ലേഖകൻ :   സാക് പുന്നൻ
WFTW Body: 

മത്തായി 24 ൽ യേശു തൻ്റെ ശിഷ്യന്മാരോട് അവിടുത്തെ മടങ്ങിവരവിനെ കുറിച്ചുപറഞ്ഞപ്പോൾ , ഒന്നിലധികം തവണ അവിടുന്ന് ഊന്നി പറഞ്ഞത് അവർ ഉണർന്നിരിക്കണം (ജാഗരൂകരായിരിക്കണം ) എന്നാണ് (മത്താ. 24:42 , 44; 25: 13 ). ആത്മീയമായി ജാഗ്രതയുള്ളവരായി എല്ലാസമയത്തും ഒരുങ്ങിയിരിക്കുക എന്നതാണ് സർവ്വപ്രധാനമായ കാര്യം - പ്രവചനപരമായ വസ്തുതകളെ കുറിച്ചുള്ള അറിവല്ല . മത്തായി 25 ൽ (മത്തായി 24 ലെ പ്രവചനങ്ങളെ തുടർന്നുവരുന്നത് ), അവിടുത്തെ വരവിനായി ഒരുങ്ങുന്നതിന് നാം ജാഗ്രതയുള്ളവരും വിശ്വസ്തരും ആയിരിക്കേണ്ടതിന് വിളിക്കപ്പെട്ടിരിക്കുന്ന മൂന്നു മേഖലകളെ സംബന്ധിച്ച് യേശു വിശദീകരിക്കുന്നു.

1. രഹസ്യ ജീവിതത്തിലെ വിശ്വസ്തത

(മത്തായി 25 :1 - 13 ) . ഈ ഉപമയിൽ യേശു പത്തു കന്യകമാരെ കുറിച്ചു പറഞ്ഞു . അവരിൽ ആരും തന്നെ വ്യഭിചാരിണികളായിരുന്നില്ല (ആത്മീയ വ്യഭിചാരത്തിൻ്റെ ഒരു നിർവചനത്തിന് യാക്കോബ് 4: 4 കാണുക). അവരെല്ലാവരും കന്യകമാരായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ , അവർക്ക് മനുഷ്യരുടെ മുമ്പിൽ ഒരു നല്ല സാക്ഷ്യമുണ്ടായിരുന്നു. അവരുടെ വിളക്കുകളെല്ലാം കത്തിക്കൊണ്ടിരുന്നു (മത്തായി 5 : 16). അവരുടെ നല്ല പ്രവൃത്തികൾ മറ്റുള്ളവർ കണ്ടു എന്നിട്ടും ആ കന്യകമാരിൽ അഞ്ചുപേർ മാത്രമായിരുന്നു ബുദ്ധിയുള്ളവർ . എന്നാൽ തുടക്കത്തിൽ ഈ കാര്യം എല്ലാവർക്കും പ്രകടമായിരുന്നില്ല . അഞ്ചു പേർ മാത്രമേ അവരുടെ പാത്രങ്ങളിൽ എണ്ണ എടുത്തിരുന്നുള്ളു ( മത്തായി 25 :4) .

രാത്രിയിൽ പ്രകാശം കാണാൻ കഴിഞ്ഞതുപോലെ പാത്രത്തിലുള്ള എണ്ണ ദൃശ്യമായിരുന്നില്ല , അതു പറയുന്നത് , ഈ ലോകത്തിൻ്റെ അന്ധകാരത്തിൽ മനുഷ്യർക്കു കാണാൻ കഴിയാത്ത , ദൈവമുമ്പാകെയുള്ള നമ്മുടെ രഹസ്യ ജീവിതത്തെ കുറിച്ചാണ് . നമുക്കെല്ലാവർക്കും ഒരു പാത്രമുണ്ട് . അതിൽ നമുക്ക് എണ്ണയുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം . തിരുവചനത്തിലുടനീളം പരിശുദ്ധാത്മാവിൻ്റെ ഒരു പ്രതീകമായാണ് എണ്ണ ഉപയോഗിച്ചിരിക്കുന്നത് , ഇവിടെ അതു സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിലേക്കു പകരുന്ന ദൈവത്തിൻ്റെ ജീവനെയാണ്. ആ ജീവൻ്റെ പുറമേയുള്ള വെളിപ്പെടുത്തലാണ് പ്രകാശം (യോഹന്നാൻ 1: 4) . അകത്തുള്ള സത്ത എണ്ണയാണ്. അനേകരും പിടിക്കപ്പെട്ടിരിക്കുന്നത് അവരുടെ പുറമേയുള്ള സാക്ഷ്യത്തിൻ്റെ കാര്യത്തിൽ മാത്രമാണ് . അത് അവരുടെ ഭോഷത്തമാണ് . ശോധനയുടെയും പരീക്ഷകളുടെയും സമയത്താണ് , പുറമേയുള്ള പ്രകാശം മാത്രം പോരാ എന്നു നാം കണ്ടെത്തുന്നത് . ജയോത്സവമായി നമ്മെ വഹിച്ചുകൊണ്ടു പോകേണ്ടതിന് അകത്ത് ദിവ്യ ജീവൻ്റെ സത്ത ഒരുവന് ആവശ്യമാണ്.

