ലേഖകൻ :   സാക് പുന്നൻ
WFTW Body: 

നാം ഒരു പുതിയവര്‍ഷം ആരംഭിക്കുമ്പോള്‍, നമുക്കു മുന്നിലുളള ഓട്ടം സ്ഥിരതയോടെ, വിശ്വാസത്തിന്‍റെ രചയിതാവും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവില്‍ നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിച്ചു കൊണ്ട് ഓടുവാന്‍ നമുക്കു തീരുമാനിക്കാം (എബ്രാ 12:1,2). നാം അവിടുത്തെ നോക്കിക്കൊണ്ട് ഓടുക. നാം നിശ്ചലമായി നില്‍ക്കുകയല്ല. വിശ്വാസത്തിന്‍റെ ഓട്ടം എന്നത് നിങ്ങള്‍ക്ക് നിശ്ചലമായി നില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല. സമയം ചുരുങ്ങിയിരിക്കുന്നതു കൊണ്ട് നിങ്ങള്‍ ഓടേണ്ടിയിരിക്കുന്നു. നിങ്ങള്‍ താഴെ വീണുപോയാല്‍ എഴുന്നേറ്റ് ഓട്ടം തുടരുക. ഓട്ട മത്സരത്തില്‍ വീണുപോയ അനേകം ഓട്ടക്കാര്‍ ഉണ്ട്, അതില്‍ എഴുന്നേറ്റ് ഓട്ടം തുടര്‍ന്നവര്‍ അപ്പോഴും ഒന്നാമതായി വന്നു. അതുകൊണ്ട് കര്‍ത്താവിനോടു കൂടെയുളള നടപ്പില്‍ ചിലപ്പോഴൊക്കെ വീണുപോയാല്‍ നിങ്ങള്‍ നിരാശപ്പെടരുത്. അവിടെ കിടക്കരുത്, എഴുന്നേറ്റ്, നിങ്ങളുടെ പാപം ഏറ്റു പറഞ്ഞ് ഓട്ടം തുടരുക.

നിങ്ങള്‍ ജനിക്കുന്നതിനു മുമ്പേ തന്നെ നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ദൈവം ആസൂത്രണം ചെയ്തതാണ്. സങ്കീ.139:16ല്‍ (ലിവിംഗ് ബൈബിള്‍) ഇപ്രകാരം വായിക്കുന്നു. "കര്‍ത്താവെ ഞാന്‍ ജനിക്കുന്നതിനു മുന്നമെ അവിടുന്ന് എന്നെ കണ്ടു. ഞാന്‍ ശ്വാസോഛ്വാസം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്നമെ എന്‍റെ ജീവിതത്തിന്‍റെ ഓരോ ദിവസവും അവിടുന്ന് ആസൂത്രണം ചെയ്തു. ഓരോ ദിവസവും അങ്ങയുടെ പുസ്തകത്തില്‍ എഴുതിയിരുന്നു. കര്‍ത്താവെ അവിടുന്ന് നിരന്തരമായി എന്നെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നു എന്നു ഗ്രഹിക്കുന്നത് എത്ര വിലയേറിയ കാര്യമാണ്. ഒരു ദിവസം എത്ര പ്രാവശ്യം അങ്ങയുടെ വിചാരങ്ങള്‍ എന്‍റെ നേരെ തിരിയുന്നു എന്നത് എനിക്ക് എണ്ണിക്കൂടാ. ഞാന്‍ രാവിലെ ഉണരുമ്പോള്‍, അപ്പോഴും അവിടുന്ന് എന്നെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്‍റെ മനസ്സില്‍, നമ്മുടെ ജീവിതത്തിന്‍റെ ഓരോ ദിവസത്തേക്കു വേണ്ടിയും അവിടുന്ന് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഈ പുതിയ വര്‍ഷത്തില്‍ ഫലപ്രദമായ ഒരു ആത്മീയ വിദ്യാഭ്യാസം നല്‍കേണ്ടതിന് നിങ്ങള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്തിട്ടുളള ശോധനകള്‍ എന്തൊക്കെയാണെന്ന് അവിടുന്നു തീരുമാനിച്ചിരിക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ ചെയ്ത അബദ്ധങ്ങളെയൊക്കെ അവിടുന്ന് എങ്ങനെയാണ് നിങ്ങളുടെ നന്മയ്ക്കാക്കി തീര്‍ത്തത് എന്നും അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ എന്തു ചെയ്യണമെന്നതും അവിടുന്ന് പദ്ധതിയിട്ടിരിക്കുന്നു. നിങ്ങളുടെ മുഴുഹൃദയവും വച്ച് ആ പദ്ധതി കണ്ടുപിടിക്കുന്നകാര്യം അന്വേഷിക്കുക.

