ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ ശിഷ്യന്‍
WFTW Body: 

വെളിപ്പാട് 2:12-17 വരെയുള്ള വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു, "പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തല വാളുള്ളവൻ അരുളിചെയ്യുന്നത്: നീ എവിടെ പാർക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എൻ്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നെ, എൻ്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തു പോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല..."

സാത്താന് ഭൂമിയിലെ തൻ്റെ ആസ്ഥാനം ഉള്ള സ്ഥലം എന്ന് കർത്താവ് പറയേണ്ട വിധം ദോഷമുള്ള ഒരു പട്ടണം ആയിരുന്നു പെർഗ്ഗമൊസ്.വെളിപ്പാട് 2:13 ൽ ഇതു രണ്ടു പ്രാവശ്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാലും ആ പട്ടണത്തിന്റെ നടുവിൽ കർത്താവ് തൻ്റെ സഭയെ വച്ചിട്ടുണ്ട്.

കർത്താവ് അവരോട് പറയുന്നു, "നിങ്ങൾ എവിടെ പാർക്കുന്നു എന്ന് എനിക്കറിയാം." നാം എവിടെയാണ് ജീവിക്കുന്നത് എന്നും ഏത് സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് എന്നും അവിടുന്ന് അറിയുന്നു. നാം പാർക്കുന്നിടത്തു തന്നെ സാത്താന് ഭൂമിയിലെ അവൻ്റെ സിംഹാസനം ഉണ്ടെങ്കിൽ പോലും, അവിടുത്തേക്ക് നമ്മെ നിർമ്മലതയോടെയും ജയോത്സവത്തോടെയും സൂക്ഷിക്കാൻ കഴിയും. ആത്മാവിൻ്റെ വാൾ കൊണ്ട്, നമുക്കും ജയിക്കാൻ കഴിയും.

അതിനു പ്രകാശിക്കാൻ കഴിയാത്തക്ക വിധം ഇരുട്ടിൻ്റെ ആധിക്യത്തിലാണ് അതിൻ്റെ ചുറ്റുപാടുകൾ എന്ന് എപ്പോഴെങ്കിലും ഒരു നിലവിളക്കും പറയുകയില്ല. ഒരു നിലവിളക്കിന്റെ പ്രകാശത്തിന് അതിൻ്റെ ചുറ്റുപാടുകളുമായി ഒന്നും ചെയ്യാനില്ല. അതിൻ്റെ പ്രകാശം പൂർണ്ണമായും അതിൽ ഉൾക്കൊള്ളുന്ന എണ്ണയെ ആശ്രയിച്ചായിരിക്കുന്നത്.

ഏതു പ്രാദേശിക സഭയുടെ കാര്യത്തിലും കൃത്യമായി അതങ്ങനെതന്നെയാണ്. ചുറ്റുപാടുകൾ ദോഷമുള്ളതായേക്കാം. സാത്താന് അവൻ്റെ സിംഹാസനം ആ പട്ടണത്തിൽ ഉണ്ടായേക്കാം. എന്നാൽ സഭ പരിശുദ്ധാത്മാവിന്റെ എണ്ണയാൽ നിറയെപ്പെട്ടിരിക്കുന്നെങ്കിൽ, വെളിച്ചം ശോഭയുടെ പ്രകാശിക്കും. വാസ്തവത്തിൽ, ചുറ്റുപാടുകൾ കൂടുതൽ ഇരുളും തോറും, അങ്ങനെയുള്ള ചുറ്റുപാടുകളിൽ ഏത് പ്രകാശവും കൂടുതൽ ശോഭയോടെ കാണപ്പെടും! നക്ഷത്രങ്ങൾ കാണപ്പെടുന്നത് രാത്രിയിലാണ് -പകൽസമയത്തല്ല.

അവിടുത്തെ നാമം മുറുകെപ്പിടിച്ച് പീഡിപ്പിക്കപ്പെട്ട സമയത്തുപോലും വിശ്വാസം നിഷേധിക്കാതിരുന്നതിന് കർത്താവ് ഈ സഭയെ പ്രശംസിക്കുന്നു. അവിടുന്ന് അന്തിപ്പാസിനെ കുറിച്ച് പ്രത്യേകമായി എടുത്തുപറയുന്നു, അദ്ദേഹം തൻ്റെ വിശ്വാസത്തിനു വേണ്ടി സ്വന്തം ജീവൻ വച്ചു കൊടുത്ത വിശ്വസ്തനായ സാക്ഷിയായിരുന്നു.

അന്തിപ്പാസ് ദൈവത്തിൻ്റെ സത്യത്തിനു വേണ്ടി നിന്നവനാണ്, ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നപ്പോൾ പോലും. അദ്ദേഹം ദൃഢവിശ്വാസമുള്ള ഒരു മനുഷ്യനായിരുന്നു തന്നെയുമല്ല അദ്ദേഹം മനുഷ്യരെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കാത്തവനുമായിരുന്നു. ദൈവത്തെ അറിയുന്നവർക്ക്, ചുറ്റും നോക്കിയിട്ട് തങ്ങൾ വിശ്വസിക്കുന്ന സത്യം മറ്റുള്ള എത്രപേർ വിശ്വസിക്കുന്നു എന്നു കാണേണ്ട ആവശ്യമില്ല. കർത്താവിന് വേണ്ടി ഒറ്റയ്ക്ക് നിൽക്കുവാൻ അവർക്ക് സമ്മതമാണ്, ആവശ്യമെങ്കിൽ മുഴു ലോകത്തിലുമുള്ള എല്ലാവർക്കും എതിരായി. അന്തിപ്പാസ് അങ്ങനെയൊരുവനായിരുന്നു. അതിൻ്റെ ഫലമായി, അദ്ദേഹം കൊലചെയ്യപ്പെട്ടു.

