പരിശുദ്ധാത്മാവിൻ്റെ പഴയ ഉടമ്പടി ശുശ്രൂഷയും, പരിശുദ്ധാത്മാവിൻ്റെ പുതിയ ഉടമ്പടി ശുശ്രൂഷയും തമ്മിലുള്ള വ്യത്യാസം കാണിക്കുവാൻ എൻ്റെ ഡാഡി (സാക് പുന്നൻ) ഈ ഉദാഹരണം ഉപയോഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്: പഴയ ഉടമ്പടിയിൽ, മനുഷ്യൻ്റെ ഹൃദയം മൂടി കൊണ്ട് അടച്ചു വച്ചിരിക്കുന്ന ഒരു കപ്പു പോലെ ആയിരുന്നു (യഹൂദ്യ ദേവാലയത്തിൽ അതിവിശുദ്ധ സ്ഥലത്തെ മറച്ചിരുന്ന തിരശ്ശീല പോലെ). പരിശുദ്ധാത്മാവ് പകരപ്പെട്ടത് കപ്പ് അടച്ചിരുന്ന ഈ മൂടിയുടെ മുകളിലായിരുന്നു അനന്തരം അവിടുന്ന് അതിന്മേൽ നിന്ന് ചുറ്റുമുള്ള പുരുഷാരത്തിലേക്ക് അനുഗ്രഹ നദികളായി ഒഴുകി - അവിടുന്ന് മോശെ,സ്നാപക യോഹന്നാൻ തുടങ്ങിയവരിലൂടെ ചെയ്തതു പോലെ.
എന്നാൽ പുതിയ ഉടമ്പടിയിൽ, മൂടി (അടപ്പ്) നീക്കപ്പെട്ടിരിക്കുന്നു (2 കൊരി. 3:12-18).യേശു മരിച്ചപ്പോൾ, ദേവാലയത്തിലെ തിരശ്ശീല ചീന്തപ്പെടുകയും അതിവിശുദ്ധ സ്ഥലത്തേക്കുള്ള മാർഗ്ഗം തുറക്കപ്പെടുകയും ചെയ്തതിലൂടെ ഇതാണ് പ്രതീകവൽക്കരിക്കപ്പെട്ടത്. ഇന്ന്, പരിശുദ്ധാത്മാവ് പകരപ്പെടുമ്പോൾ,അവിടുന്ന് ആദ്യം കപ്പ് നിറയ്ക്കുന്നു - ആദ്യം വിശ്വാസിയുടെ ഹൃദയം ശുദ്ധമാക്കുന്നു - അതിനു ശേഷം അവൻ്റെ ഉള്ളിൽ നിന്ന് അനേകർക്ക് അനുഗ്രഹമായി ഒഴുകുന്നു, യോഹന്നാൻ 7:37-39 വരെയുള്ള വാക്യങ്ങളിൽ യേശു വിവരിച്ചതു പോലെ. ഇങ്ങനെയാണ് പുതിയ ഉടമ്പടി സഭ പണിയപ്പെടുന്നത്.
നാം ഇപ്പോഴും മറ്റുള്ളവരോടു പ്രസംഗിക്കാൻ വേണ്ടി മാത്രം പരിശുദ്ധാത്മാവിനെ ഉപയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നാം ഒരു കൂടി വരവോ ഒരു ക്ലബ്ബാേ മാത്രമേ പണിയുകയുള്ളു. എന്നാൽ ആദ്യം നമ്മെ നിറച്ചിട്ട് അവിടുത്തെ സ്നേഹം നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയുവാൻ നാം ദൈവത്തെ അനുവദിക്കുമെങ്കിൽ, അപ്പോൾ അവിടുത്തേക്ക് നമ്മുടെ ഉള്ളിൽ നിന്ന് മറ്റുള്ളവരിലേക്ക് ഒഴുകാൻ കഴിയും. അപ്പോൾ കൂട്ടായ്മയുടെ ഇതേ ആത്മാവുള്ളവരോട് ചേർന്ന് നാം സഭ പണിയും. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിന്ന് കവിഞ്ഞൊഴുകുകയും നമ്മിൽ ഓരോരുത്തനിലൂടെയും ക്രൂശെടുക്കുന്നതിലൂടെ,യഥാർത്ഥമായ ആത്മാവിൻ്റെ ഐക്യത പണിയപ്പെടുകയും ചെയ്യും.
