WFTW Body: 

"നിങ്ങൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു. മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്ക് കത്തിച്ചു പറയിൻ കീഴല്ല തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്, അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ" (മത്താ. 5:14-16).

യേശു ഉപയോഗിച്ച മറ്റൊരു ഉദാഹരണം അല്ലെങ്കിൽ വാങ്മയ ചിത്രമാണ് വെളിച്ചം. യേശുവിൻ്റെ കാലത്ത്, അവർ വിളക്കുകൾ ആണ് ഉപയോഗിച്ചത്. വിളക്കിന്റെ തിരി വളരെ വളരെ ചെറിയതാണ് (ഇന്ന് ബൾബ് ഒരു ചെറിയ സാധനമായിരിക്കുന്ന പോലെ). എന്നാൽ അത് ഒരു മുറിയെ മുഴുവൻ പ്രകാശിതമാക്കുന്നു! ആ തിരിയുടെയോ അല്ലെങ്കിൽ ബൾബിന്റെയോ വലിപ്പമല്ല, എന്നാൽ പ്രകാശത്തിൻ്റെ തീവ്രതയാണ് കാര്യമായിട്ടുള്ളത്. വീണ്ടും അളവിന്മേലല്ല ഗുണനിലവാരത്തിന്മേലാണ് ഊന്നൽ. ഒന്നും കാണാൻ പറ്റാത്ത വിധം മങ്ങിയ വെളിച്ചം പുറപ്പെടുവിക്കുന്ന പൂജ്യം വാട്ട് ബൾബുകൾ ഉണ്ട്. എന്നാൽ അതേ വലിപ്പത്തിലുള്ള, തെരുവിനെ മുഴുവൻ പ്രകാശിപ്പിക്കുന്ന ശക്തി കൂടിയ ഹാലെജൻ ബൾബുകൾ പോലെയുള്ളവയും ഉണ്ട്. ഒരു ബൾബ് വളരെ താഴ്ന്ന വാട്ടേജ് ഉള്ളതോ അല്ലെങ്കിൽ വളരെ ഉയർന്ന വാട്ടേജ് ഉള്ളതോ ആകാം. അതിൻ്റെ വലിപ്പമല്ല പ്രധാനം എന്നാൽ അതിൻ്റെ ശക്തി - എന്തിനെയെങ്കിലും പ്രകാശിപ്പിക്കാൻ അതിനുള്ള ശക്തിയുടെ തീവ്രതയാണ് പ്രധാനം. അതുകൊണ്ട് യേശു പറയുന്നു, "നിങ്ങൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു".

ലോകം ഇരുളിലാണ്, എന്നാൽ ആ ഇരുട്ടിൻ്റെ ഒന്നും തന്നെ എന്നിൽ ഉണ്ടാകരുത്. ഞാൻ ഒരു ബൾബ് ആയിരിക്കുകയും ലോകത്തിൻ്റെ ഇരുട്ട് എന്നിലുണ്ടായിരിക്കുകയും ചെയ്താൽ, അപ്പോൾ ഞാനൊരു തകർന്ന (പൊട്ടിയ) ബൾബാണ്. നിരവധി സഭകൾക്ക് പൊട്ടിയ ബൾബുകൾ പോലെയുള്ള ക്രിസ്ത്യാനികൾ ഉണ്ട്. ഒരു കാലത്ത് അവർ നന്നായി കത്തിയിരുന്നു, എന്നാൽ ഇന്ന് അവർ പൊട്ടിയ ബൾബുകളാണ്. അവർ പിന്മാറ്റത്തിലായിട്ട് അവരുടെ വെളിച്ചം പിന്നീട് പ്രകാശിക്കുന്നില്ല. എന്താണ് പ്രകാശം?ഇവിടെ ഇപ്രകാരം പറയുന്നു, "മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ!" ആ നാളുകളിൽ, എണ്ണ കൊണ്ട് കത്തുന്ന തിരി ഉപയോഗിച്ച് നിരന്തരം കത്തിക്കൊണ്ടിരുന്ന വിളക്കുകളിൽ നിന്നാണ് പ്രകാശം വന്നുകൊണ്ടിരുന്നത്, ഇവിടെ എണ്ണ പരിശുദ്ധാത്മാവിൻ്റെ ഒരു ചിത്രമാണ്.

പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ ഒരു അടയാളം അയാൾ നന്മ ചെയ്യുന്നു എന്നതാണ്. അപ്പൊ. പ്ര. 10:38 ൽ പറയുന്നത് യേശു പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടപ്പോൾ, അവിടുന്ന് നന്മ ചെയ്തുകൊണ്ട് സഞ്ചരിച്ചു എന്നാണ്. ഇന്ന് "അഭിഷിക്തർ" എന്നു വിളിക്കപ്പെടുന്ന അനേകം പ്രാസംഗികർ ചെയ്യുന്നതു പോലെ അവിടുന്ന് പണം പിരിച്ചു കൊണ്ടല്ല സഞ്ചരിച്ചത്. അവിടുന്ന് അതിനു നേരെ വിപരീതമായിരുന്നു. അവിടുന്നു നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചു, ഒരിക്കലും അതിൻ്റെ പേരിൽ ഫീസൊന്നും വാങ്ങിയില്ല താനും. അവിടുന്ന് ചോദിക്കാതെ തന്നെ ആളുകൾ സ്വമേധയാ അവിടുത്തേക്ക് ദാനങ്ങൾ നൽകുകയും അവിടുന്ന് അത് സ്വീകരിക്കുകയും ചെയ്തു, എന്നാൽ ഒരിക്കലും അവിടുന്ന് തൻ്റെ ആവശ്യങ്ങൾ ആരോടും അറിയിച്ചില്ല. ഒരു ചാർജും വാങ്ങാതെ നന്മ ചെയ്തുകൊണ്ട് അവിടുന്ന് ചുറ്റി സഞ്ചരിച്ചു.

അവിടുന്ന് ഇപ്രകാരം പറയുന്നു, "മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടിട്ട്, നിങ്ങളെ മഹത്വപ്പെടുത്തുവാൻ അല്ല എന്നാൽ ദൈവത്തെ മഹത്വപ്പെടുത്തുവാൻ തക്കവണ്ണം നിങ്ങളുടെ പ്രകാശം അവരുടെ മേൽ പ്രകാശിക്കട്ടെ." നിങ്ങൾക്കു തന്നെ മാനം ലഭിക്കേണ്ടതിന്, നിങ്ങൾക്കു തന്നെ മഹത്വം ലഭിക്കേണ്ടതിന്, നിങ്ങൾ നല്ല പ്രവൃത്തികൾ ചെയ്താൽ, അത് വാസ്തവത്തിൽ അന്ധകാരമാണ്. അനേകം ക്രിസ്ത്യാനികൾ ചെയ്യുന്ന ധാരാളം നല്ല പ്രവൃത്തികൾ വാസ്തവത്തിൽ അവർക്കുതന്നെ മാനം ലഭിക്കേണ്ടതിന് വേണ്ടിയുള്ള പരസ്യങ്ങളാണ്. അവരുടെ സംഘടന അല്ലെങ്കിൽ അവരുടെ ശുശ്രൂഷ വാസ്തവത്തിൽ ഇരുട്ടാണ്, കാരണം അവിടെ സ്വർഗ്ഗസ്ഥനായ പിതാവിന് ഒരു മഹത്വവും ഉണ്ടാകുന്നില്ല. അതിനു പകരം മഹത്വം വരുന്നത് ആ സംഘടനയ്ക്കോ ആ പ്രത്യേക വ്യക്തിക്കോ ആണ്. എന്നാൽ യേശു പറഞ്ഞു, "മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ടിട്ട് നിങ്ങളുടെ സ്വർഗീയ പിതാവിനെ മഹത്വപ്പെടുത്തട്ടെ എന്നാണ്." അതാണ് സത്യവെളിച്ചം, ഒരാൾ നന്മ ചെയ്യുന്നതിന്റെ ഫലമായി ആ വ്യക്തിയല്ല, ക്രിസ്തു മഹത്വപ്പെടുന്ന ഇടത്ത്.

