WFTW Body: 

ദൈവം നിഗളികളോടെതിർത്തു നിൽക്കുന്നു എന്നാൽ താഴ്മയുള്ളവർക്കു കൃപ നൽകുന്നു. ദൈവത്തിൻ്റെ ബലമുള്ള കരത്തിൻ കീഴ് നമ്മെ തന്നെ താഴ്ത്തിയാൽ, തക്ക സമയത്ത് അവിടുന്നു നമ്മെ ഉയർത്തും (1 പത്രൊ. 5:5, 6).

ഉയർത്തപ്പെടുക എന്നാൽ ഈ ലോകത്തിൽ വലിയവരാകുക എന്നോ അല്ലെങ്കിൽ ക്രിസ്തീയ ഗോളത്തിൽ വലിയവരായിട്ട് മനുഷ്യരുടെ മാനം നേടുക എന്നോ അല്ല അർഥമാക്കുന്നത്. അത് സൂചിപ്പിക്കുന്നത്, നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലുമുള്ള ദൈവത്തിൻ്റെ എല്ലാ ഹിതവും നിറവേറ്റാനുള്ള ആത്മീയ അധികാരം നമുക്കു നൽകപ്പെടുന്ന ഇടത്തേക്കുള്ള ആത്മീയ ഉയർത്തപ്പെടലാണ്. എന്നാൽ അത്തരം ഉയർച്ച നാം നമ്മെ തന്നെ താഴ്ത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

മറ്റുള്ളവരുടെ ദൃഷ്ടികളിൽ കൂടുതൽ കൂടുതൽ വലുതാകാൻ ആഗ്രഹിക്കുന്നവരെ കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. ഓരോ രാഷ്ട്രീയക്കാരനും ഓരോ വ്യാപാരിയും വലിയതാകാൻ ആഗ്രഹിക്കുന്നു. ദൗർഭാഗ്യവശാൽ, തങ്ങളെ തന്നെ ക്രിസ്തുവിൻ്റെ ദാസന്മാർ എന്നു വിളിക്കുന്നവരും അധികമധികം വലിയതാകാൻ ആഗ്രഹിക്കുന്നു. "റവറൻ്റ് ഡോക്ടർ" എന്ന ശ്രേഷ്ഠമായ സ്ഥാനപ്പേരുണ്ടാകുവാനും തങ്ങളുടെ സംഘടനകളുടെ "ചെയർമാൻ" എന്ന സ്ഥാനം കയ്യാളുവാനും അവർ ആ ശിക്കുന്നു. ഇന്നത്തെ ക്രിസ്തീയ ഗോളം ലോകത്തിലെ ഏതു നഗരസഭയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നത് ദുഃഖകരമാണ്!

ഇന്നത്തെ യുവ വിശ്വാസികൾ കാണുന്നത്, അവരുടെ നേതാക്കൾ പൊതുയോഗങ്ങളിലെ വലിയ പ്ലാറ്റ്ഫോമുകളിൽ സിനിമാ താരങ്ങളെ പോലെ സ്പോട്ട് ലൈറ്റിൽ നിൽക്കുന്നതും, ചെലവേറിയ ഹോട്ടലുകളിലും വീടുകളിലും ജീവിക്കുന്നതും വിലപിടിപ്പുള്ള കാറുകൾ ഓടിക്കുന്നതുമാണ്. ദൈവത്തിൻ്റെ വഴികളെ കുറിച്ച് വേണ്ടത്ര അറിവില്ലാതെ അവർ അങ്ങനെയുള്ള നേതാക്കളെ ആരാധിക്കുകയും തങ്ങളും അത്ര ഉയരത്തിലെത്തുന്ന നാളിനായി മുന്നോട്ട് നോക്കി പാർക്കുകയും ചെയ്യുന്നു! ഇത്തരം പ്രാസംഗികർ ഈ വിധത്തിൽ പ്രതിഫലം നൽകപ്പെടാനായി വളരെ വർഷങ്ങളായി ദൈവത്തോട് വിശ്വസ്ഥരായിരുന്നിരിക്കാം എന്ന് അവർക്കു തോന്നുന്നു. അവർ കരുതുന്നത് വിശ്വസ്തരായിരിക്കുന്നതിലൂടെ, അവരും ഒരുനാൾ അത്തരം വേദിയിൽ തങ്ങളുടെ മേൽ സ്പോട്ട് ലൈറ്റ് പ്രകാശിച്ച് നിൽക്കും എന്നാണ്!

