ദൈവത്തിന്‍റെ അനുഗ്രഹമോ അംഗീകാരമോ, ഏതാണു് നമുക്കാഗ്രഹം?

Article Body: 

രണ്ടു തരം വിശ്വാസികള്‍ ഉണ്ടു്: ഒരു കൂട്ടര്‍ ദൈവത്തിന്‍റെ അനുഗ്രഹം മാത്ര മാഗ്രഹിക്കുന്നു; മറ്റേ കൂട്ടരുടെ ആഗ്രഹം ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുക എന്നതാണു്. ഈ രണ്ടു നിലപാടുകള്‍ തമ്മില്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ഉള്ളിട ത്തോളം വ്യത്യാസമുണ്ടു്. വെളി. 7:914ല്‍ നാം വിശ്വാസികളായ ഒരു വലിയ ജനസമൂഹ ത്തെപ്പറ്റി വായിക്കുന്നു. ആ സമൂഹം എണ്ണിക്കൂടാതവണ്ണം അത്ര വിപുലമാണു്. അവരുടെ സാക്ഷ്യം തങ്ങളുടെ രക്ഷയ്ക്കു് അവര്‍ ദൈവത്തോടു് കടപ്പെട്ടിരിക്കുന്നു വെന്നും (വാ. 10) തങ്ങളുടെ അങ്കി കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകി വെണ്മയാക്കിയി രിക്കുന്നുവെന്നുമാണു് (വാ. 14). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവം അവരെ അനുഗ്രഹിച്ചിരിക്കുന്നു എന്നുതന്നെ. ഇതു തീര്‍ച്ചയായും നല്ല കാര്യമാണു്. എന്നാല്‍ വെളി. 14:15ല്‍ വിവരിക്കുന്ന വിശ്വാസികളുടെ മറ്റൊരു സമൂഹത്തിന്‍റെ സാക്ഷ്യ ത്തില്‍നിന്നും ഇതു വളരെ, വളരെയധികം വ്യത്യസ്തമായിരിക്കുന്നു.

വെളി. 14ല്‍ നാം വായിക്കുന്നതു് സംഖ്യയറ്റ ഒരു സമൂഹത്തെപ്പറ്റിയല്ല, മറിച്ചു് എണ്ണുവാന്‍ സാധ്യമായ, താരതമ്യേന ചെറുതായ, ഒരു സംഖ്യ വിശ്വാസികളെ പ്പറ്റിയാണു്. പരമാര്‍ത്ഥം പറഞ്ഞാല്‍ ഭൂമിയില്‍ അന്നോളം ജീവിച്ചിരുന്ന കോടാനു കോടി ജനങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ സംഖ്യ അതായതു് 144,000 ആളുകളെയാണു് അവിടെ നാം കാണുന്നതു്. അവരുടെ സാക്ഷ്യം, അവര്‍ ഭൂമിയില്‍ വച്ചു് യേശുക്രിസ്തുവിനെ എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ്ണമായി പിന്തുടര്‍ന്നുവെന്നും അവരുടെ വായില്‍ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ലെന്നും അവര്‍ സ്ത്രീകളോ ടുള്ള സമ്പര്‍ക്കം മൂലം (ഇവിടെപ്പറയുന്ന സ്ത്രീകള്‍ വെളി. 17ല്‍ വിവരിക്കുന്ന ബാബിലോണ്‍ എന്ന വേശ്യയും അവളുടെ പുത്രിമാരുമാണു്) മാലിന്യപ്പെടാത്തവരു മാണെന്നും അത്രേ. ചുരുക്കം പറഞ്ഞാല്‍ ഇത്രമാത്രം എല്ലാ കാര്യത്തിലും അവര്‍ ദൈവത്തെ പ്രസാദിപ്പിച്ചവരാണു്.