ഇതാണ് പ്രകാശം തെളിച്ചു കാണിക്കുക എന്നതിൻ്റെ അർത്ഥം. യോഹന്നാൻ 1:4 ഈ പ്രകാശത്തെ (വെളിച്ചത്തെ) ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു: "യേശുക്രിസ്തുവിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു." അതുകൊണ്ട് വെളിച്ചം ഒരു ഉപദേശമല്ല, ഒരു പഠിപ്പിക്കലല്ല, അല്ലെങ്കിൽ ഒരു പ്രത്യേക സന്ദേശവുമല്ല - അതൊരു ജീവനാണ്. പരിശുദ്ധാത്മാവിലൂടെ നമ്മിൽ നിന്ന് പുറത്തുവരുന്ന യേശുവിൻ്റെ തന്നെ ജീവനാണത്. യേശുവിൻ്റെ ജീവൻ നമ്മിൽ നിന്നും പുറത്തേക്ക് വരുന്നത് എണ്ണ കൊണ്ടു പ്രകാശിക്കുന്ന ഒരു പഴയ വിളക്ക് പ്രകാശം പുറപ്പെടുവിക്കുന്ന തുപോലെയാണ്.

യോഹന്നാൻ 8:12 ൽ യേശു വളരെ വ്യക്തമായി പറഞ്ഞു "ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കുന്നില്ല". എവിടെയെല്ലാം ഒരു വ്യക്തി ഇരുട്ടിൽ നടക്കുന്നോ അവിടെ യോഹന്നാൻ 8:12 പ്രകാരം, ഒരു സംശയവും കൂടാതെ നമുക്ക് പറയാൻ കഴിയുന്നത് ആ വ്യക്തി യേശുവിനെ അനുഗമിക്കുന്നില്ല എന്നാണ്. "കൊള്ളാം ഇപ്പോൾ ഞാൻ ഒരല്പം ഇരുളാണ്" എന്ന് നിങ്ങൾ പറയുന്നു എങ്കിൽ, അതിൻ്റെ കാരണം നിങ്ങൾ യേശുവിനെ പിന്തുടരുന്നില്ല എന്നതാണ്. ഇരുട്ടിൽ നടക്കുന്നതിനെ ദൈവഹിതത്തെ കുറിച്ച് ഉറപ്പില്ലാത്തതുമായി കുഴയ്ക്കരുത്. യേശു പോലും പിതാവിൻ്റെ ഇഷ്ടത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലായി, ഗത്സമന തോട്ടത്തിൽ വച്ച് വ്യാകുലപ്പെട്ടപ്പോൾ. അതുകൊണ്ടാണ് അവിടുന്ന് ഒരു മണിക്കൂറോളം, "പിതാവേ അവിടുത്തെ ഹിതമെന്താണ്, ഞാൻ ഈ പാനപാത്രം കുടിക്കണമോ വേണ്ടയോ?" എന്നു പ്രാർത്ഥിച്ചത്. അത് ഇരുട്ടല്ല, വ്യാകുലത എന്നത് വിശ്വാസ ജീവിതത്തിൻ്റെ ഭാഗമാണ്, എന്നാൽ ഇരുട്ട് മറ്റൊന്നാണ്, യേശുവിൻ്റെ ജീവന് വിരുദ്ധമായുള്ളത്. യേശു പറഞ്ഞു, "എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കുന്നില്ല, എന്നാൽ ജീവൻ്റെ വെളിച്ചമുള്ളവനാകും, കാരണം ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു."

പിന്നീട് അവിടുന്ന് തുടർന്നു പറയുന്നത്, ഒരു നിശ്ചിത കാലയളവിലേക്കു മാത്രമാണ് അവിടുന്ന് ലോകത്തിൻ്റെ വെളിച്ചമായിരിക്കുന്നത് എന്നാണ്. "ഞാൻ ഈ ലോകത്തിലായിരിക്കുമ്പോൾ, ഞാൻ ലോകത്തിൻ്റെ വെളിച്ചമാണ്" (യോഹ. 9:5). അവിടുന്ന് എത്രനാൾ ലോകത്തിലുണ്ടായിരുന്നു?അവിടുന്ന് 33 1/2 വർഷങ്ങൾ ലോകത്തിലുണ്ടായിരുന്നു. അത്രമാത്രം. ആളുകൾ അത്യന്ത ആത്മീയരായി ഇങ്ങനെ പറഞ്ഞേക്കാം"ഇപ്പോൾ ക്രിസ്തു ഈ ലോകത്തിലില്ലേ?" കൊള്ളാം, നിങ്ങൾ യോഹന്നാൻ 17:11 വായിക്കുമെങ്കിൽ, അവിടുന്ന് പറയുന്നു, "ഞാൻ ഇനി ലോകത്തിൽ ഇരിക്കുന്നില്ല." നമ്മുടെ ആത്മീയത നാം ഉപേക്ഷിക്കേണ്ടതുണ്ട്. ഈ ഭൂമി വിട്ട് സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ്, ക്രൂശിക്കപ്പെടുന്നതിന്റെ തലേരാത്രി, അവിടുന്ന് ഇപ്രകാരം പറഞ്ഞു, "ഞാൻ ഇനി ഈ ലോകത്തിൽ ഇരിക്കുന്നില്ല. എന്നാൽ ഈ ശിഷ്യന്മാർ ഇവിടെ ഈ ലോകത്തിലാണ്,അവർ ലോകത്തിലാണ്, എന്നാൽ ഞാൻ ഇനി ഇവിടെയില്ല. പരിശുദ്ധ പിതാവേ ഞാൻ അവിടുത്തെ അടുക്കൽ വരുന്നതുകൊണ്ട്, ഞാൻ ഈ ലോകത്തിൽ ഇനി ഇല്ല". അതുകൊണ്ട് യോഹന്നാൻ 9-ാം അധ്യായത്തിൽ, "ഞാൻ ലോകത്തിൽ ഇരിക്കുന്നിടത്തോളം" എന്ന് അവിടുന്ന് പറഞ്ഞപ്പോൾ അദ്ദേഹം തൻ്റെ ജീവൻ വെളിപ്പെടുത്തിയ ആ 33 1/2 വർഷക്കാലത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് കയറി പോയതിനുശേഷം, ഇന്ന് ലോകത്തിൻ്റെ വെളിച്ചം ആരാണ്?

