പരാജിതര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണ പദ്ധതി
കഴിഞ്ഞകാലത്തെ ജീവിതത്തില്‍ ദൈവത്തോടു കുറ്റം ചെയ്തതുമൂലം ഇപ്പോള്‍ തങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി സാക്ഷാല്‍ക്കരിക്കു വാന്‍ സാധ്യമല്ലെന്നു ചിന്തിക്കുന്ന ധാരാളം സഹോദരീസഹോദരന്മാരുണ്ടു്.
ഈ കാര്യത്തെപ്പറ്റി നമ്മുടെ സ്വന്തം വിവേകത്തിലോ യുക്തിബോധ ത്തിലോ ആശ്രയിക്കാതെ ദൈവവചനത്തിനു് എന്താണു പറയാനുള്ളതെന്നു നമുക്കു പരിശോധിക്കാം.
ആദ്യമായിത്തന്നെ ബൈബിള്‍ എപ്രകാരം ആരംഭിക്കുന്നുവെന്ന കാര്യം ശ്രദ്ധിക്കുക.
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉല്‍പ. 1:1). ദൈവം അവയെ സൃഷ്ടിച്ചപ്പോള്‍ ആകാശവും ഭൂമിയും സമ്പൂര്‍ണ്ണതയുള്ളവയായിരുന്നിരി ക്കണം. കാരണം, അവിടുത്തെ കരവേലയായ യാതൊന്നും തന്നെ അപൂര്‍ണ്ണമോ കുറവുള്ളതോ ആയിരിപ്പാന്‍ സാധ്യമല്ല.
എങ്കിലും ദൈവം സൃഷ്ടിച്ച ദൂതസംഘത്തില്‍ ചിലര്‍ തെറ്റില്‍ വീണുപോകു വാന്‍ ഇടയായി. യെശ. 14:115, യെഹ. 28:1318 എന്നീ വേദഭാഗങ്ങളില്‍ നമ്മുടെ പ്രയോ ജനത്തിനായി ഇതിനെപ്പറ്റി വിവരിച്ചിട്ടുണ്ടു്. അതിനുശേഷമാണു് ഉല്‍പ. 1:2ല്‍ വിവരിച്ചിരിക്കുന്ന അവസ്ഥയില്‍ ഭൂമി ആയിത്തീര്‍ന്നതു്. "ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു."
പാഴും ശൂന്യവും ഇരുളടഞ്ഞതുമായ ആ ഭൂമിയില്‍ ദൈവം പ്രവര്‍ത്തിച്ചു് അതില്‍നിന്നു് അത്യന്തം മനോഹരമായ ഒരു ലോകത്തെ നിര്‍മ്മിച്ചതെങ്ങനെയെന്നു് ഉല്‍പ. 1ന്‍റെ ശേഷിച്ച ഭാഗത്തു വിവരിക്കുന്നു. ദൈവം തന്നെ 'വളരെ നല്ലതു്' എന്നു പ്രഖ്യാപിക്കുമാറു് അതു് അത്ര മനോഹരമായിരുന്നു (ഉല്‍പ. 1:31). ഉല്‍പ. 1:2,3ല്‍ ദൈവത്തിന്‍റെ ആത്മാവു് ഭൂമിമേല്‍ പരിവര്‍ത്തിച്ചുവെന്നും ദൈവം തന്‍റെ വചനം സംസാരിച്ചുവെന്നും നാം വായിക്കുന്നു. ഭൂമിയിലുണ്ടായ വലിയ വ്യത്യാസത്തിനു കാരണഭൂതമായിത്തീര്‍ന്ന ശക്തികള്‍ ഇവ രണ്ടുമായിരുന്നു.
ഇതില്‍നിന്നും നമുക്കു് ഇന്നു ലഭിക്കുന്ന സന്ദേശം എന്താണു്?
നാം എത്രയധികം പരാജയപ്പെട്ടവരായിരുന്നാലും ശരി, അഥവാ നമ്മുടെ ജീവിതത്തെ നാം എത്രയധികം സങ്കീര്‍ണ്ണമാക്കിത്തീര്‍ത്തിരുന്നാലും ശരി, ദൈവത്തിന തിനെ അത്യന്തം മഹത്വപൂര്‍ണ്ണമായ ഒന്നാക്കിത്തീര്‍ക്കുവാന്‍ സാധിക്കുമെന്നതുതന്നെ.
ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചപ്പോള്‍ അവയെപ്പറ്റി അവിടുത്തേക്കു പരിപൂര്‍ണ്ണമായ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാല്‍ ലൂസിഫറിന്‍റെ പരാജയം നിമിത്തം ആ പ്ലാന്‍ ദൈവത്തിനു മാറ്റിവയ്ക്കേണ്ടിവന്നു. എന്നിട്ടും ദൈവം ആകാശത്തെയും ഭൂമിയെയും പുനഃസൃഷ്ടിക്കുകയും അത്യന്തം മനോഹരമായ ഒന്നു് അവയില്‍നിന്നു് ഉത്പാദിപ്പിക്കുകയും ചെയ്തു.
അടുത്തതായി എന്തു സംഭവിച്ചുവെന്നു് ഇനി ചിന്തിക്കുക.
ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചു. അതും പുതിയൊരു തുടക്ക മായിരുന്നു. അവരെക്കറിച്ചും ദൈവത്തിനു പരിപൂര്‍ണ്ണമായ ഒരു പദ്ധതിയുണ്ടായിരു ന്നിരിക്കണം. അവര്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നുവാനിടയാ യതു് വ്യക്തമായും ആ പ്ലാനിന്‍റെ ഭാഗമായിരുന്നില്ല. എങ്കിലും അവര്‍ നിരോധിക്കപ്പെട്ട ആ വൃക്ഷഫലം തിന്നുകയും അങ്ങനെ തങ്ങളെക്കുറിച്ചു ദൈവത്തിനുണ്ടായിരുന്ന ആദിമപദ്ധതി (അതെന്തായിരുന്നാല്‍ത്തന്നെയും) തകര്‍ക്കപ്പെടുകയും ചെയ്തു.
ഇനി അവര്‍ക്കു ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി സാക്ഷാല്‍കരിക്കുവാന്‍ സാധ്യമല്ലെന്നു നമ്മുടെ യുക്തിബോധം പറഞ്ഞേക്കാം. എന്നാലും അവരെ കാണുവാ നായി ദൈവം തോട്ടത്തില്‍ വന്നപ്പോള്‍, ഇനിയിപ്പോള്‍ തങ്ങളുടെ അവശിഷ്ടജീവിത കാലത്തു് അവര്‍ക്കു് ദൈവത്തിന്‍റെ ഒരു രണ്ടാംകിട നന്മ മാത്രമേ അനുഭവിപ്പാന്‍ സാധിക്കൂ എന്നു ദൈവം അവരോടു പറയുന്നില്ല. ഇല്ല, ഒരിക്കലുമില്ല. ഉല്‍പ. 3:15ല്‍ സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കുമെന്ന വാഗ്ദാനം ദൈവം അവര്‍ക്കു നല്‍കുന്നു. ക്രിസ്തു ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരിക്കുകയും കാല്‍വറിയില്‍ സാത്താനെ ജയിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണതു്.
ഇപ്പോള്‍ ഈ വസ്തുതയെപ്പറ്റി നിങ്ങള്‍ ചിന്തിക്കുകയും ഇതു യുക്തിബോ ധത്താല്‍ സാധൂകരിപ്പാന്‍ സാധ്യമോ എന്നു വിവേചിക്കുകയും ചെയ്യുക.
നിത്യത മുഴുവനെയും സംബന്ധിക്കുന്ന ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി യുടെ ഒരു ഭാഗമാണു് ക്രിസ്തുവിന്‍റെ മരണമെന്നു നമുക്കറിയാം. കുഞ്ഞാടു് ലോക സ്ഥാപനത്തിങ്കലേ അറുക്കപ്പെട്ടവനാണു് (വെളി. 13:8). എങ്കിലും ക്രിസ്തു മരിച്ചതു് ആദാമും ഹവ്വയും പാപം ചെയ്കയും ദൈവത്തോടു കുറ്റക്കാരാവുകയും ചെയ്ത തിനാലാണെന്നും നാം അറിയുന്നുണ്ടു്. അതിനാല്‍ ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരണമനുഭവിപ്പാന്‍ ദൈവം ക്രിസ്തുവിനെ അയച്ചതു് ആദാമിന്‍റെ കുറ്റത്തോടു ബന്ധ മില്ലാതെയല്ല, മറിച്ചു് ആദാമിന്‍റെ കുറ്റം നിമിത്തമാണെന്നു് യുക്തിപരമായി നമുക്കു പറയാം. ആദാമിന്‍റെ പാപം സംഭവിച്ചില്ലായിരുന്നെങ്കില്‍ കാല്‍വറി ക്രൂശില്‍ പ്രദര്‍ശിതമായ ദൈവസ്നേഹം നാം അറിയുകയില്ലായിരുന്നു.
