യേശുവിനെ പിന്തുടർന്ന കുരുടന്മാരുടെ സംഭവവിവരണം നമുക്കു നോക്കാം. മത്താ. 9:27 ൽ, നാം വായിക്കുന്നത് രണ്ടു കുരുടന്മാർ "ഞങ്ങളോട് കരുണ തോന്നണമേ" എന്നു പറഞ്ഞുകൊണ്ട് യേശുവിനെ പിന്തുടർന്നു, അപ്പോൾ യേശു അവരോട് "ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തു തരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്" എന്ന് ചോദിച്ചു (ഇതിനു സമാന്തരമായ വേറൊരു സുവിശേഷത്തിലുള്ള ലേഖന ഭാഗത്ത് ഇത് വ്യക്തമായി തീരുന്നു). അവർ ഇപ്രകാരം പറഞ്ഞു "ഞങ്ങളുടെ കണ്ണുകൾ തുറക്കപ്പെടണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" അപ്പോൾ മത്താ. 9:28 ൽ യേശു അവരോട് ഒരു ചോദ്യം ചോദിക്കുന്നു, "ഇത് ചെയ്യുവാൻ എനിക്ക് കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?"
അതു വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണ്. നിങ്ങൾ ദൈവത്തോട് നിങ്ങളുടെ ആവശ്യം അപേക്ഷിക്കുമ്പോൾ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന ഏതൊരു കാര്യത്തെക്കുറിച്ചും കർത്താവ് ചോദിക്കുന്ന ഒരു പ്രധാന ചോദ്യം അതാണ്, "കർത്താവേ, എനിക്ക് എൻ്റെ അന്ധനേത്രങ്ങൾ തുറക്കപ്പെടേണം എന്നു ഞാൻ ആഗ്രഹിക്കുന്നു," അല്ലെങ്കിൽ, "ഒരു രോഗം സൗഖ്യമാക്കപ്പെടേണം," അല്ലെങ്കിൽ, "പാപകരമായ ഒരു പ്രത്യേക ശീലത്തിൽ നിന്നും രക്ഷിക്കപ്പെടണം," അല്ലെങ്കിൽ, "കർത്താവേ എനിക്ക് ഒരു ജോലി ആവശ്യമുണ്ട്," അല്ലെങ്കിൽ, "എനിക്ക് ജീവിക്കാൻ ഒരിടം കണ്ടുപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ഇങ്ങനെ ദൈവത്തോട് ചോദിക്കാൻ കഴിയുന്ന വളരെയധികം കാര്യങ്ങളുണ്ട്. ദൈവം നമ്മുടെ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും കരുതുന്നു, ആത്മീയവും ഭൗതികവും, എന്നാൽ നാം നമ്മുടെ പ്രത്യേക അപേക്ഷകൾ ദൈവത്തോട് നടത്തിക്കഴിയുമ്പോൾ കർത്താവ് നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്: "നിങ്ങൾക്കു വേണ്ടി ഇതു ചെയ്യുവാൻ എനിക്ക് കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?" അതാണ് യേശു പറഞ്ഞുകൊണ്ടിരിക്കുന്നത്.
കർത്താവ് നമുക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്നത് അവിടുത്തെ കഴിവിനനുസരിച്ചല്ല, എന്നാൽ നമ്മുടെ വിശ്വാസത്തിനനുസരിച്ചാണ് എന്ന് നിങ്ങൾ അറിയുന്നുണ്ടോ? ചില കാര്യങ്ങൾക്കുവേണ്ടി നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ, അതിലധികവും നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കർത്താവിനു കഴിവുണ്ടെങ്കിലും, കർത്താവ് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അനുഭവിക്കുകയില്ല. നിങ്ങളുടെ വിശ്വാസത്തിൻ്റെ നിലവാരത്തിനൊത്തവണ്ണം ഉള്ള വിടുതൽ മാത്രമേ നിങ്ങൾ അനുഭവിക്കുകയുള്ളൂ.