അദ്ദേഹം മനുഷ്യനെ പ്രസാദിപ്പിക്കുന്ന ഒരുവൻ ആയിരുന്നെങ്കിൽ, മരണത്തിൽ നിന്നു രക്ഷപ്പെടാമായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടതിനു കാരണം അദ്ദേഹം ഒരു വിട്ടുവീഴ്ചയുമില്ലാതെ ദൈവത്തിൻ്റെ വെളിപ്പെടുത്തപ്പെട്ട സത്യത്തിനു വേണ്ടി നിന്നു. ആളുകൾ അദ്ദേഹത്തെ സങ്കുചിത മനസ്ഥിതിയുള്ളവൻ, പിടിവാശിക്കാരൻ, ചേർന്നുപോകാൻ പ്രയാസമുള്ളവൻ കൂടാതെ ബുദ്ധിഭ്രമം ഉള്ളവൻ എന്നൊക്കെ വിളിച്ചിരിക്കാം. എന്നാൽ അതൊന്നും അദ്ദേഹത്തിൽ ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല. അദ്ദേഹം തൻ്റെ കർത്താവിനോട് സത്യമുള്ളവനായി നിന്നു, എല്ലാ പാപത്തിനും, ലൗകികതയ്ക്കും, വിട്ടുവീഴ്ചയ്ക്കും, ദൈവവചനത്തോടുള്ള അനുസരണക്കേടിനും കൂടാതെ പിശാചിനും വിരോധമായി. ഇവിടെ സാത്താന്റെ രാജ്യത്തിന് ഭീഷണിയായി ഒരു മനുഷ്യനുണ്ടായിരുന്നു.

ഒരുപക്ഷേ അന്തിപ്പാസ് പെർഗ്ഗമൊസിൽ ഉണ്ടായിരുന്നതുകൊണ്ടാകാം സാത്താൻ അവൻ്റെ സിംഹാസനം അവിടെ വയ്ക്കാൻ തീരുമാനിച്ചത്. സാത്താൻ പോലും അദ്ദേഹത്തെ ഭയപ്പെടണ മായിരുന്നെങ്കിൽ അന്തിപ്പാസ് എങ്ങനെയുള്ള ഒരു മനുഷ്യനായിരുന്നിരിക്കണം!

ഇന്ന് ലോകത്തിൻ്റെ എല്ലാ ഭാഗത്തും അന്തിപ്പാസിനെ പോലെയുള്ളവരെ ദൈവത്തിന് ആവശ്യമുണ്ട്. നമ്മുടെ വിശ്വാസത്തിനു വേണ്ടി ഒരു വില കൊടുക്കേണ്ട സമയം വേഗം വരുന്നു. നമുക്കു ചുറ്റുമുള്ള എല്ലാ ബാബിലോണിയൻ ക്രിസ്തീയതയും വിട്ടുവീഴ്ച ചെയ്ത് എതിർ ക്രിസ്തുവിനെ വണങ്ങും. അന്തിപ്പാസ് ചെയ്തതുപോലെ,ആ നാളിൽ നാം ഉറച്ചു നിൽക്കുമോ? അതോ നമ്മുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി സാത്താന്റെ മുമ്പിൽ നമ്മുടെ മുട്ടുകൾ മടക്കുമോ? ദൈവത്തിൻ്റെ സത്യത്തിനുവേണ്ടി നമ്മുടെ ജീവൻ നഷ്ടപ്പെടുത്തുന്നത് യോഗ്യമാണെന്ന കാര്യം നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ടോ?

ഇന്ന്, ചെറിയശോധനകളിലൂടെ ദൈവം നമ്മെ പരിശോധിക്കുകയാണ്. ഈ ചെറിയ ശോധനകളിൽ നാം വിശ്വസ്തരാണെങ്കിൽ മാത്രമേ ഭാവിയിൽ വരാനുള്ള വലിയ ശോധനകളിൽ നമുക്ക് വിശ്വസ്തരായിരിക്കാൻ കഴിയൂ. നിങ്ങൾ പാർക്കുന്ന പട്ടണത്തിലേക്ക് സാത്താൻ തൻ്റെ സിംഹാസനം നീക്കത്തക്ക വിധത്തിൽ അവൻ്റെ രാജ്യത്തിന് ഒരു ഭീഷണിയാണ് നിങ്ങൾ എന്ന് നിങ്ങളെക്കുറിച്ച് സാത്താൻ കണക്കാക്കണം.

അന്തിപ്പാസ് മരിച്ചതിനുശേഷം, പെർഗ്ഗമൊസിലെ സഭ ആത്മീയമായി നഷ്ടപ്പെട്ടുപോയി എന്നതാണ് ദുഃഖകരമായ കാര്യം. അന്തിപ്പാസ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹം സഭയുടെ ദൂതനായിരുന്നിരിക്കാം (മൂപ്പനായിരുന്നിരിക്കാം). അദ്ദേഹം മരിച്ചപ്പോൾ, മറ്റാരോ ആ സ്ഥാനമേൽക്കുകയും ആ സഭ താഴോട്ടു പോകുകയും ചെയ്തു. അനേകം സഭകളുടെയും സങ്കടകരമായ ചരിത്രം ഇതാണ്.