" കഷ്ടകാലത്തു നീ കുഴഞ്ഞു പോയാൽ നിൻ്റെ ബലം നഷ്ടം തന്നെ " (സദൃശ. 24 :10 ). നാം എത്രമാത്രം ശക്തരാണ് അല്ലെങ്കിൽ ബലഹീനരാണ് എന്ന് ജീവിതത്തിലെ പ്രതിസന്ധികൾ നമ്മെ കാണിക്കുന്നു . ഈ ഉപമയിലെ പ്രതിസന്ധി , മണവാളൻ വരാൻ താമസിച്ചു എന്നതാണ് . കാലമാണ് നമ്മുടെ ആത്മീയതയുടെ യാഥാർത്ഥ്യം തെളിയിക്കുന്നത് . വിശ്വാസമുള്ളവൻ അവസാനത്തോളം സഹിച്ചു നിൽക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും . തൻ്റെ ജീവിതത്തിൽ ആന്തരിക സത്ത ഉള്ളവൻ ആരാണ് ഇല്ലാത്തവൻ ആരാണ് എന്നു തെളിയിക്കുന്നതും കാലമാണ് . അനേകരും , ആന്തരിക ജീവൻ ഇല്ലാതെ പെട്ടെന്നു മുളച്ചുവരുന്ന വിത്തു പോലെയാണ് . അവരുടെ ഹൃദയത്തിൽ മണ്ണിന് ആഴമില്ല ( മർക്കോസ് 4:5 ). അതുകൊണ്ടാണ് പുതിയ വിശ്വാസികളുടെ ആത്മീയതയോ അവരുടെ പൂർണ മനസ്കതയോ സംബന്ധിച്ചുള്ള കാര്യങ്ങൾ നിർണ്ണയിക്കാൻ നമുക്കു പ്രയാസമുള്ളത് . നമുക്ക് കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ , കാലം എല്ലാം വെളിപ്പെടുത്തും . അപ്പോൾ ക്രിസ്തുവിൻ്റെ വരവിനായി ഒരുങ്ങുവാനുള്ള മാർഗ്ഗം , ദൈവ മുമ്പാകെ നിർമ്മലതയും വിശ്വസ്തതയുമുള്ള ഒരു ആന്തരിക ജീവൻ ഉണ്ടായിരിക്കുക എന്നതാണ് - നമ്മുടെ ചുറ്റുമുള്ള മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകളിൽ , മനോഭാവങ്ങളിൽ , ലക്ഷ്യങ്ങളിൽ ഒക്കെ. ഇതു നമുക്കില്ലാതെ, നാം ക്രിസ്തുവിൻ്റെ വരവിനു വേണ്ടി ഒരുക്കമുള്ളവരാണെന്നു ചിന്തിച്ചാൽ നാം നമ്മെ തന്നെ വഞ്ചിക്കുകയാണ്.