ഇതു നമ്മുടെ യുക്തിബോധത്തെ കുഴക്കുന്നുണ്ടു്. തന്മൂലമാണു് "സ്വന്തം വിവേകത്തില്‍ ഊന്നരു"തെന്നു് തിരുവെഴുത്തു് നമ്മോടു പറയുന്നതു് (സദൃ. 3:5).
ഗണിതശാസ്ത്രപരമായ യുക്തിബോധമനുസരിച്ചാണു് ദൈവം പ്രവര്‍ത്തി ച്ചിരുന്നതെങ്കില്‍ ക്രിസ്തു ലോകത്തില്‍ വന്നതു ദൈവത്തിന്‍റെ അത്യുത്തമപദ്ധതിയെ ക്കാള്‍ കുറഞ്ഞ നിലവാരത്തിലുള്ള ഒരു കാര്യം മാത്രമാണെന്നു നാം പറയേണ്ടിവരുമാ യിരുന്നു. എന്നാല്‍ അപ്രകാരം പറയുന്നതു് ദൈവദൂഷണമായിരിക്കും. മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതിയിലെ ഒരു ഭാഗമായിരുന്നു അതു്. ദൈവം ഒരിക്കലും തെറ്റു ചെയ്യുന്നില്ല. എന്നാല്‍ ദൈവം സര്‍വശക്തനും സകലവും ഭരിക്കുന്നവനുമാകയാലും ദൈവം ആദിമുതല്‍ തന്നെ അന്ത്യം അറിയുന്നവനാക യാലും അവിടുന്നു് എപ്പോഴും നമുക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നവനാകയാലും മനുഷ്യ നോടുള്ള അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുവാന്‍ നാം ശ്രമിക്കുമ്പോള്‍ മാനുഷികബുദ്ധി പരാജയപ്പെടുന്നു.
ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളല്ല; അവിടുത്തെ ചിന്തകള്‍ നമ്മുടെ ചിന്തകളുമല്ല. അവ തമ്മിലുള്ള അകലം ഭൂമിയും ആകാശവും തമ്മിലുള്ളതുപോലെ അത്രയധികമാണു് (യെശ. 55:8,9). അതിനാല്‍ ദൈവത്തിന്‍റെ വഴികള്‍ അറിയുവാന്‍ നാം ശ്രമിക്കുമ്പോള്‍ നമ്മുടെ സ്വന്തമിടുക്കെല്ലാം മാറ്റിവയ്ക്കുന്നതു നന്നായിരിക്കും.
അങ്ങനെയെങ്കില്‍ ബൈബിളിന്‍റെ ആദ്യപുറങ്ങള്‍ തുടങ്ങി ദൈവം നമ്മെ ഗ്രഹിപ്പിക്കുവാന്‍ ശ്രമിക്കുന്ന സന്ദേശം എന്താണു്? ഇതുതന്നെ: പരാജിതനായ ഒരു വന്‍റെ കാര്യത്തില്‍ ഇടപെട്ടു് അയാളില്‍ക്കൂടി മഹത്വകരമായ ചിലതു സാധിക്കുവാന്‍ ദൈവത്തിനു കഴിയും. ആ ഘട്ടത്തിലും അവനെ സംബന്ധിച്ചുള്ള ദൈവത്തിന്‍റെ പരി പൂര്‍ണ്ണപദ്ധതി നിറവേറ്റുവാന്‍ ദൈവത്തിനു കഴിയും.
കാരണം ഇതാണു്: പരാജയം പോലും അവനെ മറക്കരുതാത്ത ചില പാഠങ്ങള്‍ പഠിപ്പിക്കുവാന്‍വേണ്ടി ദൈവികപദ്ധതിയുടെ ഒരു ഭാഗമായിരുന്നിരിക്കണം. മാനുഷികമായ യുക്തിക്കു് ഇതു ഗ്രഹിക്കുവാന്‍ അസാധ്യമാണു്. എന്തെന്നാല്‍ അത്ര കുറഞ്ഞ ഒരളവില്‍ മാത്രമേ ദൈവത്തെ നാം അറിയുന്നുള്ളു.
