WFTW Body: 

സങ്കീർത്തനം 27: 4 ൽ ദാവീദ് ഇപ്രകാരം പറയുന്നു , " ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു ; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു, യഹോവയുടെ മനോഹരത്വം കാണ്മാനും അവൻ്റെ മന്ദിരത്തിൽ ധ്യാനിപ്പാനും , എൻ്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ ".

ദാവീദ് മഹാനായ ഒരു രാജാവ് ആയിരുന്നു. അദ്ദേഹം സമ്പന്നനായിരുന്നു , അനേകം യുദ്ധങ്ങളിൽ അദ്ദേഹം വിജയം നേടിയിട്ടുണ്ട് , കൂടാതെ അദ്ദേഹത്തിന് ഒരു വലിയ കീർത്തിയുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം പറഞ്ഞു , " ഞാൻ സംതൃപ്തനല്ല , ഞാൻ യഹോവയിൽ നിന്ന് ഒരു കാര്യം മാത്രം ആഗ്രഹിച്ചിരിക്കുന്നു . അതു ഞാൻ ഈ മുഴു ലോകത്തിൻ്റെയും രാജാവാകണമെന്നതല്ല, അല്ലെങ്കിൽ ഒരു പ്രാസംഗികൻ ആകണമെന്നതല്ല , അതുമല്ലെങ്കിൽ ഞാൻ ഒരു പ്രശസ്തിയുള്ളവൻ ആകണമെന്നതുമല്ല. എന്നാൽ ഞാൻ യഹോവയോട് ഒരു കാര്യം മാത്രം അപേക്ഷിച്ചിരിക്കുന്നു. അത് ഞാൻ എൻ്റെ കർത്താവിൻ്റെ മനോഹരത്വം കാണണമെന്നും, എൻ്റെ ജീവിതകാലം മുഴുവൻ അവിടുത്തെ മനോഹരത്വം ദർശിക്കുന്നതിൽ നിലനിൽക്കണമെന്നും ഉള്ളതാണ് ". നമ്മുടെ ജീവിതങ്ങളുടെയും ഒരേ ഒരാഗ്രഹം അതു തന്നെയാണോ?

യോഹന്നാൻ്റെ സുവിശേഷം ഇരുപതാം അധ്യായത്തിൽ , ഈ ഒരു ആഗ്രഹം മാത്രമുണ്ടായിരുന്ന മറ്റൊരാളിനെ കുറിച്ചു നാം വായിക്കുന്നു. അത് മഗ്ദലക്കാരത്തി മറിയ ആയിരുന്നു . ആ ഞായറാഴ്ച അതിരാവിലെ അവൾ കല്ലറയ്ക്കൽ ചെന്നു. ആ സമയം അവൾ എന്തുകൊണ്ടാണ് ഉറങ്ങാതിരുന്നത് ? ഇരുട്ട് ഉണ്ടായിരുന്നിട്ടും , അവൾ ഇത്രയും നേരത്തെ എഴുന്നേറ്റ് കല്ലറയ്ക്കൽ പോയതെന്തുകൊണ്ടാണ്? കാരണം അവൾക്കു തൻ്റെ ജീവിതത്തിൽ ആ ഒരാഗ്രഹം ഉണ്ടായിരുന്നു , അത് കർത്താവിനെ കാണണം എന്നുള്ളതായിരുന്നു . നാം വായിക്കുന്നത് അവൾ കല്ലറയ്ക്കൽ വന്നപ്പോൾ അത് ഒഴിഞ്ഞതായി കണ്ടു എന്നാണ്. അതുകൊണ്ട് അവൾ ഓടിച്ചെന്ന് മറ്റു ശിഷ്യന്മാരിൽ ചിലരോടു പറഞ്ഞു. അവരും വന്ന് കല്ലറയുടെ ഉള്ളിലേക്കു നോക്കിയിട്ട്, അവരുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി, ഒരുപക്ഷേ ഉറങ്ങാൻ ആയിട്ട് തിരിച്ചു പോയിരിക്കാം.

