ഒരു നല്ല പൂന്തോട്ടമുണ്ടാക്കുവാന്‍ ഞാന്‍ കണ്ടെത്തിയിട്ടുള്ള അഞ്ചു പ്രമാണങ്ങളിതാ. ഇതു വിവാഹജീവിതത്തിലും നമുക്കു പ്രായോഗികമാക്കുവാന്‍ കഴിയും.
1. രോഗങ്ങളെ പ്രതിരോധിക്കുന്ന വിത്തുകള്‍ ഉപയോഗിക്കുക:
രോഗം നിയന്ത്രിക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗം രോഗം വന്നശേഷം ചികില്‍സിച്ചു ഭേദമാക്കുന്നതല്ല, മറിച്ച് അതു വരാതെ തടയുന്നതാണ്. നാം നാവുകൊണ്ടാണ് വിത്തു വിതയ്ക്കുന്നത്. അന്യോന്യം സംസാരിക്കുന്ന വാക്കുകള്‍ കൊണ്ടു നാം രോഗം പരത്തുന്നില്ലെന്നു ഉറപ്പു വരുത്തുക. നിങ്ങള്‍ സംസാരിക്കുമ്പോള്‍ രോഗത്തെ പ്രതിരോധിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുക. ചെടികള്‍ക്കുള്ള ചില രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനു തുടര്‍ച്ചയായി മരുന്നു തളിക്കേണ്ടതുണ്ട്. നിങ്ങളുടെ തോട്ടത്തില്‍ കളകള്‍ ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാവിനോടു നിങ്ങള്‍ കര്‍ശനമായി ഇടപെടണം. നിങ്ങളുടെ വിവാഹജീവിതത്തിലും കളകള്‍ വളര്‍ന്നുവരുന്നത് ഒരിക്കലും അനുവദിക്കുകയില്ലെന്നു ഞാന്‍ കരുതുന്നു.
2.വളം ചേര്‍ത്ത് മണ്ണിനെ പുഷ്ടിയുള്ളതാക്കുക:
സന്തുഷ്ടമായ വൈവാഹികജീവിതത്തിന് അന്യോന്യം പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും വേണം. ഇത്തരം വളം നിരന്തരം ചേര്‍ക്കുക- തീര്‍ച്ചയായും നിങ്ങള്‍ക്കു നല്ല വിളവു ലഭിക്കും.
3. രോഗം നിയന്ത്രിക്കാന്‍ കഴിയാത്ത ചെടികളെ നശിപ്പിക്കുക:
നിയന്ത്രിക്കാനാകാത്തതും ഒരു ശീലമെന്ന നിലയില്‍ വേരുറച്ചുപോയതുമായ കാര്യങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന് അമിതമായ ടെലിവിഷന്‍കാണല്‍. അതിനെ നശിപ്പിക്കുക. ടെലിവിഷന്‍ സെറ്റിനെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അതിനു മുമ്പില്‍ പാഴാക്കുന്ന സമയത്തെയാണ്. അത്തരം കാര്യങ്ങളെ നിയന്ത്രണവിധേയമാക്കുക. നിയന്ത്രിക്കാന്‍ കഴിയാത്ത രോഗങ്ങളെക്കുറിച്ചാണ് ഈ പ്രമാണത്തില്‍ പറയുന്നത്. നിങ്ങള്‍ക്ക് അവയെ നിയന്ത്രിക്കാമെങ്കില്‍ കുഴപ്പമില്ല. പക്ഷേ അത്തരം പ്രവൃത്തികളെ നിയന്ത്രിക്കേണ്ടത് പരമപ്രധാനമാണ്.
4. രോഗസാധിതമായ ഇലകള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ത്തന്നെ മുറിച്ചു മാറ്റുക:
ഇതിന്റെ അര്‍ത്ഥം ഇതാണ്: നിങ്ങള്‍ മറ്റൊരു വ്യക്തിയെ മുറിവേല്പിച്ചു എന്നു മനസ്സിലാക്കിയാല്‍-അതു രോഗബാധിതമായ ഒരു ഇലയാണ്- ഉടന്‍ തന്നെ അതു മുറിച്ചുമാറ്റുക. ഉടനെതന്നെ ക്ഷമ ചോദിക്കുക; സ്വയം ക്ഷമിക്കുക. അപ്പോള്‍ ആ ഇല മുറിച്ചുമാറ്റിക്കഴിഞ്ഞു. അങ്ങനെ ചെയ്യാത്തപക്ഷം പ്രശ്‌നം വഷളായെന്നു വരാം. ഒരു കാര്യം കൂടി: മുറിച്ചുമാറ്റിയ, രോഗം ബാധിച്ച ആ ഇല ദൂരെ എറിഞ്ഞുകളക: ഭൂകാലത്തെ ഓര്‍ത്തുകൊണ്ടിരിക്കരുത്.
5. വേണ്ട നിലയില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നതില്‍ കൂടുതല്‍ ഒരിക്കലും നടരുത്:
ചെടികള്‍ തിങ്ങിനിറഞ്ഞുപോകരുത്. തിങ്ങിനിറഞ്ഞുനിന്നാല്‍ ചെടികള്‍ക്കു വേണ്ട വായുവും വെളിച്ചവും ലഭിക്കാതെ വരും. അതിന്റെ അര്‍ത്ഥം 24 മണിക്കൂറും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കരുതെന്നാണ്. അങ്ങനെവന്നാല്‍ നിങ്ങളുടെ വൈവാഹികജീവിതമായ പൂന്തോട്ടത്തെ അവഗണിക്കാന്‍ ഇടയാകും- കുടുംബം നിങ്ങളുടെ ഏറ്റവും ഒടുവിലത്തെ പരിഗണന ആയിപ്പോകും. നിങ്ങളുടെ 'കുടുംബ'മാകുന്ന പൂന്തോട്ടം നിങ്ങളുടെ ഒന്നാമത്തെ പരിഗണന ആയിരിക്കണം. തിങ്ങി വിങ്ങി നിന്നാല്‍ വേണ്ട ത്ര സൂര്യപ്രകാശം (ദൈവിക വെളിച്ചം) ലഭിക്കുന്നതും വായുസഞ്ചാരം (ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള നല്ല കൂട്ടായ്മയും) ലഭ്യമാകുന്നതും തടസ്സപ്പെടും.
ലോകമെങ്ങുമുള്ള പൂന്തോട്ടങ്ങള്‍ക്കു വേണ്ടിയുള്ള ദൈവികപ്രമാണമാണിത്. അതുകൊണ്ട് കുടുംബത്തിനു നിങ്ങളുടെ ഒന്നാമത്തെ പരിഗണന തന്നെ നല്‍കുക.