WFTW Body: 

1993 ആഗസ്റ്റ് മാസത്തിൽ ഒരു ദിവസം ഞാൻ എൻ്റെ മോപ്പെഡിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ടപ്പോൾ ദൈവം എൻ്റെ ജീവനെ കാത്തുസൂക്ഷിച്ചു. ആ റെയിൽവേ ഗേറ്റ് പ്രവർത്തിപ്പിച്ചയാൾ അതിൽ വേണ്ടത്ര പരിചയം ഇല്ലാത്ത പുതിയ ഒരാളായിരുന്നതുകൊണ്ട് ഞാൻ കടന്നു പോകുന്നതിനുമുമ്പ് അയാൾ രണ്ടാമത്തെ ക്രോസ് ബാർ താഴ്ത്തുകയും അത് എൻ്റെ നെഞ്ചിൽ തട്ടി ഞാൻ താഴെ വീഴുകയും ചെയ്തു. ബോധമില്ലാതെ കുറേ നേരം ആ ട്രാക്കിൽ കിടന്നു - എത്ര നേരം, എന്നെനിക്കറിയില്ല. ഏതെങ്കിലും ട്രെയിൻ അതിലൂടെ വരുന്നതിനു മുമ്പ് ആരോ, എന്നെ പൊക്കിയെടുത്തു മാറ്റി. ഇപ്പോൾ ഞാൻ മരണത്തിൽ നിന്നു തിരിച്ചു വന്നവനെ പോലെയാണ് എന്നെ കാണുന്നത് (കാരണം എൻ്റെ വീഴ്ച മരണഹേതു ആകാമായിരിന്നു).

എൻ്റെ ജീവിതത്തിൻ്റെ ശേഷിക്കുന്ന നാളുകളിൽ എൻ്റെ ജീവനു വേണ്ടി ഞാൻ ദൈവത്തോട് കടംപെട്ടിരിക്കുന്നു എന്ന പുതുമയുള്ള ഒരു ഉദ്ബോധനം എനിക്കു നൽകുന്ന ഒരു സംഭവമായിരുന്നു അത്. എൻ്റെ സമയമോ, ഊർജ്ജമോ, അല്ലെങ്കിൽ പണമോ എൻ്റെ ഇഷ്ടം പോലെ ചെലവാക്കാൻ എനിക്കു കഴിയില്ല. എനിക്ക് ഇഷ്ടമുള്ളതെല്ലാം വായിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് തോന്നുന്നതെല്ലാം സംസാരിക്കാൻ എനിക്ക് കഴിയില്ല. ഓരോ കാര്യവും തീരുമാനിക്കപ്പെടുന്നത് അത് ദൈവത്തെ മഹത്വപ്പെടുത്തുമോ ഇല്ലയോ എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. അത്തരം ഒരു ജീവിതം ജീവിക്കാൻ കഠിനാധ്വാനം ചെയ്യേണ്ട (പിശാച് നമ്മെ വിശ്വസിപ്പിച്ചേക്കാവുന്നതു പോലെ), എന്നാൽ അത് ആർക്കും എക്കാലവും ജീവിക്കാവുന്ന ഏറ്റവും മഹത്വകരമായ ഒരു ജീവിതമാണ് - കാരണം നമ്മുടെ കർത്താവ് ജീവിച്ചതങ്ങനെയാണ്. നിങ്ങൾക്കും റോഡിൽ വച്ച് മരണകരമായ അപകടങ്ങൾ ഉണ്ടാകാവുന്ന അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കും. എന്നാൽ ദൈവത്തിൻ്റെ ദൂതൻ നിങ്ങളെ സംരക്ഷിച്ചു. അതുകൊണ്ട് ദൈവത്തോടു നിങ്ങൾക്കുള്ള കടവും സമാനമാണ്. നമ്മുടെ ജീവിതങ്ങൾ സംരക്ഷിക്കുന്നതിനു ദൈവത്തെ സ്തുതിക്കുന്നു. മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ടവരെ പോലെ നമുക്കു ജീവിക്കാം.