മത്താ. 5:14 പറയുന്നു, "നിങ്ങൾ ലോകത്തിൻ്റെ വെളിച്ചമാണ്." എന്നോട് ആരെങ്കിലും "ഈ ലോകത്തിൻ്റെ വെളിച്ചം ആരാണ്" എന്ന് ചോദിച്ചാൽ, പറയാനുള്ള വചനാനുസൃതമായ ഉത്തരം "ഞാനാണ്, യേശുവിനെ അനുഗമിക്കുന്ന മറ്റുള്ളവരോട് ചേർന്ന് ഞാൻ ലോകത്തിൻ്റെ വെളിച്ചമാണ്." നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?ലോകത്തിൻ്റെ വെളിച്ചമാരാണ് എന്ന ചോദ്യത്തിൻ്റെ ഉത്തരമായി അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? ലോകത്തിൻ്റെ വെളിച്ചം ആരാണ് എന്ന ചോദ്യത്തിൻ്റെ ഉത്തരമായി "ഞാനും യേശുവിനെ അനുഗമിക്കുന്ന മറ്റുള്ളവരും ആണ്" എന്നു പറയുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?അതാണ് ശരിയായ ഉത്തരം.

"ഓ, എന്നെ നോക്കണ്ട, യേശുവിനെ മാത്രം നോക്കുക." എന്ന് പറയാൻ വളരെ എളുപ്പമാണ്. എന്നാൽ അവിടുന്ന് ഭൂമിയിലില്ല! അവിടുന്ന് പറഞ്ഞു, "ഞാൻ ലോകത്തിൽ ഇരിക്കുന്നിടത്തോളം ഞാൻ ലോകത്തിൻ്റെ വെളിച്ചമാണ്." വളരെയധികം ക്രിസ്ത്യാനികൾ ദൈവവചനം ശരിയാംവിധം വായിക്കുന്നില്ല, അതുകൊണ്ട് തങ്ങളുടെ തന്നെ ബുദ്ധിയിൽ നിന്നുള്ള പൂർണ്ണമായും തെറ്റായ പലവിധ ആശയങ്ങൾ തങ്ങളുടെ തലയിൽ അവർക്ക് കിട്ടിയിട്ടുണ്ട്. ദൈവം തൻ്റെ ജീവൻ പൂർണ്ണതയോടെ വെളിപ്പെടുത്തേണ്ടതിന് ആ 33 1/2 വർഷക്കാലം 100% യേശുക്രിസ്തുവിനെ ആശ്രയിച്ചതു പോലെ, ഇന്ന് അതേ പ്രകാശം പൂർണ്ണതയോടെ വെളിപ്പെടുത്താൻ അവിടുന്ന് തൻ്റെ സഭയെ ആശ്രയിക്കുന്നു - ഭൂമിയിലുള്ള ശിഷ്യന്മാരെ ആശ്രയിക്കുന്നു.

"മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടിട്ട് സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തുവാൻ ഇടയാകട്ടെ."