ഇവിടെയുള്ള താരതമ്യം സൂക്ഷ്മതയോടെ ശ്രദ്ധിക്കുക. ഒന്നാമത്തെ സമൂഹത്തിനു് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ലഭിച്ചു; രണ്ടാമത്തെ കൂട്ടരാകട്ടെ, അവിടുത്തെ അംഗീകാരം പ്രാപിച്ചു. നാമെന്തന്വേഷിക്കുമോ അതു നാം പ്രാപിക്കും. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടു നാം സംതൃപ്തരാണെങ്കില്‍ അതു മാത്രമേ നമുക്കു ലഭിക്കൂ. ദൈവത്തിന്‍റെ ഭൗതികാനുഗ്രഹങ്ങള്‍ മാത്രമാണു് നമുക്കു വേണ്ടതെങ്കില്‍ അവിടുത്തെ ആത്മീയാനുഗ്രഹങ്ങളുടെ തലത്തിലേക്കു് ഒരിക്കലും നാം ഉയരുകയില്ല.

ഭൂരിപക്ഷം വിശ്വാസികളും ദൈവാനുഗ്രഹങ്ങള്‍ കൊണ്ടുമാത്രം സംതൃപ്ത രാണു്. അതിലും പ്രത്യേകിച്ചു് ഭൗതികതലത്തിലുള്ള അനുഗ്രഹങ്ങള്‍ മാത്രമാണു് അവര്‍ക്കു വേണ്ടതു്. ഈ കാരണത്താലാണു് ഇന്നത്തെ ക്രിസ്തീയപുസ്തകാലയങ്ങള്‍ എങ്ങനെ സൗഖ്യം പ്രാപിക്കാം, ദശാംശം നല്‍കിയിട്ടു് എങ്ങനെ സമ്പന്നത പ്രാപിക്കാം എന്നും മറ്റുമുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞിരി ക്കുന്നതു്. ശാരീരികവും ഭൗതികവുമായ അഭിവൃദ്ധി, ആരോഗ്യം, സമ്പത്തു് എന്നിവയ് ക്കാണു് ഇവ ഊന്നല്‍ കൊടുക്കുന്നതു്. അഹന്തയില്‍ (സ്വയത്തില്‍) തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതത്തിന്‍റെ ഏറ്റവും വ്യക്തമായ ലക്ഷണമാണിതു്. എന്നാല്‍ ദൈവവചന ത്തില്‍ നാം എന്താണു വായിക്കുന്നതു്? "ഇനിമേല്‍ നാം നമുക്കു വേണ്ടിയല്ല, ക്രിസ്തു വിനു വേണ്ടിത്തന്നെ ജീവിക്കേണ്ടതിനു് ക്രിസ്തു നമുക്കുവേണ്ടി മരിച്ചു" എന്നുതന്നെ (2കൊരി. 5:15). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മെ പ്രസാദിപ്പിക്കുകയല്ല, ക്രിസ്തു വിനെ പ്രസാദിപ്പിക്കുകയാണു് നമുക്കാവശ്യം. അല്ല, ഇനി അല്‍പംകൂടി വ്യത്യസ്തമായ വാക്കുകളില്‍ പറഞ്ഞാല്‍ നമ്മില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതത്തില്‍ നിന്നു നമ്മെ വിടുവിച്ചു് ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തിലേക്കാനയിക്കുവാന്‍ വേണ്ടി യാണു് ക്രിസ്തു മരിച്ചതു്.

