WFTW Body: 

പുതിയ നിയമത്തിൽ "എന്നെ അനുഗമിക്കുക" എന്നു പറഞ്ഞ രണ്ടുപേർ ഉണ്ട്. പഴയ നിയമ പ്രവാചകന്മാർക്കാർക്കും എന്നെ അനുഗമിക്കുക എന്ന് ഒരിക്കലും പറയാൻ കഴിഞ്ഞിട്ടില്ല.അവരുടെ ജീവിതം അനുഗമിക്കാൻ കൊള്ളാവുന്ന ഒരു മാതൃക ആയിരുന്നില്ല.യെശയ്യാവോ മോശെയോ അങ്ങനെ ആയിരുന്നില്ല; അവിടെ ആരും ഉണ്ടായിരുന്നില്ല. "ദൈവം എന്നിലൂടെ അരുളി ചെയ്യുന്നതു കേൾക്കുക.ഇത് ദൈവത്തിൻ്റെ വചനമാണ്" എന്നു മാത്രമാണ് അവർക്ക് പ്രഘോഷിക്കുവാൻ കഴിഞ്ഞത്.എന്നാൽ അവരിൽ ഒരാൾക്കു പോലും "എൻ്റെ മാതൃക പിൻപറ്റുക" എന്നു പറയാൻ കഴിഞ്ഞില്ല.മോശെ തൻ്റെ ഭാര്യയോട് വഴക്കിട്ട് തന്റെ മകനെ പരിഛേദന ചെയ്യിക്കാതിരുന്നതിൽ ദൈവത്തോട് അനുസരണക്കേട് കാണിച്ചു.അവരാരും തങ്ങളുടെ ജീവിതങ്ങളിൽ നല്ല മാതൃക ആയിരുന്നില്ല,എന്നാൽ അവർക്ക് കൃത്യമായി ദൈവത്തിൻ്റെ വചനം പ്രഘോഷിച്ചിട്ട്, "യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു" എന്നു പറയുവാൻ കഴിഞ്ഞു.എന്നാൽ പുതിയ ഉടമ്പടിയിൽ, "കർത്താവ് ഇപ്രകാരം അരുളിചെയ്യുന്നു" എന്ന് കേവലം പറയുകയല്ല. "ദൈവം അരുളി ചെയ്യുന്നതെന്താണെന്നു വന്നു കേൾപ്പിൻ" എന്ന് നാം വെറുതെ പറയുക മാത്രമല്ല ചെയ്യുന്നത്.

"ദൈവം പറയുന്നത് എന്താണെന്നു വന്നു കേൾപ്പിൻ" എന്നു പഴയ നിയമ പ്രവാചകന്മാർ പറയുന്നതിൽ നിന്ന് വ്യത്യസ്തമായി പുതിയ ഉടമ്പടിയിൽ നാം പറയുന്നത് "ദൈവം ചെയ്തിരിക്കുന്നത് എന്താണെന്ന് വന്നു കാണ്മിൻ" എന്നാണ്.പുതിയ നിയമ പ്രവാചകന്മാർ ഇപ്രകാരം പറയുന്നു, "ദൈവം എന്റെ ജീവിതത്തിൽ ചെയ്തിരിക്കുന്നത് എന്താണെന്ന് വന്നു കാണ്മിൻ.എൻ്റെ കുടുംബത്തിൽ ദൈവം ചെയ്തിരിക്കുന്നതെന്താണെന്നു വന്നു കാണ്മിൻ. ദൈവം എന്നിൽ ചെയ്തിരിക്കുന്നത് എന്താണെന്ന് വന്നു കാണ്മിൻ.നിങ്ങളുടെ ജീവിതത്തിലും അതേ കാര്യം ചെയ്യുവാൻ അവിടുത്തേക്കും കഴിയേണ്ടതിന് യേശു കൽപ്പിച്ചത് ചെയ്യുവാൻ നിങ്ങളെ പഠിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ അനുഗമിക്കുക".