യഥാർത്ഥത്തിൽ, സത്യസഭ പ്രാഥമികമായി പണിയപ്പെടുന്നത് നാം അന്യോന്യം അകലെ ആയിരിക്കുമ്പോഴാണ്. ഞായറാഴ്ച യോഗങ്ങളിൽ നാം ഒരുമിച്ചു കൂടുമ്പോൾ മാത്രമല്ല അതു പണിയപ്പെടുന്നത്. അതെ, അത് പരിശുദ്ധാത്മവരങ്ങളിലൂടെയാണ് പണിയപ്പെടുന്നത്. എന്നാൽ നാം തമ്മിൽ അകലെ ആയിക്കുമ്പോൾ അതിലും കൂടുതലായി അതു പണിയപ്പെടുന്നു. ഏതെങ്കിലും വിധത്തിൽ നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ - സത്യസന്ധരല്ലാതിരിക്കുവാൻ,കോപിക്കുവാൻ അല്ലെങ്കിൽ നമ്മുടെ കണ്ണുകൾ കൊണ്ടു മോഹിക്കുവാൻ മുതലായവയ്ക്ക് - അവിടെയാണ് നിങ്ങൾ യേശുവിൻ്റെ സഭയുടെ ഭാഗമാണോ എന്നു നിങ്ങൾ തെളിയിക്കുന്നത്. ഈ പ്രലോഭനങ്ങളിൽ, നാം നമ്മുടെ ക്രൂശെടുത്ത്, സ്വയത്തിനു മരിച്ച്, കർത്താവിനോടുള്ള നമ്മുടെ ഭക്തി നിലനിർത്തി, പാപത്തോട് എതിർത്തു നിന്നാൽ, അപ്പോൾ നാം വെളിച്ചത്തിൽ നടക്കുകയും നമുക്ക് കർത്താവിനോട് കൂട്ടായ്മ ഉണ്ടാകുകയും ചെയ്യുന്നു. പിന്നീട് നാം തമ്മിൽ ഒരുമിച്ചു കൂടി വരുമ്പോൾ, നമുക്കു തമ്മിൽ യഥാർത്ഥമായ കൂട്ടായ്മ ഉണ്ടാകും (1 യോഹ. 1:7).
കൊലൊസ്യർ 2:2 ൽ നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സ്നേഹത്തിൽ തുന്നിചേർക്കുന്നതിനെ (ഏകീഭവിക്കുന്നതിനെ) കുറിച്ച് പറയുന്നു. എനിക്ക് എന്നെ മറ്റുള്ളവരുമായി സ്നേഹത്തിൽ ഒന്നിച്ചു കെട്ടാൻ കഴിയുകയില്ല. പരിശുദ്ധാത്മാവിനു മാത്രമെ നമ്മുടെ ഹൃദയങ്ങളെ ഏകീഭവിപ്പിക്കുന്ന പ്രവൃത്തി ചെയ്യാൻ കഴിയൂ. ഏതു വിധത്തിലെങ്കിലും, ഞാൻ എൻ്റെ ഹൃദയത്തെ നിങ്ങളുടെ ഹൃദയവുമായി ഒന്നിച്ചു ചേർക്കാൻ ചില മാനുഷിക മാർഗ്ഗത്തിൽ ശ്രമിച്ചാൽ, നിങ്ങൾക്കു സമ്മാനങ്ങൾ നൽകുക അല്ലെങ്കിൽ നിങ്ങളുമായി സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് അതിനായി ശ്രമിച്ചാൽ, ഞാൻ പണിയുന്നത് ഒരു ക്ലബ്ബ് ആയിരിക്കും. എന്നാൽ ദൈവം പറയുന്നു "നീ സ്വയത്തിനു മരിക്കുക മാത്രം ചെയ്യുക". അതു ഞാൻ ചെയ്യുമ്പോൾ, പരിശുദ്ധാത്മാവ് അദൃശ്യമായ, അമാനുഷികമായ രീതിയിൽ എൻ്റെ ഹൃദയത്തെ അവിടുന്ന് എന്നെ ആക്കി വച്ചിരിക്കുന്ന പ്രാദേശിക സഭയിലുള്ള, തങ്ങളുടെ സ്വയത്തിനു മരിക്കുന്ന മറ്റുള്ളവരുടെ ഹൃദയവുമായി ഒന്നിച്ചു ചേർക്കുന്നു.