യേശു ഈ ഭൂമിയില്‍ നടന്നപ്പോള്‍, ആളുകള്‍ അദ്ദേഹത്തില്‍ സ്വര്‍ഗ്ഗത്തിന്‍റെ ജീവന്‍ കണ്ടു. അവിടുത്തെ മനസ്സലിവ്, മറ്റുളളവര്‍ക്കു വേണ്ടിയുളള അവിടുത്തെ കരുതല്‍, അവിടുത്തെ നിര്‍മ്മലത, അവിടുത്തെ നിസ്വാര്‍ത്ഥ സ്നേഹം,അവിടുത്തെ താഴ്മ ഇവയെല്ലാം. ദൈവത്തിന്‍റെ ജീവന്‍റെ മാത്രം പ്രകടനങ്ങളായിരുന്നു! ദൈവത്തിന്‍റെ ഈ ജീവനും സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷവും നമ്മുടെ ഹൃദയങ്ങളിലേക്കു കൊണ്ടുവരേണ്ടതിനാണ് പരിശുദ്ധാത്മാവ് ഇപ്പോള്‍ വന്നിരിക്കുന്നത്. നാം ദൈവത്താല്‍ ഈ ഭൂമിയില്‍ ആക്കപ്പെട്ടിരിക്കുന്നത്. ഈ സ്വര്‍ഗ്ഗീയ ജീവന്‍ ലോകത്തിന് വെളിപ്പെടുത്തേണ്ടതിനാണ്. ഈ വരുന്ന വര്‍ഷത്തില്‍ സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷം, സമാധാനം, സ്നേഹം, നിര്‍മ്മലത, നന്മ ഇവയുടെ ഒരു മുന്‍രുചി നിങ്ങളുടെ ഭവനത്തിലും നിങ്ങളുടെ സഭയിലും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

യേശു ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതം ജീവിച്ചു. നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ യേശുവില്‍ ഉറപ്പിച്ചുകൊണ്ട് അവിടുത്തെ പിന്‍തുടരുമെങ്കില്‍, അപ്പോള്‍ നിങ്ങള്‍ക്കു ഈ വര്‍ഷത്തിന്‍റെ ഓരോ ദിവസവും ഈ ഭൂമിയിലുളള സ്വര്‍ഗ്ഗത്തിന്‍റെ ഒരു ദിവസം പോലെ ആയിരിക്കും. ഈ ഭൂമിയില്‍ എക്കാലവും ജീവിച്ചിട്ടുളളതില്‍ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ യേശു ആയിരുന്നു. അവിടുത്തെ സന്തോഷം വന്നത് തന്‍റെ പിതാവിന്‍റെ ഹിതം ചെയ്യുന്നതിലൂടെ ആയിരുന്നു - അല്ലാതെ തന്‍റെ ജീവിതം എപ്പോഴും ഒരു എളുപ്പമാര്‍ഗ്ഗത്തിലൂടെ ആയിരുന്നതിനാലല്ല. അവിടുത്തേക്ക് തന്‍റെ പിതാവിന്‍റെ തികഞ്ഞ സ്നേഹം അറിയാമായിരുന്നു. അതുകൊണ്ട് അവിടുന്ന്, തന്‍റെ പിതാവ് തന്‍റെ വഴിയിലേക്കയച്ച സകലത്തിനും സന്തോഷത്തോടെ വിധേയപ്പെട്ടിരുന്നു. തന്‍റെ ജീവിതത്തിന്‍റെ രഹസ്യം അതായിരുന്നു. വിശ്വാസം ഉണ്ടായിരിക്കുക എന്നാല്‍ സ്നേഹത്തില്‍ തികഞ്ഞവനും തന്‍റെ ആലോചനകളെല്ലാം നമ്മുടെ നന്മയ്ക്കായിട്ട് ചെയ്യുന്നവനുമായ ദൈവത്തില്‍ വിശ്വസിക്കുന്നതാണ്.

സങ്കീ 16:8 പറയുന്നത്," ഞാന്‍ യഹോവയെ എപ്പോഴും എന്‍റെ മുമ്പില്‍ വച്ചിരിക്കുന്നു. അവിടുന്ന് എന്‍റെ വലതുഭാഗത്തുളളതു കൊണ്ട് ഞാന്‍ കുലുങ്ങി പോകയില്ല" എന്നാണ് യേശു ജീവിച്ചത് അങ്ങനെയാണ്. (അപ്പോപ്ര:2:25), അവിടുന്ന് ഒരിക്കലും കുലുങ്ങി പോയില്ല കാരണം അവിടുന്ന് എല്ലായ്പോഴും തന്‍റെ പിതാവിന്‍റെ സാന്നി ദ്ധ്യത്തിലായിരുന്നു അതുകൊണ്ട്, അവിടുന്ന് എപ്പോഴും സന്തോഷ നിറവിലുമായിരുന്നു (സങ്കീ 16:11).നാമും അങ്ങനെ തന്നെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. പിതാവ് തന്നില്‍ നിന്ന് ആവശ്യപ്പെടുന്നതിന്‍റെ ഏറ്റവും കുറഞ്ഞത് എന്താണെന്ന് കണ്ടുപിടിക്കുന്നതില്‍ യേശു താല്‍പര്യപ്പെട്ടില്ല, എന്നാല്‍ തന്‍റെ പിതാവിനു വേണ്ടി തനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും കൂടുതല്‍ എന്താണെന്നായിരുന്നു അവിടുത്തെ അന്വേഷണം.

