മത്തായി 5:17 ഇപ്രകാരം പറയുന്നു, "ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്, നീക്കുവാൻ അല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്". ദൈവത്തിൻ്റെ ന്യായപ്രമാണത്തിന്റെ പിന്നിലുള്ള അടിസ്ഥാനതത്വം അവിടുത്തെ ജീവനാണ്. ന്യായപ്രമാണത്തിൽ അവിടുന്ന് പരിമിതമായ ഒരു രീതിയിൽ, അവിടുത്തെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു എന്നു രേഖപ്പെടുത്തുകയായിരുന്നു. വിഗ്രഹാരാധനയുടെ അസാന്നിധ്യവും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതും, അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നത്, കൊലപാതകം കൊണ്ടോ, വ്യഭിചാരം കൊണ്ടോ അതുപോലെയുള്ള മറ്റേതെങ്കിലും കാര്യം കൊണ്ട് മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കാതിരിക്കുന്നത് മുതലായവ മനുഷ്യനിലുള്ള ദൈവീക ജീവൻ്റെ വെളിപ്പെടുത്തലുകളായിരുന്നു,അതുതന്നെയല്ല യേശു ആ ജീവൻ വെളിപ്പെടുത്തി. അവിടുന്ന് പറഞ്ഞു "ന്യായപ്രമാണത്തെ നീക്കാനല്ല ഞാൻ വന്നിരിക്കുന്നത്". ന്യായപ്രമാണത്തിനു പിന്നിലുള്ള അടിസ്ഥാനതത്വം ഒരിക്കലും നീക്കപ്പെട്ടില്ല. ചിലയാളുകൾ ആ വചനത്തെ തെറ്റായി മനസ്സിലാക്കിയിട്ട് നാം ശബ്ബത്തും ആചരിക്കണമെന്നാണ് അതിൻ്റെ അർത്ഥം എന്നു പറയുന്നു.
കൊലോസ്യർ 2:16 പറയുന്നു, "അതുകൊണ്ട് ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ, പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത് കാരണം ഇവ വരുവാനിരുന്നവയുടെ നിഴലത്രേ". ശബ്ബത്ത് ആചരിക്കുന്നതിനെ കുറിച്ചുള്ള നാലാമത്തെ കൽപ്പനയും ഇതിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? അദ്ദേഹം പറയുന്നത് അത് ഒരു നിഴൽ മാത്രമാണ്. അത് ക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അത് ഒരു ഫോട്ടോ പോലെയാണെന്നു നിങ്ങൾക്കു പറയാം. ക്രിസ്തു വരുന്നതുവരെ നിങ്ങൾക്ക് ആ ഫോട്ടോ ആവശ്യമായിരുന്നു. ഞാൻ എൻ്റെ ഭാര്യയുമായല്ല യാത്ര ചെയ്യുന്നതെങ്കിൽ, ഞാൻ അവളുടെ ഒരു ഫോട്ടോ എൻ്റെകൂടെ കൊണ്ടുനടന്ന് അതിൽ നോക്കുമായിരിക്കും, എന്നാൽ ഞാൻ എൻ്റെ ഭാര്യയുമായിട്ടാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഞാൻ എന്തിന് ഫോട്ടോയും നോക്കണം? ഭാര്യയുമൊത്ത് സഞ്ചരിക്കുന്ന ഒരു മനുഷ്യൻ അവളുടെ ഫോട്ടോയിൽ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ ആ മനുഷ്യന് എന്തോ കുഴപ്പമുണ്ട്!
