ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ നേതാവ്‌
WFTW Body: 

ഒരു ആത്മീയ നേതാവിന് ഒന്നാമതായും സർവ്വപ്രധാനമായും, ദൈവത്തിൽ നിന്ന് ഒരു വിളി ഉണ്ടായിരിക്കണം. അവിടുത്തെ വേല അദ്ദേഹത്തിൻ്റെ ഉദ്ദേശ്യമല്ല എന്നാൽ അയാളുടെ വിളിയാണത്.
ആർക്കും അവനവനെ തന്നെ ഒരു ആത്മീയ നേതാവായി നിയമിക്കാൻ കഴിയുകയില്ല. "ഈ പ്രവൃത്തിയ്ക്കായി അവൻ ദൈവത്താൽ തന്നെ വിളിക്കപ്പെടണം" (എബ്രാ. 5:4 - ടി എൽ ബി). ഇത് മാറ്റുവാൻ പറ്റാത്ത ഒരു പ്രമാണമാണ്. അടുത്ത വാക്യം തുടർന്നു പറയുന്നത് യേശു പോലും തന്നെത്തന്നെ നമ്മുടെ മഹാപുരോഹിതനായി നിയമിച്ചില്ല എന്നാണ്. പിതാവ് അവിടുത്തെ നിയമിച്ചു. ഇതാണ് സംഗതിയെങ്കിൽ, നമ്മുടെ വിളിയിൽ, ഇത് നമ്മെ സംബന്ധിച്ച് എത്രയധികം സത്യമാണ്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം "ക്രിസ്തീയ വേലക്കാരും" വേല ചെയ്യുന്നത് അവരുടെ ഉപജീവനമാർഗ്ഗമായാണ് എന്നതാണ് ഇന്നത്തെ ശോചനീയമായ അവസ്ഥ. അവർക്ക് അതൊരു ഉദ്യോഗമാണ്. അവർ ദൈവത്താൽ വിളിക്കപ്പെട്ടിട്ടില്ല.

"ഒരു ഉദ്യോഗവും" "ഒരു വിളിയും" തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഞാൻ എന്താണ് അർത്ഥമാക്കിയത് എന്നു ഞാൻ വിശദമാക്കട്ടെ. രോഗിയായ ഒരു കുഞ്ഞ് ഒരു ആശുപത്രിയിലുണ്ടെന്നു കരുതുക, അപ്പോൾ അവിടെയുള്ള ഒരു നഴ്സ് അവളുടെ 8 മണിക്കൂർ ഷിഫ്റ്റ് ഡ്യൂട്ടി സമയത്ത് അതിനെ ശുശ്രൂഷിക്കുന്നു. അതിനു ശേഷം ആ നഴ്സ് വീട്ടീൽ പോകുകയും ആ കുഞ്ഞിൻ്റെ കാര്യമെല്ലാം മറന്നു പോകുകയും ചെയ്യുന്നു. ആ കുഞ്ഞിനെ കുറിച്ച് അവൾക്കുള്ള കരുതൽ ആ 8 മണിക്കൂർ സമയത്തേക്കു മാത്രമായിരുന്നു. ഇപ്പോൾ അവൾക്കു ചെയ്യാൻ മറ്റു കാര്യങ്ങളുണ്ട്, സിനിമയ്ക്കു പോകുക, ടെലിവിഷൻ കാണുക മുതലായവ പോലെയുള്ളവ. അടുത്ത ദിവസം അവൾ ജോലിക്കു ചെല്ലുന്നതു വരെ അവൾക്ക് ആ കുഞ്ഞിനെ കുറിച്ച് വീണ്ടും ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാൽ ആ കുഞ്ഞിൻ്റെ അമ്മ ജോലിചെയ്യുന്നത് 8 മണിക്കൂർ ഷിഫ്റ്റിലല്ല! അവളുടെ കുഞ്ഞ് രോഗിയായിരിക്കുമ്പോൾ അവൾക്ക് സിനിമയ്ക്കു പോകാൻ കഴിയില്ല. അതാണ് ഒരു ഉദ്യോഗവും ഒരു വിളിയും തമ്മിലുള്ള വ്യത്യാസം.