തകര്‍ച്ചയിലെത്തിയ സ്ത്രീപുരുഷന്മാരെ മാത്രമേ ദൈവത്തിനു് ഉപയോഗി ക്കുവാന്‍ കഴിയൂ. നമ്മെ തകര്‍ക്കുവാനുള്ള അവിടുത്തെ ഒരു വഴി വീണ്ടും വീണ്ടുമുള്ള പരാജയമാണു്.
അപ്പൊസ്തലനായ പത്രോസിന്‍റെ നേതൃത്വപരിശീലനത്തിന്‍റെ ഒരു ഭാഗം പരാജയമായിരുന്നു. പത്രോസിന്‍റെ പരാജയങ്ങള്‍ അദ്ദേഹത്തെ തകര്‍ക്കുന്നതിനായി ദൈവം ഉപയോഗിച്ചു.
ദൈവം നമ്മെ അനുഗ്രഹിക്കുകയും ആ അനുഗ്രഹം നമ്മെ നിഗളികളാ ക്കാതെ നമ്മെ സൂക്ഷിക്കുകയും ചെയ്യുക ഇതാണു് ദൈവത്തിനു നമ്മുടെ കാര്യത്തി ലുള്ള ഏറ്റവും വലിയ പ്രശ്നം. കോപത്തിന്‍റെ മീതേ വിജയം ലഭിക്കുകയും അനന്തരം അതിനെക്കുറിച്ചു നിഗളിക്കുകയും ചെയ്യുന്നതു് നാം ആദ്യം വീണതിനെക്കാള്‍ അധികം ആഴമുള്ള ഒരു കുഴിയില്‍ വീണുപോവുകയാണു്. അതിനാല്‍ വിജയത്തിന്‍റെ സന്ദര്‍ഭ ത്തില്‍ത്തന്നെ ദൈവത്തിനു നമ്മെ വിനീതരാക്കി സൂക്ഷിക്കേണ്ടിയിരിക്കുന്നു.
പാപത്തിന്‍റെ മേലുള്ള സാക്ഷാല്‍ വിജയം എപ്പോഴും ആഴമായ വിനയ ത്തോടു് ഇടകലര്‍ന്നതായിരിക്കും. ഇവിടെയാണു് നമ്മുടെ തന്‍പോരിമയെ നശിപ്പിക്കു ന്നതിലേക്കു് ആവര്‍ത്തിച്ചുള്ള പരാജയം അതിന്‍റെ പങ്കു വഹിക്കുന്നതു്. അപ്പോള്‍ പാപത്തിന്‍റെ മേലുള്ള വിജയം ദൈവത്തിന്‍റെ ശക്തീകരിക്കുന്ന കൃപകൂടാതെ സാധ്യ മല്ലെന്ന ഉറപ്പു് നമുക്കു ലഭിക്കും. അങ്ങനെയെങ്കില്‍ വിജയം ലഭിക്കുമ്പോള്‍ നാം ഒരി ക്കലും അതിനെപ്പറ്റി സ്വയം പ്രശംസിക്കുകയില്ല.
മറ്റൊരു കാര്യം. നാം തന്നെ അനേക പ്രാവശ്യം പരാജയപ്പെട്ടു കഴിയു മ്പോള്‍ പരാജയപ്പെടുന്ന ഒരുവനെ നിന്ദിക്കുവാന്‍ നമുക്കു സാധ്യമല്ലാതാകും. അസംഖ്യം വീഴ്ചകളിലൂടെ നമ്മുടെ ജഡത്തിന്‍റെ ബലഹീനത നമുക്കു ബോധ്യമാകുന്ന തുമൂലം വീഴുന്നവരോടു സഹതാപം കാണിക്കുവാന്‍ നമുക്കു കഴിവുണ്ടാകും. അജ്ഞ രോടും വഴിതെറ്റിയവരോടും സൗമ്യതയോടെ പെരുമാറുവാന്‍ നമുക്കു കഴിയും. കാരണം നാം തന്നെയും ബലഹീനത നിറഞ്ഞ വ്യക്തികളാണല്ലോ.
"അങ്ങനെയെങ്കില്‍ നന്മ വരേണ്ടതിനായി നമുക്കു പാപം ചെയ്യാം" എന്നായി രിക്കും യുക്തിചിന്തക്കാരനായ ഒരു മനുഷ്യന്‍ ഇതു കേട്ട ശേഷം പറയുന്നതു്.
