പെർഗ്ഗമൊസിലെ സഭയിൽ ബിലെയാമിൻ്റെ ഉപദേശം ശക്തിപ്പെട്ടു കാരണം ആ സഭയുടെ മൂപ്പൻ മനുഷ്യരുടെ ഒരു അടിമയായി തീർന്നു.
ദൈവത്തിൻ്റെ ദാസൻ എല്ലായ്പ്പോഴും സ്വതന്ത്രനായി നിലനിൽക്കണം. "നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. മനുഷ്യർക്കു ദാസന്മാരാകരുത്" (1 കൊരി. 7:23).
ബിലെയാമിന്റെ ഉപദേശത്തിന് 2 ഭാഗങ്ങളുണ്ട്. 2 പത്രൊ. 2:14, 15 വാക്യങ്ങളിൽ പത്രോസ് അവ രണ്ടും എടുത്തു പറഞ്ഞിട്ടുണ്ട് -അത്യാഗ്രഹവും വ്യഭിചാരവും.
യേശു പറഞ്ഞത് പണത്തെ സ്നേഹിക്കുന്നവൻ ദൈവത്തെ വെറുക്കുന്നു എന്നും പണത്തോട് പറ്റിച്ചേരുന്നവൻ ദൈവത്തെ നിരസിക്കുന്നു എന്നുമാണ് (ലൂക്കൊ. 16:13 ശ്രദ്ധിച്ചു വായിക്കുക).
നാം ഇത് വ്യക്തമായി പഠിപ്പിക്കുന്നില്ലെങ്കിൽ, നമ്മുടെ സഭകൾ ബിലെയാമിന്റെ ഉപദേശം ശക്തി പ്രാപിച്ച്, സഹോദരീ സഹോദരന്മാർ പണസ്നേഹികളായി തീരും.
യേശു പഠിപ്പിച്ചത് നമുക്ക് പഠിപ്പിക്കണമെങ്കിൽ, ആദ്യം നാം തന്നെ പണത്തിന്റെ പിടിയിൽ നിന്നു മോചിതരാകണം. കോപത്തിൽ നിന്നും കണ്ണുകൊണ്ട് മോഹിക്കുന്നതിൽ നിന്നും സ്വതന്ത്രമാകുന്നത് പണത്തിന്റെ പിടിയിൽ നിന്നും സ്വതന്ത്രമാകുന്നതിനേക്കാൾ എളുപ്പമാണ്. നിരന്തരമായ പോരാട്ടത്തിലൂടെ മാത്രമേ ഈ തിന്മയെ നമുക്കു ജയിക്കാൻ കഴിയൂ.
പണ സ്നേഹത്തെ, "സകലവിധ ദോഷത്തിനും മൂലമാണെന്ന്" നാം കണ്ടിട്ടുണ്ടോ? (1 തിമൊ. 6:10). കോപവും കണ്ണുകൊണ്ട് മോഹിക്കുന്നതും തിന്മകളായി തിരിച്ചറിയപ്പെട്ടിരിക്കെ, പണ സ്നേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അതുകൊണ്ട് അനേകർ പണത്തിന്റെ അടിമകളാക്കപ്പെട്ടിരിക്കുന്നു, അതുവഴി അവർ ദൈവത്തെ വെറുക്കുകയും നിരസിക്കുകയും ആണ് ചെയ്യുന്നത് എന്നു മനസ്സിലാക്കാതെ തന്നെ.