ഇക്കാലത്തു നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്ന ഒരു കാര്യം തികച്ചും ഒത്തുതീര്‍പ്പുസ്വഭാവത്തോടുകൂടിയ വളരെയധികം ക്രിസ്തീയപ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കുന്നതിനെപ്പറ്റിയാണു്. തന്‍റെ വചനത്തില്‍നിന്നു വ്യതിചലിച്ചു് ലോകവുമായി ഒത്തുതീര്‍പ്പു നടത്തുന്നതിനെപ്പറ്റി ദൈവം അസ്വസ്ഥനല്ല എന്നാണോ ഇതില്‍ നിന്നു നാം മനസ്സിലാക്കേണ്ടതു്? അല്ല, ഒരിക്കലും അങ്ങനെയല്ല കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം. തനിക്കു പൂര്‍ണ്ണമായി അംഗീകരിക്കുവാനാവാത്ത പല ശുശ്രൂഷ കളെയും ദൈവം അനുഗ്രഹിക്കുന്നുണ്ടു്. "വെള്ളം തരുവാന്‍ പാറയോടു നീ കല്‍പിക്കുക" എന്നു മാത്രമാണു് ദൈവം മോശെയോടു് അരുളിച്ചെയ്തതു്. മോശെയാകട്ടെ, ദൈവത്തോടു് അനുസരണക്കേടു കാണിച്ചുകൊണ്ടു് പാറയെ അടിച്ചപ്പോള്‍ അനുസരണം കെട്ട ആ ശുശ്രൂഷയെയും ദൈവം അനുഗ്രഹിച്ചു. പരമാര്‍ ത്ഥത്തില്‍ 20 ലക്ഷം ആളുകള്‍ ഈ ശുശ്രൂഷയാല്‍ അനുഗ്രഹിക്കപ്പെട്ടു. എന്നിട്ടും അനുസരണം കെട്ട തന്‍റെ ഭൃത്യനു് ദൈവം പിന്നീടു് ശിക്ഷ വിധിച്ചു (സംഖ്യാ. 20:815). തന്‍റെ ഭൃത്യന്‍ ചെയ്ത പ്രവൃത്തി ദൈവം അംഗീകരിച്ചതുകൊണ്ടല്ല, പിന്നെയോ ആ 20 ലക്ഷം ആളുകളെ ദൈവം സ്നേഹിച്ചതുകൊണ്ടാണു് ആ ശുശ്രൂഷയെ ദൈവം അനുഗ്രഹിച്ചതു്. ഇന്നും ഇതുപോലെയാണു് സംഭവിക്കുന്നതു്. രക്ഷയും രോഗശാന്തി യുമെല്ലാം ആവശ്യമായിരിക്കുന്ന ജനങ്ങളെ ദൈവം സ്നേഹിക്കുന്നതുമൂലമാണു് പല ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കുന്നതു്. എന്നാല്‍ യേശുവിന്‍റെ പേരില്‍ ഇന്നു ചെയ്യപ്പെടുന്ന പലതിനെയും ദൈവം അംഗീകരിക്കുന്നില്ല. ഒത്തുതീര്‍പ്പുകാരായ ഈ പ്രസംഗകരെ തക്കസമയത്തു ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും.

ഭൗതികാനുഗ്രഹങ്ങള്‍ ലഭിക്കുവാന്‍ ഒരുവന്‍ നിറവേറ്റേണ്ട ഏകവ്യവസ്ഥ ഒന്നുകില്‍ നല്ലവനായോ അല്ലെങ്കില്‍ കൊള്ളരുതാത്തവനായോ ജീവിക്കുക എന്നതാണു്. ദൈവം നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നുവെന്നു് യേശു പറഞ്ഞിട്ടുണ്ടല്ലോ (മത്താ. 5:45). അതിനാല്‍ ഒരുവന്‍ തന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ അംഗീകാരം പ്രാപിച്ചിരിക്കുന്നു എന്നതിനു തെളിവല്ല അവനു ലഭിക്കുന്ന ഭൗതികാനുഗ്രഹങ്ങള്‍. 20 ലക്ഷം യിസ്രായേല്‍ക്കാര്‍ 40 വര്‍ഷം മരുഭൂമിയില്‍വച്ചു് ദൈവം അവരോടു കോപാ കുലനായിത്തീരുമാറു് അനുസരണക്കേടു കാണിച്ചു (എബ്രാ. 3:17). എന്നിട്ടും ആ വര്‍ഷങ്ങള്‍ മുഴുവനും ദൈവം അവര്‍ക്കു് അത്ഭുതകരമായ വിധത്തില്‍ ഭക്ഷണവും രോഗശാന്തിയും നല്‍കി (ആവര്‍. 8:2). അതിനാല്‍ ഭൗതികതലത്തില്‍ പ്രാര്‍ത്ഥനയ്ക്കു ലഭിക്കുന്ന അത്ഭുതകരമായ ഉത്തരം ഒരുവന്‍റെ ജീവിതത്തില്‍ ദൈവം പ്രസാദിച്ചിരി ക്കുന്നുവെന്നതിന്‍റെ തെളിവല്ല.