"എന്നെ അനുഗമിക്ക" എന്നു ബൈബിളിൽ പറയാനുണ്ടായിരുന്ന ആദ്യത്തെ വ്യക്തി യേശുവായിരുന്നു. പിന്നീട് "ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നത് പോലെ എന്നെ അനുഗമിപ്പിൻ" എന്ന് പൗലൊസ് പറയുന്നത് നാം വായിക്കുന്നു (1 കൊരി. 11:1). ഫിലിപ്യർ 3:17 ൽ അദ്ദേഹം ഇങ്ങനെ തുടർന്നു പറയുന്നു, "സഹോദരന്മാരെ, എൻ്റെ മാതൃക അനുകരിപ്പിൻ എൻ്റെ മാതൃക മാത്രമല്ല,എന്നെപ്പോലെ നടക്കുന്ന മറ്റുള്ളവരെയും കുറിക്കൊൾവിൻ. നിങ്ങൾക്ക് അവരുടെ മാതൃകയും പിന്തുടരാം,കാരണം ഞാൻ ക്രിസ്തുവിനെയാണ് അനുഗമിക്കുന്നത്". 10000 മീറ്റർ ഉയരമുള്ള ഒരു പർവതത്തിന്റെ മുകളിൽ കയറിയ ഒരു വ്യക്തിയെ പോലെയാണ് ക്രിസ്തു.അവിടുന്നു മുകളിൽ എത്തിച്ചേർന്നു,നാം പിൻഗമിച്ചുകൊണ്ടിരിക്കുന്നു. പൗലൊസ് മിക്കവാറും നമുക്ക് വളരെ മുന്നിലാണ്.ഒരുപക്ഷേ താൻ 3000-4000 മീറ്ററുകൾ മുകളിലേക്ക് പോയിരിക്കാം. തൻ്റെ പിന്നിലുള്ളവരോട് അദ്ദേഹം പറയുകയാണ്, "എന്നെ അനുഗമിക്ക".ഒരുപക്ഷേ ഞാൻ 500 മീറ്റർ ഉയരം വരെ പോയിട്ടുണ്ടായിരിക്കാം.പർവ്വതത്തിൽ ഇപ്പോഴും എന്നെക്കാൾ താഴെയായിരുന്നവരോട് എനിക്കു പറയാൻ കഴിയും, "എന്നെ അനുഗമിക്ക".ഒരു കൊടുമുടിയുടെ മുകളിലേക്ക് ക്രിസ്തുവിനെ അനുഗമിക്കുന്ന,എനിക്ക് മുന്നിലുള്ളവരുടെ മാതൃക പിന്തുടരാം.ക്രിസ്തുവിനോടുള്ള പൂർണ്ണ സാദൃശ്യമാണ് കൊടുമുടിയുടെ ആഗ്രം.അതാണ് നമ്മുടെ ലക്ഷ്യം. ഈ ലോകത്തിലുള്ള എല്ലാ രോഗികളെയും സൗഖ്യമാക്കുന്നതല്ല നമ്മുടെ ലക്ഷ്യം,എന്നാൽ നമ്മുടെ ജീവിതത്തിൽ പൂർണമായി യേശുക്രിസ്തുവിനെ പോലെ ആയിതീരുന്നതാണ്, അതിനുശേഷം ആ ജീവിതത്തിൽ നിന്ന് ശുശ്രൂഷയുടെ കവിഞ്ഞൊഴുക്കുണ്ടാകും.

