യേശുവിൻ്റെ ഉപദേശങ്ങൾ (പഠിപ്പിക്കലുകൾ) അത് എഴുതപ്പെട്ടിരിക്കുന്നതു പോലെ തന്നെ കൃത്യമായി നാം സ്വീകരിക്കേണ്ടതുണ്ട് കാരണം അനേകർ അതു നേർപ്പിച്ച് വീര്യം കുറയ്ക്കുകയോ, അല്ലെങ്കിൽ അത് അർത്ഥമാക്കാത്ത ചില കാര്യങ്ങൾ അർത്ഥമാക്കത്തക്ക വിധം അതിനെ ആക്കി തീർക്കുകയും ചെയ്യുന്നു. കാരണം അവർക്ക് ദൈവത്തിൻ്റെ നിലവാരത്തിനൊത്തവണ്ണം ജീവിക്കാൻ കഴിയുന്നില്ല, അനേകം ഉപദേഷ്ടാക്കൾ അവിടുത്തെ നിലവാരത്തെ തങ്ങളുടെ നിലവാരത്തിലേക്ക് താഴ്ത്തിക്കൊണ്ടുവന്നിരിക്കുന്നു. ദൈവവചനത്തിൽ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തതോ അല്ലെങ്കിൽ നിങ്ങളുടെ ജീവിത നിലവാരത്തേക്കാൾ ഉയർന്നതോ ആയ ചില കാര്യങ്ങൾ നിങ്ങൾ കാണുമ്പോഴെല്ലാം നിങ്ങൾക്കു രണ്ടു തിരഞ്ഞെടുപ്പുകൾ ഉണ്ട്. ഒന്ന് ഇങ്ങനെ പറയുന്നതാണ്, "കൊള്ളാം, ദൈവവചനം യഥാർത്ഥമായി അത് അർത്ഥമാക്കുന്നില്ല അത് പൊതുവായ വിധത്തിലുള്ള ചില കാര്യങ്ങളാണ് അർത്ഥമാക്കുന്നത് എന്നാൽ കൃത്യമായി അതല്ല." ഉദാഹരണത്തിന്, "ഫിലിപ്പർ 4:4ൽ 'കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ' എന്നു പറയുന്നു എന്ന് എനിക്കറിയാം, എന്നാൽ "എപ്പോഴും" എന്നത് വാസ്തവമായി അത് അർത്ഥമാക്കുന്നില്ല. അതിൻ്റെ അർത്ഥം 'പൊതുവേ പറഞ്ഞാൽ 'എന്നോ അല്ലെങ്കിൽ 'മിക്കവാറും സമയങ്ങളിൽ' എന്നോ ആണ്." അങ്ങനെ ദൈവവചനത്തെ നിങ്ങളുടെ ജഡികനിലയിലേക്ക് താഴ്ത്തി കൊണ്ടുവരുന്നതിൽ നിങ്ങൾ വിജയിക്കുകയും നിങ്ങൾ അത് അനുസരിക്കുകയാണെന്ന് സങ്കൽപ്പിച്ച് നിങ്ങളെ തന്നെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ആത്മീയ മനസ്സുള്ള ക്രിസ്ത്യാനികൾ ദൈവവചനത്തെ അതായിരിക്കുന്നിടത്ത് വിട്ടിട്ട് ഇങ്ങനെ പറയുന്നു "24/ 7 ഞാൻ കർത്താവിൽ സന്തോഷിക്കേണ്ടവൻ ആണ്," എന്നിട്ട് അവൻ താഴ്മയോടെ ഇങ്ങനെ ഏറ്റു പറയുന്നു, "കർത്താവേ ഞാൻ ഇതുവരെ അവിടെ എത്തിച്ചേർന്നിട്ടില്ല. ഞാൻ ചില സമയങ്ങളിൽ സന്തോഷിക്കുന്നു, ചില സമയങ്ങളിൽ പിറുപിറുക്കുന്നു (മിക്ക സമയങ്ങളിലും), കൂടെക്കൂടെ കോപിക്കുന്നു, എന്നാൽ ഞാൻ എല്ലാ സാഹചര്യങ്ങളിലും സന്തോഷിക്കുന്നില്ല. വേദ പുസ്തകം പറയുന്നതുപോലെ ഞാൻ എല്ലാറ്റിനും വേണ്ടി സ്തോത്രം ചെയ്യുന്നില്ല, അതുകൊണ്ട് ഈ കാര്യം സമ്മതിച്ച് ഏറ്റു പറയുന്നു. ദയ തോന്നി എന്നെ എന്നെ അവിടേക്ക് കൊണ്ടുവരണമേ."