നേരേമറിച്ചു് യേശുവിനു് 30 വയസ്സുണ്ടായിരുന്ന കാലത്തു് ദൈവത്തിന്‍റെ അംഗീകാരം അവിടുത്തേക്കു ലഭിക്കുകയുണ്ടായി. ഒരേ ഒരു കാരണത്താല്‍ മാത്രമാ യിരുന്നു ഇതു്. യേശു ആ വര്‍ഷങ്ങളിലെല്ലാം പാപപ്രലോഭനങ്ങളോടു വിശ്വസ്തത യോടുകൂടി പോരാടി അവയുടെമേല്‍ ജയം നേടിയെന്നതാണു് ആ കാരണം. അവിടുന്നു് തന്നിലല്ല, പിതാവില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതം നയിച്ചു. തന്നെത്തന്നെ പ്രസാദി പ്പിക്കുന്നതൊന്നും അവിടുന്നു് ചെയ്തില്ല (റോമര്‍. 15:3). അവിടുത്തെ സ്നാനസമയത്തു് പിതാവു് ഇപ്രകാരം സാക്ഷ്യം പറഞ്ഞു: "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു." "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനെ ഞാന്‍ അനുഗ്രഹിച്ചി രിക്കുന്നു" എന്നല്ല ദൈവം അരുളിച്ചെയ്തതു്. ഇത്തരമൊരു സാക്ഷ്യത്തിനു് ഒരു പ്രാധാന്യവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ആദ്യം പറഞ്ഞവിധം ദൈവത്തിന്‍റെ അംഗീകാരത്തെ കുറിക്കുന്നതായ ആ സാക്ഷ്യം യേശുവിനു് തന്‍റെ ജീവിതത്തില്‍ എല്ലാമെല്ലാം ആയിരുന്നു. യേശുവിനെ പിന്തുടരുക എന്നുവച്ചാല്‍ നാമും ആ സാക്ഷ്യം പ്രാപിക്കുവാന്‍ ആഗ്രഹിക്കുക എന്നാണു് അതിന്‍റെ അര്‍ത്ഥം.

ആദാമിന്‍റെ സന്തതികളെന്ന നിലയില്‍ നാമെല്ലാവരും സ്വയത്തില്‍ കേന്ദ്രീകരി ച്ചവരായി ജനിച്ചിരിക്കുന്നു. സകലവും നമ്മെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കണമെന്നും നമ്മെ സേവിക്കണമെന്നും നാം ആഗ്രഹിക്കുന്നു. നാം മാനസാന്തരപ്പെടുന്നതോടെ ദൈവവും നമ്മെ താങ്ങി പ്രവര്‍ത്തിക്കണമെന്നും വിവിധരൂപങ്ങളില്‍ നമ്മെ അനുഗ്രഹി ക്കണമെന്നും നാം ആഗ്രഹിക്കുന്നു. ആദ്യമായി പാപക്ഷമയെന്ന അനുഗ്രഹം നേടുവാന്‍ അവിടുത്തെ അടുക്കല്‍ വരുന്നു. അനന്തരം നാം രോഗശാന്തി, പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം, ഭൗതികൈശ്വര്യം, ജോലി, വീടു്, വിവാഹപങ്കാളി തുടങ്ങിയവയെല്ലാം അന്വേഷിച്ചുകൊണ്ടു മുന്നോട്ടുപോകുന്നു. എന്നാല്‍ നമ്മുടെയും മറ്റുള്ളവരുടെയും ദൃഷ്ടിയില്‍ നാം ആഴമായ മതഭക്തിയുള്ളവരായിരിക്കത്തന്നെ നമ്മുടെ ജീവിതങ്ങള്‍ സ്വയത്തില്‍ കേന്ദ്രീകരിച്ചവയായിത്തീരുവാന്‍ സാധ്യമാണു്. നമ്മുടെ ഭ്രമണപഥത്തി ലുള്ള അനേകം വ്യക്തികളില്‍ ഒരാളായി ദൈവം തീരുന്നു. ആ ദൈവത്തില്‍നിന്നു നമുക്കു ലഭിക്കാവുന്നതൊക്കെ നേടുവാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു. തന്‍റെ പിതാവിന്‍റെ അടുക്കല്‍നിന്നു വിശപ്പടക്കുവാനുള്ള ഭക്ഷണം നേടുവാനാണു് മുടിയന്‍ പുത്രന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നതു്. എന്നിട്ടും പിതാവു് അവനെ കൈക്കൊണ്ടു. നമ്മുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും സ്വാര്‍ത്ഥപരമായിരിക്കുമ്പോള്‍ തന്നെയും ദൈവം നമ്മെ കൈക്കൊള്ളുന്നു. വ്യക്തമായും സ്വാര്‍ത്ഥപരമായ ഒരു ലക്ഷ്യത്തോടെ നാം അവിടുത്തെ അടുക്കല്‍ വരുമ്പോള്‍ പോലും നമ്മെ സ്വീകരിക്കുവാന്‍ വാഞ്ഛിക്കുന്ന വനാണു് ദൈവം. അത്രയധികം അവിടുന്നു് നമ്മെ സ്നേഹിക്കുന്നു. എങ്കിലും നാം വേഗത്തില്‍ പക്വതയിലേക്കു വളരുകയും, വാങ്ങുകയല്ല, കൊടുക്കുക തന്നെ ശീലമായിട്ടുള്ള ദിവ്യസ്വഭാവത്തില്‍ പങ്കാളികളാകുമാറു് യഥാര്‍ത്ഥമായ ആത്മീയത യില്‍ വന്നെത്തുകയും ചെയ്യണമെന്നാണു് ദൈവം ആഗ്രഹിക്കുന്നതു്. എന്നാല്‍ തന്‍റെ മക്കളില്‍ ഭൂരിപക്ഷം പേരുടെ കാര്യത്തിലും ഈ ലക്ഷ്യം സാധിച്ചുകാണുവാന്‍ ദൈവത്തിനു സാധിക്കുന്നില്ല. 'ഞാന്‍', 'എനിക്കു്', 'എന്‍റെ' എന്നീ കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്ന അഹന്താകേന്ദ്രീകൃതമായ അവസ്ഥയിലും ഭൗതികാനുഗ്രഹങ്ങ ളിലും മാത്രം ശ്രദ്ധിച്ചുകൊണ്ടു് അവര്‍ ജീവിക്കുകയും മരണമടയുകയും ചെയ്യുന്നു!