നാം ഇതു മനസ്സിലാക്കേണ്ടതുണ്ട്.യേശു ചെയ്ത അതേ ശുശ്രൂഷ ചെയ്യാൻ ആളുകളോട് പറയണമെന്ന് യേശു നമ്മോട് കൽപ്പിച്ചില്ല. "എന്നെ അനുഗമിക്ക" എന്ന് പൗലൊസ് പറഞ്ഞപ്പോൾ ശുശ്രൂഷയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കിൽ,നമുക്ക് അദ്ദേഹത്തെ അനുഗമിക്കാൻ കഴിയുകയില്ലായിരുന്നു.നാം അപ്പൊസ്തലന്മാരായി തീരണമെ ന്നായിരുന്നില്ല അദ്ദേഹം നമ്മോട് പറഞ്ഞത്.എല്ലാവർക്കും അപ്പൊസ്തലന്മാരാകാൻ എങ്ങനെ കഴിയും? പൗലൊസ് ആയിരുന്നതുപോലെ ഒരു പ്രവാചകനോ സുവിശേഷകനോ ആകാൻ എല്ലാവർക്കും എങ്ങനെ കഴിയും?അദ്ദേഹം ഇങ്ങനെ പറയുകയായിരുന്നു, "എൻ്റെ ജീവിതത്തെ അനുഗമിക്കുക.ഞാൻ ക്രിസ്തുവിൻ്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുകരിക്കുക".പൗലൊസിനു പോലും സകല രോഗികളെയും സൗഖ്യമാക്കുന്ന, വെള്ളത്തിന്മേൽ നടക്കുന്ന, അല്ലെങ്കിൽ 5 അപ്പം കൊണ്ട് 5000 പേരെ പോഷിപ്പിക്കുന്ന യേശുവിൻ്റെ ശുശ്രൂഷ അനുകരിക്കുവാൻ കഴിഞ്ഞില്ല. താൻ തന്നെ വിശന്നിരുന്നു എന്നും പൗലൊസ് പറഞ്ഞിട്ടുള്ള അവസരങ്ങൾ ഉണ്ടായിരുന്നു (2 കൊരി.11:27).അദ്ദേഹം ആവശ്യത്തിലായിരുന്നപ്പോൾ,തണുപ്പുകൊണ്ട് വിറച്ചിട്ട് തിമൊഥെയോസിനോട് തനിക്കുവേണ്ടി പുതപ്പ് കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു (2 തിമൊ. 4:13).ആദിമ ക്രിസ്ത്യാനികൾ പലവിധത്തിൽ കഷ്ടപ്പെട്ടു.സിംഹങ്ങൾക്ക് അവർ എറിഞ്ഞു കൊടുക്കപ്പെട്ടപ്പോൾ അവർ സംരക്ഷിക്കപ്പെട്ടില്ല,എന്നാൽ താൻ ക്രൂശിക്കപ്പെട്ടപ്പോൾ സംരക്ഷണം നിരസിച്ച,യേശുവിനെ അവർ അനുഗമിച്ചു. അവിടുത്തെ ജീവിതമാണ് നാം അനുഗമിക്കേണ്ടത്. നമുക്ക് യേശുവിനെ തൻ്റെ ശുശ്രൂഷയിൽ അനുഗമിക്കാൻ കഴിയില്ല.

ഇതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണം,ലോകത്തിൻ്റെ പാപത്തിനു വേണ്ടി മരിക്കുന്നത് അവിടുത്തെ ശുശ്രൂഷയിൽ ഉൾപ്പെട്ടിരുന്നു.ഈ ലോകത്തിൽ ആ ശുശ്രൂഷ അനുഗമിക്കാൻ നമുക്കെങ്ങനെ കഴിയും?നമുക്ക് കഴിയില്ല. അതുകൊണ്ട് അവിടുത്തെ ജീവിതത്തിലാണ് നാം അവിടുത്തെ അനുഗമിക്കേണ്ടത്. യേശുവിൻ്റെ ജീവിതവും അവിടുത്തെ ശുശ്രൂഷയും തമ്മിൽ നാം വേർ തിരിച്ചറിയേണ്ടതുണ്ട്. താൻ തൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്തു എന്ന് ഒറ്റവാക്യത്തിൽ യേശുവിന് പറയാൻ കഴിഞ്ഞു -അവിടുത്തെ ജീവിതത്തിലും അവിടുത്തെ ശുശ്രൂഷയിലും. നമുക്കും നമ്മുടെ ജീവിതങ്ങളിലും ശുശ്രൂഷയിലും അതുപോലെ നമുക്ക് വേണ്ടിയുള്ള ദൈവഹിതം ചെയ്യാൻ കഴിയും.അതാണ് നമ്മുടെ ജീവിതത്തിൽ, യേശുവിൻ്റെ മാതൃക കൃത്യമായി അനുഗമിക്കുന്നത്. അതാണ് പൗലൊസ് ചെയ്തത്. നമ്മുടെ ശുശ്രൂഷയിൽ, ക്രിസ്തുവിൻ്റെ ശരീരത്തിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്ന ആ പ്രത്യേക ധർമ്മം നിർവഹിക്കേണ്ടതാണ്. യേശുവിൻ്റെ ജീവിതവും യേശുവിൻ്റെ ശുശ്രൂഷയും തമ്മിലുള്ള ഈ വ്യത്യാസം നാം മനസ്സിലാക്കിയാൽ, നാം വഞ്ചനയിൽ നിന്നും സംരക്ഷിക്കപ്പെടുന്നതായി നാം കണ്ടെത്തുകയും അനേകം അയാഥാർത്ഥ്യങ്ങളിൽ നിന്നും കാപട്യത്തിൽ നിന്നും നാം നമ്മെ തന്നെ രക്ഷിക്കുകയും ചെയ്യും. യേശു ചെയ്ത അതേ കാര്യങ്ങൾ തന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് നടിക്കുന്ന ക്രിസ്ത്യാനികളിൽ ധാരാളം കാപട്യം ഉണ്ട്.