അയാളാണ് ദൈവത്തിൻ്റെ നിലവാരത്തിൽ എത്തിച്ചേരുന്ന വ്യക്തി. ദൈവത്തിൻ്റെ നിലവാരം താഴ്ത്തിയ മറ്റേ വ്യക്തി, ഒരിക്കലും അതു പ്രാപിക്കുന്നില്ല. ഒരുനാൾ അയാൾ നിത്യതയിൽ ഉണർന്ന് തൻ്റെ ജീവിതകാലം മുഴുവൻ ദൈവത്തോട് അനുസരണക്കേട് കാണിച്ചു എന്നു കണ്ടെത്തും. അതുകൊണ്ട്, ദൈവവചനത്തെ അത് ആയിരിക്കുന്നിടത്ത് വിട്ടിട്ട്, നമുക്ക് അതു മനസ്സിലായിട്ടില്ലെന്നതോ അല്ലെങ്കിൽ നാം ഇതുവരെ അവിടെ എത്തിയിരിക്കുന്നില്ല എന്നതോ സമ്മതിച്ച് ഏറ്റു പറയുക. അപ്പോൾ നാം അവിടെ എത്തിച്ചേരും എന്നതിന് കുറച്ച് പ്രതീക്ഷയുണ്ട്.
മത്തായി 5:20 ലേക്കു വരുമ്പോൾ നാം ഇത് മനസ്സിൽ വഹിക്കണം "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു."
പരീശന്മാരുടെ നീതി വളരെ ഉയർന്ന നിലവാരമുള്ളതായിരുന്നു. അവർ 10 കൽപ്പനകൾ പ്രമാണിച്ചു. ധനവാനായ ചെറുപ്പക്കാരൻ യേശുവിൻ്റെ അടുക്കൽ വന്ന് "ഞാൻ കൽപ്പനകളെല്ലാം പാലിച്ചു വരുന്നു" എന്നു പറഞ്ഞപ്പോൾ യേശു അതിനെ ചോദ്യം ചെയ്തില്ല (തീർച്ചയായും പത്താമത്തെ കൽപ്പന അവർക്ക് പാലിക്കാൻ കഴിഞ്ഞില്ല; എന്നാൽ അതു പാലിക്കാൻ ആർക്കും കഴിഞ്ഞില്ല കാരണം പത്താമത്തെ കൽപ്പന ആന്തരികമായ ഒന്നായിരുന്നു. എന്നാൽ മറ്റ് 9 കല്പനകളും അവർ പാലിക്കുന്നുണ്ടായിരുന്നു കൂടാതെ 600 ലധികം കൽപ്പനകൾ ഉൾപ്പെട്ട പഴയ നിയമപ്രമാണങ്ങൾ എല്ലാം അവർ പാലിക്കുന്നുണ്ടായിരുന്നു. അവർ ക്രമമായി പ്രാർത്ഥിക്കുന്നു, മിക്കവാറും ഒരു ദിവസം മൂന്നുപ്രാവശ്യം, ആഴ്ചയിൽ രണ്ടു തവണ ഉപവസിക്കുന്നു അവരുടെ എല്ലാ വരുമാനത്തിൻ്റെയും ദശാംശം കൊടുക്കുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് അവർ പ്രശംസിച്ചു. അങ്ങനെയെങ്കിൽ നിങ്ങളുടെ നീതി അവരുടെ നീതിയെ കവിയുന്നതാകണം എന്ന് പറയുന്ന ഈ വാക്യം എന്താണ് അർത്ഥമാക്കുന്നത്?
നിങ്ങൾ ഒരു ദിവസം മൂന്നിൽ കൂടുതൽ തവണ പ്രാർത്ഥിക്കണമെന്നാണോ, ഒരാഴ്ചയിൽ രണ്ടി കൂടുതൽ തവണ ഉപവസിക്കണമെന്നാണോ, നിങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ കൊടുക്കണമെന്നാണോ അത് അർത്ഥമാക്കുന്നത്? അതിൻ്റെ അർത്ഥം അതല്ല. നാം എപ്പോഴും അളവിന്റെ കാര്യമാണ് ചിന്തിക്കുന്നത്, കാരണം നാം ലൗകിക മനസ്സുള്ളവരാണ്. നാം എത്ര കണ്ട് കൂടുതൽ ലൗകിക മനസ്സുള്ളവരാണോ അത്രകണ്ട് കൂടുതൽ സംഖ്യകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അളവിൻ്റെയും കാര്യമായിരിക്കും നാം ചിന്തിക്കുന്നത്. നാം 'ഒരു സഭയെ വിധിക്കുന്നത് അവിടെയുള്ള ആളുകളുടെ എണ്ണം നോക്കിയാണ്, ആ ആളുകളുടെ ജീവിതത്തിൻ്റെ ഗുണനിലവാര പ്രകാരമല്ല. നിങ്ങൾ ചിന്തിക്കുന്നത് യേശു പറഞ്ഞത്, "നിങ്ങളിൽ 30000 പേർ ഒരു സഭയിൽ കൂടി വരുമ്പോൾ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് സകല മനുഷ്യരും അറിയും" എന്നാണെന്നാണ്. എന്നാൽ അവിടുന്ന് പറഞ്ഞത് അതല്ല. അവിടുന്ന് തൻ്റെ 11 ശിഷ്യന്മാരോടു പറഞ്ഞത്, "നിങ്ങൾ 11 പേരും തമ്മിൽ തമ്മിൽ സ്നേഹിക്കുമ്പോൾ നിങ്ങൾ എൻ്റെ ശിഷ്യന്മാരെന്ന് സകല മനുഷ്യരും അറിയും." എന്നാണ് ആളുകളുടെ എണ്ണം കാര്യമല്ല ശിഷ്യന്മാരുടെ സഭയുടെ പ്രാഥമിക അടയാളം തമ്മിൽ തമ്മിലുള്ള സ്നേഹമാണ്.