നിങ്ങൾ നിങ്ങളുടെ സഭയിലുള്ള വിശ്വാസികളുടെ കാര്യത്തിൽ ഈ ഉദാഹരണം ചേർത്തുവച്ചു നോക്കുമെങ്കിൽ, നിങ്ങൾ ഒരു നേഴ്സ് ആണോ അതോ ഒരമ്മയാണോ എന്ന് കണ്ടെത്തും.

1 തെസ്സ. 2:7 ൽ പൗലൊസ് ഇപ്രകാരം പറയുന്നു "ഒരു അമ്മ തൻ്റെ കുഞ്ഞുങ്ങളെ പോറ്റും പോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചു കൊണ്ട് നിങ്ങൾക്കു ദൈവത്തിൻ്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വച്ചു തരുവാൻ ഒരുക്കമായിരുന്നു".

പൗലൊസ് ആ ക്രിസ്ത്യാനികൾക്ക് ദൈവത്തിൻ്റെ സുവിശേഷം മാത്രമല്ല പകർന്നു കൊടുത്തത്. എന്നാൽ അദ്ദേഹത്തിൻ്റെ ജീവനും കൂടെ പകർന്നു നൽകി. ഈ വിധത്തിൽ ചെയ്യപ്പെടാത്ത ഒരു ശുശ്രൂഷയും യഥാർത്ഥ ക്രിസ്തീയ ശുശ്രൂഷയല്ല.പൗലൊസ് ദൈവത്തെ സേവിച്ചത് അങ്ങനെയാണ്, കാരണം അദേഹത്തിന് ആ ശുശ്രൂഷയ്ക്കായി ഒരു വിളിയുണ്ടായിരുന്നു. അത് ഒരു ഉദ്യോഗമായല്ല അദ്ദേഹം കണ്ടത്.

കർത്താവിനെ സേവിക്കുന്നത് അത്ഭുതകരമാണ്. ലോകത്തിൽ വച്ച് ഏറ്റവും മഹത്തായ കാര്യം അതാണ്. ഭൂമിയിലുള്ള മറ്റൊന്നും അതിനോടു താരതമ്യം ചെയ്യപ്പെടാൻ കഴിയില്ല - നിങ്ങൾ വിളിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം. അതിനെ ഒരു ഉദ്യോഗമായി കുറയ്ക്കാൻ (ചെറുതാക്കാൻ) കഴിയില്ല.

ഇന്ത്യൻ നേവിയിൽ ഒരു ഓഫീസറായിരുന്നപ്പോൾ 1964 മേയ് 6-ാം തീയതി അവിടുത്തെ സേവിക്കുവാനായി (പൂർണ്ണ സമയം) ദൈവം എന്നെ വിളിച്ചു. അപ്പോൾ നേവൽ അധികാരികൾക്ക് ഞാൻ എൻ്റെ രാജിക്കത്ത് സമർപ്പിച്ചു. എന്നാൽ അത് ഇസ്രയേല്യരെ പോകാൻ അനുവദിക്കേണ്ടതിന് മോശെ ഫറവോനോടു ചോദിച്ചതുപോലെ ആയിരുന്നു! ഇന്ത്യൻ നേവി എന്നെ വിട്ടയച്ചില്ല. ആവർത്തിച്ചുള്ള അപേക്ഷകൾക്കു ശേഷം ഒടുവിൽ അവരെന്നെ വിട്ടയയ്ക്കുവാൻ രണ്ടു വർഷമെടുത്തു - ദൈവത്തിൻ്റെ കൃത്യമായ സമയത്ത് - അതിശയകരമായി വിടുവിക്കപ്പെട്ടു.