റോമര്‍. 3:7,8 (ഘശ്ശിഴ ആശയഹല) ഈ പ്രസ്താവനയ്ക്കു് ഇപ്രകാരം മറുപടി പറയുന്നു: "എന്‍റെ സത്യസന്ധതയില്ലായ്മ ദൈവത്തിന്‍റെ സത്യസന്ധതയെ തെളിയിച്ച തിനാല്‍ ദൈവത്തിനു മഹത്വം വന്നുവെന്നു നിങ്ങള്‍ പറയുന്നുവല്ലോ. ഈ വിചാരഗതി തുടരുന്നപക്ഷം, 'നാം എത്ര കൊള്ളരുതാത്തവരാകുന്നുവോ അത്രയ്ക്കു ദൈവം സന്തുഷ്ടനാകും' എന്നൊരു നിഗമനത്തിലായിരിക്കും നിങ്ങള്‍ വന്നുചേരുന്നതു്. ഈ വിധ ത്തിലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്കു വരുന്ന ശിക്ഷാവിധി ന്യായം തന്നെ."
ഇല്ല, നന്മ വരേണ്ടതിനു നാം പാപം ചെയ്യണമെന്നു നാം പ്രസംഗിക്കുന്നില്ല. നമുക്കു ദൈവത്തിന്‍റെ കൃപയെ ചൂഷണം ചെയ്തുകൊണ്ടു മനഃപൂര്‍വം ദൈവ ത്തോടു് അനുസരണക്കേടു കാണിക്കുകയും എന്നിട്ടും നാം വിതച്ചതിന്‍റെ ഫലം കൊയ്യു ന്നതില്‍നിന്നു രക്ഷപെടുകയും ചെയ്യാമെന്നു് നാം പറയുന്നില്ല. ഒരിക്കലുമില്ല.
എന്നാല്‍ വീണുപോയ മനുഷ്യനോടുള്ള ദൈവകൃപയെ മാനുഷികമായ യുക്തിബോധം കൊണ്ടു ഗ്രഹിക്കുവാന്‍ സാധ്യമല്ല എന്നു നാം പറയുക തന്നെ ചെയ്യുന്നു. ദൈവത്തിനു് ഒന്നും അസാധ്യമല്ല. നാം ദയനീയമായും ആവര്‍ത്തിച്ചും പരാജയപ്പെട്ടതിനുശേഷവും തന്‍റെ പരിപൂര്‍ണ്ണഹിതത്തിലേക്കു നമ്മെ നയിക്കുക എന്നതു ദൈവത്തിനു് അസാധ്യമല്ല. നമ്മുടെ അവിശ്വാസം മാത്രമാണു് ദൈവത്തിനു പ്രതിബന്ധമായി നില്‍ക്കുന്നതു്.
"എന്നാല്‍ ഞാന്‍ കാര്യങ്ങളെ പലമടങ്ങു സങ്കീര്‍ണ്ണമാക്കിത്തീര്‍ത്തു; ഇപ്പോ ളിനി ദൈവത്തിനു തന്‍റെ സമ്പൂര്‍ണ്ണമായ പ്ലാനിലേക്കു് എന്നെ കൊണ്ടുവരുവാന്‍ സാധ്യ മല്ല" എന്നു നിങ്ങള്‍ പറയുന്നപക്ഷം അപ്പോള്‍ മാത്രം ദൈവത്തിനു് അതു അസാധ്യമാ യിത്തീരും. നിങ്ങള്‍ക്കു വേണ്ടി ദൈവത്തിനു ചെയ്വാന്‍ കഴിയുന്ന കാര്യം നിങ്ങള്‍ വിശ്വസിക്കുക മാത്രം ചെയ്യുമെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യുവാനും ദൈവ ത്തിനു് അസാധ്യമല്ലെന്നു് യേശു പറഞ്ഞിട്ടുണ്ടു്.
"നിന്‍റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ" എന്നതു് എല്ലാ കാര്യങ്ങളിലു മുള്ള ദൈവത്തിന്‍റെ നിയമമാണു് (മത്താ. 9:29). നമുക്കു് എന്തിനുവേണ്ടി വിശ്വാസ മുണ്ടോ അതു നമുക്കു ലഭിക്കും. ഒരു കാര്യം നമുക്കുവേണ്ടി ചെയ്യുവാന്‍ ദൈവത്തിനു് അസാധ്യമാണെന്നു നാം വിശ്വസിക്കുന്നപക്ഷം അതു് ഒരിക്കലും നമ്മുടെ ജീവിതത്തില്‍ നിറവേറ്റുവാന്‍ സാധ്യമല്ല.