ഇപ്പോൾ ക്രിസ്തു വന്നിരിക്കുന്നു എന്ന കാരണത്താൽ ന്യായപ്രമാണം കഴിഞ്ഞു. അദ്ദേഹം പറയുന്നത് അത് ഒരു നിഴൽ മാത്രമായിരുന്നു എന്നാണ്. അത് ക്രിസ്തുവിൻ്റെ കൃത്യമായ ഒരു ചിത്രമാണ് - പഴയ നിയമത്തിലുള്ള പല കാര്യങ്ങളും ക്രിസ്തുവിനെ കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു - എന്നാൽ അത് ഒരു ഫോട്ടോ മാത്രമാണ്. ക്രിസ്തുവിലാണ് യാഥാർത്ഥ്യം. ന്യായപ്രമാണം നിവർത്തിക്കുന്നതിനെ കുറിച്ച് യേശു പറയുമ്പോൾ ഇതു നാം മനസ്സിൽ സൂക്ഷിക്കണം. ശബ്ബത്ത് ക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടു, ഇപ്പോൾ കർത്താവ് നമ്മുടെ ഹൃദയങ്ങളിലേക്ക് കൊണ്ടുവരാൻ അന്വേഷിക്കുന്നത് ആന്തരിക ശബ്ബത്താണ്. "എൻ്റെ അടുക്കൽ വരുവിൽ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും" (മത്താ. 11:28). നാം അവിടുത്തെ നുകം നമ്മുടെ മേൽ ഏൽക്കുമ്പോഴാണ് ആന്തരിക സ്വസ്ഥത നമുക്കു വരുന്നത്. ചിലയാളുകൾ ചിന്തിക്കുന്നത് ശബ്ബത്ത് ആചരിക്കുക എന്നത് ഒരിക്കലും നീക്കി കളയാൻ പാടില്ലാത്ത ഒരു കൽപ്പനയായിട്ടാണ്. അല്ല, ഇന്ന് ന്യായപ്രമാണത്തിന്റെ നിറവേറൽ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലാണ് നടക്കുന്നത്.
റോമർ 8:4 ൽ, ഇപ്രകാരം അത് വിശദീകരിക്കപ്പെട്ടിരിക്കുന്നു "ജഡത്തെ അല്ല ആത്മാവിന് അനുസരിച്ച് നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിൻ്റെ നീതി നിവർത്തിയാക്കിയിരിക്കുന്നു". ഇങ്ങനെയാണ് ന്യായപ്രമാണം നിവർത്തിക്കപ്പെട്ടിരിക്കുന്നത്. നാം വചനത്തെ വചനത്തോട് താരതമ്യം ചെയ്യേണ്ടതുണ്ട്. ന്യായപ്രമാണം മാറിപ്പോകുന്നില്ല. ന്യായപ്രമാണത്തെ നീക്കുവാനല്ല യേശു വന്നത്, എന്നാൽ അതിനെ നിവർത്തിപ്പാനാണ്, അതു നമ്മിലും കൂടെ നിവൃത്തീകരിക്കപ്പെടേണം. അതു നമ്മിൽ നിവൃത്തീകരിക്കപ്പെടാൻ പോകുന്നതെങ്ങനെയാണ്? ഓരോ ദിവസവും "നാം ജഡത്തെ അനുസരിക്കാതെ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുമ്പോഴാണ്" നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃർത്തീകരിക്കപ്പെടുന്നത് (റോമർ 8:4). ശബ്ബത്തോ അല്ലെങ്കിൽ മറ്റു കൽപനങ്ങളോ പ്രമാണിക്കുന്നതിലൂടെയല്ല.
മത്തായി 5:20 ൽ, നാം എങ്ങനെയാണ് ന്യായപ്രമാണം പൂർണമായി നിവർത്തിക്കേണ്ടത് എന്ന് യേശു വിവരിക്കുന്നു: "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല". യേശുക്രിസ്തു വന്നത് ന്യായപ്രമാണം നിവർത്തിക്കുവാനാണ്, നമ്മുടെ ജീവിതങ്ങളിൽ കൂടി, ദൈവത്തിൻ്റെ ന്യായപ്രമാണം നമ്മുടെ ഹൃദയങ്ങളിൽ നിവർത്തിക്കപ്പെടണം. പഴയ നിയമത്തിൽ, അവർ വിവിധങ്ങളായ മാർഗ്ഗങ്ങളിൽ അതു ബാഹ്യമായി നിവർത്തിച്ചു - അവർ "പാത്രങ്ങളുടെ പുറം" വെടിപ്പായി സൂക്ഷിച്ചു. എന്നാൽ ഇന്ന് ദൈവം താൽപര്യപ്പെടുന്നത് പാത്രത്തിന്റെ അന്തർഭാഗത്തെ കുറിച്ചാണ്. നാം ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ വെളിച്ചവും ആകേണ്ടവരാണ്, ആ ജീവൻ വരേണ്ടത് പരിശുദ്ധാത്മാവിൽ നിന്നാണ്, നമ്മുടെ ഉള്ളിൽ നിന്ന്.
ഫിലിപ്യർ 2:12, 13 പറയുന്നു, "ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ,കാരണം ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്".