2. നമ്മുടെ ശുശ്രൂഷയിൽ ഉള്ള വിശ്വസ്തത

(മത്തായി 25: 14 -30 ). രണ്ടാമത്തെ ഉപമയിൽ, ദൈവം നമുക്കു നൽകിയിരിക്കുന്ന താലന്തുകൾ വിശ്വസ്തതയോടെ ഉപയോഗിക്കുന്നതിനാണ് ഊന്നൽ . ഈ താലന്തുകൾ പ്രതിനിധീകരിക്കുന്നത് ഭൗതികസമ്പത്ത്, പണം , സ്വഭാവിക കഴിവുകൾ , ജീവിതത്തിലെ അവസരങ്ങൾ, ആത്മീയ വരങ്ങൾ തുടങ്ങിയവയെയാണ്. ഈ മേഖലയിൽ എല്ലാവരും തുല്യരല്ല - കാരണം ഈ ഉപമയിൽ നാം കാണുന്നത് ഒരുവന് അഞ്ചു താലന്തുകൾ ലഭിച്ചു , മറ്റൊരാൾക്ക് രണ്ട് , വേറെ ഒരാൾക്ക് ഒന്നുമാത്രം എന്നാണ് . എന്നാൽ എല്ലാവർക്കും അവരവർക്കു ലഭിച്ചിട്ടുള്ളതിനോട് വിശ്വസ്തരായിരിക്കുവാൻ തുല്യ സമയം ഉണ്ടായിരുന്നു . ഏറെ ലഭിച്ചവനോട് ഏറെ ആവശ്യപ്പെടും . അതുകൊണ്ട് തൻ്റെ അഞ്ചു താലന്തിനെ പത്താക്കി വർധിപ്പിച്ചവൻ നേടിയ അതേ പ്രതിഫലം തന്നെ തൻ്റെ രണ്ടു താലന്തിനെ നാലാക്കി വർദ്ധിപ്പിച്ചവനും ലഭിച്ചു. തനിക്കു ലഭിച്ച താലന്ത് മണ്ണിൽ കുഴിച്ചിട്ടവൻ്റെ മേൽ ഏതു വിധത്തിലായാലും ന്യായവിധി ഉണ്ടായി (മത്തായി 25: 18) - ദൈവം അവനു നൽകിയ താലന്തുകൾ ദൈവത്തിനുവേണ്ടി അല്ല ലോകത്തിനുവേണ്ടിയാണ് അവൻ ഉപയോഗിച്ചത്. തനിക്ക് ഒന്നും ലഭിച്ചിട്ടില്ല എന്ന് ആർക്കും പറയാൻ കഴിയില്ല - കാരണം എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊന്ന് ദൈവത്തിൽ നിന്നു പ്രാപിച്ചിട്ടുണ്ട് . നാം ഈ താലന്തുകൾ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ചോദ്യം. നാം നമുക്കുവേണ്ടി തന്നെ ഉപയോഗിക്കുന്നവ മണ്ണിൽ കുഴിച്ചിട്ട താലന്തുകളോടു തുല്യമാണ്. ദൈവമഹത്വത്തിനായി നാം ഉപയോഗിക്കുന്നവ മാത്രമേ നിത്യധനമായി എണ്ണപ്പെടുകയുള്ളു. ഈ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ദാരിദ്ര്യം നമുക്കു കാണാൻ കഴിയും. " സ്വയത്തിനു വേണ്ടി ഒന്നുമില്ലാതെ എല്ലാം ദൈവത്തിനുവേണ്ടി " എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം . അപ്പോൾ നാം ക്രിസ്തുവിൻ്റെ മടങ്ങി വരവിനുവേണ്ടി ഒരുക്കമുള്ളവരായിരിക്കും. നമുക്കുള്ളതെല്ലാം നാം ഉപേക്ഷിക്കുന്നില്ലെങ്കിൽ നമുക്ക് യേശുവിൻ്റെ ശിഷ്യരായിരിക്കാൻ കഴിയുകയില്ല . ദൈവത്താൽ നൽകപ്പെട്ട എല്ലാ സമ്പത്തും , വരങ്ങളും കർത്താവിനു വേണ്ടി തന്നെ ഉപയോഗിക്കാത്തവൻ , താൻ ക്രിസ്തുവിൻ്റെ മടങ്ങി വരവിനു വേണ്ടി ഒരുങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെടുന്നെങ്കിൽ അവൻ തന്നെത്താൻ വഞ്ചിക്കുകയാണ്.