നേരേമറിച്ചു് നിങ്ങളെക്കാള്‍ അധികമായി സ്വന്തജീവിതത്തെ സങ്കീര്‍ണ്ണമാക്കി ത്തീര്‍ത്ത മറ്റൊരു വ്യക്തിയെപ്പറ്റി ചിന്തിക്കുക. തന്‍റെ ജീവിതത്തിന്‍റെ ചിതറിപ്പോയ കഷണങ്ങള്‍ പെറുക്കിയെടുത്തു് വളരെ മനോഹരമായ ഒന്നു നിര്‍മ്മിക്കുവാന്‍ ദൈവ ത്തിനു സാധ്യമാണെന്നു് അയാള്‍ വിശ്വസിച്ചതുകൊണ്ടു മാത്രം അയാളുടെ ജീവിതത്തെ പ്പറ്റിയുള്ള ദൈവത്തിന്‍റെ സമ്പൂര്‍ണ്ണപദ്ധതി നിറവേറുവാന്‍ സാധിച്ചതായി ക്രിസ്തു വിന്‍റെ ന്യായാസനത്തിന്‍റെ മുമ്പില്‍ വച്ചു കാണുവാന്‍ നിങ്ങള്‍ക്കു് ഇടയാകും.
ആ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എത്ര വലിയ പശ്ചാത്താപമായിരിക്കും ഉണ്ടാവുക! നിങ്ങളുടെ പരാജയങ്ങള്‍ എത്ര അസംഖ്യമായിരുന്നാലും ശരി, അവയല്ല ദൈവത്തിന്‍റെ പദ്ധതിയെ നിഷ്ഫലമാക്കിയതു്. നേരേമറിച്ചു് നിങ്ങളുടെ അവിശ്വാസ മാണു് അതിനു കാരണമെന്നു് അന്നു നിങ്ങള്‍ കണ്ടെത്തും.
ഒട്ടനേകം വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞ മുടിയന്‍ പുത്രന്‍റെ കഥ, പരാജിതര്‍ ക്കുപോലും ദൈവം തന്‍റെ പരമോന്നതനന്മ നല്‍കുന്ന എന്നതിന്‍റെ ദൃഷ്ടാന്തമാണു്. ആ പിതാവു് ഇപ്രകാരം പറഞ്ഞു: "വേഗം മേല്‍ത്തരമായ അങ്കി കൊണ്ടു വരിക." തന്നെ ഇത്രമാത്രം അപമാനിച്ച ഒരുവനു വേണ്ടിയാണു് ഈ കല്‍പന പുറപ്പെട്ടതു്. സുവിശേഷത്തിന്‍റെ സന്ദേശം ഇതുതന്നെ: വീണ്ടെടുപ്പും പുതിയ ആരംഭവും; ഒരു വട്ടം മാത്രമല്ല, വീണ്ടും വീണ്ടും പല പ്രാവശ്യം. കാരണം, ദൈവം യാതൊരുത്തരെയും കൈവിടുന്നില്ല.
തന്‍റെ തോട്ടത്തില്‍ വേലക്കാരെ കൂലിക്കു നിറുത്തിയ മനുഷ്യന്‍റെ ഉപമയും (മത്താ. 20:116) ഇതേ കാര്യം പഠിപ്പിച്ചു തരുന്നു. പതിനൊന്നാം മണിനേരത്തു വിളിച്ചു നിറുത്തിയവര്‍ക്കാണു് ആദ്യം കൂലികൊടുത്തതു്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ ജീവിതത്തിന്‍റെ തൊണ്ണൂറുശതമാനവും (അഥവാ 11/12 ഭാഗം) ദുരുപയോഗ പ്പെടുത്തി നിത്യമായ വിലയുള്ളതൊന്നും നേടാതിരുന്ന ആളുകള്‍ക്കു തങ്ങളുടെ ജീവിത ത്തില്‍ ശേഷിച്ച പത്തു ശതമാനം സമയം കൊണ്ടു ദൈവത്തിനുവേണ്ടി മഹത്വകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞു. പരാജിതരായിത്തീര്‍ന്ന എല്ലാവര്‍ക്കും മഹത്തായ പ്രോത്സാഹനം നല്‍കുന്ന ഒരു കാര്യമാണിതു്.
പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാനാണല്ലോ മനുഷ്യപുത്രന്‍ വന്നതു് (1യോഹ. 3:8).
