ലേഖകൻ :   സാക് പുന്നൻ
WFTW Body: 

1 കൊരിന്ത്യർ 12 :27, 28 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു, " നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അതിൻ്റെ അവയവങ്ങളും ആകുന്നു. ദൈവം സഭയിൽ , ഒന്നാമത് അപ്പോസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്യുവാനുള്ള വരം, പരിപാലന വരം, വിവിധ ഭാഷാ വരം എന്നിവ നൽകുകയും ചെയ്തു".

മുകളിലത്തെ വാക്യങ്ങളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും തൻ്റെ സഭയെ പണിയേണ്ടതിന് സഹായിക്കുവാനായി ദൈവത്താൽ നൽകപ്പെട്ട ചില അമാനുഷിക കഴിവുകൾ കൊണ്ട് സജ്ജരാക്കപ്പട്ടവരാണ്. അവരിൽ അപ്പൊസ്തലന്മാർ, പ്രവാചകന്മാർ , വീര്യപ്രവൃത്തികളുടെയും രോഗശാന്തിയുടെയും വരം ലഭിച്ചവർ എന്നിവരെ പോലെയുള്ള ചിലർക്ക് പ്രകടമായ അമാനുഷിക കഴിവുകൾ ഉണ്ട് - ദൈവമാണ് അവർക്ക് ആ കഴിവുകൾ നൽകിയിരിക്കുന്നത്. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന മറ്റുള്ളവരും - ഉപദേഷ്ടാക്കന്മാർ ,സഹായത്തിൻ്റെയും പരിപാലനത്തിൻ്റെയും വരം ലഭിച്ചവർ എന്നിവരെ പോലെയുള്ളവർ - ക്രിസ്തുവിൻ്റെ ശരീരത്തിൽ തങ്ങളുടെ ദൗത്യം നിറവേറ്റേണ്ടതിന് ചില അമാനുഷിക കഴിവുകളാൽ സജ്ജരാക്കപ്പെട്ടവരാണ് എന്ന കാര്യം സത്യമായിരിക്കണം, അല്ലാതെ ഈ കാര്യങ്ങളിൽ ചില സ്വാഭാവിക കഴിവുകളുള്ള ആളുകളല്ല.

ഉദാഹരണത്തിന് ദൈവം സഭയിൽ നിയമിച്ചിരിക്കുന്ന " സഹായികൾ " എന്നു വിളിക്കപ്പെടുന്നവരുടെ കാര്യം പരിഗണിക്കാം. ഇവർ തറ തൂക്കുക, കക്കൂസ് വൃത്തിയാക്കുക മുതലായ ജോലിക്കായി സ്വമേധയാ മുന്നോട്ടു വരുന്നവരല്ല. ഓരോ സഭയിലും ഇത്തരം താഴ്ന്ന ജോലികൾ ചെയ്യുവാൻ മനസ്സുള്ള സന്നദ്ധസേവകരെ നമുക്ക് ആവശ്യമുണ്ട്. എന്നാൽ അത്തരം ജോലികൾ ആർക്കും ചെയ്യാൻ കഴിയും, അതിന് അമാനുഷിക ശാക്തീകരണം ഒന്നും ആവശ്യമില്ല. എന്നാൽ സഹായികൾ എന്ന് മുകളിൽ പറഞ്ഞ വാക്യങ്ങളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്, മറ്റുള്ളവരെ സഹായിക്കാൻ ദൈവത്താൽ നൽകപ്പെട്ട അമാനുഷിക കഴിവുകൾ ഉള്ളവരാണ്.

ഓരോ സഭയിലും അങ്ങനെയുള്ളവരുടെ വലിയ അളവിലുള്ള ആവശ്യം ഉണ്ട് - അങ്ങനെ ഒരു ശുശ്രൂഷയ്ക്കായി നാം എല്ലാവരും ദൈവത്താൽ സജ്ജരാക്കപ്പെടേണ്ടതുണ്ട്. ആ "സഹായികൾ " സഭയിൽ ബലഹീനരും ആവശ്യത്തിൽ ഇരിക്കുന്നവരുമായവരെ ആത്മീയമായി താങ്ങുകയും സഹായം നൽകുകയും ചെയ്യുന്നവരാണ്.

ഒരു സഹായകൻ എന്നാണ് പരിശുദ്ധാത്മാവ് വിളിക്കപ്പെട്ടിരിക്കുന്നത് (യോഹന്നാൻ 14 :16) - അദൃശ്യമായി നമ്മെ സഹായിക്കുക എന്ന അവിടുത്തെ വേല അവിടുന്നു ചെയ്യുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള ഈ "സഹായികളും " ഈ വലിയ സഹായകനായ , പരിശുദ്ധാത്മാവു ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നു - നിശബ്ദമായി, പിന്നണിയിൽ, ഒരു പ്രൗഢിയും, പ്രകടനവും ഇല്ലാതെ , ദൃശ്യതയോ, അംഗീകാരമോ അന്വേഷിക്കാതെ. അവർ സഹോദരന്മാരോ, സഹോദരിമാരോ ആകാം. അങ്ങനെയുള്ള വിശ്വാസികൾക്ക്, ഭയത്താലും സംശയത്താലും പ്രയാസപ്പെടുന്നവരും ക്ഷീണിതരുമായവരുടെ ആരോടും പറയാൻ കഴിയാത്ത ആവശ്യങ്ങളോട് സ്പർശ്യതയുള്ളവരായിരിക്കേണ്ടതിന് ഒരു വരം ഉണ്ട് (രോഗശാന്തിക്കുള്ള വരം പോലെ തന്നെ അതുല്യമായ ഒന്ന്). അവർ സഹായിക്കുവാൻ ക്ഷണിക്കപ്പെടേണ്ടതിനായി കാത്തുനിൽക്കുന്നില്ല. എന്നാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ, അവർ നിശബ്ദരായി കഷ്ടപ്പെടുന്നവരോടു ചേർന്നുനടന്ന് അവരെ വിശ്വാസത്തിൻ്റെയും പ്രോത്സാഹനത്തിൻ്റെയും വാക്കുകൾകൊണ്ട് സഹായിക്കുന്നു. അവർ തങ്ങളെ തന്നെ ആരുടേയും മേൽ അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ അവർ ദിനം തോറും ദൈവത്തെ കേൾക്കുകയും അവർക്ക് "തളർന്നിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാൻ തക്ക വാക്കുകൾ " നൽകപ്പെടുകയും ചെയ്യുന്നു ( യെശയ്യാവ് 50: 4) .

അത്തരത്തിൽ വരപ്രാപ്തരായവരുടെ വലിയ ഒരു ആവശ്യം നമ്മുടെ ഈ കാലത്ത് ഉണ്ട്. കാരണം നിരുത്സാഹിതരും, ദുഃഖിതരും, ആകുലചിത്തരും, ജീവിത പോരാട്ടങ്ങളിൽ ക്ഷീണിച്ചു പോയവരുമായ അനേകർ ഇന്ന് ഓരോ സഭയിലുമുണ്ട്. അങ്ങനെയുള്ളവർക്ക് തങ്ങളുടെ കൂടെ വന്ന് തങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ചിലരെ ആവശ്യമുണ്ട് . അതുകൊണ്ട് അനേകം സഹോദരന്മാരും സഹോദരിമാരും ഈ വരത്തിനായി കർത്താവിനെ അന്വേഷിക്കണം, അതിലൂടെ അവർക്ക് ശാന്തമായും നിശബ്ദമായും ക്രിസ്തുവിൻ്റെ ശരീരത്തെ അനുഗ്രഹിക്കാൻ കഴിയും.