അപകടത്തിനു ശേഷം, ഉളുക്കിപ്പോയ എൻ്റെ കയ്യും തോളും, അപകടം നടന്ന് മൂന്ന് ആഴ്ചകൾക്കുശേഷം 95% സാധാരണ അവസ്ഥയിലേക്കു തിരിച്ചു വന്നു.അത് ദൈവത്തിൻ്റെ ഒരു അത്ഭുത പ്രവൃത്തി ആയിരുന്നു, അതിനു വേണ്ടി ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. ആ മൂന്ന് ആഴ്ചകളിൽ ഞാൻ പഠിച്ച കാര്യങ്ങളിൽ ഒന്ന് ജീവിതത്തിലെ സാധാരണ കാര്യങ്ങൾ പോലും വിലയില്ലാത്തതായി കാണരുത് - ദൈവത്തെ സ്തുതിക്കുമ്പോൾ എൻ്റെ കരം ഉയർത്തുന്നതു പോലും,. ആ മൂന്ന് ആഴ്ചകളിൽ എനിക്കത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 54 വർഷങ്ങൾക്കുള്ളിൽ ആദ്യമായി ദൈവത്തെ സ്തുതിക്കുമ്പോൾ എൻ്റെ രണ്ടു കരങ്ങളും ഉയർത്താൻ കഴിയുന്ന ആ പ്രത്യേക അനുഗ്രഹം ഓർത്ത് ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അതു വരെ ഞാൻ ആ പ്രവൃത്തി വിലയുള്ളതായി കണ്ടിരുന്നില്ല. അത് എൻ്റെ ശരീരത്തിലെ മറ്റു പല അവയവങ്ങളുടെയും ഉപയോഗത്തിന് നന്ദിയുള്ളവനാക്കി തീർത്തു - എൻ്റെ കണ്ണുകൾ, കാതുകൾ, നാവ് മുതലായവ പോലെ.

എല്ലാ കാര്യങ്ങൾക്കും വേണ്ടി ദൈവത്തോടു നന്ദിയുള്ളവരായിരിക്കാൻ നാം പഠിക്കണം. മത്സ്യത്തിൻ്റെ വയറ്റിൽ ആയിരുന്നപ്പോൾ യോനാ പ്രാർത്ഥിച്ച പ്രാർത്ഥന ഏറ്റവും പ്രബോധകമാണ് (യോനാ. 2). മത്സ്യത്തിൻ്റെ വയറിനുള്ളിലുള്ള ആസിഡുകൾ അവൻ്റെ മേൽ വിഴുന്ന ഒരു ഇടുങ്ങിയ സ്ഥലത്തായിരുന്നെങ്കിലും, അപ്പോഴും അവിടെ ആയിരിക്കാൻ തന്നെ അനുവദിച്ചതിന് യോനാ യഹോവയ്ക്കു നന്ദി പറഞ്ഞു. അവൻ യഹോവയ്ക്കു നന്ദി പറയാൻ തുടങ്ങിയപ്പോഴാണ്, അവനെ കരയിൽ കൊണ്ടുപോയി പുറത്തേക്കു ഛർദിച്ചുകളയേണ്ടതിന് യഹോവ മത്സ്യത്തോട് കല്പിച്ചത് (യോനാ 2: 9,10 ശ്രദ്ധാപൂർവ്വം വായിക്കുക).

അതുകൊണ്ട് നിങ്ങളുടെ വീടിനെ -കുറിച്ചോ ഭക്ഷണത്തെ കുറിച്ചോ അല്ലെങ്കിൽ ചുറ്റുപാടുകളെ കുറിച്ചോ ഒരിക്കലും പരാതി പറയരുത്. നന്ദിയുള്ളവരായിരിക്കുക. പല കുട്ടികളും വിശാലമായ ലോകത്തിലേക്ക് ഇറങ്ങി ജീവിതം എത്ര കഠിനമാണെന്ന് മനസ്സിലാക്കുന്നതു വരെ അവരുടെ മാതാപിതാക്കൾക്കു വേണ്ടിയും അവരുടെ ഭവനത്തിനു വേണ്ടിയും നന്ദിയുള്ളവരല്ല. നന്ദിയുടെ ഒരാത്മാവിന് പല കാരാഗൃഹങ്ങളിൽ നിന്നും നിങ്ങളെ വിടുവിക്കാൻ കഴിയും - യോനാ വിടുവിക്കപ്പെട്ടതു പോലെ.