യേശു വന്നതു് നമ്മുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കെട്ടുകളും കുരുക്കു കളും അഴിച്ചുകളയുവാന്‍ വേണ്ടിയാണെന്നത്രേ ഇതിന്‍റെ അര്‍ത്ഥം. ഈ വസ്തുത നമുക്കു് ഇപ്രകാരം ചിത്രീകരിക്കാം. നാമെല്ലാവരും ശിശുക്കളായിരുന്നപ്പോള്‍ മനോഹ രമായ ഒരു നൂലുണ്ട നമ്മെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെയെല്ലാം അതേ നൂലുണ്ട പതിനായിരം കെട്ടുകള്‍ കൊണ്ടു കുരുങ്ങിയതായിത്തീര്‍ന്നിരിക്കുന്നു. ഈ കെട്ടുകള്‍ എല്ലാം അഴിച്ചു ശരിയാക്കാമെന്നുള്ള ഒരു പ്രതീക്ഷയും നമ്മില്‍ ശേഷിക്കു ന്നില്ല. നമ്മുടെ ജീവിതങ്ങളെ നോക്കുമ്പോള്‍ നാം നിരുത്സാഹരും നിരാശാബാധിതരുമാ യിത്തീരുന്നു. ഈ കെട്ടുകള്‍ മുഴുവനും അഴിച്ചു ശരിയാക്കി പഴയ നില പുനഃസ്ഥാപി ക്കുവാനാണു് യേശുക്രിസ്തു വന്നതു്. ഇതാണു് സുവിശേഷത്തിലടങ്ങിയ നല്ല വാര്‍ത്ത.
അതു് അസാധ്യമാണു് എന്നു നിങ്ങള്‍ പറയുന്നുവോ? ശരി, എങ്കില്‍ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കും. നിങ്ങളുടെ കാര്യത്തില്‍ അതു് അസാധ്യമായിത്തീരും.
എന്നാല്‍ നിങ്ങളുടേതിനെക്കാള്‍ മോശമായ ജീവിതമുള്ള ഒരുവന്‍ "അതേ, ഈ കാര്യം ദൈവം എന്‍റെ ജീവിതത്തില്‍ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു പറയുന്നതായി ഞാന്‍ കേള്‍ക്കുന്നു. അയാള്‍ക്കും അയാളുടെ വിശ്വാസം പോലെ തന്നെ സംഭവിക്കും. അയാളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണപദ്ധതി നിറവേറും.
യിരെ. 18:16ല്‍ ദൈവം യിരെമ്യാവിനോടു് ഒരു പ്രായോഗിക ദൃഷ്ടാന്തത്തി ലൂടെ സംസാരിച്ചു. കുശവന്‍റെ വീട്ടിലേക്കു പോകുവാന്‍ ദൈവം യിരെമ്യാവിനോടു് ആവശ്യപ്പെട്ടു. അവിടെ കുശവന്‍ ഒരു പാത്രം നിര്‍മ്മിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടി രിക്കുകയായിരുന്നു. എന്നാല്‍ ആ പാത്രം അവന്‍റെ കൈയില്‍ ചീത്തയായിപ്പോയി. അതിനാല്‍ കുശവന്‍ എന്തു ചെയ്തു? അയാള്‍ അതിനെ തനിക്കു് ഇഷ്ടം തോന്നിയതു പോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു.
ഇത്രയും പ്രസ്താവിച്ചശേഷം അതിന്‍റെ പ്രായോഗികവശമെന്തെന്നു് ദൈവം അരുളിച്ചെയ്തു: "......, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാന്‍ കഴികയില്ലയോ?" ഇതായിരുന്നു യഹോവയുടെ ചോദ്യം. (കുത്തിട്ടിരി ക്കുന്ന ഭാഗത്തു നിങ്ങളുടെ പേരു ചേര്‍ക്കുക. അപ്പോള്‍ അതു നിങ്ങളോടുള്ള ദൈവ ത്തിന്‍റെ ചോദ്യമായിത്തീരും.)
നിങ്ങളുടെ എല്ലാ പരാജയങ്ങളെയും പറ്റി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം നിങ്ങള്‍ക്കുണ്ടാകുമെങ്കില്‍, അപ്പോള്‍ നിങ്ങളുടെ പാപം രക്താംബരം പോലെ കടുംചുവപ്പായിരുന്നാലും പഴയനിയമത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ ദൈവം അതിനെ ഹിമത്തെക്കാള്‍ വെണ്മയുള്ളതാക്കും (യെശ. 1:18). പുതിയനിയമത്തി ലാകട്ടെ, ദൈവം നിങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനം ഇപ്രകാരമാണു്: "നിങ്ങളുടെ പാപങ്ങള്‍ ദൈവം ഇനി ഓര്‍ക്കുകയേ ഇല്ല" (എബ്രാ. 8:12).
