നിങ്ങൾ ഒരു ദൈവഭക്തനായിരിക്കാൻ തീരുമാനിക്കുന്നെങ്കിൽ - നിങ്ങളുടെ ഭാവി ജീവിതത്തിലെ ഓരോ ചുവടും ദൈവത്താൽ നയിക്കപ്പെടും. ദൈവത്തെ മാനിക്കുന്നവനാണ് ജീവിതത്തിൽ ഏറ്റവും നല്ലത് ലഭിക്കുന്നത് - ഒരു ബുദ്ധിമാനോ, ഒരു ധനവാനോ, ഒരു പ്രതിഭാശാലിക്കോ, അല്ലെങ്കിൽ ജീവിതത്തിൽ ഭാഗ്യവേളകൾ ലഭിക്കുന്നവനോ അല്ല. ഭാവിയെ സംബന്ധിക്കുന്ന സകല അരക്ഷിതാവസ്ഥയും ഉണ്ടാകുന്നത്, നാം നമ്മുടെ ജീവിതശൈലിയായി ദൈവഭക്തി തെരഞ്ഞെടുക്കാത്തപ്പോഴാണ്. അതുകൊണ്ട് എല്ലായ്പോഴും ദൈവത്തെ മാനിക്കുവാൻ തീരുമാനമെടുക്കുക. അപ്പോൾ അവിടുന്ന് ആത്മീയമായി ഏറ്റവും നല്ലത് തരും, അതേസമയം തന്നെ ഈ ലോകത്തിൽ ഭൗതികമായും ശാരീരികമായും നിങ്ങൾക്ക് ആവശ്യമുള്ളതും എല്ലാം തരും, എന്റെ ജീവിതത്തിലെ കഴിഞ്ഞ 50 വർഷങ്ങളിൽ ഇതു സത്യമാണെന്നു ഞാൻ കണ്ടിരിക്കുന്നു. ഓരോ കാര്യത്തിലും ദൈവം നിങ്ങൾക്കു വഴികാട്ടും - നിങ്ങളുടെ കോളേജ് കോഴ്സുകൾ തുടങ്ങി നിങ്ങൾ തെരഞ്ഞെടുക്കേണ്ടുന്ന ജോലികൾ, പിൽക്കാലത്ത് നിങ്ങളുടെ വിവാഹം എന്നിവ വരെ - നിങ്ങൾ ഈ ഒരു തീരുമാനം മാത്രം ഇപ്പോൾ എടുക്കുകയും എപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുമെങ്കിൽ: എല്ലാ കാര്യത്തിലും നിങ്ങൾ ദൈവത്തെ മാനിക്കുമെന്നും നിങ്ങൾ ഒരു ദൈവഭക്തനായിരിക്കുമെന്നുമുള്ള തീരുമാനം.
ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുക എന്നാണ് അത് അർത്ഥമാക്കുന്നത്. നിങ്ങളുടേതല്ലാത്തതൊന്നും ഒരു വ്യക്തിയിൽ നിന്നോ, ഒരു ഓഫീസിൽ നിന്നോ അല്ലെങ്കിൽ മറ്റൊരിടത്തുനിന്നോ ഒരിക്കലും എടുക്കരുത് - വില കുറഞ്ഞ ഒരു പേനയോ ഒരു പെൻസിലോ പോലും. ഏറ്റവും ചെറിയ സംഗതികളിൽ പോലും ഒരിക്കലും ആരെയും കബളിപ്പിക്കരുത്. നിങ്ങളുടെ വിദ്യാഭ്യാസ കാലത്ത് ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നതു പോലെ, നിങ്ങളുടെ പരീക്ഷകളിൽ ചെറിയ രീതിയിൽ പോലും ഒരിക്കലും വഞ്ചിക്കരുത്. വഞ്ചിച്ചു ജയിക്കുന്നതിനേക്കാൾ നല്ലത് തോൽക്കുന്നതാണ്. മറ്റുള്ളവരെ ചതിച്ച് പണക്കാരനാകുന്നതിലും നല്ലത് ദരിദ്രനായിരിക്കുന്നതാണ്. നിങ്ങളുടെ മനസ്സിനെ മലിനീകരിക്കുന്ന സാഹിത്യങ്ങൾ വായിക്കുന്നതും, ടെലിവിഷൻ പരിപാടി കാണുന്നതും നിർത്തുക.
എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മനസ്സാക്ഷിയെ തീർത്തും നിർമ്മലമായി സൂക്ഷിക്കുക. ഇങ്ങനെ ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ഏറ്റവും നല്ലതു ലഭിക്കുന്നു - എല്ലാ തലമുറയിലും - പണപ്പെരുപ്പത്തിന്റെ സമയത്തും സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തും.