ഈ വാക്യത്തെ സംബന്ധിക്കുന്ന ഏതാനും പോയിൻ്റുകൾ ഇവിടെ കൊടുക്കുന്നു:
(i) രക്ഷ (ഭൂതകാലത്തിൽ) എന്നാൽ ഒന്നാമതായി ദൈവത്തിൻ്റെ കോപത്തിൽ നിന്നും ന്യായവിധിയിൽ നിന്നും ഉള്ള രക്ഷയാണ്. ഈ രക്ഷ ദൈവത്തിൽ നിന്നുള്ള സൗജന്യമായ ഒരു ദാനമാണ് അതുതന്നെയല്ല അതു ലഭിക്കേണ്ടതിന് നമുക്ക് ഒരിക്കലും പ്രവർത്തിക്കുവാൻ കഴിയുകയുമില്ല. യേശു അത് ക്രൂശിൽ നമുക്ക് വേണ്ടി "നിവർത്തിയാക്കി". എന്നാൽ രക്ഷ എന്നത് ആദാമ്യ സ്വഭാവത്തിൽ (ജഡം) നിന്നും നമ്മുടെ പാപകരമായ, ലൗകമായ പെരുമാറ്റങ്ങളിൽ നിന്നും രക്ഷിപ്പെട്ടു കൊണ്ടിരിക്കുന്നതിനെയും (വർത്തമാന 'കാലത്തിൽ)സൂചിപ്പിക്കുന്നു'. (ശബ്ദത്തിൻ്റെ ടോൺ, അസ്വസ്ഥത, അശുദ്ധി, ഭൗതികവാദം മുതലായവ) മുകളിൽ പറഞ്ഞ വാക്യത്തിൽ പറഞ്ഞിരിക്കുന്ന രക്ഷ ഇതാണ്. ഇവിടെ ഇതാ നമ്മുടെ രക്ഷയുടെ മൂന്നു കാലങ്ങൾ:
നാം പാപത്തിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു.
പാപത്തിന്റെ ശക്തിയിൽ നിന്നും നാം രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഒരു നാൾ, ക്രിസ്തു മടങ്ങി വരുമ്പോൾ നാം പാപത്തിന്റെ സാന്നിധ്യത്തിൽ നിന്നും രക്ഷിക്കപ്പെടും.
(ii) ദൈവം നമ്മിൽ പ്രവർത്തിക്കുന്നതിനെ കുറിച്ച് ദൈവവചനം പറയുമ്പോഴെല്ലാം അത് എപ്പോഴും പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെയാണ് സൂചിപ്പിക്കുന്നത്. അതുതന്നെയല്ല അവിടുത്തെ പ്രാഥമിക ദൗത്യം നമ്മെ വിശുദ്ധീകരിച്ച് (നമ്മെ പാപത്തിൽ നിന്നും ലോകത്തിൽ നിന്നും വേർതിരിച്ചു നിർത്തുക) നമ്മെ വിശുദ്ധരാക്കുക എന്നതാണ്. അതുകൊണ്ട് ദൈവം "നമ്മുടെ ഉള്ളിൽ ചെയ്യുന്നതിനെ", നാം "പ്രവർത്തിച്ചെടുക്കണം". മാറ്റം ആവശ്യമുള്ള നമ്മുടെ ചില മനോഭാവങ്ങളോ, ചിന്തകളോ, പെരുമാറ്റങ്ങളോ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവം നമ്മോടു സംസാരിക്കുമ്പോൾ, അത് ദൈവം നമ്മിൽ പ്രവർത്തിക്കുന്നതാണ്. നാം ആ തിരുത്തലുകൾ സ്വീകരിച്ച്, "അവിടുന്ന് ചൂണ്ടിക്കാണിക്കുന്ന ജഡത്തിൻ്റെയോ ആത്മാവിൻ്റെയോ ആ പ്രത്യേക മാലിന്യത്തിൽ നിന്ന് നമ്മെത്തന്നെ വെടിപ്പാക്കുമ്പോൾ" (2 കൊരി. 7:1 കാണുക) - നമ്മുടെ ജീവിതത്തിലെ ആ പ്രത്യേക ശീലം - അപ്പോൾ നാം "നമ്മുടെ രക്ഷയെ പ്രവർത്തിച്ചെടുക്കുകയാണ്".