തങ്ങൾ പ്രാപിച്ചിരിക്കുന്ന വരങ്ങൾ കൊണ്ട് പ്രാസംഗികർ ധാരാളം പണമുണ്ടാക്കുന്നതു യുവാക്കൾ കാണുമ്പോൾ, തങ്ങൾക്കും അവരെ പോലെ ധനികരാകാൻ കഴിയുന്ന ദിവസങ്ങൾക്കായി നോക്കി പാർക്കുന്നു. ഈ യുവാക്കളുടെ ഉദാത്ത മാതൃക യേശുക്രിസ്തു അല്ല എന്നാൽ ഈ സമ്പന്നരായ സിനിമാ താരത്തെ പോലെയുള്ള പ്രാസംഗികരാണ്.

ഇന്നത്തെ ക്രിസ്തീയ ഗോളത്തിലെ ദുരന്തം ഇതാണ്. നാം കർത്താവിനെ പിൻഗമിച്ചാൽ,നാം സമ്പന്നന്മാരോ, അല്ലെങ്കിൽ പ്രാസംഗികരോ ആകുകയില്ല. എന്നാൽ ദൈവ ഭക്തരായി തീരും എന്ന് നമ്മുടെ യുവാക്കൾക്ക് നമ്മുടെ ജീവിതം കൊണ്ട് വ്യക്തമായി തെളിയിച്ചു കൊടുക്കുകയും നമ്മുടെ വാക്കുകൾ കൊണ്ട് പഠിപ്പിക്കുകയും വേണം.

അതേ സമയം തന്നെ നാം തെറ്റിദ്ധരിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യും! എന്നാൽ നമ്മെ വെറുക്കുന്നവരെ സ്നേഹിക്കാനും നമ്മെ ശപിക്കുന്നവരെ അനുഗ്രഹിക്കാനും നമുക്കു കഴിയും. ഇതാണ് അടുത്ത തലമുറയ്ക്ക് നാം തെളിയിച്ചു കൊടുക്കേണ്ടത്. നാം ഇതു ചെയ്യുന്നില്ലെങ്കിൽ അവർ "മറ്റൊരു യേശുവിനെ" പിൻഗമിക്കും - ഇന്നത്തെ ജഡികരായ പ്രാസംഗികരിൽ കാണുന്നവനെ.

ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴിൽ നമ്മെ തന്നെ താഴ്ത്തുക എന്നാൽ ദൈവം നമ്മുടെ ജീവിതത്തിൽ അയയ്ക്കുന്ന എല്ലാ സാഹചര്യങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കുക എന്നാണ് അർത്ഥമാക്കുന്നത്, അതിലൂടെ നാം കൂടുതൽ ചെറുതാകുകയും ദൈവം അധികം വലിയതാകുകയും ചെയ്യുന്നു. നാം മനുഷ്യൻ്റെ ദൃഷ്ടികളിൽ ചെറുതായി തീരുമ്പോൾ, അവർ നമ്മിൽ ആശ്രിതരായി ജീവിക്കുകയില്ല, എന്നാൽ കർത്താവിൽ ആശ്രയിക്കും.

ക്രിസ്തു നമ്മിൽ വർദ്ധിച്ചു വരുവാനും നാം കുറഞ്ഞു വരാനും നാം ആഗ്രഹിക്കണം. ക്രിസ്തു നമ്മിൽ വർദ്ധിക്കേണ്ടതിന്, നമ്മെ ചെറുതാക്കുവാൻ നമ്മുടെ ജീവിതത്തിൽ പല സാഹചര്യങ്ങളിലൂടെ ദൈവം നമ്മെ നയിക്കുന്നു. ആ സാഹചര്യങ്ങൾക്കു കീഴിൽ നമ്മെ തന്നെ വിനയപ്പെടുത്തുമെങ്കിൽ, അപ്പോൾ ദൈവത്തിൻ്റെ ഉദ്ദേശ്യം നമ്മിൽ നിവൃത്തിയാക്കപ്പെടും.

നമ്മെ തന്നെ വിനയപ്പെടുത്തുക എന്നതിൽ നാം തെറ്റു ചെയ്ത എല്ലാവരോടും ക്ഷമ ചോദിക്കുന്ന കാര്യം ഉൾപ്പെടുന്നു. കർത്താവിൻ്റെ ദാസന്മാർ എന്ന നിലയിൽ, നാം എല്ലാവരുടെയും ദാസന്മാരായിരിക്കുകയും അവരുടെ എല്ലാവരുടെയും താഴെ പോയി അവരെ അനുഗ്രഹിക്കുവാൻ മനസ്സുള്ളവരായിരിക്കുകയും വേണം. നമ്മുക്കു തെറ്റുപറ്റുമ്പോൾ അതു സമ്മതിച്ച് മാപ്പു ചോദിക്കുവാൻ നാം തിടുക്കമുള്ളവരായിരിക്കണം. ഒരിക്കലും തെറ്റു ചെയ്യാത്ത ഒരേയൊരാൾ ദൈവം മാത്രമാണ്.