ഒന്നാമത്തെ കുരുടൻ ഇങ്ങനെ പറയുന്നു എന്ന് സങ്കൽപ്പിക്കുക, "കൊള്ളാം കർത്താവേ, എൻ്റെ ഒരു കണ്ണു മാത്രമേ അവിടുത്തേക്ക് തുറക്കാൻ കഴിയുകയുള്ളൂ എങ്കിലും ഞാൻ സന്തുഷ്ടനാണ്. അത് എനിക്ക് വേണ്ടതിലും അധികമാണ്. എനിക്ക് ഈ ഭൂമിയിൽ ഒരു കണ്ണുമായി ജീവിക്കാൻ കഴിയും അത് ചെയ്യുവാൻ അവിടുത്തേക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു." മത്താ. 9:29 ൽ അവിടുന്ന് പറയുന്നതുപോലെ, "നിൻ്റെ വിശ്വാസം പോലെ നിനക്ക് ഭവിക്കട്ടെ" എന്നു കർത്താവ് അയാളോട് മറുപടി പറയും. കർത്താവ് പറയുന്നത് "എൻ്റെ കഴിവിനു തക്കവണ്ണമല്ല, നിങ്ങളുടെ വിശ്വാസത്തിന് ഒത്തവണ്ണം" എന്നാണ്. ഈ മനുഷ്യൻ ഒരു കണ്ണ് തുറന്നവനായി ആ മുറിവിട്ടു പോകും. അപ്പോഴും അവൻ്റെ മറ്റേ കണ്ണ് അടഞ്ഞുമിരിക്കും. ഇപ്പോൾ അത് വളരെ നല്ലതാണ്, അന്ധനായ ഒരു മനുഷ്യന് ഒരു കണ്ണെങ്കിലും തുറന്നു കിട്ടുന്നത് അസാധാരണമാണ്.
അതിനുശേഷം മറ്റേ കുരുടൻ വരുന്നതും കർത്താവ് അയാളോട് അതേ ചോദ്യം ചോദിക്കുന്നതും സങ്കൽപ്പിക്കുക "നിങ്ങൾക്ക് വേണ്ടി ഇത് ചെയ്യുവാൻ എനിക്ക് കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നോ?" അപ്പോൾ അയാൾ പറയുന്നു, "ഉവ്വ് കർത്താവേ! എൻ്റെ രണ്ടു കണ്ണുകളും തുറക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു! അവിടുത്തേക്ക് അസാധ്യമായി എന്തുണ്ട്?" അയാൾക്ക് രണ്ട് കണ്ണും തുറന്നു കിട്ടുന്നു. ഇയാൾ മറ്റേ കുരുടനെ(ഒരു കണ്ണു മാത്രം തുറന്നു കിട്ടിയ ആൾ)കണ്ടുമുട്ടുമ്പോൾ അയാൾ ഇങ്ങനെ ചോദിക്കും, "ഈ ലോകത്തിൽ നിനക്ക് രണ്ടു കണ്ണും എങ്ങനെ തുറന്നു കിട്ടി? ഇത് ചില ദുരുപദേശമായിരിക്കാം!" ഇത് ദുരുപദേശമല്ല;രണ്ടാമത്തെ അന്ധന് ആദ്യത്തെ ആളിനേക്കാൾ കൂടുതൽ വിശ്വാസം ഉണ്ടായിരുന്നു, അത്രമാത്രം.