ദൈവത്താൽ വിളിക്കപ്പെട്ടു എന്നതാണ് എൻ്റെ ജീവിതത്തിൽ എല്ലാ വ്യത്യാസങ്ങളും ഉണ്ടാക്കിയത്.

ഒന്നാമതായി, ആളുകൾ എന്നെ കുറിച്ചോ അല്ലെങ്കിൽ എൻ്റെ ശുശ്രൂഷയെ കുറിച്ചോ എന്തു കരുതും എന്നത് ഇപ്പോൾ എനിക്ക് ഒരു കാര്യവുമല്ല, കാരണം എൻ്റെ യജമാനൻ മറ്റൊരുവനാണ്. അവിടുത്തോട് മാത്രമാണ് ഞാൻ ഉത്തരം പറയേണ്ടത്.

രണ്ടാമതായി, എൻ്റെ ശുശ്രൂഷയിൽ എന്തെങ്കിലും ശോധനകളോ എതിർപ്പോ നേരിടേണ്ടി വരുമ്പോഴെല്ലാം എൻ്റെ കൂടെ നിന്ന് എനിക്കു കൃപ നൽകേണ്ടതിന് എനിക്ക് ദൈവത്തെ ആശ്രയിക്കാൻ കഴിയും - അത് പലപ്പോഴും സംഭവിക്കുന്നുമുണ്ട്.

മൂന്നാമതായി, എനിക്ക് പണം കിട്ടുന്നുണ്ടോ ഇല്ലയോ, അല്ലെങ്കിൽ എനിക്കു ഭക്ഷിക്കാൻ ആഹാരം കിട്ടുന്നുണ്ടോ ഇല്ലയോ എന്നത് എനിക്കു കാര്യമല്ല. എനിക്ക് ഭക്ഷണവും പണവും ലഭിച്ചാൽ അത് നല്ലതും നന്മയുമാണ്. ഒരു പണവും ഭക്ഷണവും എനിക്കു കിട്ടിയില്ലെങ്കിൽ, അതും എന്നെ സംബന്ധിച്ചു നന്മയാണ്. എനിക്കു പണമോ ഭക്ഷണമോ കിട്ടിയില്ല എന്ന കാരണത്താൽ, കർത്താവിനെ സേവിക്കുന്നതു നിർത്തിക്കളയാൻ എനിക്കു കഴിയില്ല - കാരണം ദൈവം എന്നെ വിളിച്ചിരിക്കുന്നു.

എൻ്റെ വിളിയെ ഉപേക്ഷിക്കുവാൻ എനിക്കു കഴിയില്ല. ശമ്പളം ലഭിക്കാതെയോ ഭക്ഷണം കിട്ടാതെയോ വരുമ്പോൾ, ജോലി ചെയ്യുന്നതു നിർത്താൻ കഴിയുന്ന, വേതനം പറ്റുന്ന ഒരു തൊഴിലാളിയല്ല ഞാൻ! അത് ഒരമ്മയുടെയും അവളുടെ കുഞ്ഞിൻ്റെയും കാര്യം പോലെയാണ്. ഒരു മാസം ശമ്പളം കൊടുത്തില്ലെങ്കിൽ ഒരു നഴ്സ് അവളുടെ ജോലി നിർത്തും. എന്നാൽ ഒരമ്മയ്ക്ക് ഒരിക്കലും അവളുടെ ജോലി നിർത്താൻ കഴിയില്ല. ഒരു കാര്യത്തിലും അവൾക്ക് ഒരു ശമ്പളം ലഭിക്കുന്നുമില്ല! അവൾക്ക് എന്തെങ്കിലും ഭക്ഷണവും പണവും കിട്ടിയില്ലെങ്കിലും അവൾ തൻ്റെ കുഞ്ഞിനെ പരിചരിക്കും! അങ്ങനെയാണ് അപ്പൊസ്തലന്മാർ കർത്താവിനെ സേവിച്ചത്.

ദൈവത്താൽ വിളിക്കപ്പെടുന്നത് എത്ര മഹത്വകരമായ കാര്യമാണ്!