സൂര്യനു കീഴിൽ ഏതൊരാളോടും ക്ഷമ ചോദിക്കുവാൻ ഞാൻ സന്നദ്ധനാണ് എന്നും - കുഞ്ഞുങ്ങളോടായാലും വേലക്കാരോടായാലും ഭിക്ഷക്കാരോടായാലും അല്ലെങ്കിൽ ആരോടായാലും - ഈ കാര്യത്തിൽ ഒരിക്കലും എൻ്റെ മാന്യതയുടെയും അഭിമാനത്തിൻ്റെയും പേരിൽ മടിച്ചു നിൽക്കുകയില്ല എന്നും ഞാൻ കർത്താവിനോടു പറഞ്ഞു - ഞാൻ അതു ചെയ്തുമിരിക്കുന്നു - ദൈവം എന്നെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങൾ ഉദ്ദേശിക്കാതെയാണെങ്കിൽ പോലും, യാദൃശ്ചികമായി നിങ്ങളുടെ ഭാര്യമാരെ വേദനിപ്പിക്കുന്നത് എത്ര എളുപ്പമാണ് എന്ന് വിവാഹിതരായ നിങ്ങൾക്കറിയാം. ഒരു നല്ല ഉദ്ദേശ്യത്തോടെ ചില കാര്യങ്ങൾ നിങ്ങൾ പറഞ്ഞിരിക്കാം. എന്നാൽ എന്താണ് നിങ്ങൾ അർത്ഥമാക്കിയത് എന്നതിനെ നിങ്ങളുടെ ഭാര്യ തെറ്റിദ്ധരിച്ചിരിക്കാം. അതു മറുപക്ഷത്തും അങ്ങനെയാകാം - നിങ്ങളുടെ ഭാര്യ പറഞ്ഞ ചില കാര്യങ്ങളെ നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കാം. അത്തരം അവസരങ്ങളിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്? ഞാൻ ഇതു മാത്രം പറയട്ടെ: നിങ്ങളുടെ ലക്ഷ്യത്തെ കുറിച്ച്, അധ്വാനിച്ചിട്ടുണ്ടാക്കിയ ഒരു വിശദീകരണത്തിലൂടെയോ അല്ലെങ്കിൽ അത് ആരുടെ തെറ്റായിരുന്നു എന്ന വിശകലനത്തിലൂടെയോ ശ്രമിക്കുന്നതിനേക്കാൾ ഒരു ക്ഷമാപണത്തിലൂടെ തങ്ങളുടെ ഭവനത്തിലെ സമാധാനം വേഗത്തിൽ യഥാസ്ഥാനപ്പെടുത്താൻ നിങ്ങൾക്കു കഴിയും!

നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു സാഹചര്യത്തിൽ നിങ്ങളെ തന്നെ കണ്ടെത്തുന്നതായി സങ്കൽപ്പിക്കുക. അവരോട് കാര്യങ്ങൾ വിശദീകരിക്കുന്നത് ഒട്ടും ഉപകാരപ്രദമല്ല, കാരണം നിങ്ങൾ പറയുന്നതു കേൾക്കാൻ അവർക്ക് മനസ്സില്ലായിരിക്കാം. അങ്ങനെയൊരവസ്ഥയിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്, പ്രത്യേകിച്ച് നിങ്ങൾ തികച്ചും നിരപരാധിയാണെങ്കിൽ? നിങ്ങളെ കുറിച്ചു നിങ്ങൾക്കു ദുഃഖം തോന്നണോ? ഒട്ടും വേണ്ട. ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പാകെ നിങ്ങളുടെ മനസ്സാക്ഷി നിർമ്മലമാണെന്ന കാര്യം ഉറപ്പുവരുത്തിയിട്ട് കാര്യം അവിടുത്തേക്കു വിടുക മാത്രം ചെയ്യുക. നിങ്ങൾ ചെയ്യേണ്ടത് അതു മാത്രം. ഇപ്പോൾ അനേക വർഷങ്ങളായി ഞാൻ പിന്തുടരുന്ന നയം അതാണ്‌. അതിനാൽ ഞാൻ വാസ്തവമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതു ഞാൻ നിങ്ങൾക്കും ശുപാർശ ചെയ്യുന്നു.