യേശു എപ്പോഴും ഗുണമേന്മയ്ക്കാണ് ഊന്നൽ കൊടുത്തത്. മിഷൻ സംഘടനയും മെഗാ ചർച്ചുകളും പോലെയുള്ള ഇന്നത്തെ ക്രിസ്തീയത, എണ്ണത്തിനാണ് ഊന്നൽ കൊടുക്കുന്നത്. ഞങ്ങളുടെ സഭയിൽ എത്ര പേരുണ്ട്? എത്ര സ്ഥലങ്ങളിൽ നിങ്ങൾ എത്തിയിട്ടുണ്ട്? നിങ്ങളുടെ വാർഷിക സ്തോത്രക്കാഴ്ച എത്രയാണ്? അവർ അകമേ പുകഴുന്ന കാര്യങ്ങൾ ഇവയാണ്. അല്ലെങ്കിൽ പ്രാസംഗികർ പറയും ഞാൻ എത്ര രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെന്ന്? ഞാൻ എത്ര സന്ദേശങ്ങൾ പ്രസംഗിച്ചിട്ടുണ്ട്? ഞാൻ എത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്? എത്ര ടിവി പരിപാടികളിൽ ഞാൻ സംസാരിക്കുന്നുണ്ട്? ഇവയെല്ലാം ജഡികന്മാരായ ആളുകൾ പുകഴുന്ന കാര്യങ്ങളാണ്.
യേശു എപ്പോഴും ഊന്നൽ കൊടുത്തത് ഗുണമേന്മയ്ക്കാണ്: ഗുണമേന്മയുള്ള ഉപ്പും ഗുണമേന്മയുള്ള വെളിച്ചവും തൻ്റെ ജീവിതാവസാനത്തിൽ അവിടുത്തേക്ക് പതിനൊന്നു ശിഷ്യന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അതൊരു വലിയ സംഖ്യയല്ല, എന്നാൽ അവരുടെ ജീവിതത്തിൻ്റെ ഗുണ വിശേഷത എന്താണെന്നു നോക്കുക. ആ 11 ശിഷ്യന്മാർ ലോകത്തെ കീഴ്മേൽ മറിച്ചു. അതുപോലെയുള്ള ശിഷ്യന്മാരെ നിങ്ങൾ എവിടെയാണ് കണ്ടെത്തുക, എല്ലാം ഉപേക്ഷിച്ചവർ, പണത്തിലോ അതുപോലെയുള്ള മറ്റു കാര്യങ്ങളിലോ ഒരു താല്പര്യവുമില്ലാത്തവർ? ഇന്നത്തെ ഈ ലോകത്തിൽ അതുപോലെ ഒരു പ്രാസംഗികനെ പോലും കണ്ടെത്തുന്നത് വളരെ വിരളമാണ്.
"നിങ്ങളുടെ നീതി പരീൾന്മാരുടെ നീതിയെ കവിയുന്നതായിരിക്കണം"എന്ന് അവിടുന്ന് പറഞ്ഞപ്പോൾ അവിടുന്ന് ഊന്നൽ കൊടുത്തത് ഗുണമേന്മയ്ക്ക് ആയിരുന്നു. നിങ്ങൾ ഏർപ്പെടുന്ന പ്രവർത്തനങ്ങളുടെ എണ്ണത്തിലല്ല, ഗുണമേന്മയിലാണ്. അതിന് പണം കൊണ്ട് ഒന്നും ചെയ്യാനില്ല. പ്രാർത്ഥന കൊണ്ട് അതിന് ഒന്നും ചെയ്യാനില്ല. ഉപവാസം കൊണ്ടും ഒന്നും ചെയ്യാനില്ല. ജീവിതത്തിൻ്റെ ഗുണമേന്മ കൊണ്ടാണ് ചെയ്യാനുള്ളത്.
ബാക്കിയുള്ള വാക്യങ്ങളിൽ യേശു ഈ ഒരു വാക്യം വിശദീകരിക്കുന്നതു തുടരുന്നു (വാസ്തവത്തിൽ ഏതാണ്ട് ഗിരിപ്രഭാഷണത്തിന്റെ അവസാനം വരെ). ഗിരിപ്രഭാഷണത്തിന്റെ ഭൂരിഭാഗവും മത്തായി 5:20 വിശദീകരിക്കുകയാണെന്ന് നമുക്ക് പറയാൻ കഴിയും. നിങ്ങൾക്കു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമോ? അപ്പോൾ നിങ്ങളുടെ നീതി പരീൾന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയണം. ദൈവത്തിൻ്റെ നിലവാരങ്ങൾ താഴ്ത്തരുത്.