"പൂർണ്ണ സമയ വേലക്കാർ" എന്നു വിളിക്കപ്പെടുന്ന ബഹുഭൂരിപക്ഷം ആളുകളും,ബിലെയാമിനെ പോലെ, പണസ്നേഹത്തിന് അടിമകളാക്കപ്പെട്ടിരിക്കുന്നു. അവർ ധനികരായ വിശ്വാസികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു, കാരണം അവരിൽനിന്ന് തങ്ങൾക്കു ദാനങ്ങൾ ലഭിക്കുമെന്ന് അവർക്കറിയാം. അങ്ങനെ ധനവാന്മാരും സ്വാധീനമുള്ളവരും ആയവരെ അവരുടെ പാപങ്ങളുടെ പേരിൽ അവരെ ശാസിക്കേണ്ടി വരുമ്പോൾ അവരുടെ വായ് അടയ്ക്കപ്പെടുന്നു. ഉദാരമായ സ്തോത്രക്കാഴ്ച തങ്ങൾക്ക് ലഭിക്കുമെന്ന് അറിയാവുന്ന സഭകളിലേക്ക് പ്രസംഗിക്കാനായി അവർ യാത്ര ചെയ്യുന്നു. അങ്ങനെയുള്ള പ്രാസംഗികർക്ക് എപ്പോഴെങ്കിലും ദൈവത്തെ സേവിക്കാൻ കഴിയുന്നതെങ്ങനെയാണ്?അത് അസാധ്യമാണ്. അവർ സേവിക്കുന്നത് മാമ്മോനെയാണ്. രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല എന്നു യേശു പറഞ്ഞു.
പുതിയ ഉടമ്പടിയുടെ കീഴിൽ, ദൈവത്തിൻ്റെ ഒരു ദാസനായിരിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്യന്താപേക്ഷിതമായിരിക്കുന്ന 3 യോഗ്യതകൾ ഉണ്ട്:
അവൻ തൻ്റെ വ്യക്തിപരമായ ജീവിതത്തിൽ പാപത്തിൽ നിന്നു സ്വതന്ത്രനായിരിക്കണം (റോമ. 6:22).
അവൻ മനുഷ്യനെ പ്രസാദിപ്പിക്കുവാൻ അന്വേഷിക്കരുത് (ഗലാ. 1:10). അവൻ പണത്തെ വെറുക്കുകയും തുച്ഛീകരിക്കുകയും വേണം (ലൂക്കൊ. 16:13).
നാം നമ്മുടെ ജീവിതങ്ങളെ നിരന്തരമായി ഈ മേഖലകളിൽ പരിശോധിച്ചു പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാരായിരിക്കാൻ നാം യോഗ്യത ഉള്ളവരാണോ എന്ന് കാണേണ്ടതുണ്ട്.
നാം ദൈവത്തിനു വേണ്ടി ഫലപ്രദമായ വേലക്കാർ ആയിരിക്കണമെങ്കിൽ, പണത്തിനും ഭൗതിക വസ്തുക്കൾക്കും നമ്മുടെ ജീവിതങ്ങളുടെ മേൽ ഒരു സ്വാധീനവും ഉണ്ടാകരുത്.
ദാനങ്ങൾ (സമ്മാനങ്ങൾ)സ്വീകരിക്കുന്നതും നാം വെറുക്കണം, കാരണം യേശു പറഞ്ഞത് "വാങ്ങുന്നതിലുള്ളതിനേക്കാൾ അധികം അനുഗ്രഹം കൊടുക്കുന്നതിലാണ്" (അപ്പൊ. പ്ര. 20:35) എന്നാണ്.
ബിലെയാമിന്റെ ഉപദേശത്തിന്റെ രണ്ടാമത്തെ ഭാഗം അസന്മാർഗികത (ദുർമാർഗ്ഗം) ആണ്. ഈ ഉപദേശം, ഒരു നിയന്ത്രണവും കൂടാതെ, സഹോദരീ സഹോദരന്മാർ തമ്മിൽ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ പ്രോത്സാഹിപ്പിക്കുന്നു. വെളിപ്പാട് 2:14 ൽ,നാം വായിക്കുന്നത് മോവാബ്യ പെൺകുട്ടികളും യിസ്രയേല്യ യുവാക്കന്മാരും തമ്മിൽ സ്വാതന്ത്ര്യത്തോടെ ഇടകലരാൻ പ്രോത്സാഹിപ്പിച്ചത് ബിലെയാം ആണെന്നാണ്. ഇത് ഒരു ദിവസം തന്നെ 24,000 പേരെ ദൈവം കൊന്നുകളയുവാൻ തക്കവണ്ണം ഇടയാക്കിയ ദുർമാർഗ്ഗത്തിലേക്ക് യിസ്രായേല്യരെ നയിച്ചു (സംഖ്യാ. 25:1-9).