ആളുകൾ ചിലപ്പോൾ ഇങ്ങനെ ചോദിക്കുന്നു, "അന്ത്യഅത്താഴത്തിനു ശേഷം യേശു 'ആമേൻ ആമേൻ ഞാൻ നിങ്ങളോട് പറയുന്നു,ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും, ഞാൻ എൻ്റെ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും വലിയ പ്രവൃത്തികളും അവൻ ചെയ്യും.പിതാവിനോട് പരിശുദ്ധാത്മാവിനെ അയക്കേണ്ടതിന് ചോദിക്കാനാണ് ഞാൻ പോകുന്നത്' (യോഹ. 14:12, 16) എന്ന് പറഞ്ഞപ്പോൾ അവിടുന്ന് എന്താണ് അർത്ഥമാക്കിയത്?" പരിശുദ്ധാത്മാവ് വരുമ്പോൾ അവിടുന്നു ചെയ്ത പ്രവൃത്തികളും അവയിലും വലിയ പ്രവൃത്തികളും ചെയ്യാൻ നിങ്ങൾ കഴിവുള്ളവരാകും എന്നാണ് അവിടുന്നു പറഞ്ഞത്.നാം അതു മനസ്സിലാക്കേണ്ടതുണ്ട്.

നിങ്ങൾ ആരോടെങ്കിലും യേശു ചെയ്ത പ്രവൃത്തികൾ എന്തൊക്കെയാണെന്നു ചോദിച്ചാൽ, അവർ ഉടനെ തന്നെ രോഗികളെ സൗഖ്യമാക്കുന്നതിനേയും, മരിച്ചവരെ ഉയർപ്പിക്കുന്നതിനേയും,വെള്ളത്തിൻ മീതെ നടക്കുന്നതിനേയും,അഞ്ചപ്പം കൊണ്ട് 5000 പേരെ പോഷിപ്പിക്കുന്നതിനെയും കുറിച്ചു പറയും. എന്നാൽ യേശുവിൻ്റെ ജീവിതത്തിൻ്റെ ഒടുവിലുള്ള 10 ശതമാനത്തെ കുറിച്ചു മാത്രമായിരിക്കും നിങ്ങൾ സംസാരിക്കുന്നത്! ഇത് അവിടുന്ന് തൻ്റെ ജീവിതത്തിൻ്റെ അവസാനത്തിലുള്ള മൂന്നര വർഷങ്ങളിൽ ചെയ്ത കാര്യങ്ങളാണ്. ഇതെല്ലാം മാത്രമാണോ അവിടുന്നു ചെയ്തത്? അവിടുത്തെ ജീവിതത്തിൻ്റെ മറ്റു 90 ശതമാനത്തെ കുറിച്ച് എന്തു പറയുന്നു? തൻ്റെ ജീവിതത്തിലൂടനീളം അവിടുന്ന് എന്തു ചെയ്തു? ഒറ്റവാക്യത്തിൽ: അവിടുന്ന് തൻ്റെ പിതാവിൻ്റെ ഹിതം ചെയ്തു.യോഹന്നാൻ 6:38 ൽ യേശു തന്നെ ഇപ്രകാരം പറഞ്ഞു, "ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നത് മരിച്ചവരെ ഉയർപ്പിക്കാനോ,രോഗികളെ സൗഖ്യമാക്കേണ്ടതിനോ, വെള്ളത്തിനു മീതെ നടക്കേണ്ടതിനോ അല്ല. ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് എൻ്റെ സ്വന്ത ഇഷ്ടം തള്ളിക്കളഞ്ഞ് എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുവാനാണ്".