പക്വത പ്രാപിക്കുക എന്നുവച്ചാല്‍ എന്താണു് അതിന്‍റെ അര്‍ത്ഥം? നമുക്കു ദൈവത്തില്‍ നിന്നു കിട്ടാവുന്ന കാര്യങ്ങളെപ്പറ്റി മേലാല്‍ ചിന്തിക്കാതെ നമ്മുടെ ഒരൊറ്റ ഭൗതികജീവിതത്തില്‍ നമ്മില്‍നിന്നു ദൈവത്തിനു കിട്ടാവുന്ന കാര്യങ്ങള്‍ ചിന്തി ക്കുമാറു് നമ്മുടെ മനസ്സു പുതുക്കപ്പെടുക എന്നാണു് അതിന്‍റെ അര്‍ത്ഥം. മനസ്സിന്‍റെ ഈ നവീകരണമാണു് ജീവിതത്തിനു രൂപാന്തരം ഉളവാക്കുന്നതു് (റോമര്‍. 12:2). ഇതാണു് വെളി. 14ല്‍ പറയുന്ന 144,000 പേര്‍ക്കു് ക്രിസ്തുവിന്‍റെ കാന്തയാകുവാന്‍ യോഗ്യത നല്‍കിയതു്.

യഥാര്‍ത്ഥ ആത്മീയത എന്നതു് കോപം, ഈര്‍ഷ്യ, ദുര്‍മ്മോഹചിന്ത, ദ്രവ്യാ ഗ്രഹം, തുടങ്ങിയവയുടെമേല്‍ വിജയം ലഭിക്കുന്നതു മാത്രമല്ല, തനിക്കുവേണ്ടി ത്തന്നെയുള്ള ജീവിതത്തില്‍നിന്നുള്ള ഒരു വിരാമമാണതു്. എന്‍റേതു്, എന്‍റെ സ്വന്തലാഭം, സ്വന്തസുഖം, സ്വന്തസൗകര്യം, സ്വന്ത ഇച്ഛ, സ്വന്ത അവകാശം, സ്വന്ത മാനം, എന്നു വേണ്ടാ സ്വന്ത ആത്മീയതയെത്തന്നെയും അന്വേഷിക്കാതിരിക്കുന്ന ഒരവസ്ഥയാണതു്. തങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമെന്നു് ശിഷ്യന്മാര്‍ യേശുവിനോടപേക്ഷി ച്ചപ്പോള്‍, 'ഞാന്‍', 'എനിക്കു', 'എന്‍റെ' എന്നീ വാക്കുകള്‍ ഒരിക്കല്‍ പോലും വരാത്ത ഒരു പ്രാര്‍ത്ഥന അവിടുന്നു് അവരെ പഠിപ്പിച്ചു (ലൂക്കോ. 11:14). ആദ്യമായി പിതാവിന്‍റെ നാമം, രാജ്യം, ഇഷ്ടം എന്നിവയെപ്പറ്റിയും അനന്തരം തങ്ങളെക്കുറിച്ചെന്നപോലെ തങ്ങളുടെ സഹവിശ്വാസികളെപ്പറ്റിയും അവരുടെ ഭൗതികവും ആത്മീയവുമായ നന്മയെപ്പറ്റിയും ഭാരമുള്ളവരായിത്തീരുവാന്‍ അവിടുന്നു് അതിലൂടെ അവരെ പഠിപ്പിച്ചു. ഈ പ്രാര്‍ത്ഥന മനഃപാഠമായിപ്പഠിച്ചു് തത്തയെപ്പോലെ ഉരുവിടുവാന്‍ ഒരുവനു കഴിയും. എന്നാല്‍ നമ്മുടെ ഹൃദയം കൊണ്ടു് ആ പാഠം പഠിക്കണമെങ്കില്‍ നാം സകലവും ത്യജിച്ചു് ദൈവത്തെമാത്രം നമ്മുടെ ഹൃദയകേന്ദ്രത്തില്‍ പ്രതിഷ്ഠി ക്കേണ്ടതാവശ്യമാണു്. നമ്മെത്തന്നെ വിധിക്കുന്നതില്‍ നാം സത്യസന്ധരാണെങ്കില്‍ നമ്മുടെ അവയവങ്ങളില്‍ എല്ലാ സമയത്തും നാം കാണുന്ന പ്രമാണം (റോമര്‍. 7:22) സ്വാര്‍ത്ഥതയെന്ന പ്രമാണമാണെന്നു് നാം ഗ്രഹിക്കും. നമ്മുടെ സൗകര്യം, നമ്മുടെ അവകാശം എന്നിവയെ ജീവിതകാലം മുഴുവന്‍ അന്വേഷിപ്പാനുള്ള ദുരാഗ്രഹം തന്നെയാണിതു്.

മുമ്പേ ദൈവരാജ്യം അന്വേഷിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചു. അതിന്‍റെ അര്‍ത്ഥം സ്വയത്തെ സിംഹാസനത്തില്‍ നിന്നിറക്കിയശേഷം ദൈവത്തെയും അവിടുത്തെ താല്‍പര്യങ്ങളെയും ജീവിതകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുക എന്നതുതന്നെ യാണു്. ഈ ഭൂമിയില്‍ തന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുവാനായി യേശു സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷം പരിത്യജിച്ചു. കര്‍ത്താവിനുവേണ്ടി യാതനകള്‍ സഹിച്ചു കൊണ്ടു് ക്രിസ്തുവിന്‍റെ അപ്പൊസ്തലനായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടി തര്‍സോസില്‍ ഒരു ബിസിനസ്സുകാരനായി ജീവിക്കുന്നതിന്‍റെ സന്തോഷം പൗലോസ് ഉപേക്ഷിച്ചു. അപ്പൊസ്തലന്മാരില്‍ ഓരോരുത്തരും ദൈവത്തില്‍ കേന്ദ്രീകരിച്ച ത്യാഗപൂര്‍ണ്ണമായ ജീവിതമാണു് നയിച്ചതു്. ഇന്നത്തെ ഒട്ടധികം ടൂറിസ്റ്റ് സുവിശേഷകപ്രവര്‍ത്തകരില്‍ നിന്നു വ്യത്യസ്തരായി ഈ ഭൂമിയില്‍ ദൈവരാജ്യം വളര്‍ത്തുവാന്‍വേണ്ടി തങ്ങള്‍ ക്കുള്ളതെല്ലാം അവര്‍ പരിത്യജിച്ചു.