അപ്പോൾ നമ്മുടെ കൂട്ടായ്മ മാധുര്യമുള്ളതായി തീരുന്നു - അത് നാം ഒരേ ഉപദേശം വിശ്വസിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ ഒരേ പാട്ടുകൾ പാടുന്നതുകൊണ്ടോ അല്ല, എന്നാൽ നാം രണ്ടു കൂട്ടരും നിലത്തു വീണ് നമ്മുടെ സ്വയത്തിനു മരിച്ചിരിക്കുന്നതു കൊണ്ടാണ്. അങ്ങനെ പരിശുദ്ധാത്മാവിലൂടെ നാം തമ്മിൽ കൂട്ടായ്മയിലേക്ക് വരുന്നു.
സ്വയത്തിനു മരിക്കാതെ നമുക്കുണ്ടാകുന്ന ഏത് ഐക്യവും, സുഹൃദ് ബന്ധത്തിൽ കലാശിക്കും, അല്ലാതെ യഥാർത്ഥമായ ക്രിസ്ത്രീയ കൂട്ടായ്മ അല്ല. കൂട്ടായ്മ എന്നത് ഒരു ആത്മീയ കാര്യമാണ്, എന്നാൽ സുഹൃദ് ബന്ധം ഭൗമികമായ ഒരു കാര്യമാണ്.
ലോകത്തിലുള്ള ആളുകൾക്ക് സുഹൃദ് ബന്ധം ഉണ്ട്. ലോക പ്രകാരമുള്ള അനേകം ക്ലബ് അംഗങ്ങൾക്ക് തമ്മിൽ തമ്മിൽ വളരെ അടുത്ത സുഹൃദ് ബന്ധം ഉണ്ട് തന്നെയുമല്ല അവർ ആഴത്തിൽ അന്യോന്യം കരുതുകയും ചെയ്യുന്നു. എന്നാൽ അവർക്ക് ഒരിക്കലും ഒരു യഥാർത്ഥ കൂട്ടായ്മ ഉണ്ടായിരിക്കുകയില്ല - കാരണം അതു പരിശുദ്ധാത്മാവിനു മാത്രം നമ്മുടെ ജീവിതങ്ങളിൽ ചെയ്യാൻ കഴിയുന്ന ഒരു ആത്മീയ പ്രവർത്തനമാണ്. ഏതെങ്കിലും ഒരു ദൈവ പൈതൽ "തൻ്റെ ശരീരത്തിൽ യേശുവിൻ്റെ മരണം വഹിക്കുന്നത്" ദൈവം കാണുമ്പോൾ, അവിടുന്ന് "യേശുവിൻ്റെ ജീവൻ" അധികമായി നൽകിക്കൊണ്ട് അവന് പ്രതിഫലം നൽകുന്നു (2 കൊരി. 4:10, 11). രണ്ടു വിശ്വാസികൾക്കു തമ്മിൽ യഥാർത്ഥ കൂട്ടായ്മ കൊണ്ടുവരുന്നത് അവരുടെ ഉള്ളിലുള്ള ഈ "യേശുവിൻ്റെ ജീവനാണ്".അങ്ങനെയുള്ളവരെ കൊണ്ട് ദൈവം അവിടുത്തെ പുതിയ ഉടമ്പടി സഭ പണിയുന്നു.