ചുരുക്കിപ്പറഞ്ഞാൽ അതാണ് "യേശുവിൻ്റെ പ്രവൃത്തികൾ". അവിടുന്ന് വന്നത് തൻ്റെ സ്വന്തം ഇഷ്ടത്തിന് "ഇല്ല" എന്നു പറഞ്ഞിട്ട് തൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുവാനാണ്.ഗിരിപ്രഭാഷണം പ്രസംഗിക്കുന്നത്,രോഗികളെയെല്ലാം സൗഖ്യമാക്കുന്നത്, ചിലപ്പോൾ ബത്സയിദ കുളക്കരയിൽ ചെയ്യുന്നതുപോലെ ഒരാളെ മാത്രം സൗഖ്യമാക്കുന്നത്,വെള്ളത്തിന്മേൽ നടക്കുന്നത്, പത്രൊസിനെ വെള്ളത്തിൻ്റെ മീതേ നടത്തുന്നത്, അഞ്ചപ്പം കൊണ്ട് 5000 പേരെ പോഷിപ്പിക്കുന്നത് തുടങ്ങിയവയെല്ലാം പിതാവിൻ്റെ ഹിതത്തിൽ ഉൾപ്പെടുന്നതാണ്. വെള്ളത്തിന്മീതേ നടക്കുന്നതോ, അഞ്ചപ്പം കൊണ്ട് 5000 പേരെ പോഷിപ്പിക്കുന്നതോ, ലാസറിനെപ്പോലെ മരിച്ചു നാലുദിവസം കഴിഞ്ഞവരെ ഉയിർപ്പിക്കുന്നതോ ഒന്നും പാലൊസിനുവേണ്ടിയുള്ള ദൈവഹിതത്തിൽ ഉൾപ്പെട്ടിരുന്നില്ല,എന്നാൽ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന കാര്യം ഉൾപ്പെട്ടിരുന്നു.

അതാണ് കാര്യം.യേശു ചെയ്ത പ്രവൃത്തികളെല്ലാം, ഒറ്റവാക്യത്തിൽ, ദൈവത്തിൻ്റെ ഹിതം ആയിരുന്നു. പൗലൊസും അതുതന്നെ ചെയ്തു.അദ്ദേഹത്തിനു വേണ്ടിയുള്ള ദൈവഹിതം ചുറ്റി സഞ്ചരിക്കുന്നതും,സഭകൾ സ്ഥാപിക്കുന്നതും, തിരുവചനം എഴുതുന്നതും ആയിരുന്നു. യേശു ഒരിക്കലും വചനങ്ങൾ ഒന്നും എഴുതിയില്ല,എന്നാൽ പൗലൊസ് എഴുതി. നാം വിളിക്കപ്പെട്ടിരിക്കുന്നത് തിരുവചനം എഴുതാനല്ല.എന്നാൽ നാം വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ പിതാവിൻ്റെ ഇഷ്ടം ചെയ്യാനാണ്. അവയായിരുന്നു യേശുവിൻ്റെ പ്രവൃത്തികൾ. ഭവനത്തിൽ ജോസഫിനോടും മറിയയോടുമുള്ള തൻ്റെ അനുസരണവും ഇതിൽ ഉൾപ്പെടുന്നു.കിണറ്റിൽ നിന്നും ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരാൻ മറിയ യേശുവിനോട് ആവശ്യപ്പെട്ടാൽ,അവിടുന്ന് ഒരു ബക്കറ്റ് നിറച്ച് വെള്ളം കൊണ്ടുവരുമായിരുന്നു.അവയാണ് യേശുവിൻ്റെ പ്രവൃത്തികൾ: ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും പിതാവിനോടുള്ള അനുസരണം.നമുക്കെല്ലാവർക്കും അതു ചെയ്യാൻ കഴിയും.