3. നമ്മുടെ സഹ വിശ്വാസികളെ സേവിക്കുന്നതിലുള്ള വിശ്വസ്തത

(മത്തായി 25 : 31 - 46). ആവശ്യത്തിലിരിക്കുന്ന സഹ വിശ്വാസികളോടുള്ള നമ്മുടെ മനോഭാവത്തെ കുറിച്ചാണ് അവസാനഭാഗത്ത് യേശു പറയുന്നത്. ആ ആവശ്യം ആത്മീയമോ ഭൗതികമോ ആകാം. ഇവിടെ നാം കാണുന്നത് , കർത്താവിനെന്നവണ്ണം തങ്ങളുടെ സഹവിശ്വാസികളെ സേവിച്ചവർ രാജ്യം അവകാശമാക്കുന്നു എന്നാണ് . അവരുടെ വലതുകൈ ചെയ്തത് എന്താണെന്ന് ഇടതു കൈ അറിയാത്ത വിധം അത്ര രഹസ്യത്തിൽ ആയിരുന്നു അവരുടെ ശുശ്രൂഷ ( മത്തായി 26 :3 ). അവർ ചെയ്ത നന്മകളെ കുറിച്ച് കർത്താവ് ഓർമ്മിപ്പിച്ചിട്ടും അവർ അത് ഓർക്കുക പോലും ചെയ്യാത്ത വിധം അത് അങ്ങനെ തന്നെ ആയിരുന്നു (മത്തായി 25:38). അവിടുത്തെ ഏറ്റവും ചെറിയ സഹോദരനു ചെയ്യുന്ന ഏതൊരു ശുശ്രൂഷയും അവിടുത്തേക്കു തന്നെ ചെയ്യുന്ന ശുശ്രൂഷയായി കണക്കാക്കപ്പെടും എന്നു കൂടി യേശു ഇവിടെ പഠിപ്പിക്കുന്നു (മത്തായി 25: 40). അവിടുന്ന് ഏറ്റവും ചെറിയവനെ കുറിച്ച് ഇവിടെ പറയുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം ഏറ്റവും പ്രധാനികളായ വിശ്വാസികളെ ശുശ്രൂഷിക്കുവാനും ദരിദ്രരും നിന്ദിതരുമായവരെ അവഗണിക്കുവാനുമുള്ള പ്രവണതയാണ് നമുക്കുള്ളത് ! തങ്ങൾക്കുവേണ്ടി തന്നെ തിന്നുകയും കുടിക്കുകയും , വാങ്ങുകയും വിൽക്കുകയും , പണിയുകയും നടുകയും ചെയ്യുന്നതിൽ വ്യാപൃതരായിരിക്കുന്നവർ തീർച്ചയായും യേശു മടങ്ങിവരുമ്പോൾ പിന്തള്ളപ്പെടും ( ലൂക്കോസ് 17:28 , 34) . കർത്താവിനു വേണ്ടിയുള്ള തങ്ങളുടെ ശുശ്രൂഷയിൽ സഹവിശ്വാസികളെ ശുശ്രൂഷിക്കുവാനുള്ള ഒരു സ്നേഹകരുതൽ കൂടെ ഉൾപ്പെട്ടിട്ടുള്ളവർ മാത്രമെ എടുക്കപ്പെടുകയുള്ളൂ. മറ്റൊരു വേദഭാഗത്ത്, യേശു മറ്റൊരു കൂട്ടം ആളുകളെ കുറിച്ചു സംസാരിക്കുന്നു - അവർ ആദ്യത്തെ കൂട്ടർക്കു വിരുദ്ധമാണ് . കർത്താവിൻ്റെ നാമത്തിൽ തങ്ങൾ ചെയ്തിട്ടുള്ള എല്ലാ നന്മ പ്രവൃത്തികളും ഓർത്തിരിക്കുന്നവരാണിവർ . അവരും ന്യായാസനത്തിൽ മുമ്പിൽ നിന്നു കൊണ്ട് , യേശുവിൻ്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കി , പ്രസംഗിച്ചു , രോഗികളെ സൗഖ്യമാക്കി മുതലായ കാര്യങ്ങൾ കർത്താവിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ കാര്യങ്ങളെല്ലാം ചെയ്തെങ്കിലും , അവർ കർത്താവിനാൽ തിരസ്കരിക്കപ്പെട്ടു. കാരണം ഏറ്റവും ഒന്നാമതായി വേണ്ടിയിരുന്ന , ദൈവത്തിൻ്റെ മുമ്പാകെയുള്ള വിശുദ്ധമായ ഒരു രഹസ്യ ജീവിതത്തിൻ്റെ കുറവ് അവർക്കുണ്ടായിരുന്നു. അവരുടെ വരങ്ങളുടെ മഹത്വത്താൽ അവർ പിടിക്കപ്പെടുന്നു.