"ഈ വരുന്ന വര്‍ഷത്തില്‍ ഈ ഭൂമിയിലെ എന്‍റെ ഒരു ജീവിതത്തില്‍ നിന്ന് കര്‍ത്താവിനു പരമാവധി ലഭിക്കാവുന്നതെന്താണെന്നായിരിക്കണം നമ്മുടെ നിലപാടും". യഥാര്‍ത്ഥത്തിലുളള ആത്മീയത വരുന്നത് നമ്മുടെ സ്വന്ത ഇഷ്ടത്തെ ത്യജിച്ച് ഓരോ ദിവസവും നിരന്തരമായി ദൈവഹിതം അനുസരിക്കുന്നതിലൂടെയാണ്. ഓരോ ദിവസവും പിതാവിന്‍റെ ഇഷ്ടത്തോട് അത്തരത്തിലുളള നിരന്തരമായ ഒരു അനുസരണമാണ്, തന്‍റെ പിതാവിനെ പ്രസാദിപ്പിക്കുവാന്‍ യേശുവിനെ പ്രാപ്തിയുളളവനാക്കി തീര്‍ത്തത്. ഈ പുതുവര്‍ഷത്തിന്‍റെ ഓരോ ദിവസവും നാം ആ മാര്‍ഗ്ഗം തെരഞ്ഞെടുക്കുമെങ്കില്‍ നമുക്കും ദൈവത്തിനു നല്ല പ്രസാദമുളളവരായിരിക്കുവാന്‍ കഴിയും.

മറ്റനേകര്‍ക്ക് അനുഗ്രഹമാകുവാന്‍ തക്കവണ്ണം നിങ്ങളുടെ പാനപാത്രം നിറഞ്ഞുകവിയുന്ന വിധത്തില്‍ നിങ്ങളുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്ത് നിങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എലീശയുടെ കാലത്ത്, ദൈവം ഒരു പാവപ്പെട്ട വിധവയുടെ പാത്രം എണ്ണയാല്‍ നിറച്ചപ്പോള്‍, അവള്‍ അത് അവളുടെ അയല്‍ക്കാരുടെ പാത്രങ്ങളിലേക്കു പകര്‍ന്നു (2 രാജാ 4: 1-7). ഈ വര്‍ഷം നിങ്ങളുടെ വഴിയില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും അനുഗ്രഹിക്കുവാന്‍ വേണ്ടതിലും അധികം ശക്തിയും അനുഗ്രഹവും ദൈവത്തിന്‍റെ അഭിഷേകത്തിലുണ്ട്. ആ വിധവ ചെയ്തതു പോലെ നിങ്ങള്‍ക്കു നിങ്ങളുടെ അയല്‍ക്കാരെ അനുഗ്രഹിക്കുവാന്‍ കഴിയും. അതുകൊണ്ട് മറ്റുളളവരിലേക്കു പകരുന്ന കാര്യം തുടര്‍ന്നുകൊണ്ടിരിക്കുക. മറ്റുളളവനെ തണുപ്പിക്കുന്നവനെ ദൈവം തന്നെ തണുപ്പിക്കും ( സദൃശ വാക്യങ്ങള്‍ 11:25).

യോഹന്നാന്‍ അപ്പൊസ്തലന്‍ " ആത്മാവിലായിരുന്നപ്പോള്‍" അദ്ദേഹം ദൈവത്തിന്‍റെ ശബ്ദം ഒരു കാഹളത്തിന്‍റെ മഹാനാദം പോലെ കേട്ടു (വെളി 1:10). വരുന്ന വര്‍ഷത്തിന്‍റെ ഓരോ ദിവസവും നിങ്ങള്‍ ആത്മാവില്‍ ജീവിച്ചാല്‍, നിങ്ങളെ വഴികാട്ടുന്നതും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ, കര്‍ത്താവിന്‍റെ ശബ്ദം വളരെ വ്യക്തമായി ഓരോ ദിവസവും നിങ്ങളും കേള്‍ക്കും. അപ്പോള്‍ പാപത്തോടു സ്പര്‍ശ്യതയുളളവരും ദൈവമുമ്പാകെ താഴ്മയോടെ നടക്കുന്നവരും ആയിരിക്കുന്നതിലൂടെ ഓരോ ദിവസവും നിങ്ങളെതന്നെ ആത്മാവില്‍ സൂക്ഷിക്കുക.

ഈ പുതിയ വര്‍ഷത്തില്‍ കര്‍ത്താവു നിങ്ങളെ അത്യധികമായി അനുഗ്രഹിക്കട്ടെ.