എന്നാൽ മഗ്ദലക്കാരത്തി മറിയ കല്ലറയ്ക്ക് പുറത്ത് കരഞ്ഞുകൊണ്ടു നിന്നു . നിങ്ങൾ കണ്ടോ, മറിയ കർത്താവിനെ സ്നേഹിച്ചത്രയും ശിഷ്യന്മാർ സ്നേഹിച്ചില്ല. ശിഷ്യന്മാർ ഒഴിഞ്ഞ കല്ലറ കണ്ടപ്പോൾ , അവർ ഉറങ്ങാനായി തിരികെ പോയി. എന്നാൽ മറിയയ്ക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല, കാരണം അവൾക്ക്, യേശു എല്ലാമായിരുന്നു. ഇന്നു അതുപോലെയുള്ളവരെ, സഭയിൽ ദൈവത്തിന് ആവശ്യമുണ്ട്. കർത്താവായ യേശു മഗ്ദലക്കാരത്തി മറിയയുടെ അടുത്തു വന്നപ്പോൾ , അവിടുന്ന് തോട്ടക്കാരനാണെന്ന് അവൾ കരുതി, അതു കൊണ്ട് അവൾ അവുടുത്തോടു പറഞ്ഞു " യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ , അവനെ എവിടെ വച്ചു എന്നു പറഞ്ഞു തരിക, ഞാനവനെ എടുത്തുകൊണ്ടുപോയ്ക്കൊള്ളാം " . ശവശരീരം ചുമന്നുകൊണ്ട് പോകാൻ പോലും അവൾ ഒരുക്കമായിരുന്നു .ഒരു ശവശരീരം ചുമന്നു കൊണ്ടു പോകുന്നത് ഒരു സ്ത്രീക്ക് അസാധ്യമാണെന്ന് , ഇപ്പോൾ നിങ്ങൾക്കറിയാം. എന്നാൽ അവിടുത്തേക്ക് വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാൻ മനസ്സുണ്ടായിരിക്കാൻ തക്കവണ്ണം അത്ര വലിയതായിരുന്നു അവൾക്കു കർത്താവിനോടുണ്ടായിരുന്ന സ്നേഹം. " ദൈവത്തിൻ്റെ മുഖം അന്വേഷിക്കുക " എന്നതിൻ്റെ അർത്ഥം ഇതാണ്. ഒരേ ഒരാഗ്രഹം മാത്രം ഉണ്ടായിരിക്കുക എന്നാണ് ഇത് അർത്ഥമാക്കുന്നത് - കർത്താവിൻ്റെ മനോഹരത്വം കാണുക - മറ്റൊന്നുമല്ല. എനിക്ക് ഈ ലോകത്തിൽ ഒരു ധനികൻ ആകണമെന്നോ , അല്ലെങ്കിൽ ഒരു വലിയവനാകണമെന്നോ അല്ല, എന്നാൽ ദിവസം തോറും കർത്താവിൻ്റെ മനോഹരത്വം അധികം അധികം കാണണമെന്നു മാത്രമാണ് എൻ്റെ ആഗ്രഹം.

ഒരു വിധവയുടെ വീടു സന്ദർശിച്ച ഒരാളിൻ്റെ കഥ ഞാൻ ഓർക്കുന്നു. അവൾ വളരെ ദരിദ്രയായ ഒരു സ്ത്രീ ആയിരുന്നു, എന്നാൽ അവൾ കർത്താവിനെ സ്നേഹിച്ചു . അവൾക്കു നാലോ , അഞ്ചോ മക്കൾ ഉണ്ടായിരുന്നു, അവൾ ജീവിച്ചിരുന്നത് ഒരു മൺ കുടിലിലായിരുന്നു. ആ മനുഷ്യൻ അവളോട് ഇങ്ങനെ ചോദിച്ചു , നിങ്ങളുടെ ഭവനം ഇത്ര സന്തോഷവും സമാധാനവും നിറഞ്ഞിരിക്കുന്നതെങ്ങനെയാണ്? നിങ്ങൾക്കു വേണ്ടത്ര പണമില്ല. നിങ്ങളുടെ മക്കൾ എല്ലാവരും അർദ്ധ പട്ടിണിയാണ്, എന്നിട്ടും അവർ എപ്പോഴും പുഞ്ചിരിക്കുന്നു. നിങ്ങളുടെ ഭവനത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും രോഗങ്ങളും ഉണ്ട് എന്നിട്ടും നിങ്ങൾ എപ്പോഴും സന്തോഷിക്കുന്നു. നിങ്ങളുടെ ജീവിത രഹസ്യമെന്താണ് ? അവൾ ഇപ്രകാരം മറുപടി പറഞ്ഞു, "യേശുക്രിസ്തു എനിക്കെല്ലാമാണ് .ഈ ലോകത്തിൽ എനിക്കു മറ്റൊന്നും ആവശ്യമില്ല ".

പ്രിയമുള്ളവരേ, യേശുക്രിസ്തു നമുക്കെല്ലാമായി തീർന്നാൽ, നാമും അവളെ പോലെ ആകും.