നമുക്ക് ഈ രണ്ടു കണ്ണുകളെ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നതായും നമ്മുടെ പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെട്ടുന്നതായും ചിന്തിക്കാം. ഒരു വ്യക്തിക്ക് ഇത് രണ്ടും ലഭിക്കുന്നു;മറ്റൊരു വ്യക്തിക്ക് ആദ്യത്തേത് മാത്രം ലഭിക്കുന്നു. അതെന്തുകൊണ്ടാണ്? ആ വ്യക്തിയോട് ദൈവത്തിനു മുഖപക്ഷമുള്ളതുകൊണ്ടാണോ? അയാൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരാൾ ആയിരുന്നതുകൊണ്ടാണോ? അല്ല. ക്രിസ്തു വാഗ്ദത്തം ചെയ്തതെല്ലാം അയാൾക്ക് വേണ്ടി ചെയ്യുമെന്നുള്ള വിശ്വാസ അയാൾക്കുണ്ടായിരുന്നു.ക്രിസ്തുവിനു തന്റെ പാപം ക്ഷമിക്കാൻ മാത്രമേ കഴിയൂ എന്നവിശ്വാസം മാത്രമേ ഒരുവന് ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് അയാൾക്ക് അതു ലഭിച്ചു. മറ്റൊരിളിന് ക്രിസ്തുവിന് അവൻ്റെ പാപം ക്ഷമിക്കാൻ കഴിയും എന്ന വിശ്വാസം പോലും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അയാൾക്ക് പാപക്ഷമ പോലും ലഭിച്ചില്ല.
ഈ ലോകത്തിൽ അതുപോലെയുള്ള ധാരാളം ആളുകളുണ്ട്. ഒരുവന്, ക്രിസ്തു തൻ്റെ പാപം ക്ഷമിക്കുമെന്നുള്ള വിശ്വാസം ഉണ്ട്, അയാൾക്ക് പാപക്ഷമ ലഭിക്കും. മറ്റൊരുവന് "രണ്ട് കണ്ണുകൾക്കും "വേണ്ട വിശ്വാസമുണ്ട്, അതായത് ക്രിസ്തുവിന് എൻ്റെ പാപം ക്ഷമിക്കാൻ മാത്രമല്ല, എന്നാൽ ആ പാപകരമായ ശീലത്തിൽ നിന്നും വിടുവിക്കാനും കഴിയും എന്നുള്ള വിശ്വാസം. അയാൾക്ക് അത് രണ്ടും ലഭിക്കുന്നു. ക്രിസ്തുവിന് പാപം ക്ഷമിക്കാൻ മാത്രമല്ല, എന്നാൽ നമ്മെ വിടുവിക്കാനും കഴിയും എന്നീ രണ്ട് കാര്യങ്ങളും ഒരു വ്യക്തി പ്രഘോഷിക്കുമ്പോൾ, പാപക്ഷമ മാത്രം അനുഭവിച്ചിരിക്കുന്ന ഒരാൾ ആ വലിയ വിടുതലിനെ വ്യാജ ഉപദേശം എന്ന് വിളിക്കും. കാരണം അവർ തന്നെ അത് അനുഭവിച്ചിട്ടില്ല, അതുകൊണ്ട് അത് അസാധ്യമാണെന്ന് അവർ പറയുന്നു. പാപത്തിൽ നിന്നുള്ള വിടുതൽ ഉണ്ടാകുക എന്നത് ഏതൊരു മനുഷ്യനും അസാധ്യമാണ്. എന്നാൽ അത് മനുഷ്യന് അസാധ്യമാണോ എന്നല്ല ചോദ്യം. അത് ദൈവത്തിന് അസാധ്യമാണോ എന്നതാണ് ചോദ്യം?