നമ്മുടെ സ്വന്ത സുഖവും സൗകര്യവും ആന്വേഷിക്കുന്ന സ്ഥിതിയില്‍ മാത്രം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ഒരു വിശുദ്ധി (കോപത്തെയും മ്ലേച്ഛചിന്തകളെയും ജയിക്കുവാന്‍ നമുക്കു സാധിച്ചെന്നു വന്നാല്‍ത്തന്നെയും) ഒരു കപടവിശുദ്ധിയാണു്. ഒട്ടധികമാളുകളും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു സത്യമാണിതു്. തന്മൂലം അവരെ വഞ്ചി ക്കുവാന്‍ സാത്താനു സാധിക്കുന്നു. ധാരാളം ക്രിസ്ത്യാനികള്‍ സൂഖവും സൗകര്യവും സമ്പത്തുമന്വേഷിച്ചു സഞ്ചരിക്കുകയും അന്യദേശങ്ങളില്‍ കുടിയേറുകയും ചെയ്യുന്നു. അവര്‍ക്കു് അപ്പോഴും തങ്ങളുടെ ജീവിതത്തിന്മേല്‍ ദൈവത്തിന്‍റെ അനുഗ്രഹം കൈവരി ക്കുവാന്‍ സാധിക്കും. എന്നാല്‍ ഒരിക്കലും അവര്‍ക്കു ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നില്ല. എന്തെന്നാല്‍ യാതൊരു മനുഷ്യനും ദൈവത്തെയും അതേസമയം മാമോനെയും (അതായതു് ധനം, സുഖം, സൗകര്യം എന്നിവ) സേവിക്കുവാന്‍ സാധ്യമല്ല. നമ്മുടെമേലും നമ്മുടെ മക്കളുടെമേലും ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹം ദൈവം നമ്മില്‍ പ്രസാദിച്ചിരിക്കുന്നതിന്‍റെ തെളിവാണെന്നു നാം ചിന്തിക്കുന്നപക്ഷം, സാത്താന്‍ സത്യമായും നമ്മെ വഞ്ചിച്ചിരിക്കുന്നു. ദൈവാനുഗ്രഹവും ദൈവികാംഗീകാരവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണു്. നമ്മുടെ ഭൗമികജീവിതത്തിന്‍റെ അവസാനത്തില്‍ നമുക്കു ലഭിക്കേണ്ട സാക്ഷ്യം "അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു" എന്നിങ്ങനെ ഹാനോക്കിനു താന്‍ ഭൂമിയില്‍ നിന്നു് എടുക്കപ്പെടുന്നതിനുമുമ്പു ലഭിച്ച സാക്ഷ്യം തന്നെയായിരിക്കണം (എബ്രാ. 11:5). ഇതില്‍ മൂന്നു വാക്കുകളേ ഉള്ളു. എങ്കിലും തന്‍റെ ഭൗമികജീവിതത്തെപ്പറ്റി ഇതിലധികം ശക്തമായ ഒരു സാക്ഷ്യം ഒരു മനുഷ്യനു ലഭിക്കുവാന്‍ സാധ്യമല്ല. യേശുവിനും പൗലോസിനും ലഭിച്ച സാക്ഷ്യവും ഇതു തന്നെയായിരുന്നു. "അവനു് ദൈവത്തിന്‍റെ അനുഗ്രഹം ലഭിച്ചു" എന്ന ഒരു സാക്ഷ്യം മാത്രം ലഭിക്കുന്നതിനു് ഒരു വിലയുമില്ല. കാരണം, പതിനായിരക്കണക്കിനു് അവിശ്വാസികള്‍ക്കും ഈ സാക്ഷ്യം ലഭിക്കുന്നുണ്ടു്.

തന്‍റെ അനുഗ്രഹമല്ല, അംഗീകാരം തന്നെ ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന വര്‍ക്കായി ഇന്നു് ദൈവം നോക്കിക്കാത്തിരിക്കുന്നു.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.