ഫീനെഹാസ് ഒരു കുന്തം എടുത്ത് അതിനൊരു അന്തം വരുത്തിയപ്പോൾ മാത്രമാണ് ഇസ്രായേലിനു വിരോധമായുള്ള ദൈവത്തിൻ്റെ കോപം ശമിച്ചത്. ഫീനെഹാസിൻ്റെ പ്രവൃത്തി ദൈവം കണ്ടു,അവന് നിത്യ പൗരോഹിത്യത്തിന്റെ നിയമം കൊടുക്കത്തക്കവിധം ദൈവം അവനിൽ പ്രസാദിച്ചു (സംഖ്യാ. 25:11-13). സഭയിൽ സഹോദരീസഹോദരന്മാർ അയഞ്ഞ മനോഭാവത്തോടെ തമ്മിൽ ഇടകലരുന്നതിനെതിരെ തീഷ്ണതയുള്ളവരായിരിക്കുന്നവരെ ദൈവം എപ്പോഴും മാനിക്കുന്നു.
ഇവിടെ വീണ്ടും, മൂപ്പന്മാരെന്ന നിലയിൽ, നമ്മുടെ വ്യക്തിപരമായ പെരുമാറ്റം കൊണ്ട്, നാം മറ്റുള്ളവർക്ക് മാതൃകകളായിരിക്കണം. സഹോദരിമാരോടുള്ള നമ്മുടെ ഇടപെടലുകളിൽ നാം ഗൗരവമുള്ളവരായിരിക്കുകയും അവരോട് അന്തസ് ഇല്ലാതെ അനാവശ്യമായ സംഭാഷണങ്ങൾ ഒഴിവാക്കുകയും ചെയ്യണം. എപ്പോഴും നമ്മോടു സംസാരിക്കാൻ ആഗ്രഹിക്കുന്ന സഹോദരിമാരെ കുറിച്ച് നാം പ്രത്യേകമായ ജാഗ്രതയുള്ളവരായിരിക്കണം. സഹോദരിമാരോട് സംസാരിക്കുന്നതിനെ നാം സ്നേഹിക്കുന്നെങ്കിൽ, ദൈവസഭയെ നയിക്കുവാൻ നാം അയോഗ്യരാണ്. നാം ഒരിക്കലും ഒരു അടഞ്ഞ മുറിയിൽ തനിയെ ഒരു സ്ത്രീയോട് സംസാരിക്കരുത്. സഹോദരിമാരെ ഗുണദോഷിക്കുമ്പോൾ അയാളുടെ ഭാര്യയുമായോ അല്ലെങ്കിൽ മറ്റൊരു മൂപ്പനുമായി ചേർന്ന് അതു ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ശമര്യയിൽ കിണറിങ്കൽ യേശു ഒരു സ്ത്രീയോട് സംസാരിക്കുന്നത് കണ്ടപ്പോൾ "യേശു ഒരു സ്ത്രീയോട് സംസാരിക്കുന്നതിൽ ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു," എന്നാണ് അവിടെ എഴുതിയിരിക്കുന്നത് (യോഹ. 4:27) - കാരണം യേശു സാധാരണയായി ഒറ്റയ്ക്ക് ഒരു സ്ത്രീയോട് ഒരിക്കലും സംസാരിച്ചിട്ടില്ല. തിന്മയുടെ പ്രത്യക്ഷതയുള്ള ഒരു കാര്യം പോലും ചെയ്യാതിരിക്കുവാൻ അവിടുന്ന് ശ്രദ്ധാലുവായിരുന്നു.നമുക്ക് എല്ലാവർക്കും ഉള്ള മാതൃക ഇവിടെയാണ്.