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല എന്ന് യേശു പറഞ്ഞു. പല കാര്യങ്ങൾ മനുഷ്യർക്ക് അസാധ്യമാണ് ദൈവത്തിൻ്റെ ശക്തി ഇല്ലാതെ പാപക്ഷമ ലഭിക്കാൻ പോലും ഒരു മനുഷ്യന് അസാധ്യമാണ്, എന്നാൽ ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല. ദയവായി ഓർക്കുക, മറ്റാരെങ്കിലും അനുഭവിക്കുന്നത് നിങ്ങൾ അനുഭവിക്കുന്നില്ലെങ്കിൽ, അത് അയാൾക്ക് ചില ദുരുപദേശം ഉള്ളതുകൊണ്ടാകണമെന്നില്ല; അതിൻ്റെ കാരണം അയാൾ വിശ്വസിക്കുന്ന അത്രയും നിങ്ങൾ വിശ്വസിക്കാത്തതിനാലാകാം.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ, എല്ലാവരുടെയും വീടിനു വെളിയിൽ തുല്യ അളവിൽ മഴ പെയ്യുന്നുണ്ടെന്നു സങ്കൽപ്പിക്കുക, പട്ടണത്തിൽ വെള്ളത്തിനു ക്ഷാമവുമുണ്ട്, അതുകൊണ്ട് ആളുകൾ വെള്ളം ശേഖരിക്കാനായി വെളിയിൽ പാത്രങ്ങൾ വയ്ക്കുന്നു, ഒരു മനുഷ്യൻ വീടിനു വെളിയിൽ വച്ചത് ഒരു കപ്പ് ആണെങ്കിൽ എത്ര വെള്ളമാണ് അയാൾക്ക് ലഭിക്കാൻ പോകുന്നത്? വെറും ഒരു കപ്പ് വെള്ളം. മറ്റൊരാൾ ഒരു വലിയ വീപ്പ വീടിനു വെളിയിൽ വച്ചാൽ, അയാൾക്ക് എത്രമാത്രം വെള്ളം കിട്ടും? ഒരു വീപ്പ നിറയെ!ഒരു വീപ്പ നിറച്ചും ഒരു കപ്പ് നിറച്ചും ഉള്ളത് തമ്മിൽ ഒരു വ്യത്യാസം ഉണ്ടോ? തീർച്ചയായും! നിറഞ്ഞ കപ്പ് ഉള്ള മനുഷ്യൻ ഇങ്ങനെ പറഞ്ഞേക്കാം, "ഈ ലോകത്തിൽ നിനക്ക് എങ്ങനെയാണ് ഒരു വീപ്പ നിറച്ച് വെള്ളം ലഭിച്ചത്? നിൻ്റെ വീടിൻ്റെ മുമ്പിൽ കൂടുതൽ മഴ പെയ്യിച്ച് ദൈവം നിന്നോട് മുഖപക്ഷം കാണിച്ചു!" അപ്പോൾ വലിയ പാത്രത്തിന്റെ ഉടമ ഇങ്ങനെ പ്രതികരിക്കും, "ഇല്ല, അതേ അളവ് മഴ നിൻ്റെ വീടിനു പുറത്തും പെയ്തു, എന്നാൽ നിനക്ക് ഒരു കപ്പ് മാത്രമേ വീടിനു വെളിയിൽ ഉണ്ടായിരുന്നുള്ളൂ! അതായിരുന്നു നിൻ്റെ വിശ്വാസത്തിൻ്റെ നില, അതുകൊണ്ട് അത്ര മാത്രമേ നിനക്ക് കിട്ടിയുള്ളൂ."
നമ്മുടെ വിശ്വാസത്തിൻ്റെ അനുപാതത്തിനനുസരിച്ചാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. ദൈവത്തിൻ്റെ അനുഗ്രഹം പരിമിതിയില്ലാത്തതാണ്. എഫെ. 1:3 ഇപ്രകാരം പറയുന്നു, "സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങൾ കൊണ്ടും" അവിടുന്ന് നമ്മെ അനുഗ്രഹിച്ചിരിക്കുന്നു," നമ്മുടെ പൂർവപിതാവായ ആദാമിൽ നിന്നും നമുക്ക് കിട്ടിയ മ്ലേഛകരമായ സകല പാപ ശീലത്തിൽ നിന്നും നമ്മെ വിടുവിക്കാനുള്ള പരിശുദ്ധാത്മാവിന്റെ സകല അനുഗ്രഹത്താലും. എന്നാൽ ഇകന്ന് കർത്താവ് നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്: "നിങ്ങൾക്കുവേണ്ടി ഇതു ചെയ്യുവാൻ എനിക്ക് കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നോ?"