നിങ്ങളുടെ പരാജയങ്ങളോ ഭീമാബദ്ധങ്ങളോ എന്തൊക്കെ ആയിരുന്നാലും ദൈവത്തോടുകൂടെ നിങ്ങള്‍ക്കു പുതിയൊരാരംഭം ഇടുവാന്‍ സാധിക്കും. കഴിഞ്ഞ കാലത്തു നിങ്ങള്‍ ഒരായിരം പുതിയ ആരംഭങ്ങള്‍ ഇടുകയും അപ്പോഴെല്ലാം പരാജയ പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍പ്പോലും നിങ്ങള്‍ക്കു് ഇന്നു് ആയിരത്തിയൊന്നാമത്തെ പുതിയ ആരംഭം ഇടാം. ഇപ്പോഴും നിങ്ങളുടെ ജീവിതത്തില്‍നിന്നു് ദൈവത്തിനു് അതി മഹത്തായ ഒരു കാര്യം നിറവേറ്റുവാന്‍ കഴിയും.
മനുഷ്യന്‍ ജീവനോടിരിക്കുന്ന കാലത്തോളം പ്രത്യാശയ്ക്കു വകയുണ്ടു്. അതിനാല്‍ ഒരിക്കലും ദൈവത്തെ വിശ്വസിക്കുന്നതില്‍ നിന്നു പിന്തിരിയരുതു്. തന്‍റെ പല മക്കളുടെ കാര്യത്തിലും ദൈവത്തിനു മഹത്വകരമായ പല കാര്യങ്ങളും ചെയ് വാന്‍ സാധിക്കാതിരുന്നതു് കഴിഞ്ഞ കാലത്തു് അവര്‍ പരാജയപ്പെട്ടിട്ടുള്ളതുകൊണ്ടല്ല, പിന്നെയോ ഇപ്പോള്‍ അവര്‍ അവിടുത്തെ വിശ്വസിക്കാത്തതു കൊണ്ടാണു്. അതിനാല്‍ ഇന്നുവരെയും അസാധ്യമെന്നു നാം വിചാരിച്ചിരുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഭാവികാ ലത്തു് ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു് വിശ്വാസത്താല്‍ ധീരരായിരിക്കുന്നതിലൂടെ ഇപ്പോള്‍ നമുക്കു ദൈവത്തെ മഹത്വപ്പെടുത്താം (റോമര്‍. 4:20).
എല്ലാ ആളുകള്‍ക്കും അവര്‍ ചെറുപ്പക്കാരാകട്ടെ, വൃദ്ധജനങ്ങളാകട്ടെ, കഴിഞ്ഞ കാലത്തു് അവര്‍ എത്രയധികം പരാജയപ്പെട്ടവരാണെങ്കില്‍ത്തന്നെയും തങ്ങ ളുടെ പരാജയങ്ങള്‍ ഏറ്റുപറകയും താഴ്മയുള്ളവരായി ദൈവത്തില്‍ ആശ്രയം വയ് ക്കുകയും ചെയ്യുന്നപക്ഷം പ്രത്യാശയ്ക്കു വകയുണ്ടു്. ഇപ്രകാരം നമുക്കെല്ലാവര്‍ ക്കും നമ്മുടെ പരാജയങ്ങളില്‍നിന്നു പാഠം പഠിക്കുകയും നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി നിറവേറ്റുവാനായി മുന്നോട്ടു പോവുകയും ചെയ്യാം. അങ്ങനെയെങ്കില്‍ പരിപൂര്‍ണ്ണപരാജയമായിരുന്നവരുടെ കാര്യത്തില്‍ ദൈവ ത്തിനു് എന്താണു ചെയ്വാന്‍ കഴിയുന്നതെന്നുള്ളതിനു ദൃഷ്ടാന്തമായി ഭാവികാലത്തു് നമ്മെ മറ്റുള്ളവര്‍ക്കു ചൂണ്ടിക്കാണിക്കുവാന്‍ ദൈവത്തിനു കഴിയും. "ക്രിസ്തുയേശു വില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനം" (എഫേ. 2:6) മുഖാന്തരം അവിടുന്നു് നമ്മില്‍ എന്താണു ചെയ്തതെന്നു് ആ ദിവസത്തില്‍ കര്‍ത്താവു് കാണിച്ചുകൊടുക്കും."
കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.