ഇതിൻ്റെ അർത്ഥം നിങ്ങൾ ഒരിക്കലും വീഴുകയോ പരാജയപ്പെടുകയോ ഇല്ല എന്നല്ല. എന്നാൽ നിങ്ങൾ വീഴുന്ന ഓരോ സമയവും അനുതപിക്കണം. ഏതെങ്കിലും മേഖലയിൽ നിങ്ങൾ ആയിരം തവണ പരാജയപ്പെട്ടാലും (ആത്മീയമായോ അല്ലെങ്കിൽ വിദ്യാഭ്യാസ സംബന്ധമായോ), ഉടനെ തന്നെ എഴുന്നേറ്റ് ഓട്ടം തുടരണം. നിങ്ങളുടെ കഴിഞ്ഞകാല പരാജയങ്ങൾ നിങ്ങളെ പിന്തുടരാൻ അനുവദിക്കരുത്. പരാജയഭീതി നിങ്ങളെ പിന്തുടരുന്ന ഒരു ഭയമാണ്. അതു നിങ്ങൾ കുടഞ്ഞു കളയണം. അതു നിങ്ങളുടെ മനസ്സിലേക്കു വരുമ്പോഴെല്ലാം, നിങ്ങളുടെ ഇച്ഛയെ അഭ്യസിപ്പിച്ച്, കഴിഞ്ഞ കാല പരാജയങ്ങളെ കുറിച്ചുള്ള ഓരോ ചിന്തയേയും തള്ളിക്കളയുക എന്ന ഒരു കാര്യമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത് ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരാണെങ്കിൽ, കുറച്ചു സമയം കഴിയുമ്പോൾ അത്തരം ചിന്തകൾ വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂ എന്നു നിങ്ങൾ കാണും - അതിനു ശേഷം ഒടുവിൽ അവ എല്ലാം തന്നെ നിന്നു പോകും. ഇതാണ് ഓരോ വിചാരത്തെയും ക്രിസ്തുവിന്റെ അനുസരണത്തിനായി പിടിച്ചടക്കുക എന്നതിൻ്റെ അർത്ഥം (2 കൊരി. 10.5).
അങ്ങനെ അവിശ്വാസമുള്ള ഒരു തലമുറയ്ക്ക്, നീതിമാന് എല്ലാം നന്നായി ഭവിക്കുന്നു എന്നതിന്റെയും ദൈവത്തെ മാനിക്കുന്നവനെ അവിടുന്നു മാനിക്കുന്നു എന്നതിന്റെയും ജീവിക്കുന്ന ഒരു വിശദീകരണമാകുവാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ ബുദ്ധിശക്തി കൊണ്ടോ, നിങ്ങളുടെ നേട്ടങ്ങൾ കൊണ്ടോ ഈ ലോകത്തിനു മതിപ്പുളവാക്കുന്നതിനേക്കാൾ ദൈവത്തിനായി ഈ ലോകത്തിൽ അത്തരമൊരു ജീവിക്കുന്ന സാക്ഷ്യമായിരിക്കണമെന്ന് നിങ്ങളുടെ മുഴുവൻ ഹൃദയവും കൊണ്ട്നി ങ്ങൾ കാംക്ഷിക്കുക. വെളിയിലുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ ദൈവമായി തീരത്തക്കവിധം ഒരു സ്ഥാനം അവയ്ക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങളുടെ മുഴുജീവിതവും പാപത്തിന്മേലുള്ള വിജയത്തിന്റെയും, സ്വയത്തിന്റെ മരണത്തിന്റെയും സുവിശേഷം (ഇതിൻ്റെ യഥാർത്ഥ്യം നിങ്ങൾ തന്നെ അനുഭവിച്ചതിന്റെ ശേഷം) പ്രഘോഷിക്കണമെന്നും, നിങ്ങളുടെ ഉപജീവനമാർഗ്ഗത്തിനായി ലോക പ്രകാരമുള്ള ഒരു ജോലി ചെയ്യുമ്പോൾ തന്നെ, ക്രിസ്തുവിന്റെ ശരീരത്തിൽ ദൈവം നിങ്ങൾക്കു നിയമിച്ചിട്ടുള്ള ശുശ്രൂഷ നിറവേറ്റണമെന്നുമാണ് ദൈവത്തിന്റെ ആഗ്രഹം (അത് എന്തുതന്നെയായാലും) - നിങ്ങളുടെ സ്വന്തം ചെലവിൽ, മറ്റാരിലും ആശ്രയിക്കാതെ പൗലൊസ് ചെയ്തതുപോലെ ക്രിസ്തുവിനെ സേവിക്കണമെന്നുമാണ്. ഇതാണ് ഈ ലോകം കാണേണ്ടത്. നിങ്ങളെ എല്ലാവരേയും കുറിച്ചുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹവും ഇതുതന്നെയാണ്. മുന്നമെ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും തുടർമാനം അന്വേഷിക്കുന്നവർക്കു മാത്രമേ യേശു മടങ്ങിവരുമ്പോൾ ഒരു ദുഃഖവും ഉണ്ടാകാതിരിക്കുകയുള്ളൂ എന്ന് എനിക്കറിയാം.