മത്തായി 28:20 പറയുന്നത് നമ്മുടെ കർത്താവിനാൽ നൽകപ്പെട്ട ഓരോ കല്പനയും അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ശിഷ്യന്മാരെ പഠിപ്പിക്കണമെന്നാണ്. ഇതാണ് ഒരു ശിഷ്യൻ്റെ ജീവിത പദ്ധതി. ഒരുവന് യേശു നൽകിയ കല്പനകളിൽ ചിലത് കാണേണ്ടതിന് മത്തായി 5, 6, 7 അധ്യായങ്ങൾ വായിച്ചാൽ മാത്രം മതി - അവയെ അനുസരിക്കാൻ മിക്ക വിശ്വാസികളും പ്രയത്നിക്കുന്നതുപോലുമില്ല. ഒരു ശിഷ്യൻ ഒരു പഠിതാവും ഒരു അനുഗാമിയുമാണ്.
ദൈവത്തിൻ്റെ മുഴുവൻ ആലോചനയും പ്രഘോഷിക്കുവാനുള്ള വിളിയാൽ പിടിക്കപ്പെട്ടിരിക്കുന്നവരെയാണ് ആവശ്യം, യേശു കല്പിച്ചതിനോടെല്ലാം തങ്ങൾ തന്നെ അനുസരണമുള്ളവരും യേശുവിൻ്റെ എല്ലാ കല്പനകളും അനുസരിക്കേണ്ടതിന് മറ്റുള്ളവരെ പഠിപ്പിക്കാൻ ആകാംക്ഷയോടെ ആഗ്രഹിക്കുന്നവരും അങ്ങനെ ക്രിസ്തുവിൻ്റെ ശരീരം പണിയുന്നവരുമായവർ.
യേശുപറഞ്ഞത് അവിടുത്തെ എല്ലാ ശിഷ്യന്മാരും തിരിച്ചറിയപ്പെടുന്നത് ഒരേ യൊരു അടയാളത്താലായിരിക്കുമെന്നാണ് - അവരുടെ തമ്മിൽ തമ്മിലുള്ള സ്നേഹത്താൽ (യോഹ. 13:35). അത് അടയാളപ്പെടുത്തുക! യേശുക്രിസ്തുവിൻ്റെ ശിഷ്യന്മാർ തിരിച്ചറിയപ്പെടുന്നത്, അവരുടെ പ്രസംഗത്തിന്റെയോ അല്ലെങ്കിൽ സംഗീതത്തിന്റെയോ നിലവാരത്താൽ അല്ല, അവരുടെ "അന്യഭാഷാ ഭാഷണത്താലുമല്ല," യോഗങ്ങളിലേക്ക് ബൈബിളും കൊണ്ടുവരുന്നതിനാലുമല്ല, അവരുടെ യോഗങ്ങളിൽ അവർ ഉണ്ടാക്കുന്ന ശബ്ദത്തിന്റെ അളവിനാലുമല്ല!! തമ്മിൽ തമ്മിലുള്ള തീക്ഷണമായ സ്നേഹത്താലാണ് അവർ തിരിച്ചറിയപ്പെടുന്നത്.
ആളുകളെ ക്രിസ്തുവിലേക്കു കൊണ്ടുവരുന്ന സുവിശേഷ യോഗങ്ങൾ, ആ പ്രദേശത്ത് ശിഷ്യന്മാർ അന്യോന്യം സ്നേഹിക്കുന്ന ഒരു സഭയുടെ സ്ഥാപനത്തിലേക്ക് നയിക്കപ്പെടണം. എന്നുവരികിലും ദുഃഖകരമായ കാര്യം, വർഷങ്ങൾതോറും ആവർത്തിച്ച സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്ന അനേക സ്ഥലങ്ങളിലും, തമ്മിൽ തമ്മിൽ വഴക്കടിക്കുക അല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്കെതിരായി ദൂഷണം പറയുക തുടങ്ങിയവ ചെയ്യാതെ എന്നാൽ അന്യോന്യം സ്നേഹിക്കുന്ന അംഗങ്ങളാണ് അതിലുള്ളതെന്ന് പറയാൻ കഴിയുന്ന, ഒരു സഭ പോലും കണ്ടെത്താൻ പ്രയാസമാണ് എന്നതാണ്.
പുതിയതായി രക്ഷിക്കപ്പെട്ടവർക്ക് അത്തരം വിജയകരമായ ഒരു ജീവിതം പെട്ടെന്ന് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഒരുവന് മനസ്സിലാക്കാൻ കഴിയും. എന്നാൽ നമ്മുടെ രാജ്യത്തുള്ള സഭകളിലെ മൂപ്പന്മാരെയും ക്രിസ്തീയ നേതാക്കന്മാരെയും പോലും വിശേഷിപ്പിക്കുന്നത് പോരാട്ടവും അപക്വതയുമാണ് എങ്കിൽ നാം എന്താണ് പറയേണ്ടത്?
മഹാനിയോഗത്തിൻ്റെ രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭാഗം (മത്താ. 28:19, 20 ൽ പറയപ്പെട്ടിരിക്കുന്നത്)-ശിഷ്യത്വവും യേശുവിൻ്റെ കല്പനകളോടുള്ള മുഴുവൻ അനുസരണവും - മുഴുവനായും അവഗണിക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണിത്.
മഹാനിയോഗത്തിന്റെ ഒന്നാം ഭാഗത്തിന് (മർക്കൊ. 16:15) മാത്രമാണ് സാധാരണയായി എല്ലായിടത്തും ഊന്നൽ നൽകപ്പെടുന്നത്. അവിടെ, കർത്താവു ചെയ്ത അടയാളങ്ങളാലും അത്ഭുതങ്ങളാലും സന്ദേശങ്ങൾ സ്ഥിരീകരിക്കപ്പെടുന്ന സുവിശേഷീകരണത്തിനാണ് ഊന്നൽ.
മത്താ. 28:19, 20 ൽ ഏതു വിധമായാലും, ശിഷ്യത്വത്തിനാണ് ഊന്നൽ - യേശുവിൻ്റെ കല്പനകളോടുള്ള പൂർണ്ണ അനുസരണത്താൽ വെളിപ്പെടുത്തപ്പെടുന്ന ശിഷ്യന്റെ ജീവിതത്തിന്. ക്രിസ്ത്യാനികളുടെ ഒരു വലിയ സംഖ്യ ആദ്യഭാഗത്താൽ പിടിക്കപ്പെട്ടവരാണ്, എന്നാൽ വളരെ, വളരെ കുറച്ചു പേർ മാത്രമേ രണ്ടാം ഭാഗത്താൽ പിടിക്കപ്പെട്ടിട്ടുള്ളു. അങ്ങനെയാണെങ്കിലും രണ്ടാമത്തെ ഭാഗം കൂടാതെയുള്ള ഒന്നാം ഭാഗം ഒരു മനുഷ്യ ശരീരത്തിന്റെ പകുതി പോലെ അപൂർണ്ണവും വിലയില്ലാത്തതുമാണ്. എന്നാൽ എത്രപേർ ഇത് കണ്ടിരിക്കുന്നു?
യേശുവിൻ്റെ ശുശ്രൂഷയിൽ, ഒരു വലിയ പുരുഷാരം അവിടുത്തെ സുവിശേഷം സംബന്ധിച്ചുള്ള രോഗശാന്തി ശുശ്രൂഷ നിമിത്തം അവിടുത്തെ പിന്തുടർന്നതായി നാം വായിക്കുന്നു. അവിടുന്ന് എപ്പോഴും തിരിഞ്ഞ് അവരെ ശിഷ്യത്വത്തെ കുറിച്ച് പഠിപ്പിച്ചു (ലൂക്കോ. 14:25, 26 കാണുക). ഇന്നത്തെ സുവിശേഷകന്മാർ അതേ കാര്യം ചെയ്യുമോ - അവർ തന്നെയോ അല്ലെങ്കിൽ സുവിശേഷകന്മാർ തുടങ്ങിയ വേലയെ പൂർത്തീകരിക്കാൻ കഴിയുന്ന അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഉപദേഷ്ടാക്കന്മാർ, ഇടയന്മാർ തുടങ്ങിയവരോടുള്ള സഹകരണത്തിലോ.
എന്തുകൊണ്ടാണ് ശിഷ്യത്വത്തിന്റെ സന്ദേശം പ്രഘോഷിക്കുവാൻ പ്രാസംഗികർ മടിക്കുന്നത്? കാരണം അത് അവരുടെ കൂടിവരവിലുള്ളവരുടെ എണ്ണം കുറയ്ക്കും. എന്നാൽ അവർ മനസ്സിലാക്കാത്ത ഒരു കാര്യം അവരുടെ സഭകളുടെ നിലവാരം വളരെ മെച്ചപ്പെട്ടതായി തീരും എന്നുള്ളതാണ്!!
യേശു ശിഷ്യത്വത്തെക്കുറിച്ച് പുരുഷാരത്തോടു പ്രസംഗിച്ചപ്പോൾ, അത് 11 ശിഷ്യന്മാരുടെ ഒരുപിടിയായി ചുരുങ്ങി (യോഹ. 6:2 നെ 6:70 മായി താരതമ്യം ചെയ്യുക). മറ്റുള്ളവർ ആ സന്ദേശം വളരെ കഠിനമായി കണ്ടെത്തിയിട്ട് അവിടുത്തെ വിട്ടുപോയി (യോഹ. 6:60, 66 കാണുക). അവിടുത്തോടു കൂടെ നിന്ന ആ 11 ശിഷ്യന്മാരെ കൊണ്ടാണ് ഒടുവിൽ ദൈവം അവിടുത്തെ ഉദ്ദേശ്യം ഈ ഭൂമിയിൽ പൂർത്തീകരിച്ചത്.
ഇന്ന് ഭൂമിയിലെ ക്രിസ്തുവിൻ്റെ ശരീരമെന്ന നിലയിൽ, ആ 11 അപ്പോസ്തലന്മാർ ഒന്നാം നൂറ്റാണ്ടിൽ ആരംഭിച്ച അതേ ശുശ്രൂഷ തുടർന്നുകൊണ്ടുപോകേണ്ടവരാണ് നാം. ആളുകളെ ക്രിസ്തുവിലേക്കു കൊണ്ടുവന്ന ശേഷം, അവർ ശിഷ്യത്വത്തിലേക്കും അനുസരണത്തിലേക്കും നയിക്കപ്പെടണം. അങ്ങനെ മാത്രമേ ക്രിസ്തുവിൻ്റെ ശരീരം പണിയപ്പെടുകയുള്ളു.
ജീവനിലേക്കുള്ള വഴി ഇടുക്കമുള്ളതാണ് അതു കണ്ടെത്തുന്നവർ ചുരുക്കവുമാണ്.
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.