ഈ സത്യങ്ങൾ ഞാൻ കാണാൻ തുടങ്ങിയപ്പോൾ, "കർത്താവേ, അവിടുത്തെ സത്യ സഭ പണിയാൻ ആഗ്രഹിക്കുന്നവർ എവിടെയാണ്?" എന്നു കർത്താവിനോടു ചോദിക്കുന്നതു നിർത്തി. ദൈവം അവരെ കണ്ടെത്തി ഞങ്ങളെ ഒരുമിച്ചു കൊണ്ടുവരുമെന്ന് എനിക്കു മനസ്സിലായി - ആദ്യം ഞാൻ തന്നെ നിലത്തു വീണു ചാകുവാൻ മനസ്സുള്ളവനാണെങ്കിൽ. ഞാൻ മരിക്കാൻ കൂട്ടാക്കാതിരുന്നാൽ, അപ്പോൾ ദൈവം അവരെ എൻ്റെ അടുത്തേക്കു കൊണ്ടുവരികയില്ല.
നമുക്കു ചുറ്റുമുള്ളവരിൽ പൂർണ്ണഹൃദയമുള്ള വിശ്വാസികളെ കണ്ടെത്താൻ ശ്രമിക്കുന്നത് "ഒരു കച്ചിത്തുറുവിൽ (വൈക്കോൽ കൂനയിൽ) സൂചികൾ" കണ്ടു പിടിക്കുവാൻ ശ്രമിക്കുന്നതു പോലെയാണ്. കച്ചി തുറുവിൽ സൂക്ഷ്മമായ സൂചികൾ അന്വേഷിച്ചു കൊണ്ട് അനേകം വർഷങ്ങൾ നമുക്ക് ചെലവഴിക്കാൻ കഴിയും; ഒരു പക്ഷെ അനേകം വർഷങ്ങളുടെ പ്രയത്നത്തിനു ശേഷം ഒരു സൂചി കണ്ടെത്തിയേക്കാം. എന്നാൽ കർത്താവു പറയുന്നു, "ആ സൂചികൾക്കായി അന്വേഷിച്ചു കൊണ്ട് നിങ്ങളുടെ സമയം പാഴാക്കരുത്. അവർ എവിടെയാണെന്ന് എനിക്കറിയാം. നീ നിലത്തു വീണ് നിൻ്റെ സ്വയത്തിനു മരിക്കുക മാത്രം ചെയ്യുക". അപ്പോൾ നിന്നിലുള്ള യേശുവിൻ്റെ ജീവൻ, "ആ സൂചികളെയെല്ലാം (പൂർണ്ണ ഹൃദയമുള്ള ശിഷ്യന്മാരെ) വലിച്ച്" പുറത്തു" കൊണ്ടുവരുവാൻ തക്കവണ്ണം, ശക്തിയുള്ള ഒരു കാന്തമായി തീരും (യോഹ. 1:4; 12:32).
ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുന്നതിനും പുതിയ ഉടമ്പടി സഭ പണിയുന്നതിനും അന്വേഷിക്കുന്ന മറ്റു വിശ്വാസികളും, നിങ്ങളിലേക്കും, നിങ്ങൾ പ്രഘോഷിക്കുന്ന ക്രൂശിൻ്റെ സന്ദേശത്തിലേക്കും ആകർഷിക്കപ്പെടും. അതാണ് ദൈവത്തിൻ്റെ വഴി. പൂർണ്ണ ഹൃദയമുള്ളവരെ അവിടുന്ന് നമ്മുടെ അടുത്തേക്കു കൊണ്ടുവരുന്നു. യോഹന്നാൻ 6:37 ൽ യേശു ഇപ്രകാരം പറഞ്ഞു, "പിതാവ് എനിക്കു തരുന്നതൊക്കെയും എൻ്റെ അടുക്കൽ വരും". പിതാവ് അതേ കാര്യം തന്നെ നമുക്കു വേണ്ടിയും ചെയ്യും. അങ്ങനെയാണ് നാം പുതിയ ഉടമ്പടി സഭ പണിയുന്നത്.