ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ ശിഷ്യന്‍
WFTW Body: 

വെളിപ്പാട് 14:1-5 വരെയുള്ള വാക്യങ്ങളിൽ തങ്ങളുടെ ഭൗമിക ജീവിതങ്ങളിൽ പൂർണ്ണഹൃദയത്തോടെ കർത്താവിനെ പിൻഗമിച്ച ശിഷ്യന്മാരുടെ ഒരു സംഘത്തെ കുറിച്ച് നാം വായിക്കുന്നു. അന്ത്യനാളിൽ അവർ ജയാളികളായി യേശുവിൻ്റെ കൂടെ നിൽക്കുന്നു -കാരണം ദൈവത്തിന് അവിടുത്തെ മുഴുവൻ ഉദ്ദേശവും അവരുടെ ജീവിതങ്ങളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു.

വെളിപ്പാട് 7:9-10 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നതുപോലെ, പാപങ്ങൾ ക്ഷമിക്കപ്പെട്ടവർ, ആർക്കും എണ്ണി കൂടാത്ത ഒരു മഹാപുരുഷാരമാണ്: "ഇതിൻ്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണി കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയും ആയി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നത് ഞാൻ കണ്ടു. രക്ഷ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവൻ ആയ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്ന് അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു".

എന്നാൽ വെളിപ്പാട് 14ൽ പരാമർശിച്ചിരിക്കുന്ന ശിഷ്യന്മാരുടെ സംഘം വളരെ ചെറിയ ഒന്നാണ്, അത് എണ്ണാൻ പറ്റുന്നതാണ് - 144,000. ആ സംഖ്യ അക്ഷരാർത്ഥത്തിലുള്ളതാണോ, പ്രതീകാത്മകമാണോ (വെളിപ്പാട് പുസ്തകത്തിൽ കൂടുതൽ വിവരണവും ആയിരിക്കുന്നതുപോലെ) എന്നത് അപ്രസക്തമാണ്. വലിയ പുരുഷാരത്തോട് താരതമ്യം ചെയ്യുമ്പോൾ അത് വളരെ ചെറിയ സംഖ്യയാണ് എന്നതാണ് ഇവിടുത്തെ വിഷയം.

ഇത് ഭൂമിയിൽ വച്ച് ദൈവത്തോട് സത്യസന്ധരും വിശ്വസ്തരും ആയിരുന്ന ഒരു ശേഷിപ്പാണ്. അവർ ശോധന ചെയ്യപ്പെടുകയും ദൈവത്തിൻ്റെ അംഗീകാരത്തിന്റെ സാക്ഷ്യപത്രം തേടിയവരും ആയിരുന്നു. ദൈവം തന്നെ അവരെ കുറിച്ച് സാക്ഷ്യം പറയുന്നത് "അവർ തങ്ങളെ തന്നെ നിർമ്മലന്മാരായി സൂക്ഷിച്ചിരുന്നു... കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവിടുത്തെ അനുഗമിച്ചു... അവരുടെ വായിൽ ഭോഷ്ക് (കപടം) ഇല്ലായിരുന്നു... അവർ കളങ്കമില്ലാത്തവരായിരുന്നു" (വെളിപ്പാട് 14:4, 5).

ഇവർ ദൈവത്തിൻ്റെ ആദ്യഫലമാണ്. അവർ ക്രിസ്തുവിൻ്റെ കാന്തയിൽ ഉൾപ്പെടുന്നവരാണ്. കുഞ്ഞാടിന്റെ കല്യാണനാളിൽ എല്ലാവർക്കും വ്യക്തമാകാൻ പോകുന്നത് സകല കാര്യങ്ങളിലും ചെറുതും വലുതുമായ എല്ലാറ്റിലും ദൈവത്തോട് തീർത്തും സത്യസന്ധരും വിശ്വസ്തരും ആയിരുന്നത് തീർത്തും നേട്ടമായിരുന്നു എന്നാണ്.

ആ നാളിൽ, സ്വർഗ്ഗത്തിൽ ഉറക്കെ കേൾക്കുന്ന ശബ്ദം "നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്വം കൊടുക്കുക, കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; തൻ്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു" എന്നതാണ് (വെളിപ്പാട് 19:7).

ഭൂമിയിൽ വച്ച് തങ്ങളുടെ സ്വന്ത നേട്ടവും മാനവും അന്വേഷിച്ചവർ, തങ്ങളുടെ നഷ്ടം യഥാർത്ഥത്തിൽ എത്ര വലിയതാണെന്ന് അന്നു മാത്രമേ പൂർണ്ണമായി അറിയുകയുള്ളൂ. കർത്താവിനെക്കാൾ ഉപരി പിതാവിനെയോ, മാതാവിനെയോ, ഭാര്യയെയോ, മക്കളെയോ അല്ലെങ്കിൽ സഹോദരന്മാരെയോ, സഹോദരിമാരെയോ അല്ലെങ്കിൽ തങ്ങളുടെതന്നെ ജീവനെയോ, അല്ലെങ്കിൽ ഭൗതികവസ്തുക്കളെയോ സ്നേഹിച്ചവർ അന്നു തങ്ങളുടെ നിത്യനഷ്ടം അവർ കണ്ടുപിടിക്കും.

യേശുവിൻ്റെ കൽപ്പനകൾ മുഴുവനായി അനുസരിച്ചവരും അവിടുന്ന് നടന്നതുപോലെ തന്നെ നടക്കുവാൻ തങ്ങളുടെ പൂർണ്ണഹൃദയത്തോടും അന്വേഷിച്ചവരുമാണ് ഭൂമിയിൽ ഏറ്റവും കൂടുതൽ വിവേകം ഉണ്ടായിരുന്നവർ എന്ന് അപ്പോൾ വ്യക്തമാകും. ക്രൈസ്തവ ലോകത്തിൻ്റെ പൊള്ളയായ ബഹുമതി എത്രമാത്രം ചവറാണ് എന്ന് അന്ന് വ്യക്തമായി കാണപ്പെടും. നാം ക്രിസ്തുവിൻ്റെ കാന്തയിൽ ആയിത്തീരുവാൻ യോഗ്യരാണോ എന്ന് നമ്മെ ശോധന ചെയ്യാൻ ദൈവം ഉപയോഗിച്ച ഉപാധികൾ മാത്രമാണ് പണവും ഭൗതിക വസ്തുക്കളും എന്ന് അപ്പോൾ നാം കാണും.

ഓ അന്നു നാം വ്യക്തമായി കാണാനിരിക്കുന്ന യാഥാർത്ഥ്യങ്ങളുടെ ചില കാര്യങ്ങൾ കാണുവാൻ ഇപ്പോഴേ നമ്മുടെ കണ്ണുകൾ തുറക്കപ്പെട്ടെങ്കിൽ!

ഏതൊരു മനുഷ്യനും ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതി, അന്ന് ക്രിസ്തുവിൻ്റെ കാന്തയിൽ ഒരു സ്ഥാനം കണ്ടെത്തുക എന്നതാണ് - ദൈവത്താൽ തന്നെ ശോധന ചെയ്യപ്പെട്ട് അംഗീകരിക്കപ്പെട്ട ഒരുവനെപ്പോലെ.

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ആമേൻ