അങ്ങയെ എൻ്റെ രക്ഷകനായി അറിയില്ല" എന്നും സത്യസന്ധമായി പറയുവാനും ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.

ഒരു ശിഖരം (കൊമ്പ്)അതു മരത്തിൽ അല്ലെങ്കിൽ അതിനു ഫലം കായ്ക്കാൻ കഴിയില്ല, തന്നെയുമല്ല ഓരോ കൊമ്പിനും അത് 50 വർഷങ്ങളായി ആ മരത്തിൽ തന്നെ ആയിരുന്നശേഷവും അവയുടെ മരത്തോട് പറയാൻ കഴിയുന്നത് "നിന്നെ കൂടാതെ, എനിക്ക് ഒരു ഫലവും പുറപ്പെടുവിക്കാൻ കഴിയുകയില്ല, എന്നാൽ ഞാൻ നിന്നിലാണെങ്കിൽ, ഒരു ഫലമുണ്ടാക്കുക എന്നത് അനായാസമാണ്" എന്നാണ്. ഒരു കൊമ്പ് കഷ്ടപ്പെടുകയാണ് എന്നു നിങ്ങൾ വിചാരിക്കുന്നോ? ഒരു മാവിനെ നോക്കുക: ആ കൊമ്പ് മാങ്ങ ഉണ്ടാക്കാൻ പാടുപെടുന്നുണ്ടോ? ഇല്ല. എന്നാൽ ആ കൊമ്പ് ആ മരത്തിൽ നിന്നും മുറിച്ചുമാറ്റിയാൽ, 50 വർഷങ്ങളായി അതും മാങ്ങ ഉല്പാദിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും, പെട്ടെന്ന് മാങ്ങാ കായ്ക്കുന്നത് നിൽക്കുന്നു, കാരണം അത് ഉണങ്ങുന്നു. അത് ആ മരത്തിൽ ആയിരിക്കുന്ന സമയത്തോളം, അതിൻ്റെ രസം അതിലേക്ക് ഒഴുകിവരുന്നു, അങ്ങനെയാണ് മാങ്ങ ഉണ്ടാകുന്നത്. അതാണ് പാപത്തിൽ ജയിക്കുന്നതിന്റെ പ്രമാണം തന്നെയുമല്ല ഓരോ രാജ്യത്തിലുമുള്ള ശിഷ്യനായിരിക്കുന്ന ഓരോ വ്യക്തിയേയും നാം പഠിപ്പിക്കേണ്ടതും അതുതന്നെയാണ്.

പ്രിയ സ്നേഹിതരെ, ക്രിസ്തുവിനെ കൂടാതെ, ഒരു പാപത്തെയും ജയിക്കാൻ നിങ്ങൾക്കു കഴിയുകയില്ല, എന്നു നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. തീർച്ചയായും ബാഹ്യമായ പാപങ്ങളെ നിങ്ങൾക്ക് ജയിക്കാൻ കഴിയും. എന്നാൽ അതെന്താണു തെളിയിക്കുന്നത്? ആരെയും കൊല്ലാത്തവരും ശാരീരികമായി വ്യഭിചാരം പോലും ചെയ്യാത്തവരുമായ അനേകം നിരീശ്വരവാദികളുണ്ട്.

കപ്പിന്റെ പുറം വെടിപ്പായി സൂക്ഷിക്കുവാൻ, നിങ്ങൾക്ക് യേശുവിനെ ആവശ്യമില്ല; നിങ്ങൾ ഒരു നല്ല പരീശനായിരുന്നാൽ മാത്രം മതി. ഒരിക്കലും ആരെയും വഞ്ചിക്കാത്ത സത്യസന്ധരായി ബാഹ്യ ജീവിതം വളരെ നേരോടെ ജീവിക്കുന്ന അക്രൈസ്തവരും, നിരീശ്വരവാദികൾ പോലുമുണ്ട്;എന്നാൽ ആന്തരിക ജീവിതത്തിൻ്റെ കാര്യം വരുമ്പോൾ, അകമേ അവർ മലിനമാണ്. ആന്തരിക സത്യസന്ധത എന്നാൽ ആത്മനിയന്ത്രണത്തെക്കാൾ കൂടുതലാണ്. യോഗയുടെ ശക്തികൊണ്ട് കോപം പ്രകടിപ്പിക്കാതെ നിങ്ങൾക്ക് നിങ്ങളെ സൂക്ഷിക്കാൻ കഴിയും, എന്നാൽ അത് അതിൽ നിന്നുള്ള വിടുതലല്ല. അത് വിഷം അകത്തു തന്നെ കിടക്കത്തക്ക വിധം കുപ്പി മുറുകെ അടയ്ക്കുന്നത് പോലെയാണ്, അത് അപ്പോഴും നിങ്ങളെ നശിപ്പിക്കുന്നു. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വിടുതൽ അതല്ല.

ക്രിസ്തു വാഗ്ദാനം ചെയ്തത് ആന്തരികമായ കോപത്തിൽ നിന്നുള്ള വിടുതലാണ്. എനിക്ക് ആ കുപ്പി തുറക്കാം, എന്നാൽ അതിനകത്ത് വിഷമൊന്നുമില്ല. നിങ്ങൾ എൻ്റെ ഹൃദയത്തിലേക്ക് നോക്കിയാൽ, അവിടെ ഒരു കോപവുമില്ല, അത് ഞാൻ വലിയ പ്രയത്നം ചെയ്ത് എൻ്റെ വായടച്ചുപിടിച്ച് എനിക്ക് സംയമനം നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതുകൊണ്ടല്ല - അത് യോഗ ആണ്, എന്നാൽ അത് കോപത്തിൽ നിന്നുള്ള വിടുതലല്ല. കോപത്തിൽ നിന്നുള്ള വിടുതൽ ഉണ്ടാകുന്നത് നമ്മുടെ ഹൃദയങ്ങളുടെ ഉള്ളിലുള്ള കോപത്തിൽ നിന്ന് ക്രിസ്തു നമ്മെ വിടുവിക്കുന്നിടത്താണ്. അത്പൂർണ്ണമായും പോയിരിക്കുന്നു, അങ്ങനെയുള്ള ഒരു ഹൃദയത്തിലേക്ക് നിങ്ങൾ നോക്കിയാൽ, അവിടെ ഒരു കോപവും ഉണ്ടായിരിക്കുകയില്ല. ആ ഹൃദയത്തിൻ്റെ ഉള്ളിലേക്കു നിങ്ങൾ നോക്കിയാൽ, അവിടെ സ്ത്രീകളോടുള്ള ഒരു മോഹവും ഉണ്ടായിരിക്കുകയില്ല. യേശുവിനു മാത്രമേ അതു ചെയ്യാൻ കഴിയൂ.